Tuesday, 24 May 2022

ദേശിയപാത വികസനത്തോടൊപ്പം കൊല്ലം നഗരത്തിന്റെ റോഡുകളും വികസിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

, : ദേശിയപാത വികസനത്തോടൊപ്പം 
കൊല്ലം നഗരത്തിന്റെ റോഡുകളും വികസിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ദിനംപ്രതി പെരുകുന്ന വാഹനങ്ങൾ അതിനനുസരിച്ചു മെച്ചപ്പെട്ട റോഡുകളും കൊല്ലം നഗരത്തിന് ആവശ്യമാണ് 
പ്രധാനമായും നഗരത്തിലെ റോഡുകളുടെ വികസനം ഇന്നത്തെ കാലത്തും ഭാവിയിലും  വളരെയധികം അനിവാര്യമാണ്. വീതികുറഞ്ഞതും പൊട്ടിപൊളിഞ്ഞതും  ഭംഗിയില്ലാത്തതുമായ നഗരറോഡുകളാണ് ഇപ്പോഴുള്ളത്.
കേരളത്തിന്റെ ദ്രുത ഗതിയിലുള്ള നഗരവൽക്കരണവും ജനസാന്ദ്രതയും നമ്മുടെ റോഡ് സംവിധാനങ്ങളെ വികസിപ്പിക്കേണ്ടതിന്റെ അനിവാര്യതയിലേയ്ക്ക് വിരൽ ചൂണ്ടുന്നു. സുഗമവും സുരക്ഷിതവുമായ യാത്രകൾ ഉറപ്പാക്കുന്നതിലും സുഗമമായ ചരക്കു ഗതാഗതത്തിനും റോഡ് വികസനം അത്യാവശ്യം തന്നെയാണ്. കൊല്ലം നഗരത്തിലെ മിക്ക റോഡുകളും വികസന മുരടിപ്പിലാണ്. സിറ്റി റോഡ് ഇംപ്രൂവ്മെൻറ് പ്രോജക്ടിൽ ( സി ആർ ഐ പി ) ഉൾപ്പെടുത്തി കൊല്ലം നഗര റോഡുകൾ നാലുവരിയായി വികസിപ്പിക്കുന്ന പദ്ധതി മെല്ലപ്പോക്കിലാണ്. തിരുവനന്തപുരം,കോഴിക്കോട് കോർപറേഷനുകളുമായി താരതമ്യം ചെയ്യുമ്പോൾ കൊല്ലം കോർപറേഷൻ നഗര റോഡ് വികസനത്തിന്‌ വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ല. രണ്ട് വരി മാത്രം വീതിയുള്ള റോഡിന് നടുവിലൂടെ ഡിവൈഡർ സ്ഥാപിച്ച് അത് നാലുവരി റോഡ് ആണെന്ന് പറയുന്നതിൽ അർത്ഥമില്ല.സ്ഥലമേറ്റെടുക്കലിന്റെ ബുദ്ധിമുട്ട് വിചാരിച്ചു കൊണ്ടിരുന്നാൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന വാഹനപ്പെരുപ്പം മൂലം നഗരത്തിൽ ജനങ്ങൾക്ക് സ്വസ്ഥമായി നടക്കുവാൻ പോലും കഴിയാത്ത അവസ്ഥ ഉണ്ടായേക്കാം. ഇപ്പോഴത്തെ ബുദ്ധിമുട്ടുകൾ കണക്കിലെടുക്കാതെ ആവശ്യമായ സ്ഥലം ഏറ്റെടുത്ത് പ്രധാന റോഡുകളുടെ ഇരുവശത്തും നടപ്പാത ഉൾപ്പടെ നാല് വരിയായെങ്കിലും റോഡ് വികസിപ്പിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

@ നഗരപ്രദേശങ്ങളിലെ ചെറുതും വലുതുമായ റോഡുകൾ എല്ലാം തന്നെ ആശാസ്ത്രിയമായാണ് നിർമ്മിച്ചിരിക്കുന്നത്. ട്രയിനേജ് സംവിധാനമില്ല സമയാസമയം അറ്റകുറ്റപണികളില്ല പൊട്ടിപൊളിഞ്ഞ റോഡുകളിലൂടെയുള്ള ജനങ്ങളുടെ യാത്ര ദുരിതയാത്രയാണ് നിർമ്മാണ പ്രവർത്തികൾ ഇഴഞ്ഞിഴഞ്ഞു നീങ്ങുന്നത് മൂലം ഗതാഗത കുരുക്കാണ് പ്രധാനപ്രശ്നം. ഗതാഗതകുരുക്കിന് പരിഹാരം ഉണ്ടാക്കാൻ പ്രധാന റോഡുകൾ എങ്കിലും വികസിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

@ കൊല്ലം ചിന്നക്കട മുതൽ മേവറം വരെയുള്ള ദേശിയ പാതയുടെ ഭാഗമായ 
റോഡ്  

 കൊല്ലം നഗരത്തിന്റെ ഏറ്റവും മർമ്മ പ്രധാനമായ റോഡുകളിൽ ഒന്നാണ് ചിന്നക്കട മുതൽ മേവറം വരെയുള്ള റോഡ്. ചിന്നക്കട - റയിൽവേ സ്റ്റേഷൻ - കന്റോണ്മെന്റ് ജംഗ്ഷൻ - കോളേജ് ജംഗ്ഷൻ - കപ്പലണ്ടിമുക്ക് - പോളയത്തോട് - മാടൻനട - പള്ളിമുക്ക് - തട്ടാമല - മേവറം  ഇതൊക്കെ ഈ പാതയിൽ ഉൾപ്പെടുന്ന പ്രധാന ജംഗ്ഷനുകളാണ്. കൊല്ലം കോർപറേഷൻ ഓഫീസ് ,ധാരാളം വലുതും ചെറുതുമായ വ്യാപാര സ്ഥാപനങ്ങൾ , ബ്രാൻഡഡ് ഷോപ്പുകൾ എല്ലാം ഈയൊരു സ്‌ട്രെച്ചിൽ പ്രവർത്തിക്കുന്നുണ്ട്. ധാരാളം ജനസാന്ദ്രത കൂടിയ പ്രദേശം കൂടിയാണ് ഇവിടം.കൊല്ലം നഗരം കൊട്ടിയം വരെ വ്യാപിച്ചു കിടക്കുകയാണെങ്കിലും മേവറം വരെയാണ് നിലവിലെ കോർപറേഷൻ പരിധി. തിരുവനന്തപുരം നഗരത്തിലേക്കുള്ള  റോഡ് കൂടി ആയതിനാൽ ധാരാളം വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത് . മതിയായ രീതിയിൽ റോഡിന്റെ വീതി  ഇല്ലാത്തതിനാൽ വാഹനത്തിരക്ക് ഈ പാതയിൽ രൂക്ഷമാണ്  കപ്പലണ്ടി മുക്ക് വരെ റോഡ് നാലുവരി ആണെങ്കിലും വീതി കുറവാണ്. മേവറം വരെ ദേശിയ പാത ആറുവരിയായി വികസിപ്പിക്കുന്ന പ്രവർത്തികൾ നടക്കുന്നുണ്ട്. അതോടൊപ്പം തന്നെ നഗര റോഡ് വികസനവും നടക്കണം. ഭാവിയെ മുൻകൂട്ടി കണ്ട് കൊണ്ട് സ്ഥലം ഏറ്റെടുത്ത് കുറഞ്ഞത് 25 മീറ്റർ വീതിയിൽ നടപ്പാതയോടുകൂടി നാല് വരിയായി റോഡ് വികസിപ്പിക്കേണ്ടതുണ്ട്.

@  ചിന്നക്കട മുതൽ നീണ്ടകര വരെ 

കൊല്ലം നഗരത്തിന്റെ മറ്റൊരു പ്രധാനപ്പെട്ട റോഡാണ് ചിന്നക്കട മുതൽ നീണ്ടകര വരെയുള്ള റോഡ്.
ചിന്നക്കട - കോൺവെന്റ് ജംഗ്ഷൻ - താലൂക്ക്‌ കച്ചേരി ജംഗ്ഷൻ - ഹൈ സ്കൂൾ ജംഗ്ഷൻ - കളക്ട്രേറ്റ് ജംഗ്ഷൻ - നെല്ലിമുക്ക് - വെള്ളയിട്ടമ്പലം - രാമൻകുളങ്ങര - കാവനാട് - നീണ്ടകര തുടങ്ങിയവയൊക്കെ ഈ പാതയിലെ പ്രധാന ജംഗ്ഷനുകളാണ്. കോർപ്പറേഷൻ പരിധി നീണ്ടകര വരെയാണുള്ളത്.നഗരത്തിന്റെ ഹൃദയ ഭാഗത്ത് കൂടിയുള്ളതും  ആലപ്പുഴ, എറണാകുളം നഗരത്തിലേക്കുമുള്ള  റോഡും കൂടിയായതിനാൽ  തിരക്ക് വളരെ രൂക്ഷമാണ്. ഇടുങ്ങിയ ജംഗ്ഷനുകളും റോഡുകളും ഇവിടുത്തെ സുഗമമായ ഗതാഗതത്തെ സാരമായി ബാധിക്കുന്നുണ്ട്.കാവനാട് ഭാഗത്ത് മുതൽ ദേശിയപാത ആറുവരിയായി വികസിപ്പിക്കുന്ന പ്രവർത്തികൾ നടക്കുന്നുണ്ട്. അതോടൊപ്പം തന്നെ നഗര റോഡ് വികസനവും നടപ്പിലാക്കണം. ആവശ്യമായ സ്ഥലം ഏറ്റെടുത്ത് 25 മീറ്ററിൽ നടപ്പാതയോടു കൂടി റോഡ്  നാല് വരിയായി വികസിപ്പിക്കണം.

@ ചിന്നക്കട - കടപ്പാക്കട  - കുണ്ടറ റോഡ് 

കൊല്ലം നഗരത്തെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട വാണിജ്യ പാതയായ ദേശീയ പാത 744 ൽ ഉൾപ്പെട്ട ഈ സ്‌ട്രെച്ചിൽ കടപ്പാക്കട - കല്ലുംതാഴം - കരിക്കോട് - കേരളപുരം - കുണ്ടറ  തുടങ്ങിയ പ്രധാന ജംഗ്ഷനുകൾ ഉൾപ്പെടുന്നു. കൊല്ലം നഗരത്തിലേയ്ക്ക് കൂടുതൽ ചരക്കു വാഹനങ്ങൾ എത്തുന്ന ഈ ദേശീയ പാത യിൽ മതിയായ വീതി ഇല്ലാത്തതിനാൽ വളരെയധികം ഗതാഗതകുരുക്ക് അനുഭവപ്പെടുന്നുണ്ട്. കൊട്ടാരക്കര, പുനലൂർ, തെങ്കാശി, ചെങ്കോട്ട തുടങ്ങിയ പല സ്ഥലങ്ങളിൽ നിന്നും ധാരാളം വാഹനങ്ങൾ ആണ് ദിനംപ്രതി ഈ പാതയിലൂടെ കൊല്ലം നഗരത്തിൽ എത്തുന്നത്. വലുതും ചെറുതുമായ ധാരാളം വ്യാപാര സ്ഥാപനങ്ങൾ ഈ സ്‌ട്രെച്ചിൽ പ്രവർത്തിക്കുന്നുണ്ട്. കൊല്ലം നഗരം കുണ്ടറ വരെ വ്യാപിച്ചു കിടക്കുന്നുണ്ടെങ്കിലും നിലവിൽ കൊല്ലം കോർപ്പറേഷൻ പരിധി ചന്ദനത്തോപ്പ് വരെയാണ്. കൊല്ലം നഗരത്തിന്റെ ഹൃദയ ഭാഗമായ കടപ്പാക്കടയിലും റോഡിനോട് ചേർന്നാണ് വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. റോഡിന്റെ വികസനം സാധ്യമാകാതെ ഇത്തരത്തിലുള്ള ടൗണുകളുടെ വികസനവും വളരെ ബുദ്ധിമുട്ടായിരിക്കും. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട അധികാരികളുമായി ചർച്ച നടത്തി  ഈ റോഡ് നാലുവരിയായി വീതി കൂട്ടി വികസിപ്പിക്കുക.

@  ഹൈസ്കൂൾ ജംഗ്ഷൻ - അഞ്ചാലുംമൂട് - കുണ്ടറ റോഡ് 

കൊല്ലം നഗരത്തിൽ നിന്ന് ആരംഭിക്കുന്ന മറ്റൊരു പ്രാധാനപ്പെട്ട ദേശീയ പാത 183 ( കൊല്ലം - ഡിണ്ടുകൽ ) യിൽ ഉൾപ്പെട്ട റോഡാണ് ഇത്. വീതി കുറവിന്റെ കാര്യത്തിൽ കൊല്ലത്ത് മുൻപന്തിയിൽ നിൽക്കുന്ന പ്രധാന പാത. ഹൈ സ്കൂൾ ജംഗ്ഷൻ - കടവൂർ - അഞ്ചാലും മൂട് - താന്നിക്കമുക്ക് - ഇളമ്പള്ളൂർ തുടങ്ങിയ പ്രധാന ജംഗ്ഷനുകൾ ഈ സ്‌ട്രെച്ചിൽ ഉൾപ്പെടുന്നു. വീതി കുറവ് മൂലം കടവൂർ,അഞ്ചാലുംമൂട് തുടങ്ങിയ പ്രധാന ടൗണുകളിൽ എല്ലാം വലിയ തോതിലാണ് ഗതാഗത കുരുക്ക് അനുഭവപ്പെടുന്നത്. മൺണ്ട്രോത്തുരുത്ത് പോലുള്ള ടൂറിസം ഡെസ്റ്റിനേഷനുകളിലേയ്ക്ക് കൊല്ലം നഗരത്തിൽ നിന്നും പോകാൻ എളുപ്പമാർഗ്ഗം ഇതുവഴിയാണ്. സ്ഥലമേറ്റെടുപ്പ് അല്പം പ്രയാസകരമാണെങ്കിലും നഗരത്തിൻ്റേ വളർച്ചയ്ക്ക് റോഡ് വീതികൂട്ടൽ  ആവശ്യം തന്നെയാണ്.

@ ചെമ്മാൻ മുക്ക് - അയത്തിൽ - കണ്ണനല്ലൂർ റോഡ് 

കൊല്ലം നഗരത്തെ ആയൂരുമായി ബന്ധിപ്പിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട പാതയാണ് ഇത്. ചെമ്മാൻ മുക്ക് മുതൽ കണ്ണനല്ലൂർ വരെ വീതി വളരെ കുറഞ്ഞ തിരക്കേറിയ റോഡ് കൂടിയാണിത്. പട്ടത്താനം ,അയത്തിൽ , പുന്തലത്താഴം ,ഡീസൻറ് മുക്ക് , മുഖത്തല തുടങ്ങിയ പ്രധാന ജംഗ്ഷനുകൾ ഈയൊരു സ്ട്രെച്ചിൽ ഉൾപ്പെടുന്നു. ധാരാളം വ്യാപാര സ്ഥാപനങ്ങളും വീടുകളും റോഡിനോട് ചേർന്ന് തന്നെയാണ് സ്ഥിതി ചെയ്യുന്നത്. ഇടുങ്ങിയ വഴി  ആയതിനാൽ വലിയ ചരക്കുവാഹനങ്ങൾ കടന്നു പോകുമ്പോൾ ഗതാഗതക്കുരുക്ക് വലിയ രീതിയിൽ ഉണ്ടാകുന്നുണ്ട്. ബസുകൾ സ്റ്റോപ്പുകളിൽ നിർത്തുമ്പോൾ വാഹനങ്ങൾക്ക് എളുപ്പത്തിൽ ഓവർടേക്ക് ചെയ്തു പോകുവാൻ പോലും വളരെ പ്രയാസമാണ്. കാലങ്ങളായി യാതൊരു വികസനപ്രവർത്തനങ്ങളും നടത്താത്ത നഗരത്തിലെ പ്രധാനപ്പെട്ട ഒരു റോഡ് കൂടിയാണിത്. റോഡ് വികസനത്തിന് ആവശ്യമായ ഭൂമി സർക്കാർ ഏറ്റെടുത്തുകൊണ്ട് നാലു വരിയായി ഈ പാത വികസിപ്പിക്കേണ്ടത് അത്യാവശ്യം തന്നെയാണ്.

@  റോഡ് വികസനം മികച്ചതാക്കുവാൻ സ്വീകരിക്കേണ്ട മാതൃകകൾ

 തിരുവനന്തപുരം കോഴിക്കോട് നഗരങ്ങളിലേതുപോലെ എല്ലാവർക്കും മാതൃകയായിട്ടുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡുകൾ ആയിരിക്കണം കൊല്ലം നഗരത്തിലും നിർമ്മിക്കേണ്ടത്. സ്വകാര്യ കമ്പനികളുടെ സഹായത്തോടുകൂടി പി പി പി അല്ലെങ്കിൽ ബി ഒ ടി മാതൃകയിൽ റോഡ് നിർമ്മിക്കാം. റോഡ് നിർമാണത്തിന് വളരെ ഏറെ പരിചയ സമ്പന്നവും റോഡ് നിർമ്മാണത്തിൽ പ്രാഗൽഭ്യം തെളിയിച്ച ഏറ്റവും മികച്ച കമ്പനിയേയും വേണം നിർമ്മാണത്തിനുള്ള ചുമതല ഏല്പിക്കാനുള്ളത്. റോഡിൻറെ അറ്റകുറ്റപ്പണിക്കുള്ള പൂർണ്ണ ഉത്തരവാദിത്വം റോഡ് നിർമ്മിക്കുന്ന കമ്പനികൾക്ക് നൽകണം. കൃത്യസമയത്ത് അവർ അത് നടപ്പിലാക്കുന്നുണ്ടോയെന്ന് പരിശോധിക്കുകയും വേണം.

@  മികച്ച റോഡുകൾ നിർമിക്കുന്നതിനോടൊപ്പം തന്നെ ഡ്രെയിനേജ് സംവിധാനം നല്ല രീതിയിൽ ചെയ്തില്ലെങ്കിൽ മഴക്കാലത്ത് റോഡിൽ വെള്ളക്കെട്ട് ഉണ്ടാകാൻ ഇടയാകും. റോഡ് വികസിപ്പിക്കുന്നതിനോടൊപ്പം തന്നെ മഴ പെയ്യുന്ന സമയത്ത് ഒഴുകിവരുന്ന വെള്ളം  ശരിയായ രീതിയിൽ ഓടയിലേക്ക് ഒഴുക്കി പോകുവാനും മറ്റും ഉള്ള സൗകര്യം കൃത്യമായി ചെയ്തിരിക്കണം.

@  റോഡ് വികസനത്തിനായി സ്ഥലം ഏറ്റെടുക്കുമ്പോൾ ധാരാളം ആളുകളുടെ വ്യാപാര സ്ഥാപനങ്ങളും വീടുകളും നഷ്ടപ്പെടും.അവർക്കൊക്കെ അർഹതപ്പെട്ട നഷ്ടപരിഹാരം നൽകുകയും വ്യാപാരികൾക്ക് അനുയോജ്യമായ മറ്റൊരു സ്ഥലത്ത്  കടകൾ നിർമ്മിക്കുവാനുള്ള സൗകര്യം സർക്കാർ ഇടപെട്ട് ഒരുക്കുകയും വേണം. പലസ്ഥലങ്ങളിലും റോഡ് വികസനത്തിനായി സ്ഥലം ഏറ്റെടുക്കുമ്പോൾ നഷ്ടപരിഹാരത്തുക കൊടുക്കുന്നതിന് കാലതാമസം എടുക്കുന്നുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടാകാതെ കാര്യങ്ങൾ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകുവാൻ സർക്കാർ ശ്രമിക്കണം. 

@ റോഡ് വികസനത്തിനോടൊപ്പം തന്നെ ചെയ്യേണ്ട പ്രധാനപ്പെട്ട പ്രവർത്തികളാണ് റോഡിൻ്റെ  ഇരുവശത്തെയും നടപ്പാത നിർമ്മാണവും മീഡിയനുകളിലെ എൽ ഇ ഡി ലൈറ്റ് സ്ഥാപിക്കലും, ചില റോഡുകളിൽ നടപ്പാത നിർമ്മാണം അശാസ്ത്രീയമായ രീതിയിൽ ആയിരിക്കും നടത്തുന്നത്. ചില സ്ഥലങ്ങളിൽ വീതി കൂടുതലും ചില സ്ഥലങ്ങളിൽ വീതി കുറഞ്ഞ രീതിയിലും ആണ് നിർമ്മിക്കുന്നത് . ലിങ്ക് റോഡിൽ തന്നെ അശാസ്ത്രീയമായ രീതിയിലാണ് നടപ്പാത നിർമ്മിച്ചിരിക്കുന്നത്. അത്തരത്തിലുള്ള നിർമ്മാണങ്ങൾ ഒഴിവാക്കി  എല്ലാ ഭാഗങ്ങളിലും ഒരേ നീളത്തിലും വീതിയിലും നടപ്പാത നിർമ്മിക്കുവാൻ ശ്രദ്ധിക്കുക. റോഡിലെ മീഡിയനുകളിൽ ഏറ്റവും മികച്ച ഗുണനിലവാരമുള്ള എൽ ഇ ഡി ലൈറ്റുകൾ സ്ഥാപിക്കുക.

@  നാലു റോഡുകൾ ഒന്നിക്കുന്ന പ്രധാന ജംഗ്ഷനുകളിലും ട്രാഫിക് സിഗ്നൽ സംവിധാനങ്ങൾ സ്ഥാപിക്കുക. ഫ്ലൈ ഓവറുകൾ പോലുള്ള സംവിധാനങ്ങൾ ആവശ്യമായ ജംഗ്ഷനുകൾ ആണെന്നുണ്ടെങ്കിൽ വ്യക്തമായ പഠനത്തിനുശേഷം ഫ്ലൈഓവറുകൾ നിർമ്മിക്കാനുള്ള പദ്ധതികൾ രൂപീകരിക്കുക.


No comments:

Post a Comment