Monday, 2 December 2024

കാലഭൈരവ അഷ്ടമി

കാലഭൈരവ അഷ്ടമി

സൃഷ്ടി കർത്താവായ ബ്രഹ്മാവ് സ്വന്തം കഴിവിൽ അഹങ്കാരിയായപ്പോൾ ഭഗവാൻ ശംഭു കാലഭൈരവനായ്‌ അവതരിച്ച്‌ ബ്രഹ്മദേവന്റെ പഞ്ചശിരസ്സിൽ ഒന്ന് നുള്ളിയെടുത്തു. ഭൈരവൻ അഷ്ടഭാവത്തിൽ ഭക്തന്‌ ദർശ്ശനം നൽകുന്നു.  അതിലൊന്നാണ്‌ കാലഭൈരവൻ. കഴുത്തിൽ കപാലം ധരിച്ച്‌ കാലത്തിനുമപ്പുറം നടന്ന് ആത്മമോക്ഷത്തിന്റെ പൊരുൾ ലോകത്തിനു നൽകിയ ആദിഗുരു.
 കാശിയുടെ കാവൽകാരനായി കാലഭൈരവ രൂപം ധരിച്ച ഭാഗീരഥി തീരത്ത്‌ വസിക്കുന്നു. ‌ ശരീരത്തിൽ സർപ്പങ്ങളും കപാലമാലയും ആഭരണമായ് അണിഞ്ഞിരിക്കുന്ന സംഹാരരുദ്രനാണ്‌ കാലഭൈരവൻ. 

മഹാദേവന്റെ ഭയാനകമായ ക്രോധഭാവമാണ് കാല ഭൈരവൻ... കാലഭൈരവനെ ആരാധിക്കുന്നവരാണ്‌ അഘോരികൾ.  

കാശിയുടെ തെരുവുകളിൽ, അനാദികാലമായി നിർത്താതെ എരിയുന്ന മണികർണ്ണികയിലെ ചിതകൾക്കരികിൽ, ആരതിയുഴിയുന്ന കൽപടവുകളിൽ, പിതൃമോക്ഷ ചടങ്ങുകൾക്കരികിൽ,
തൃശൂലധാരിയായ അഘോരിയായും, ലോകമര്യാദകൾ പാലിക്കാത്ത അവധൂതനായും, കപാലം ധരിച്ച്‌ മണികർണ്ണികയിൽ ഡമരു മുഴക്കുന്ന ശൈവതാപസനായും, ആയിരങ്ങളലയുന്ന ഗാട്ടുകളിൽ നായയെ തലോടിയിരികുന്ന വിരൂപിയായും നമുക്കിടയിൽ ഭൈരവനെ കാണാം.

വിജ്ഞാനഭൈരവതന്ത്രത്തിൽ ഇപ്രകാരം സൂചിപ്പിക്കുന്നു :-

ശിവഭഗവാൻ പറയുന്നു: ഉദ്യമം എന്നാൽ ഭൈരവനാണ്. നിങ്ങളുടെ ആത്മീയ പരിശ്രമം ആരംഭിക്കുന്ന ദിവസം, നിങ്ങൾ ഭൈരവനാകാൻ തുടങ്ങുന്നു - നിങ്ങൾ ദൈവവുമായി ഒന്നായിത്തീരാൻ തുടങ്ങുന്നു. ആത്മീയ പരിശ്രമം ഭൈരവമാണ്. നിങ്ങൾ അത് നേടുന്നതിന് സമയമെടുക്കും; നിങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് കുറച്ച് സമയമെടുക്കും. പക്ഷേ, അതിനുള്ള ശ്രമം തുടങ്ങി, വിത്ത് പാകി: ”ഞാൻ ഈ തടവറയിൽ നിന്ന് പുറത്തുകടക്കട്ടെ, ഈ ശരീരത്തിൽ നിന്ന് മോചിതനാകട്ടെ, എല്ലാ ആഗ്രഹങ്ങളിൽ നിന്നും എന്നെ മോചിപ്പിക്കട്ടെ, കൂടുതൽ വിത്ത് പാകുകയും ഈ ലോകത്ത് എന്റെ പങ്കാളിത്തം വർദ്ധിപ്പിക്കുകയും ചെയ്യരുത്. കൂടുതൽ ജന്മങ്ങൾ ഞാൻ ആഗ്രഹിക്കരുത്. 

അബോധാവസ്ഥയെ മറികടക്കാനുള്ള വികാരം നമ്മുടെ ഉള്ളിൽ തീവ്രമാകുമ്പോൾ, നാം ഭൈരവനാകാൻ തുടങ്ങുന്നു. 

.

No comments:

Post a Comment