ചാത്തന്നൂർ:ദേശീയപാത 66ന്റെ വികസനവുമായി ബന്ധപ്പെട്ട് ഇത്തിക്കരപാലം പൊളിച്ചു മാറ്റുന്നതോടെ ചരിത്രത്തിന്റെ ഭാഗമായി മാറിയ ഇത്തിക്കരപാലം ഓർമ്മയായി മാറും. ദേശിയപാത ആറുവരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തിക്കര പാലം പൊളിച്ചുനീക്കുന്നത്.
നിലവിലെ പാലത്തിന് ബലക്ഷയം ഉണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ പാലം നിർമ്മിക്കുന്നത്. ആറുവരിപ്പാലമാണ് ഇത്തിക്കരയിൽ പുതുതായി വരുക. കൊല്ലത്ത് നിന്ന് ചാത്തന്നൂരിലേക്ക് പോകുമ്പോൾ നിലവിലെ പാലത്തിന്റെ വലത് വശത്തായാകും പുതിയ പാലങ്ങൾ നിർമ്മിക്കുക.
ഇവ പൂർത്തിയായ ശേഷം നിലവിലെ പാലം പൊളിച്ച് നീക്കി പുതിയ രണ്ട് വരിപ്പാലം കൂടി നിർമ്മിക്കും. ജില്ലയിൽ നിലവിലുള്ള മറ്റ് പാലങ്ങളെല്ലാം നിലനിറുത്തിയാണ് പുതിയ നാലുവരിപ്പാലങ്ങൾ കൂടി നിർമ്മിക്കുന്നത്.
@ചരിത്രം
കൊല്ലം തിരുവനന്തപുരം ദേശിയപാതയിലെ പ്രധാന പാലമായ ഇത്തിക്കരപാലം ചരിത്രത്തിന്റെ ഭാഗമാണ്.
രണ്ടാം അച്യുതമേനോൻ മന്ത്രിസഭയുടെ കാലത്താണ് ഇത്തിക്കര പാലം നിർമ്മാണം ആരംഭിച്ചത്. 1976 ജനുവരി ആയപ്പോൾ പാലത്തിന്റെ നിർമ്മാണം പൂർത്തിയായി. ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങൾ നടക്കവേ ഈ സർക്കാരിൽ പൊതുമരാമത്ത് മന്ത്രിയായിരുന്ന ടി.കെ. ദിവാകരൻ ജനുവരി 19ന് മരിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കൊണ്ടുപോകാനായി തൊട്ടടുത്ത ദിവസം പാലം തുറന്നു. പാലത്തിന് കുറുകെ കെട്ടിയ കറുത്ത നാട മുറിച്ചായിരുന്നു ഉദ്ഘാടനം. അതിന് മുമ്പേ ഇവിടെ നിലവിലുള്ള പാലത്തിന് സമാന്തരമായി
തടിപ്പാലമായിരുന്നു ഉണ്ടായിരുന്നത്.
No comments:
Post a Comment