Sunday, 29 May 2022

മുറിച്ചു തിന്നുന്നു മണ്ണിന്റെ ഹൃദയത്തെ

മുറിച്ചു തിന്നുന്നു മണ്ണിന്റെ ഹൃദയത്തെ
കൊല്ലം :  കുളങ്ങളും തണ്ണീര്‍തടങ്ങളും ചുളുവിലയ്ക്ക് വാങ്ങി ഭൂമാഫിയ മണ്ണിട്ടുനികത്തുന്നു കണ്ണടച്ചു അധികൃതർ.പോളച്ചിറ ഏലായുടെയും ഇത്തിക്കാരയാറിന്റെയും തീരത്തുള്ള തണ്ണീർതടങ്ങളും ഏലാ ഭൂമിയുമാണ് ഭൂമാഫിയ നികത്തുന്നത്.
വെള്ളപ്പൊക്കം നിയന്ത്രിക്കാനും ഭൂമിയിലെ ജലലഭ്യത ഉറപ്പാക്കാനും നിര്‍ണായകമായ ചുതുപ്പുനിലങ്ങള്‍ നികത്തി കെട്ടിടം പണിയാനാണ് ഭൂമാഫിയയുടെ ശ്രമം.ദേശിയപാത വികസനത്തിന്റെ മറവിൽ ദേശിയ പാതയോരത്തുള്ള ചതുപ്പ് പ്രദേശങ്ങളാണ് കടുതലായും നികത്തുന്നത്. ദേശിയ പാതയോരത്ത് പൊളിക്കുന്ന കെട്ടിടത്തിൻ്റെ അവശിഷ്ടങ്ങളാണ് ഇതിന് ഉപയോഗിക്കുന്നത്.
ചിറക്കര പഞ്ചായത്തിലെ പോളച്ചിറ ഏലായുടെ സമീപ പ്രദേശങ്ങൾ നികത്തീ തുടങ്ങിയിരിക്കുന്നു ഉളിയനാട് തേബ്ര ഏല കൂഴിപ്പിൽ ഏല ,നെടുങ്ങോലം  മാലാ കായൽ
തുടങ്ങിയ സ്ഥലങ്ങളില്‍  തണ്ണീര്‍തടത്തിലായി  20 ഹെക്ടര്‍ പ്രദേശമാണ് ഭൂമാഫിയകള്‍ കൈവശപ്പെടുത്തിയിരിക്കുന്നത്.
നെല്‍വയല്‍- തണ്ണീര്‍തട നിയമത്തിലൂടെ ഇവ സംരക്ഷിക്കാനുള്ള നിയമ സംവിധാനങ്ങളുണ്ടായിട്ടും  ചിറക്കര പഞ്ചായത്ത്‌ 
നിയമം കാറ്റില്‍പറത്തി നല്‍കിയ അനുമതിയിലൂടെ ഇവിടങ്ങളില്‍ കെട്ടിടങ്ങളും ഫാo ഹൌസുകളും  ഉയര്‍ന്നുകഴിഞ്ഞു.

ഇത്തിക്കരയാറ്റിന്റെ തീരത്ത്
ചാത്തന്നൂർ പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ ഒരിക്കലും വറ്റാത്ത തണ്ണീര്‍തടങ്ങളും വയലും സ്ഥലമുടമകൾ പ്ലോട്ടുകളാക്കി മണ്ണിട്ട് നികത്തി വില്‍ക്കുകയാണ്.കെട്ടിടാവാശിഷ്ടങ്ങൾ കൂടാതെ കടല്‍ കരയില്‍നിന്ന് മണലെടുത്തും, 
തണ്ണീര്‍തടങ്ങളില്‍നിന്നും പൂഴികലര്‍ന്ന എക്കല്‍ മണ്ണും വ്യാപകമായി കൊണ്ടുവന്നുകൂട്ടി നികത്തിയാണ് കരഭൂമിയാക്കുന്നത്. ഭൂമി നികന്ന് കഴിഞ്ഞാൽ അഞ്ചുമുതല്‍ 15 വര്‍ഷംവരെ പ്രായമുള്ള തെങ്ങുകള്‍ പറിച്ചുനട്ട് കരഭൂമിയാണെന്ന് വ്യാജരേഖയുമുണ്ടാക്കുന്നു. ഇത്തികരയാറ്റിന്റെ തീരത്ത് വയൽപുരയിടം മണ്ണിട്ട് നികത്തിയതോടെ ശക്തമായ മഴയിൽ 
ജലമൊഴുക്ക് തടസപ്പെട്ടു. 
ഇവിടുത്തെ വയലുകളിലെല്ലാം ഇപ്പോള്‍ കോണ്‍ക്രീറ്റ് സൗധങ്ങള്‍കൊണ്ട് നിറഞ്ഞു. സ്വന്തമായി കരഭൂമിയില്ലാത്തവര്‍ പരമ്പരാഗതമായി ലഭിച്ച നെല്‍പാടത്ത് മൂന്നുസെന്റ് നികത്തി വീടുവയ്ക്കാന്‍ അപേക്ഷസമര്‍പിച്ചാല്‍ നിയമത്തിന്റെ തലനാരിഴ കീറി പരിശോധിച്ച് കെട്ടിട നിര്‍മാണത്തിനുള്ള പെര്‍മിറ്റ് നിഷേധിക്കുന്ന നഗരസഭ- റവന്യു- കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ മൂക്കിനുതാഴെയാണ് ഏക്കര്‍ കണക്കിന് നെല്‍വയലുകളും തണ്ണീര്‍തടങ്ങളും മണ്ണിട്ടുനികത്തിയത്.


@ പോളച്ചിറ ഏലായും മാലാകായലും
സംരഷിക്കണം

പോളച്ചിറ ഏലായും മാലാകായലിലും 
വന്യജീവി സംരക്ഷണനിയമത്തിന്റെ ഉയര്‍ന്ന പട്ടികയില്‍പെടുന്ന കരയാമ, വെള്ളാമ തുടങ്ങിയവയുടെ ആവാസകേന്ദ്രം കൂടിയാണ്.
മുഷി, വരാല്‍, മാനത്തുകണ്ണി, കരിമീന്‍, വരയന്‍ തുടങ്ങിയ ശുദ്ധജല മീനുകളും യഥേഷ്ടം. ഔഷധസസ്യങ്ങളുടെ കലവറ കൂടിയായ ഇവിടെ മോതിരക്കോഴി, നീര്‍ക്കോഴി, പവിഴക്കോഴി തുടങ്ങിയ ദേശാടനപക്ഷികളുടെ വിഹാരകേന്ദ്രം കൂടിയാണ്.കൂടാതെ ടൂറിസ്റ്റ് കേന്ദ്രവുമാണ് ഇവ സംരഷിക്കാനുള്ള നടപടി ഉണ്ടാവണമെന്നാണ് ജനങ്ങളുടെ ആവശ്യം.



No comments:

Post a Comment