Saturday, 29 July 2023

പാർട്ടിയ്ക്ക് വഴങ്ങി ചിറക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്സി.സുശീലാ ദേവി രാജിവച്ചു

പാർട്ടിയ്ക്ക് വഴങ്ങി 
ചിറക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
സി.സുശീലാ ദേവി രാജിവച്ചു

ചാത്തന്നൂർ : ഇടതുമുന്നണി ഭരണം നടത്തുന്നചിറക്കര ഗ്രാമ പഞ്ചായത്തിലെ സി പി ഐ ക്കാരിയായ പ്രസിഡന്റ് സി.സുശീല ദേവി സ്ഥാനം രാജിവച്ചു. ഇതോടെ വിവാദങ്ങൾക്ക് വിരാമമായി. അടുത്ത പ്രസിഡന്റ് സ്ഥാനം സി പി എമ്മിനാണ്.
 ഇടതുമുന്നണിയുടെ ധാരണ അനുസരിച്ച് കാലാവധി കഴിഞ്ഞിട്ടും സി പി ഐ ക്കാരിയായ ചിറക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. സുശീലാദേവി രാജി വച്ചിരുന്നില്ല. ഇതേ ചൊല്ലി  ചിറക്കരയിൽ സി പി എം - സി പി ഐ പോര് മുറുകിയിരുന്നു. പഞ്ചായത്ത് പ്രസിഡന്റിന്റെ രാജിയെക്കുറിച്ചും ചിറക്കരയിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും ചർച്ച ചെ യ്യാനും തീരുമാനം എടുക്കാനുമായി ഇടതുമുന്നണിയുടെ ചാത്തന്നൂർ നിയോജക മണ്ഡലം കമ്മിറ്റി യോഗം ചേരുകയും ചെയ്തിരുന്നു.
ഇടതുമുന്നണി ഭരണം നടത്തുന്ന ചിറക്കരയിൽ പതിനാറംഗ പഞ്ചായത്ത് കമ്മിറ്റിയാണ്. ഇടതുമുന്നണിയിലെ സി പി എമ്മിന് അഞ്ചും സി പി ഐയ്ക്ക് രണ്ടും സീറ്റുകളാണ്. സ്വതന്ത്രന് പഞ്ചായത്ത്‌ വൈസ്പ്രസിഡന്റ് സ്ഥാനം നല്കിയാണ് ഇടതുമുന്നണി ഭരണം നടത്തുന്നത്. പ്രതിപക്ഷത്ത് കോൺഗ്രസിന് ആറും ബി ജെ പിയ്ക്ക് രണ്ടാംഗങ്ങളുമാണ്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽ ബി ജെ പി വിട്ടു നിന്നത് കൊണ്ടാണ് ഇടതുമുന്നണിയ്ക്ക് ഭരണം നേടാനായത്.

ഇടതുമുന്നണി ഭരണം തുടങ്ങിയതു മുതൽ പഞ്ചായത്ത് കമ്മിറ്റിയിലും പഞ്ചായത്തിലും സി പി എം, സി പി ഐ പോര് ആരംഭിച്ചിരുന്നു.. പഞ്ചായത്ത് ഭരണം അഴിമതി നടത്തുന്നുവെന്ന് സി പി എം പല ഉദാഹരണങ്ങൾ ഉയർത്തി ആരോപണമുന്നയിച്ചിട്ടുണ്ട്. സി പി എമ്മിനെതിരെ സിപിഐയും നിരവധി ആരോപണങ്ങൾ ഉയർത്തിയിട്ടുണ്ട്. ഇടതുമുന്നണി ഭരണം നടത്തുന്ന പഞ്ചായത്ത് കമ്മിറ്റി സി പി എം അംഗങ്ങൾ ബഹിഷ്കരിച്ചിട്ടുണ്ട്. 
 പലപ്പോഴും സി പി ഐ ക്കാരിയായ പഞ്ചായത്ത് പ്രസിഡന്റിന്റെ രക്ഷയ്ക്കെത്തിയിട്ടുള്ളത് കോൺഗ്രസ് അംഗങ്ങളാണ്. ചിറക്കര സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിലും സി പി എമ്മിനെതിരെ സി പി ഐ മത്സരിച്ചു പരാജയമടഞ്ഞു.
ചിറക്കര ഗ്രാമ പഞ്ചായത്തിൽ സി പി ഐയ്ക്ക് പ്രസിഡന്റ് സ്ഥാനം രണ്ടര വർഷമായിരുന്നു. ഈ കാലാവധി കഴിഞ്ഞിട്ടും പ്രസിഡന്റ് രാജിവയ്ക്കാത്തതാണ് സി പി എം പ്രാദേശിക ഘടകങ്ങളെ ചൊടിപ്പിച്ചിരുന്നത്. കോൺഗ്രസിന്റെ പിന്തുണയോടെ സിപിഐക്കാരിയായ പ്രസിഡന്റ് സി പി എമ്മിന്റെ പല താല്പര്യങ്ങളും തകർത്തിട്ടുണ്ട്. താല്ക്കാലിക നിയമനങ്ങളിൽ പോലും സി പി എമ്മിന്റെ താല്പര്യങ്ങൾ അട്ടിമറിച്ചു നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. എത്രയും വേഗം പ്രസിഡന്റിനെ ഒഴിവാക്കി സി പി എമ്മിന്റെ പ്രസിഡന്റിനെ അവരോധിക്കാൻ ശ്രമിക്കുമ്പോഴാണ് പ്രസിഡന്റ് രാജിവയ്ക്കാതെ സ്ഥാനത്ത് തുടർന്നിരുന്നത്. ചിറക്കരയിലെ നിർമ്മാണം പൂർത്തിയാക്കിയ
പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനത്തിന് ശേഷം ഉടൻ രാജി വയ്ക്കണമെന്ന് ഇടതുമുന്നണി മണ്ഡലം കമ്മിറ്റി നിർദ്ദേശം നല്കിയിരുന്നു. കഴിഞ്ഞാഴ്ച ഉദ്ഘാടനം കഴിഞ്ഞു.
പിന്നാലെ സിപിഐ നേത്രത്വം രാജി ആവശ്യം ഉന്നയിച്ചതോടെ 
  സുശീലാ ദേവി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുകയായിരുന്നു.

 
 

No comments:

Post a Comment