തലവാചകം കണ്ടിട്ട്
ഈ സ്ഥലങ്ങൾ രണ്ടും തമ്മിലെന്താണ് ബന്ധമെന്നായിരിക്കും ആരിലും ആദ്യമുണരുന്ന ചോദ്യം.
എന്നാൽ
കേരളത്തിലെ തെക്ക് വടക്ക് പ്രദേശങ്ങളായ ഈ രണ്ട് സ്ഥലങ്ങൾക്കും തമ്മിൽ ചില ബന്ധങ്ങൾ ഉണ്ട്
സമാനതകളുണ്ട്.
ഈ രണ്ട് സ്ഥലനാമങ്ങളും പുണ്യവും, പരിപാവനവും ബഹുമാന സൂചകവുമായ തിരു ചേർത്താണ് അറിയപ്പെടുന്നത്.
തിരു-വാർപ്പും
തിരു- ശംബരപുരിയായ -തൃച്ചംബരവും
ഇങ്ങിനെ തിരു ചേർത്തുള്ള നാമങ്ങളാൽ പ്രശസ്തമായി തീർന്നത് , മഹനീയമായ പുണ്യപുരാതനമായ ശ്രീകൃഷ്ണ ക്ഷേത്രങ്ങൾ രണ്ടിടങ്ങളിലും ഉള്ളതുകൊണ്ടാണെന്ന് തന്നെ പറയാം.
പഞ്ച പ്രാകാരങ്ങളോടുകൂടിയ ഈ മഹാക്ഷേത്രങ്ങൾ തമ്മിൽ ചില സാമ്യതകൾ ശരിയ്ക്കും ഉണ്ട്താനും
കേരളത്തിൽ കോട്ടയം ജില്ലയിൽ മീനച്ചിലാറിന്റെ തീരത്താണ് തിരുവാർപ്പ് ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
എന്നാൽ കണ്ണൂർ ജില്ലയിൽ തളിപ്പറമ്പിനടുത്താണ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
പരശുരാമൻ സ്ഥാപിച്ച 64 ഗ്രാമങ്ങളിൽ പ്രമുഖ സ്ഥാനമുണ്ടായിരുന്ന പെരിഞ്ചെല്ലൂരിന്റ മണ്ണിലാണ് തൃച്ചംബരം
കംസ നിഗ്രഹത്തിനു ശേഷം വിശന്നു വലഞ്ഞ ശ്രീ കൃഷ്ണനാണ് തിരുവാർപ്പിലെയും തൃച്ചംബരത്തേയും പ്രതിഷ്ഠാ ഭാവ സങ്കല്പങ്ങളെന്നതാണ് ഏറ്റവും സവിശേഷമായ സാമ്യതയാകുന്നത്.
അതിന്റെതായ ചില പ്രത്യക ആചാര അനുഷ്ടാനങ്ങൾ ഈ രണ്ടു ക്ഷേത്രങ്ങളിലും ഇന്നും നമുക്ക് കാണാനാവും.
പൂജയ്ക്കും നൈവേദ്യ സമർപ്പണത്തിനും ചില പ്രത്യേകതകൾ ഈ രണ്ടു ക്ഷേത്രങ്ങളിലും ഇന്നും അനുവർത്തിച്ചു വരുന്നു.
നേദ്യത്തിൽ, നേരത്തിൽ നേരിയ വ്യത്യാസം പോലും രണ്ടിടത്തും ഇന്നും വരുത്താറുമില്ല.
കംസനിഗ്രഹ ശേഷമുള്ള ഭാവ സങ്കൽപ്പമുള്ള കണ്ണന്റെ വിശപ്പറിഞ്ഞാവാം ഭാരതത്തിൽ ആദ്യം നട തുറക്കുന്ന ക്ഷേത്രമാണ് തിരുവാർപ്പിലെ ശ്രീകൃഷ്ണ ക്ഷേത്രം.
ഗ്രഹണസമയത് പോലും ഇവിടെ ശ്രീകോവിൽ അടയ്ക്കുന്ന പതിവുമില്ല.
തിരുവാർപ്പിൽ പന്തീരടി പൂജ കഴിഞ്ഞാൽ വിശേഷമായ പുല്ലാട്ടു പൂജയുമുണ്ട് ..
തിരുവാർപ്പ് ഭഗവാന് താമരപ്പൂക്കളാണ് ഏറെ പ്രിയം
അർച്ചനയ്ക്ക് ഇഷ്ടനൈവേദ്യം ഉഷപ്പായസവും ആണ്.
തിരുവാർപ്പ് ശ്രീകൃഷ്‌ണൻ ഉച്ചയ്ക്ക് അമ്പലപ്പുഴയിൽ എത്തി പിന്നെ അത്താഴപ്പൂജയ്ക്കു പദ്മനാഭസ്വാമി ക്ഷേത്രത്തിലെ തിരുവമ്പാടി നടയിലും എത്തി നൈവേദ്യം സ്വീകരിക്കുന്നുവെന്നാണ് പരക്കെ വിശ്വാസിച്ചു പോരുന്നത്
നൈവേദ്യപ്രിയനായ കണ്ണൻ
വിശപ്പു സഹിക്കാത്ത നന്ദ കുമാരൻ
മഥുരയിൽ എത്തിയ ശ്രീകൃഷ്ണനെ പ്രതിരോധിക്കുന്നതിന് "കുവലയ പീഡം " എന്ന അതി ശക്തിയുള്ള ആനയെ കൊട്ടാരവാതിൽക്കൽ തന്നെ കംസൻ നിയോഗിച്ചിരുന്നു
അതിനെ നിഗ്രഹിച്ച് അതിന്റെ കൊമ്പുകൾ ഊരി രാജാവിനുള്ള കാഴ്ച സമർപ്പണമായി കയ്യിലേന്തിയാണ്
ശ്രീകൃഷ്ണൻ കംസനെ ശരിയ്ക്കും ആദ്യമായി ഒന്ന് മുഖം കാണിക്കുന്നത് തന്നെ.
കംസ നിഗ്രഹ ശേഷം വിശന്ന് വലഞ്ഞ ശ്രീകൃഷ്ണന് ആദ്യം ലഭിച്ച ഭക്ഷണം പഴഞ്ചോറായിരുന്നുവത്രെ.
അതിന്റെ സ്മരണയെന്നോണം ഇന്നും നേരത്തെ ഉണ്ടാക്കിയ വെള്ള നിവേദ്യവുമായാണ് തൃച്ചംബരം ക്ഷേത്ര നട ഓരോ ദിവസവം അതി രാവിലെ തുറക്കുന്നതു തന്നെ.
നൈവേദ്യ പ്രീയനായ കണ്ണൻ
വിശപ്പ് സഹിക്കാത്ത നന്ദകുമാരൻ
വെള്ള നിവേദ്യം ആദ്യം തന്നെ നേദിച്ച ശേഷമെ മറ്റു പൂജാവിധികൾ തൃച്ചംബരത്ത് ആരംഭിക്കകയുള്ളുവത്രെ. അതിനൊരു മാറ്റവും ഇന്നും ഇല്ല
അതു കൊണ്ട് തന്നെ മറ്റു ക്ഷേത്രങ്ങളിൽ ശുഭകരമായി കണക്കാക്കി വരുന്ന നിർമ്മാല്യ ദർശനം തൃച്ചംബരത്ത് അത്ര ശുഭകരമല്ലെന്നാണ് പറയാറ്.
വിശപ്പടക്കിയ ശേഷമുള്ള സന്തോഷ കൃഷ്ണനെയാണ് ഇവിടെ ദർശിക്കേണ്ടത് എന്നാണ് തൃച്ചംബരത്തെ പ്രബലമായ ഒരു വിശ്വാസം.
വലിയ വട്ട്ളം പായസവും ഉണ്ണിയപ്പവുമൊക്കെയാണ് ഇവിടുത്തെ പ്രധാന നിവേദ്യങ്ങൾ. പാൽ പ്രിയനായ കൃഷ്ണന് ദിവസവും പാലെത്തിക്കുന്നതിന് പരമ്പരാഗതമായി"പാലമൃതൻ " എന്ന സ്ഥാനികൻ തന്നെ ഈ ക്ഷേത്രത്തിനുണ്ട്.
"കുവലയാപീഡ"ത്തിനോടുള്ള വിരോധ ഭാവത്താൻ തൃച്ചംബരം ക്ഷേത്രത്തിലൊ പരിസരത്തൊ ക്ഷേത്രത്തിന്റെ നാലയലത്തു പോലുമൊ ആനയെ ഇന്നും പ്രവേശിപ്പിക്കാറുമില്ല.
ഉത്സവത്തിനോ ശിവേലിക്കൊ ഒന്നിനും ആനയുണ്ടാവില്ല.
ആനകൾ ആവശ്യമില്ലാത്ത തിടമ്പു നൃത്തോൽസവമാണിവിടെ
തിടമ്പു ന്യത്തമാവിർഭവിച്ചതു തന്നെ ഇവിടെയാണത്രെ.
ചെറിയ ഉത്സവം ഉൾപ്പെടെ 36 ദിവസം വരെയാണ് ഉത്സവം ഈ ദിവസങ്ങളിൽ പടഹാദി ധ്വജാദി അങ്കുരാദി എന്നീ മുന്നു വിധത്തിലുള്ള ഉത്സവ രീതികളും ഇവിടെ നടക്കുന്നുവെന്നതും വലിയ ഒരപൂർവ്വത തന്നെയാണ്.
രാമകൃഷ്ണന്മാരുടെ ബാല ലിലകൾ കാണാൻ യോഗമില്ലാതിരുന്ന - മാതാ - പിതാക്കൾക്ക് അത് പിന്നിട് കാട്ടിക്കൊടുത്തതിന്റെ സ്മരണാർത്ഥം ബലരാമന്റെയും ശ്രീകൃഷ്ണന്റെയും തിടമ്പുകൾ എഴുന്നള്ളിച്ചുള്ള ഓട്ടവും ചാട്ടവും ഒക്കെയുള്ള ബാലലീലകൾ തന്നെയാണ് ഇവിടുത്തെ ഉത്സവം
അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രവുമായി തിരുവാർപ്പിന് ബന്ധമുള്ളതുപോലെ തൃച്ചംബരത്തിനും അമ്പലപ്പുഴയുമായി ഒരു ബന്ധമുണ്ട്. അമ്പലപ്പുഴയിൽ പ്രദക്ഷിണവഴിയിൽ തൃച്ചംബരത്തപ്പനും പ്രത്യേകസ്ഥാനമുണ്ടത്രെ.
No comments:
Post a Comment