പരവൂർ : എൻ എസ് എസ് പരവൂർ മേഖല സമ്മേളനം താലൂക്ക് യൂണിയൻ പ്രസിഡന്റ് ചാത്തന്നൂർ മുരളി ഉത്ഘാടനം ചെയ്തു. പരവൂർ കോട്ടപ്പുറം എൻ.എസ്.എസ് കരയോഗത്തിൽ നടന്ന സമ്മേളനത്തിൽ പരവൂർ മേഖലയിലെ 12 കരയോഗങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തു. സാമൂഹ്യ- സാംസ്കാരിക -വിദ്യാഭ്യാസ മേഖലകളിൽ സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന നായർ സർവീസ് സൊസൈറ്റി അതിന്റെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്ര ഗവൺമെന്റിന്റെ പ്രധാനമന്ത്രിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതികളിൽ ഉൾപ്പെട്ടതും,ഏറെ ഗുണകരമായ പദ്ധതികളായ ഇൻഷുറൻസ് പരിരക്ഷാ പദ്ധതികളിൽ മൂന്നെണ്ണം എൻ.എസ്.എസ് ജനറൽ സെക്രട്ടറിയുടെ പ്രത്യേക താല്പര്യ പ്രകാരം നബാർഡും, ലീഡ് ബാങ്കും, ധനലക്ഷ്മി ബാങ്കുമായി ചേർന്നുകൊണ്ട് നടപ്പിലാക്കുന്നു . ഇതിന്റെ ഭാഗമായി താലൂക്കിലെ 435 ധനശ്രീ വനിതാ സ്വയം സഹായ സംഘത്തിലെ 7000 ത്തോളം അംഗങ്ങളിലും,അവരുടെ ഭവനങ്ങളിലെ 18 വയസ്സിന് മുകളിൽ പ്രായമുള്ളതും, 70 വയസ്സിനകമുള്ള എല്ലാവർക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കത്തക്ക വിധത്തിൽ ബാങ്ക് അക്കൗണ്ട്,ആധാർ കാർഡ് എന്നിവയുമായി ലിങ്ക് ചെയ്തുകൊണ്ട് ബാങ്കുകൾ മുഖേനയാണ് നടപ്പിലാക്കുന്നത്. ഇതിന്റെ പ്രീമിയം ഓരോ വർഷവും ജൂൺ 1നും 7നും മധ്യേ പുതുക്കുന്നതാണ്. എത്ര സാമ്പത്തികം ഉള്ളവർ ആണെങ്കിലും മനുഷ്യ ജീവിതത്തിന്റെ ചില ഘട്ടങ്ങളിലും,പ്രത്യേക സാഹചര്യങ്ങളിലും ഉണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും പരിരക്ഷകർക്കും, അംഗങ്ങൾക്കും, അപകടം മൂലമോ,അസ്വാഭാവികമായോ, അംഗ വൈകല്യങ്ങൾ സംഭവിക്കുകയോ, സ്വാഭാവിക മരണം സംഭവിക്കുകയോ ചെയ്താൽ ഇതിന്റെ ആനുകൂല്യം അവകാശികൾക്ക് ഒരു ആശ്വാസമാകും എന്ന് യൂണിയൻ പ്രസിഡന്റ് ചാത്തന്നൂർ മുരളി അറിയിച്ചു. യോഗത്തിൽ
യൂണിയൻ വൈസ് പ്രസിഡന്റ് പരവൂർ മോഹൻദാസ്, യൂണിയൻ സെക്രട്ടറി ടി.അരവിന്ദാക്ഷൻപിള്ള, ഇൻസ്പെക്ടർ എസ്. ശ്രീജിത്ത്, യൂണിയൻ കമ്മറ്റി അംഗങ്ങളായ പി.ആർ രാമചന്ദ്രബാബു, അഡ്വ. ബി. അജിത്ത് എസ്.ശിവപ്രസാദ് കുറുപ്പ്, ജെ.ശ്രീകുമാർ, എൻ.എസ്.എസ് പ്രതിനിധി സഭാംഗങ്ങളായ ജി.ശശിധരൻപിള്ള,കെ.ബാലകൃഷ്ണൻ നായർ, താലൂക്കിലെ ആധ്യാത്മിക പഠന കേന്ദ്രം കോഡിനേറ്റർ പൂതക്കുളം അനിൽ കുമാർ, എം.എസ്.എസ്. എസ് മേഖലാ കോഡിനേറ്റേഴ്സ് ലാലി, എസ്.ജെ വിജയ, ശാലിനി, വനിത യൂണിയൻ ഭാരവാഹികളായ പ്രിയങ്ക പ്രസാദ്,റാണി മോഹൻ താര, ലീഡ് ബാങ്ക് പ്രതിനിധി ജ്യോതി പി.കെ, പരവൂർ ധനലക്ഷ്മി ബാങ്ക് അസിസ്റ്റന്റ് മാനേജർ ഹരി ഭാസ്കർ എന്നിവർ സംസാരിച്ചു.
No comments:
Post a Comment