ചാത്തന്നൂർ : ഇടതുമുന്നണിയുടെ ധാരണ അനുസരിച്ച് കാലാവധി കഴിഞ്ഞിട്ടും സി പി ഐ ക്കാരിയായ ചിറക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. സുശീലാദേവി രാജി വച്ചില്ല. ഇതേ ചൊല്ലി വീണ്ടും ചിറക്കരയിൽ സി പി എം - സി പി ഐ പോര് മുറുകി.ഇതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ രാജിയെക്കുറിച്ചും ചിറക്കരയിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും ചർച്ച ചെയ്യാനും തീരുമാനം എടുക്കാനുമായി ഞായറാഴ്ച ഇടതുമുന്നണിയുടെ ചാത്തന്നൂർ നിയോജക മണ്ഡലം കമ്മിറ്റി യോഗം ചേരും.
ഇടതുമുന്നണി ഭരണം നടത്തുന്ന ചിറക്കരയിൽപതിനാറംഗ പഞ്ചായത്ത് കമ്മിറ്റിയാണ്. ഇടതുമുന്നണിയിലെ സി പി എമ്മിന് അഞ്ചും സി പി ഐയ്ക്ക് രണ്ടും സീറ്റുകളാണ്. സ്വതന്ത്രന് പഞ്ചായത്ത്വൈസ്പ്രസിഡന്റ് സ്ഥാനം നല്കിയാണ് ഇടതുമുന്നണി ഭരണം നടത്തുന്നത്. പ്രതിപക്ഷത്ത് കോൺഗ്രസിന് ആറും ബി ജെ പിയ്ക്ക് രണ്ടാംഗങ്ങളുമാണ്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽ ബി ജെ പി വിട്ടു നിന്നത് കൊണ്ടാണ് ഇടതുമുന്നണിയ്ക്ക് ഭരണം നേടാനായത്. ഇടതുമുന്നണി ഭരണം തുടങ്ങിയതു മുതൽ പഞ്ചായത്ത് കമ്മിറ്റിയിലും പഞ്ചായത്തിലും സി പി എം, സി പി ഐ പോര് ആരംഭിച്ചു. പഞ്ചായത്ത് ഭരണം അഴിമതി നടത്തുന്നുവെന്ന് സി പി എം നേതാക്കൾ
പല ഉദാഹരണങ്ങൾ ഉയർത്തി ആരോപണമുന്നയിച്ചിട്ടുണ്ട്. സി പി എമ്മിനെതിരെ സിപിഐയും നിരവധി ആരോപണങ്ങൾ ഉയർത്തിയിട്ടുണ്ട്. ഇടതുമുന്നണി ഭരണം നടത്തുന്ന പഞ്ചായത്ത് കമ്മിറ്റി സി പി എം അംഗങ്ങൾ ബഹിഷ്കരിച്ചിട്ടുണ്ട്. പലപ്പോഴും സി പി ഐ ക്കാരിയായ പഞ്ചായത്ത് പ്രസിഡന്റിന്റെ രക്ഷയ്ക്കെത്തിയിട്ടുള്ളത് കോൺഗ്രസ് അംഗങ്ങളാണ്. ചിറക്കര ഗ്രാമ പഞ്ചായത്തിൽ സി പി ഐയ്ക്ക് പ്രസിഡന്റ് സ്ഥാനം രണ്ടര വർഷമായിരുന്നു. ഈ കാലാവധി കഴിഞ്ഞിട്ടും പ്രസിഡന്റ് രാജിവയ്ക്കാത്തതാണ് സി പി എം പ്രാദേശിക ഘടകങ്ങളെ ചൊടിപ്പിച്ചിരിക്കുന്നത്. കോൺഗ്രസിന്റെ പിന്തുണയോടെ സിപിഐക്കാരിയായ പ്രസിഡന്റ് സി പി എമ്മിന്റെ പല താല്പര്യങ്ങളും തകർത്തിട്ടുണ്ട്. താല്ക്കാലിക നിയമനങ്ങളിൽ പോലും സി പി എമ്മിന്റെ താല്പര്യങ്ങൾ നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. എത്രയും വേഗം പ്രസിഡന്റിനെ ഒഴിവാക്കി സി പി എമ്മിന്റെ പ്രസിഡന്റിനെ അവരോധിക്കാൻ ശ്രമിക്കുമ്പോഴാണ് പ്രസിഡന്റ് രാജിവയ്ക്കാതെ സ്ഥാനത്ത് തുടരുന്നത്.ചിറക്കരയിലെ ഇപ്പോഴത്തെ പ്രസിഡന്റിന് ഗൗരവമുള്ള സ്ഥാപനങ്ങളുടെ ഒന്നും ഉദ്ഘാടനം നടത്താൻ അവസരം കിട്ടിയിട്ടില്ലെന്ന് സി പി ഐ ചൂണ്ടികാണിക്കുന്നു.
ചിറക്കരയിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. സൗജന്യമായി ഡോ.രവീന്ദ്രൻ നല്കിയ 50 സെന്റ് വസ്തുവിൽ 50 ലക്ഷം രൂപ അടങ്കൽ തുക കണക്കാക്കി എട്ട് വർഷം മുമ്പാണ് നിർമ്മാണം ആരംഭിച്ചത്. ഇപ്പോൾ നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടന ചടങ്ങിൽ പ്രസിഡന്റെന്ന നിലയിൽ പങ്കെടുക്കാൻ അവസരം നല്കണമെന്നാണ് സി പി എമ്മിനോട് അപേക്ഷിക്കുന്നത്. ഒരു മാസത്തിനകം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം നടത്തിയ ശേഷം രാജിവയ്ക്കാമെന്നാണ് സി പി ഐ യുടെ നിലപാട്. സി പി എം പ്രാദേശികഘടകങ്ങൾ ശക്തമായി രാജി ആവശ്യപ്പെടുമ്പോൾ സി പി എം ഏരിയാ കമ്മിറ്റിയുടെ തീരുമാനമായിരിക്കും അന്തിമം അത ഇടതുമുന്നണി അതംഗീകരിക്കുകയും ചെയ്യും.എന്നാൽ
ഒരു വിഭാഗം സിപിഐ നേതാക്കൾ കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തിയതായി സിപിഎം നേതാക്കൾ ചൂണ്ടി കാണിക്കുന്നു പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാതിരിക്കാനുള്ള നീക്കമാണ് ഇതെന്ന് സിപിഎം നേതാക്കൾ ചൂണ്ടികാണിക്കുന്നു.ചിറക്കരയിൽ ഭരണമാറ്റം ഉണ്ടായാൽ മാത്രമേ ചാത്തന്നൂർ പഞ്ചായത്തിൽ ഭരണമാറ്റം ഉണ്ടാകുകയുളൂവെന്ന നിലപാടും സിപിഎം എടുത്തിട്ടുണ്ട്.
No comments:
Post a Comment