കൊല്ലം : കൊല്ലം നഗരത്തിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാകുന്നു. വിദ്യാർഥികളെയും വയോജനങ്ങളെയും ഉൾപ്പെടെ ആക്രമിക്കുകയും റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്ന തെരുവ് നായ്ക്കളെ അമർച്ച ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു. നഗരത്തിൽ പ്രൈവറ്റ്, കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിലും തീരദേശത്തെ മത്സ്യ മാർക്കറ്റ്, ഹോട്ടൽ പരിസരങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലാണ് തെരുവു നായ്ക്കൾ കൂടുതലായി ഉള്ളത്. കന്റോൺമെന്റ്, ആശ്രമം മൈതാനങ്ങൾ ബീച്ച് ഇവിടങ്ങളിൽ
തെരുവ് നായ വളർത്തൽ കേന്ദ്രമായി മാറി.കൊല്ലം ബീച്ചിൽ മാത്രം നൂറോളം തെരുവ് നായ്ക്കൾ ഉണ്ട്.
ആയിരത്തോളം തെരുവ് നായ്ക്കൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്. ബസ് സ്റ്റാൻഡുകൾ ഇവ കയ്യടക്കിയിരിക്കുകയാണ്.
ആണ്ടാമുക്ക്
പ്രൈവറ്റ് ബസ് സ്റ്റാൻഡിലും ചിന്നകടയിലും പരിസരത്തുമായി അൻപതോളം തെരുവ് നായ്ക്കളുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
ഹോട്ടലുകൾ , കശാപ്പുശാലകൾ തട്ടുകടകൾ എന്നിവയുടെ
പരിസരങ്ങളിലായി തമ്പടിച്ചിരുന്ന തെരുവ് നായകൾ
മഴയെത്തിയതോടെ കടത്തിണ്ണകളിലും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളാണ് ഇപ്പോൾ താവളമാക്കിയിരിക്കുന്നത്.
റോഡിലൂടെ നടക്കുന്നവർക്ക്
നേരെ ചാടി വീഴുന്നതും,ചെറിയ വിദ്യാർഥികളെ ആക്രമിക്കാനൊരുങ്ങുന്നതും നിത്യ സംഭവമാണ്. ഇരുട്ട് വീഴുന്നതോടെ നായ്ക്കൾ കൂടുതൽ അക്രമാസക്തരാകും.
പിന്നെ കാൽനട യാത്രക്കാരെയും ഇരുചക്രവാഹനക്കാരെയും ആക്രമിക്കുകയും, യാത്രക്കാരുടെ കൈകളിലെ സാധനങ്ങൾ കടിച്ചു പറിക്കുകയുമാണ് പതിവ്. തെരുവ് നായ്ക്കൾ തമ്മിൽ കടിപിടി കൂടി വഴിയിൽ പ്രവേശിക്കുന്നത് വാഹനങ്ങൾ നിയന്ത്രണം വിട്ട് അപകടത്തിപ്പെടുന്നതിന് കാരണമാകുന്നുവെന്ന്
ഡ്രൈവർമാർ പറയുന്നു. നഗരസഭ ഷെൽട്ടർ പണിതു തെരുവു നായ്ക്കളെ പിടികൂടി സംരക്ഷിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
@ തെരുവ് നായ്ക്കളെ ഭയന്ന് പ്രഭാത സായാഹ്ന സവാരിക്കാരുടെ എണ്ണവും കുറഞ്ഞു വരുന്ന കാഴ്ചയാണ് കൊല്ലത്ത്. ബീച്ചിലും കടൽ തീരത്തും, കായൽ തീരത്തും പുലർച്ചെ ഓടാൻ ഇറങ്ങുന്നവരുടെ പിന്നാലെയെത്തി ആക്രമിക്കുന്നതാണ് തെരുവ് നായ്ക്കളുടെ പുതിയ രീതി. ഇതു മൂലം പലരും പ്രഭാത സവാരി പോലും അവസാനിപ്പിച്ചു.ആശ്രമം ശങേഴ്സ് റോഡിൽ ബൈപാസ് റോഡിൽ ആദ്യകാലത്ത് തെരുവ് നായ്ക്കളുടെ ശല്യം ഇല്ലായിരുന്നു. എന്നാൽ മാലിന്യം തള്ളൽ പെരുകിയതോടെ ഇവിടെയും തെരുവ് നായ്ക്കളുടെ ശല്യം കൂടിയിട്ടുണ്ട്.
@ എബിസി പദ്ധതി സ്തംഭനാവസ്ഥയിൽ
തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിനു സർക്കാർ തലത്തിൽ ആവിഷ്ക്കരിച്ച എബിസി പദ്ധതി നിശ്ചലാവസ്ഥയിൽ. അക്രമാസക്തരായ നായ്ക്കളെ പിടികൂടി ഷെൽട്ടർ സ്ഥാപിച്ച് സംരക്ഷിക്കുന്നതിനുള്ള നടപടികൾ ജില്ലാ പഞ്ചായത്ത് ആവിഷ്ക്കരിച്ചെങ്കിലും ഇതുവരെ നടപ്പായില്ല. എബിസി പദ്ധതിക്കായി സ്വന്തമായി ഷെൽട്ടർ പണിയുവാനുള്ള സംവിധാനം നഗരസഭയ്ക്കില്ലെന്നാണ് അധികൃതർ പറയുന്നത്.
@ ജില്ലാ ആശുപത്രി പരിസരത്ത് ഭീതി പരത്തി തെരുവ് നായ്ക്കൾ
ജില്ലാ ആശുപത്രിയ്ക്കുള്ളിലും പരിസരത്തും
തെരുവ് നായ്ക്കളുടെ എണ്ണം പെരുകുന്നു. ജീവനക്കാരും രോഗികളും ഉൾപ്പെടെ നിരവധി പേർക്ക് കടിയേറ്റിട്ടും തെരുവുനായ്ക്കളെ തുരത്താൻ നടപടി ഒന്നുമില്ല. ഇരുന്നൂറോളം നായ്ക്കളാണ് ആശുപത്രി പരിസരത്ത്
ഉള്ളത്. അത്യാഹിത വിഭാഗം, കാർഡിയോളജി ബ്ലോക്ക്, ഗൈനക്കോളജി, സ്റ്റോർ ബ്ലോക്ക്, ക്വാർട്ടേഴ്സ് വളപ്പ്, ഒ.പി എന്നിവിടങ്ങളാലാണ് തെരുവ് നായ ശല്യം രൂക്ഷമായത്. നാല് മാസങ്ങൾക്ക് വനിതാ ജീവനക്കാരി ഉൾപ്പെടെ നാല് പേരെ തെരുവ് നായ ആക്രമിച്ചിരുന്നു. പാർക്കിങ് ഏരിയയിൽ വച്ചായിരുന്നു. സംഭവം. ഓരോ ദിവസവും തെരുവ് നായ്ക്കളുടെ എണ്ണം പെരുകുകയാണെന്നാണ് ആശുപത്രി ജീവനക്കാർ പറയുന്നത്. ആശുപത്രി വളപ്പിലും ചുറ്റിലുമായി ഒഴിഞ്ഞ് കിടക്കുന്ന സ്ഥലത്താണ് ഇവ തമ്പടിക്കുന്നത്. ആവശ്യത്തിലധികം ഭക്ഷണം ലഭിക്കുന്നതിനാലാണ് നായ്ക്കൾ ആശുപത്രിയിൽ താവളമടിക്കാൻ കാരണം. :
വിവിധ സംഘടനകൾ ആശുപത്രിയിൽ സൗജന്യ ഭക്ഷണ വിതരണം നടത്തുന്നുണ്ട്. ഇത്തരത്തിൽ ലഭിക്കുന്ന ഭക്ഷണ പൊതികൾ അലക്ഷ്യമായി വലിച്ചെറിയുന്നതാണ് തെരുവു നായ്ക്കൾ ആശുപത്രി വളപ്പിൽ തന്നെ തമ്പടിക്കാൻ കാരണം. ഭക്ഷണം കഴിക്കുന്ന സമയത്ത് അടുത്തെത്തുന്നവരെ ആക്രമിക്കുന്നതും പതിവു കാഴ്ചയാണ്. ഇവിടെയുള്ള നായ്ക്കളെ പിടികൂടി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും ഭക്ഷണം വലിച്ചെറിയാതെ കൃത്യമായി സംസ്കരിച്ചാൽ സംവിധാനം ഉണ്ടാക്കുകയും ചെയ്താൽ മാത്രമേ തെരുവു നായ്ക്കളെ അമർച്ച ചെയ്യാൻ കഴിയുവെന്നാണ് ആശുപത്രി ജീവനക്കാർ പറയുന്നത്.
No comments:
Post a Comment