നിലംപൊത്താറായി കുമ്മല്ലൂർ പാലം എന്നിട്ടും അധികൃതർക്ക് മൗനം.
ചാത്തന്നൂർ : ജില്ലയിലെ പ്രധാന റോഡുകളിൽ ഒന്നായ
ചാത്തന്നൂർ - കൊട്ടാരക്കര റോഡിൽ ചാത്തന്നൂർ - ആദിച്ചനല്ലൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന
കുമ്മല്ലൂർ പാലം അധികൃതരുടെ അനാസ്ഥമൂലം തകർച്ചയുടെ വക്കിൽ. തിരക്കേറിയ പാലത്തിലൂടെ വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ പാലം കുലുങ്ങുന്നതായാണ് നാട്ടുകാർ പറയുന്നത്.അൻപത് വർഷത്തിലധികം
പഴക്കമുള്ള പാലത്തിന്റെ കൈവരികൾ പൂർണമായും തകർന്ന നിലയിലാണ്. അടിഭാഗത്തെ കെട്ടുകൾ ഇളകി മാറി തകർന്ന നിലയിലാണ്. സിമന്റ് പാളികളും ഇളകിവീഴുകയാണ്.
പാലത്തിന്റെ കൈവരികൾ തകർന്ന്
തൂങ്ങിനിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. എന്നാൽ അധികൃതർ മാത്രം ഈ കാഴ്ച കാണുന്നില്ല.
പാലത്തിന്റെ കൈവരി തകർന്നതിനാലും അടിഭാഗം ദ്രവിച്ചതിനാലും ഏതുസമയവും അപകടം സംഭവിക്കാൻ സാധ്യതയുള്ള ഇതിലൂടെ ആളുകൾ യാത്രചെയ്യുന്നത് ഭയത്തോടെയാണ്.
ഇടുങ്ങിയ റോഡിൽ കണ്ണൊന്നു തെറ്റിയാൽ വാഹനങ്ങളും യാത്രക്കാരും പാലത്തിൽ നിന്നും താഴേക്ക് പതിക്കുമെന്ന കാര്യത്തിൽ സംശയമില്ല. പാലത്തിൽനിന്ന് വിട്ടുനിൽക്കുന്ന കൈവരികൾ ആറിലോട്ട് ചാഞ്ഞുനിൽക്കുകയാണ്. കോൺക്രീറ്റ് കൊണ്ടുള്ള കൈവരികളാണ് പാലത്തിന്റെ ഇരുവശവും. ഇരുമ്പുകമ്പികൾ ദ്രവിച്ചതിനെത്തുടർന്നാണ് കൈവരികൾ തകർന്നുവീഴാൻ തുടങ്ങിയത്. റോഡ് വീതികൂട്ടി ടാറിങ് നടത്തിയിട്ടും പാലം
പുനർനിർമിച്ചിട്ടില്ല ഇത് മൂലം
റോഡിന്റെ ഇരുവശങ്ങളിൽ നിന്നും ഒരേസമയം വാഹനങ്ങൾ വന്നാൽ കുടുങ്ങിയതു തന്നെ. കൈവരികൾ തകർന്നതിനാൽ ഒരു വാഹനം പോയിട്ടുവേണം മറുസൈഡിൽ നിന്നും വരുന്ന വാഹനത്തിന് യാത്ര തുടരാൻ.
പാലത്തിന്റെ അടിഭാഗത്തെ സിമന്റ് പാളികൾ ഇളകിവീഴുകയാണ്. ബീമുകൾ പലതും തകർന്ന് ഇരുമ്പ് കമ്പികൾ പുറത്തുകാണാവുന്ന സ്ഥിതിയാണ്. കൂടാതെ പാലത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് കൈവരിയും പാറക്കെട്ടുമായും ബന്ധവും വിച്ഛേദിക്കപ്പെട്ട് വലിയ വിളൽ രൂപപ്പെട്ടു കഴിഞ്ഞു. ഈ ഭാഗത്ത് പാറ കൊണ്ട് കെട്ടിയ സൈഡ് ഭിത്തി പൂർണമായും തകർന്ന് ആറിനുളിലേക്ക് ഇടിഞ്ഞു താഴ്ന്നിരിക്കുകയാണ്. വാഹനങ്ങൾക്ക് സുരക്ഷയൊരുക്കുന്നതിനായി ഇവിടെ മെറ്റൽ ബോർഡുകൾ സ്ഥാപിച്ചിരിക്കുകയാണ്.
വാഹനങ്ങൾ കടന്നുപോവുമ്പോൾ പാലത്തിന് കുലുക്കം അനുഭവപ്പെടുന്നുണ്ട്. തലനാരിഴ വ്യത്യാസത്തിലാണ് പല അപകടങ്ങളിൽനിന്നും യാത്രക്കാർ രക്ഷപ്പെടുന്നത്.പാലത്തിന്റെ ബലക്ഷയത്തിന് പ്രധാന കാരണം വർഷങ്ങളായുള്ള അനധികൃത മണൽ ഖനനമാണ്. പാലം പുനർനിർമ്മിക്കുന്നതിനുള്ള നടപടിയെടുക്കണമെന്നാണ്
നാട്ടുകാരുടെ ആവശ്യം.
@ 1973ൽ ടി.കെ. ദിവാകരൻ മന്ത്രിയായിരുന്നപ്പോഴാണ് കുമ്മല്ലൂർ പാലം കമ്മീഷൻ ചെയ്തത്.കൊല്ലം -തിരുവനന്തപുരം ദേശിയപാതയിലെ പ്രധാന പട്ടണമായ
ചാത്തന്നൂരിനെ ആദിച്ചനല്ലൂർ പഞ്ചായത്തുമായും അതുവഴി കൊട്ടാരക്കരയുമായും കിഴക്കൻ മേഖലയുമായും ബന്ധിപ്പിക്കുന്ന പ്രധാന പാലമാണിത്.
@ 2020ൽ നിയമസഭയിൽ അവതരിപ്പിച്ച ബഡ്ജറ്റിൽ ഫണ്ട് അനുവദിച്ചു ഭരണാനുമതി ലഭിച്ചുവെന്ന് ചാത്തന്നൂർ എം എൽ എ പറഞ്ഞു തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞു എന്നിട്ടും അനക്കമില്ല. 2020ലെ ബജറ്റിൽ കുമ്മല്ലൂർ പാലത്തിനും പള്ളിക്കമണ്ണടി പാലത്തിനും 13കോടി രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചിട്ടും നടപടി ഉണ്ടായിട്ടില്ല. പാലം കുലുങ്ങുമ്പോഴും വേണ്ടത്ര സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കാൻ ചാത്തന്നൂർ അധികാരികൾ - ആദിച്ചനല്ലൂർ പഞ്ചായത്ത് ശ്രദ്ധിക്കുന്നില്ല.
പാലം പുനർനിർമിക്കുമെന്ന പ്രഖ്യാപനങ്ങൾ നിരവധിയുണ്ടെങ്കിലും നടപടിയുണ്ടായില്ല. പാലം വീതികൂട്ടി അടിയന്തരമായി പുനർനിർമാണം നടത്തണമെന്നും അനധികൃത മണൽ ഖനനത്തിന് അറുതിവരുത്തണമെന്നുമാണ്
നാട്ടുകാരുടെ ആവശ്യം.
@കുമ്മല്ലൂർപാലം അപകടാവസ്ഥയിൽ
അടിയന്തിരമായി പുനർനിർമ്മാണം നടത്തണം - ബിജെപി
കുമ്മല്ലൂർപാലം പുനർനിർമ്മാണം നടത്തുന്നതിനുള്ള നടപടികൾ ആരംഭിക്കണം ബഡ്ജറ്റിൽ ഉൾപ്പെടുത്തി ഭരണാനുമതി ലഭിച്ചുവെന്നുള്ള
ചാത്തന്നൂർ എം എൽ എ യുടെ
വാഗ്ദാനങ്ങൾ മാത്രമാണ് ഇപ്പോൾ ഉള്ളത് ഭാരം കൂടിയ വാഹനങ്ങൾ പാലത്തിൽ കൂടി പോകുന്നത് നിയന്ത്രിക്കാൻ ഉള്ള നടപടികൾ സ്വീകരിച്ചു കൊണ്ട് പാലം പുനർ നിർമ്മിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ബിജെപി ചാത്തന്നൂർ മണ്ഡലം പ്രസിഡന്റ് ശ്യാംപ്രവീൺ ആവശ്യപ്പെട്ടു.
ഫോട്ടോ : കുമ്മല്ലൂർ പാലം, കരിങ്കൽ കെട്ട് ഇടിഞ്ഞതിനാൽ വാഹനങ്ങളുടെ സുരക്ഷയ്ക്ക് സ്ഥാപിച്ചിരിക്കുന്ന ബോർഡും കാണാം
No comments:
Post a Comment