കൊട്ടിയം: കൊല്ലം-ആയൂർ സംസ്ഥാന ഹൈവേയിൽ റോഡിൻ്റെ സംരക്ഷണഭിത്തി തകർന്ന് മണ്ണിടിഞ്ഞ് റോഡരികിൽ താഴ്ചയിലുള്ള വീടുകളിലേക്ക് വീഴാൻ തുടങ്ങിയതോടെ പത്തോളം കുടുംബങൾ അപകട ഭീഷണിയിൽ. ഇതിൽ അഞ്ചോളം കുടുംബങ്ങൾ വീടൊഴിഞ്ഞ് ബന്ധുവീടുകളിലേക്ക് താമസം മാറി. റോഡ് വളരെ ഉയരത്തിലുള്ള മുട്ടയ്ക്കാവ് ആശാരി പൊയ്ക, നാൽപ്പങ്ങൽ ഭാഗത്താണ് റോഡിൻ്റെ വശങ്ങൾ തകർന്ന് മണ്ണിടിഞ്ഞ് വീടുകൾക്കു മുകളിലേക്ക് വീണുകൊണ്ടിരിക്കുന്നത്.ഇവിടെ റോഡിൽ വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. ഇരുപതോളം ബസ്സുകളും, ഭാരം കയറ്റിയ നൂറുകണക്കിന് ലോറികളും സർവീസ് നടത്തുന്ന റോഡാണിത്.മെറ്റൽ ക്രഷറുകളും സാൻ്റ് ഫാക്ടറികളുമുള്ള ഈ ഭാഗത്ത് തമിഴ്നാട്ടിൽ നിന്നും പാറ കയറ്റി വരുന്ന നിരവധി ലോറികൾ ദിവസവും വരുന്നുണ്ട്. ഭാരം കയറ്റിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ കുലുക്കവും മണ്ണിടിഞ്ഞു വീഴുന്നതും പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു.ബുധനാഴ്ചയും, വ്യാഴാഴ്ചയും മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന്
ജനപ്രതിനിധികൾ
സ്ഥലത്തെത്തുകയും വിവരം ജില്ലാ കളക്ടർ അടക്കമുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു.കെ എസ് റ്റി പിയുടെ കീഴിലുള്ള ഈ റോഡിൽ കഴിഞ്ഞ ഏതാനും വർഷം മുമ്പ് മണ്ണിടിച്ചിൽ ഉണ്ടായപ്പോൾ റോഡിൽ ടാർ വീപ്പകൾ വച്ച് റിബൺ കെട്ടി അപകട മുന്നറിയിപ്പ് നൽകിയതല്ലാതെ യാതൊരു പരിഹാരമാർഗങ്ങളും ഉണ്ടായില്ല. അടുത്തിടെ ഇവിടെ താഴ് വശത്തു നിന്നും പരിശോധനക്കെന്ന പേരിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് അധികൃതർ മണ്ണെടുത്തിരുന്നു. ഈ ഭാഗത്താണ് ഇപ്പോൾ മണ്ണിടിഞ്ഞു വീഴുന്നത്. മണ്ണിടിച്ചിൽ ആരംഭിച്ചതോടെ മുപ്പത്തിയഞ്ച് അടി താഴ്ചയിലുള്ള ഏതാനും വീട്ടുകാർ അപകടപേടിയിൽ വീട് വിട്ടു പോയ നിലയിലാണ്. മണ്ണിടിച്ചിൽ തടയുവാൻ അടിയന്തിര നടപടികൾ ഉണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമരവുമായി രംഗത്തിറങ്ങുവാനാണ് പ്രദേശവാസികളുടെ തീരുമാനം.
ഫോട്ടോ : റോഡ് വിണ്ടുകീറി യ നിലയിൽ
ഫോട്ടോ : മുട്ടയ്ക്കാവ് നാൽപ്പങ്ങൽ ഭാഗത്തെ മണ്ണിടിച്ചിൽ
No comments:
Post a Comment