Monday, 9 May 2022

വീർ സവർക്കാർ പറഞ്ഞതുപോലെ നീ ഉണ്ടെങ്കിൽ നിന്റെ കൂടെ നീ ഇല്ലെങ്കിൽ നീയില്ലാതെ നീ എതിർത്താൽ നിന്നെയും എതിർത്തു ഇവിടെ ജീവിച്ചേ മതിയാകൂ.ആ തിരിച്ചറിവാണോരോ ദേശീയവാദിക്കുമുണ്ടാകേണ്ടത്.

"..അന്തിക്കമ്പലമുറ്റത്ത്
അരയാലിൻ തണലോരത്ത്
ആറടിമുളവടികുറുവടിയേന്തി 
കുങ്കുമ ഭസ്മക്കുറിയും തൊട്ട്
കാളീ കൂളീ മന്ത്രമുയർത്തി
മുക്കാമുറിയൻ ട്രൗസറുമിട്ട്......"

എന്നിങ്ങിനെ പോകുന്ന ഒരു മുദ്രാവാക്യം കേട്ടിട്ടുണ്ട്. ക്ഷേത്ര പരിസരത്ത് നടക്കുന്ന ആർഎസ്എസ് ശാഖകളെ അധിക്ഷേപിക്കാൻ വേണ്ടി കമ്മ്യൂണിസ്റ്റുകാർ 1980കളിൽ എഴുതി തയ്യാറാക്കി ആർത്തുവിളിച്ച മുദ്രാവാക്യമാണിത്.
ഇതൊന്ന് ഓർമ്മയിൽ വെച്ചോളൂ. 
ഇനി മുഴുവൻ വായിക്കുക..

വിനായക് ദാമോദർ വീർ സവർക്കറിന്റെ ചിത്രം അടങ്ങിയ വർണ്ണ മുത്തുക്കുടകൾ ഇക്കുറി തൃശൂർ പൂരം കുടമാറ്റത്തിന്റെ ഭാഗമാക്കി ഉൾപ്പെടുത്തിയിരുന്നു. ചമയ പ്രദർശനങ്ങളിൽ ഈകുടകൾ വന്നപ്പോൾ കുരുപൊട്ടിയ ചില ഹിന്ദു വിരുദ്ധർ അതിന്റെ ചിത്രമെടുത്തു.  ആ ചിത്രം  വൈറലായപ്പോൾ പ്രതീക്ഷിച്ചതുപോലെ ദീപ ടീച്ചർ മുതൽ ശ്രീദേവ് സോമൻ വരെയുള്ള സുഡാപ്പി അടിമകൾ ഓലിയിടാൻ തുടങ്ങി. വീർ സവർക്കർ ഉൾപ്പെടെയുള്ള ഹൈന്ദവനവോത്ഥാനനായകരുടെ ചിത്രമടങ്ങിയ കുടകൾ അവിടെ ഉയർന്നാൽ അതിനുമീതെ ചെങ്കൊടി പൊങ്ങും എന്ന ഭീഷണിയുമായി കമ്മി വേഷമിടുന്ന ഇസ്ലാമിക തീവ്രവാദികളും രംഗത്തുവന്നു. അതൊക്കെ പ്രതീക്ഷിച്ചതാണ്. എന്നാൽ , ദേശവും ദേശീയതയും രാഷ്ട്രവും രാഷ്ട്രീയവും ക്ഷേത്രത്തിൽ പാടില്ല എന്നുള്ള വാദഗതിയുമായി പരിവാർ അനുകൂലികൾ രംഗത്തുവന്നത് തികച്ചും ഞെട്ടിച്ചുകളഞ്ഞു. 

ഹിന്ദു ദേശീയതയാണ് ഇന്ത്യയുടെ ആത്മാവ്. ഹിന്ദുത്വമാണതിന്റെ നാരായവേര്. ഹിന്ദുത്വത്തിൽ നിന്നും ഭാരതീയതയെ വേർതിരിച്ചു കാണുവാൻ സാമാന്യബുദ്ധിയുള്ളവർക്ക് സാധ്യമല്ല. അതുകൊണ്ടാണ് ലോകമാന്യ ബാലഗംഗാധരതിലകൻ ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടത്തിൽ ഗണേശോത്സവത്തിനെ  അഗ്നികുണ്ഡമാക്കിമാറ്റിയത്. രാമനീ നാടിന്റെ ആത്മതത്വവും  സർവ്വസാരവും ആയതിനാലാണ് ഗാന്ധി രാമരാജ്യത്തെകുറിച്ച് പറഞ്ഞത്.  ഭാരതദേശീയതയുടെ ഉണർവിൽ  സോമനാഥ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനുള്ള സ്ഥാനത്തെക്കുറിച്ച് പട്ടേലിനും ബാബു രാജേന്ദ്രപ്രസാദിനും കുലപതി കെ എം മുൻഷി ക്കും ബോധ്യം ഉണ്ടായിരുന്നു. ഹൈന്ദവ ദേശീയതയെക്കുറിച്ച് അവർക്ക് കൃത്യമായ ധാരണ ഉണ്ടായിരുന്നതിനാലാണ് ഈ ബോധ്യം വന്നത് തന്നെ .

രാമക്ഷേത്ര നിർമ്മാണത്തിനായി സോമനാഥത്തിൽ നിന്ന് രാമരഥയാത്ര ആരംഭിച്ചത്  ബിജെപി പ്രസിഡന്റ് ലാൽ കൃഷ്ണ അദ്വാനിയാണ്.അന്ന്  മതം ആചാരം അമ്പലം കോടതി എന്നൊക്കെ പറഞ്ഞ് ആ ചരിത്രപരമായ ചുമതല രാമജന്മഭൂമി ന്യാസിനെയോ ,നീർമോഹി അഖാഡയെയോ ,മഹന്ത് നൃത്യ ഗോപാൽ ദാസിനെയോ ഏൽപ്പിച്ചു  വശത്ത് മാറി സെമിനാർ നടത്തി നിൽക്കുകയല്ല ഭാരതീയ ജനതാ പാർട്ടി ചെയ്തത്.

ഇനി നമുക്ക് ഏറ്റവും ആദ്യം പറഞ്ഞ മുദ്രാവാക്യത്തിലേക്കു വരാം. അന്തിക്കമ്പലമുറ്റത്ത്
അരയാലിൻ തണലോരത്ത്.....ആചാരവും ആത്മീയതയും പറഞ്ഞ അമ്പലത്തിൽ നിന്നും മാറി നിന്നല്ല കേരളത്തിലെ ശാഖകൾ നടന്നതും വളർന്നതും .ആർഎസ്എസ് ശാഖകൾ നടന്നതൊക്കെ "മഹാഭൂരിപക്ഷവും" എന്നും അമ്പലമുറ്റത്ത് തന്നെയാണ്, അല്ലാതെ മുഖ്യശിക്ഷകിന്റെ കുടുംബ വീട്ടിലല്ല. അവിടെ,ആ ക്ഷേത്ര മുറ്റങ്ങളിൽ പങ്കെടുത്ത സ്വയംസേവകർ ധരിച്ചത് കാഷായവസ്ത്രമല്ല കുട്ടിനിക്കറും  കുറുവടിയും കുങ്കുമക്കുറിയും തന്നെയാണ് .
ആ സംഘസ്ഥാനങ്ങളിൽ ഉയർന്നത് ഇരട്ടത്തലയുള്ള ഭഗ്വധ്വജമാണ്. അല്ലാതെ കേവലമായ ഒരു കാവിത്തുണിയല്ല. ഈ നാടിന്റെ ആത്മാവാണ് ഹിന്ദുത്വം.അതിന്റെ ശക്തി കേന്ദ്രങ്ങളാണ് ക്ഷേത്രങ്ങൾ.അത് തിരിച്ചറിഞ്ഞാണ് ഗസ്നിയും ഗോറിയും ഔറംഗസേബും ഒക്കെയുള്ള മുഗളപ്പരിഷകൾ ക്ഷേത്രങ്ങൾ തകർത്തത് . ഇൻക്വിസിഷന്റെ ഉഷ്ണകാലത്ത് ഗോമന്തകത്തിന്റെ ഭൂമിയിൽ വെളുത്ത ചെകുത്താൻമാർ തുളസിത്തറ പോലും തച്ചുടച്ചത് ആ ശക്തിയെ തകർക്കാമെന്നു വ്യാമോഹിച്ചാണ് .

ഹിന്ദുത്വവുമായി ഭാരത ദേശീയതയ്ക്ക്, രാഷ്ട്രീയത്തിനുള്ള പൊക്കിൾക്കൊടി ബന്ധത്തെ തിരിച്ചറിയാൻ പറ്റാതെ പോയതുകൊണ്ടാണ് "ചെന്നിറം" ഇന്ത്യയിൽ തീണ്ടാരി തുണിയിലും റെയിൽവേസ്റ്റേഷനിലും ഇപ്പോൾ തൂത്തുവാരി കടലിൽ കളയാൻ പാകത്തിന് മുക്കാലേ മുണ്ടാണിയുള്ള  കേരളത്തിലും മാത്രം ബാക്കിയായത്..

എതിരാളികൾ നാളെ ഈ എം എസിനെയും എകെജിയും മറ്റും പൂരക്കുടകളിൽ ആലേഖനം ചെയ്യുമെന്ന് ഭയന്ന് മാളത്തിലൊളിക്കാൻ ദേശീയവാദികൾക്കാവില്ല.സവർക്കാർക്കു പകരമായി ക്ഷേത്ര ചടങ്ങിൽ ആലി സഹോദരന്മാരും, ജിന്നയും, മൗലാനാ അബ്ദുൽ കലാമും, ആലി മുസ്‌ലിയാരും ,വാരിയൻകുന്നനും ഒക്കെ വന്നാൽ അതിനെ സധൈര്യം നേരിടുമെന്ന് പറയാനുള്ള ചങ്കുറപ്പ് ആണ് ദേശീയവാദികൾക്കു വേണ്ടത് അല്ലാതെ ഭയന്ന് പിന്നോട്ട് പോക്കല്ല.

സംഘം വളർന്നത് ശാഖ നടത്തിയാണ്.സെമിനാർ നടത്തിയല്ല. ശാഖ ഭൂരിപക്ഷവും അമ്പലമുറ്റത്താണ്‌ നടന്നത്. അല്ലാതെ സെമിനാർ ഹാളിലല്ല. മോദി രാജ്യം ഭരിക്കുന്നത് സോമനാഥ് മുതൽ അയോധ്യ വരെയുള്ള ക്ഷേത്ര പുനരുദ്ധാരണങ്ങളുടെ കൂടി ഫലമായിട്ടാണ്. ഉണ്ടിരുന്ന നരേന്ദ്ര ദാമോദർദാസ് മോദിക്ക് ഒരു ഉൾവിളി ഉണ്ടായിട്ടല്ല വാരണാസിയിൽ കാശിവിശ്വനാഥന്റെ മണ്ണിൽ വന്നു മത്സരിക്കുന്നത്. മറിച്ച്  ഒരു കൃത്യമായ സന്ദേശമാണത് .

ചിത്രം പ്രിന്റ് ചെയ്ത കുടയിൽ നിന്ന് വീർ സവർക്കറേ ഒഴിവാക്കണം എന്നൊക്കെ  കേരളം പോലെ ഇസ്ലാമിസ്റ്റുകൾക്ക് ശക്തമായ സ്വാധീനമുള്ള ഒരു പ്രദേശത്ത് നിന്നുകൊണ്ട് പറയുമ്പോൾ അതിലെ അപകടം സ്വയം തിരിച്ചറിയണം. വീർ  സവർക്കരുടെ ചിത്രം മുത്തുക്കുടകളിൽ ആലേഖനം ചെയ്യണമോ വേണ്ടയോ എന്നത് പാറമേക്കാവ് ദേവസ്വത്തിന്റെ വിവേചനാധികാരമാണ്. എന്നാൽ ചിത്രം ചേർത്ത കുടകൾ നിർമ്മിച്ച സ്ഥിതിക്ക് ഉയർത്തുക തന്നെ വേണം. അതിൽ നിന്ന് പിൻമാറാൻ പാടില്ല. ജനതയുടെ ജീവിതത്തിലുടനീളം ഇടപെടുന്ന പ്രത്യയശാസ്ത്രമായി മതത്തെ  അവതരിപ്പിച്ചു മുന്നേറുകയാണ് ഇസ്ലാമിസ്റ്റുകൾ. അത്തരം ഒരു പ്രത്യയശാസ്ത്രത്തെ ഭയന്ന് അല്ലെങ്കിൽ അതിനെ പ്രതിരോധിക്കാൻ ഹിന്ദുത്വദേശീയത  അമ്പലപ്പറമ്പിൽ നിന്നും പുറത്തു പോകണം എന്നു പറയുന്നവർ സമാജത്തിനെ ഷണ്ഡീകരിക്കുകയാണ്.

വീര വിനായക ദാമോദർ സവർക്കർ ഉള്ള ചിത്രം ആലേഖനം ചെയ്യപ്പെട്ട മുത്തുക്കുടകൾ  ഉയരുക തന്നെ വേണമായിരുന്നു. അത് കേവലം 20 സെക്കൻഡ് നേരം മാത്രമെങ്കിൽ അത്ര നേരം മതി . അതിന് പകരമായി എ കെ ജി യും ഇ എം എസും ഭാവിയിൽ സ്ഥാനം പിടിച്ചാൽ പിടിച്ചോട്ടെ. നാം ഏറ്റെടുത്ത്  നടപ്പിലാക്കിയ മിക്കവാറും ആശയങ്ങളെല്ലാം , രാമായണമാസം രക്ഷാബന്ധൻ ഹോളി പദസഞ്ചലനം ഒക്കെ തന്നെ അവർ കോപ്പി അടിച്ചിട്ടുണ്ട് . പക്ഷേ അവർക്കില്ലാത്ത, നമ്മുടെ എതിരാളികൾക്കു  കോപ്പി അടിക്കാൻ പറ്റാത്ത ഒന്നു നമുക്കുണ്ട് . അതാണ് ഹൈന്ദവതയുടെ ആത്മീയശക്തി. അതുകൊണ്ടാണ് അവിടെ വരുമ്പോൾ ഇസ്ലാമിസ്റ്റുകളും മാർക്സിസ്റ്റുകളും  പരാജയപ്പെടുകയും ഭാരത ഭഗ്വധ്വജം നീല വിണ്സ്പര്ശമേറ്റ് അജാതശത്രുവായി  തിളങ്ങുകയും ചെയ്യുന്നത്. വിജയനും  ആദിവ്യശ്യാമനാമിടയനും തേര് തെളിച്ചതുപോലെ  നരേന്ദ്ര ദാമോദർദാസ് മോദിയും അമിത്ഷായും ഭാരതത്തിന്റെ ഭരണചക്രം തിരിക്കുന്നത് അതുകൊണ്ടാണ്. ആത്മവിശ്വാസമില്ലാതെ, ആചാരത്തിൽ പേര് പറഞ്ഞു സമാജത്തെ പിന്നോട്ടടിക്കരുത്. അങ്ങനെ ചെയ്താൽ നിങ്ങൾ സമാജത്തെ രക്ഷിക്കുകയില്ല വെറും ചാരമാക്കാൻ എതിരാളികളെ സഹായിക്കുകയാണ് ചെയ്യുന്നത്..

പുസ്തകത്താളുകളിൽ ചരിത്രം രചിക്കപ്പെടട്ടെ, സെമിനാർ ഹാളുകളിൽ സെമിനാർ നടക്കട്ടെ, ജീവിതത്തിന്റെ നാനാതുറകളിലും സമസ്തമേഖലകളിലും വിപ്ലവകാരികളുടെ രാജകുമാരൻ വിനായക് ദാമോദർ സവർക്കർ എന്ന നാമവും അദ്ദേഹത്തിന്റെ ആശയങ്ങളും പ്രോജ്വലിക്കട്ടെ.അപ്പോഴാണ് നമ്മുടെ തലമുറയ്ക്ക് പൂർത്തീകരിക്കുവാനായി  സവർക്കർ ബാക്കിവെച്ച ഏഴാമത്തെയും എട്ടാമത്തെയും സുവർണ്ണ കാലഘട്ടങ്ങളുടെ കഥ എഴുതാനുള്ള ശേഷി നമുക്ക് കൈവരുന്നത്. സവർക്കറുടെ ഫോട്ടോയുടെ പേര് പറഞ്ഞ് നാളെ ജിന്നയുടെ ഫോട്ടോ പൂരനഗരിയിൽ അവർ ഉയർത്തുമെന്ന് നാം ഭയന്നാൽ നമുക്ക് സവർക്കറുടെ പേര് പറയാൻ പോലുമുള്ള യോഗ്യത റദ്ദ് ചെയ്യപ്പെടുകയാണ്.

ഭയന്നൊളിക്കാൻ ഇനി നമുക്കിടമില്ല.ഹിജ്റ ചെയ്തു പോകാൻ പാകിസ്ഥാനും ചൈനയും ക്യൂബയും നമുക്കില്ല. നമുക്ക്  ഇവിടെ ഈ മണ്ണിൽ ജീവിച്ചേ മതിയാവൂ. വീർ സവർക്കാർ പറഞ്ഞതുപോലെ നീ ഉണ്ടെങ്കിൽ നിന്റെ കൂടെ നീ ഇല്ലെങ്കിൽ നീയില്ലാതെ നീ എതിർത്താൽ നിന്നെയും എതിർത്തു ഇവിടെ ജീവിച്ചേ മതിയാകൂ.ആ തിരിച്ചറിവാണോരോ ദേശീയവാദിക്കുമുണ്ടാകേണ്ടത്.

No comments:

Post a Comment