നായർ സർവീസ് സൊസൈറ്റിക്കുവേണ്ടി അധികാരികളെ സമീപിച്ച് പാഴായി കിടക്കുന്ന മലമ്പ്രദേശങ്ങൾ പതിപ്പിച്ചെടുക്കുക എന്ന മാർഗ്ഗമാണ് ആചാര്യൻ ആദ്യം അവലംബിച്ചത്. മന്നം ആദ്യം സമീപിച്ചത് ദിവാൻ മന്നത്ത് കൃഷ്ണൻ നായരെയാണ്. തൊടുപുഴ താലൂക്കിൽ കിഴക്കുഭാഗത്തുള്ള ആയിരം ഏക്കർ ഭൂമി പതിപ്പിച്ചു കിട്ടാൻ വേണ്ടിയാണ് ദിവാനു കൊടുത്ത അപേക്ഷയിൽ മന്നം ആവശ്യപ്പെട്ടത്. അന്നും ചില ഉദ്യോഗ ദുഷ്പ്രഭുക്കന്മാരായ പേഷ്കാരും കീഴുദ്യോഗസ്ഥന്മാരും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഒരു കൊമ്പ് നഷ്ടപ്പെട്ടാൽ അടുത്തുനിൽക്കുന്ന ശക്തമായ കൊമ്പിൽ പിടിച്ചു കാര്യം നേടിയെടുക്കാൻ മന്നം അതിസമർത്ഥനായിരുന്നു. ദിവാൻ മന്നത്തുകൃഷ്ണൻ നായരുടെ അനുഭാവപൂർണ്ണമായ സഹകരണം കൊണ്ട് വീണ്ടും മന്നം ഭൂമി നായർ സർവീസ് സൊസൈറ്റിക്ക് കിട്ടാൻ അപേക്ഷ കൊടുത്തു. സൊസൈറ്റി സ്ഥാപനങ്ങൾ നടത്തിക്കൊണ്ടുപോകാൻ കഴിവുറ്റ പിൻഗാമിയില്ല എന്ന മുടന്തൻ ന്യായംപറഞ്ഞ് പേഷ്കാർ അപേക്ഷ പരിഗണിക്കാതിരിക്കാൻ ശ്രമിച്ചു. മന്നത്തിനുശേഷം പിൻഗാമിയില്ലെന്ന പേഷ്കാരുടെ വാദത്തിനു ചുട്ടമറുപടിയാണ് മന്നം നൽകിയത്. 'അങ്ങയുടെ കാലംകഴിഞ്ഞാലും ഈ ഡിവിഷൻ കച്ചേരിയുടെ ഭരണം നടക്കുമല്ലോ' എന്ന് തിരിച്ചടിച്ചു. 250 ഏക്കർ ഭൂമി നല്കാൻ പേഷ്കാർ ശുപാർശചെയ്തു. ദിവാൻ മന്നത്തു കൃഷ്ണൻ നായർ സ്വന്തം അധികാരത്തിൽ സർവീസ് സൊസൈറ്റിക്ക് 400 ഏക്കർ ഭൂമി പതിച്ചു നല്കി.❗
പിന്നെയും സർവീസ് സൊസൈറ്റിക്ക് ഭൂമി പതിച്ചു നൽകുന്നതിൽ അന്നത്തെ ചീഫ് സെക്രട്ടറി രാജാ രാമറാവു തടസ്സം നിന്നു. മന്നത്തു കൃഷ്ണൻ നായർക്കു പകരം വന്ന ദിവാൻ രാഘവയ്യയെക്കൊണ്ട് രാമറാവു മുൻഗാമിയുടെ ഉത്തരവ് നടപ്പാക്കേണ്ടതില്ല എന്ന് തീർപ്പുണ്ടാക്കി. എന്നിട്ടും മന്നം പിന്മാറാൻ തയ്യാറായില്ല. മന്നം മുൻ ദിവാൻ പി. രാജഗോപാലാചാരിയുടെ സഹായംതേടി. ഭൂമി പതിച്ചുകിട്ടാൻ മന്നം വീണ്ടും വൈസ്രോയിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ശുപാർശ കത്തോടുകൂടിയാണ് അപേക്ഷ നൽകിയത്. അതിൻ പ്രകാരം സർവീസ് സൊസൈറ്റിക്ക് പട്ടാഴിയിൽ 108 ഏക്കർ മലമ്പ്രദേശം പതിച്ചുകിട്ടി. സമീപത്തുള്ള ഭൂമികൂടി വിലയ്ക്കുവാങ്ങിയപ്പോൾ പട്ടാഴിയിൽ സർവീസ് സൊസൈറ്റിക്ക് 140 ഏക്കർ ഭൂമിയുണ്ട്.❗
പത്തനംതിട്ട റാന്നിക്കടുത്തുള്ള നൂറോക്കാട് ശാസ്താക്ഷേത്രം വകയുള്ള ഭൂമി സർവീസ് സൊസൈറ്റി കുത്തകപ്പാട്ടത്തിനെടുത്തു.
ആയിരക്കണക്കിനേക്കർ ഭൂമിയും അതേപോലെ നിലങ്ങളും സ്വന്തമായി ഉണ്ടയിരുന്ന ആർ. എം പാലോട്ട് എന്ന അന്നത്തെ ജന്മിയിൽ നിന്നും സർവീസ് സൊസൈറ്റിക്കുവേണ്ടി മന്നത്തിന് 1000 ഏക്കർ ഭൂമി കിട്ടുകയുണ്ടായി. ആർ. എം പാലോട്ടിനോട് ഭൂമി ദാനമായി ചോദിക്കാൻ മന്നത്തിനൊപ്പം എൻ.ഗോവിന്ദമേനോൻ, എം.ആർ.ജി.പണിക്കർ, കണ്ടനാട്ട് ദാമോദരമേനോൻ, പുനലൂർ പദ്മനാഭൻ പിള്ള, പടിഞ്ഞാറേക്കുറ്റ് നാരായണൻനായർ എന്നിവർ പോയിരുന്നു. 1944 ൽ ഈ ഭൂമിയിൽ തോട്ടം നിർമ്മിച്ചു. സർ.സി.ശങ്കരൻ നായർ എൻ. എസ്. എസ് എസ്റ്റേറ്റ്,എടത്തനാട്ടുകര എന്ന് നാമകരണവുംചെയ്തു.❗
മന്നത്തിന്റെ പരിശ്രമഫലമായി സർവീസ് സൊസൈറ്റിക്കുവേണ്ടി മണ്ണാർക്കാട് മൂപ്പിൽ നായരിൽ നിന്നും രണ്ടായിരം ഏക്കർ നെല്ലിപ്പതി തോട്ടം 32,000 രൂപയ്ക്കു വാങ്ങി. നെല്ലിപ്പതി തോട്ടം കോയമ്പത്തൂർ ഭവാനിപ്പുഴയുടെ തീരത്താണ്. മക്കപ്പുഴ വാസുദേവൻ നായരുടെ ശ്രമഫലമായി ഈ തോട്ടത്തിനടുത്തുതന്നെ 100 ഏക്കർ ഭൂമികൂടി വാങ്ങി.❗
നീലേശ്വരം രാജാക്കന്മാരിൽ നിന്നും സമ്പാദിച്ച പനത്തടി ഗ്രാമത്തിൽപ്പെട്ട 4,000 ഏക്കർ സ്ഥലത്ത് മന്നത്തിന്റെ ശ്രമഫലമായി തോട്ടങ്ങൾ ഉണ്ടാക്കി. അവിടെ നായന്മാരുടെ കുടിയേറ്റ മേഖലയാക്കാനും 1970-71 കാലഘട്ടത്തിൽ ആശുപത്രി, റോഡുകൾ, വിദ്യാലയം, വായനശാല, പോസ്റ്റോഫീസ് എന്നിവ സംഘടിപ്പിക്കാനും കഴിഞ്ഞു.നായർ സമുദായത്തെ അധ്വാനപാതയിലൂടെ സാമ്പത്തികമായി ഉയർത്താൻ മന്നം സ്വീകരിച്ച മാർഗ്ഗമാണിത്.❗
പനത്തടിയിൽ തുച്ഛമായ വിലക്ക് ഭൂമിയും അതിൽ കൃഷിചെയ്യാൻ ധനസഹായവും നൽകി മന്നം മലബാർ കുടിയേറ്റത്തിനു നായന്മാരെ പോത്സാഹിപ്പിച്ചു.!
കറുകച്ചാൽ, ദയാനന്ദപുരം, കരുവാറ്റ, മൈലാടി എന്നിവിടങ്ങളിൽ ഉള്ള തോട്ടങ്ങൾ സർവീസ് സൊസൈറ്റിയുടെ അധീനതിയിലുള്ളവയാണ്. കറുകച്ചാൽ മാമുണ്ടം കുടുംബം സർവീസ് സൊസൈറ്റിക്ക് 28 ഏക്കർ ഭൂമി ദാനം ചെയ്തു. മാമുണ്ടം കുടുംബത്തിന്റെ ഭാഗഉടമ്പടി തയ്യാറാക്കാൻ മാധ്യസ്ഥം വഹിച്ചത് മന്നം ആയിരുന്നു. നീതിയുക്തമായി ആ കർമ്മം നിർവഹിച്ചതിനു പാരിതോഷികമായി മാമുണ്ടം കുടുംബം മന്നത്തിന് ദനമായി കൊടുത്തതാണ് ഈ ഭൂമി. അടൂർ വടക്കടത്തുകാവിൽ വൈക്കം ദയാനന്ദസ്വാമി സർവീസ് സൊസൈറ്റിക്ക് ദാനമായി 28 ഏക്കർ ഭൂമിയും സംസ്കൃത സ്കൂളും വിട്ടു നല്കി. ദയാനന്ദസ്വാമി സർവീസ് സൊസൈറ്റിക്ക് സ്കൂളും ഭൂമിയും ദാനം ചെയ്ത തീയതി 8-9-1934.❗
ഇതുകൂടാതെ കേരളത്തിലെ എല്ലാ ജില്ലകളിലും NSS നു സ്വന്തമായി ഏക്കർകണക്കിന് ഭൂമിയും വിദ്യാഭ്യാസ ആതുരസേവന മിഷനുകളും മന്നം തന്റെ സത്യസന്ധതയിലൂടെയും വാക് ചാരുതയിലൂടെയും നേടിയെടുത്തത് നമ്മുടെ മുൻപിൽ തന്നെയുണ്ട്.!
"നായർ സമുദായമെന്ന ഗജത്തെ നല്ല വൃത്തിയായി തേച്ചു കുളിപ്പിച്ച് തീറ്റയ്ക്ക് വേണ്ടത്ര പട്ടയും സംഭരിച്ചു വെച്ചിട്ടാണ് അതിന്റെ പാപ്പാനായിരുന്ന മന്നത്തു പത്മനാഭൻ വിശ്രമാർത്ഥം കാലയവനികക്കുള്ളിൽ മറഞ്ഞത്" എന്ന് പ്രശസ്ത സാഹിത്യകാരൻ ശ്രീ.പുത്തേഴത്ത് രാമൻമേനോൻ പറയുകയുണ്ടായി.❗
************************************************
📸 ചുവടെ കൊടുത്തിരിക്കുന്ന ചിത്രം - സ്വിറ്റ്സർലൻണ്ടിലെ പ്രസംഗം, ജർമ്മനി സന്ദർശനം, ബ്രിട്ടനിലെ സന്ദർശനം ( ബി ബി സി ഇന്റർവ്യൂ, ഓക്സ്ഫോർഡ് സർവകലാശാല പ്രസംഗം ) ഇവ കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയ ഭാരതകേസരി ശ്രീ മന്നത്താചാര്യന് എയർപോർട്ടിൽ നൽകിയ വരവേൽപ്പിനിടെ പകർത്തിയത്.!💐
No comments:
Post a Comment