ഭാര്യ: ഹയർ നിസ
സഹോദരൻ: സുൽഫിക്കർ
കൊട്ടിയം: കിണറ്റിനുള്ളിൽ തൊടികൾ ഇറക്കുന്നതിനിടെ തൊടികൾ തകർന്നു വീണ് കിണറ്റിനുള്ളിലകപ്പെട്ട യുവാവിനു വേണ്ടി നടത്തിയ പ്രാർത്തനകളെല്ലാം വിഫലമായി. 24 മണിക്കൂറോളം ഉറക്കമൊഴിച്ച് രക്ഷാപ്രവർത്തനം നടത്തിയിട്ടും കിണറ്റിൽ അകപ്പെട്ട മുട്ടയ്ക്കാവ് സ്വദേശി സുധീറിന്റെ ജീവൻ രക്ഷിക്കാനായില്ല. ബുധനാഴ്ച ഉച്ചക്ക് ആരംഭിച്ച രക്ഷാ പ്രവർത്തനങ്ങൾ വ്യാഴാഴ്ച പുലർച്ചേ രണ്ടു മണി വരെ നീണ്ടു. മഴയും, ചെളിയും കാരണം അൽപ നേരം രക്ഷാപ്രവർത്തനം നിർത്തിവെക്കേണ്ടി വന്നു. രാവിലെ ഏഴു മണിയോടെ വീണ്ടും രക്ഷാപ്രവർത്തനം തുടങ്ങി. മൂന്ന് ഹിറ്റാച്ചിയും, ഒരു ജെ.സി.ബി.യും ഉപയോഗിച്ച് നാൽപ്പതടി താഴ്ചയോളം കുഴിയെടുത്താണ് സുധീറിന്റെ മൃതദേഹം ഉച്ചയ്ക്ക് രണ്ടു മണിയോടെ പുറത്തെടുത്തത്.സുധീറും മുട്ടയ്ക്കാവ് സ്വദേശികളായ നാലുപേരും ചേർന്നാണ് തഴുത്തലപുഞ്ചിരിച്ചിറയിലുള്ള കണ്ണനല്ലുർ ബെൻസിലി വാടകയ്ക്ക് കൊടുത്തിരിക്കുന്ന വീട്ടിലെ കിണറ്റിൽ തൊടി ഇറക്കാൻ എത്തിയത്.ചൊവ്വാഴ്ചയാണ് ഇവർ ജോലികൾ തുടങ്ങിയത്.ബുധനാഴ്ച ഉച്ചക്ക് മൂന്നാമത്തെ തൊടിയിറക്കുമ്പോഴാണ് തൊടികൾ ഇടിഞ്ഞു വീഴുന്നത്. തൊടികൾ ഇടിയുന്നതു കണ്ട് വടത്തിൽ പിടിച്ച് മുകളിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ മുകളിൽ നിന്നും തൊടി ശരീരത്തിൽ വീണ് സുധീർ കിണറ്റിനുള്ളിൽ കുടുങ്ങുകയായിരുന്നു.കൂടെ മുകളിലുണ്ടായിരുന്നവർക്ക് എന്തെങ്കിലും ചെയ്യാൻ കഴിയും മുമ്പ് ഇയാൾ കിണറ്റിൽ കുടുങ്ങിയിരുന്നു.സംഭവമറിഞ്ഞെത്തിയ ഫയർഫോഴ്സും നാട്ടുകാരും പൊലീസും ചേർന്ന് കിണറ്റിൽ നിന്നും തൊടികൾ എടുക്കാൻ ശ്രമിച്ചെങ്കിലും രണ്ട് തൊടികൾ എടുത്തപ്പൊഴേക്കും കിണർ കൂടുതൽ ഇടിയുന്ന അവസ്ഥയിലായിരുന്നു. ഇതേ തുടർന്ന് മൂന്ന് ഹിറ്റാച്ചിയും, ഒരുമണ്ണുമാന്തിയന്ത്രവുമെത്തിച്ചാണ് മണ്ണും, തൊടിയും നീക്കി താൽപ്പതടി താഴ്ചയിൽ കുഴിയെടുത്ത് മൃതദേഹം പുറത്തെടുത്തത്.കൊല്ലം ജില്ലാ ഫയർ ഓഫീസറുടെയും, സ്റ്റേഷൻ ഓഫീസർ, അസി. സ്റ്റേഷൻ ഓഫീസർ മാർ എന്നിവരുടെയും നേത്യത്വത്തിലെത്തിയ മുപ്പതംഗ ഫയർഫോഴ്സ് സംഘവും ചാത്തന്നൂർ എ.സി.പി.ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘവുമാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ഇടയ്ക്ക് രക്ഷാപ്രവർത്തനത്തിന് വേഗത കൂട്ടുന്നതിനായി നീണ്ടകര ഹാർബറിൽ നിന്നും വലിയ കൈകളുള്ള ലോംഗർ ഹിറ്റാച്ചി പൊലീസ് എത്തിച്ചെങ്കിലും ഉപയോഗിക്കേണ്ടി വന്നില്ല.
കൊട്ടിയം: രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ഉറക്കമൊഴിച്ച് എം.എൽ.എ.മാരും, തഹസീൽദാരുടെ നേതൃത്വത്തിലുള്ള റവന്യു സംഘവും.എം.എൽ.എ.മാരായജി.എസ്.ജയലാൽ, പി.സി.വിഷ്ണുനാഥ് എന്നിവരാണ് ആഹാരം പോലും വെടിഞ്ഞ് രാത്രിയും പകലും ഒരു പോലെ രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.കൊല്ലം തഹസീൽദാർ ജാസ്മിൻ ജോർജും, എം.എൽ.എ.മാരൊടൊപ്പം ഉണ്ടായിരുന്നു. ആദിച്ചനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ ബിനു, വൈസ് പ്രസിഡന്റ് സാജൻ, ഗ്രാമപഞ്ചായത്ത് അംഗവും ബിജെപി മണ്ഡലം പ്രസിഡന്റ് ശ്യാംപ്രവീൺ,
സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പ്ലാക്കാട് ടിങ്കു, ,തഴുത്തല വില്ലേജ് ഓഫീസർ അജയകുമാർ എന്നിവർ മുഴുവൻ സമയ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
കൊട്ടിയം: ആഴങ്ങളിലേക്കിറങ്ങാൻ ഇനി സുധീറില്ല. എത്ര താഴ്ചയുളള കിണറായാലും തൊടിയിറക്കുവാൻ സുധീർ തയ്യാറായിരുന്നു.കർണാടകത്തിൽ വരെ പോയി കിണറ്റിന്റെ പണികൾ ഏറ്റെടുത്ത് ചെയ്യുമായിരുന്നു. ഒരു നിർധന കുടുംബത്തിന്റെ അത്താണിയായിരുന്നു സുധീർ.കഴിഞ്ഞ നവംബർ 28നായിരുന്നു ഇയാൾ മലപ്പുറത്തു നിന്നും ഹയർ നിസയെ വിവാഹം കഴിച്ചത്.ഭാര്യ നാലു മാസം ഗർഭിണിയാണ്. വിവാഹം കഴിച്ച് ജീവിതം പച്ച പിടിച്ചു വരുമ്പോഴാണ് വിധി ഇയാളെ തട്ടിയെടുത്തത്. നല്ലൊരു സുഹൃത് വലയത്തിനുടമയായ ഇയാൾ അപകടത്തിൽപ്പെട്ട വാർത്തയറിഞ് നുറുകണക്കിന് യുവാക്കളാണ് സംഭവസ്ഥലത്തെത്തിയത്. ഇയാളുടെ മരണവാർത്ത വ്യാഴാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ പുറത്തു വന്നതോടെ മുട്ടക്കാവ് പ്രദേശം ദു:ഖ സാന്ദ്രമായി.
ഫോട്ടോ : സുധീർ
ഫോട്ടോ : രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന എം.എൽ.എ.മാർ
No comments:
Post a Comment