Tuesday, 20 June 2023

പരവൂർ - പൊഴിക്കര ചീപ്പ് പാലം അപകടാവസ്ഥയില്‍

പരവൂർ - പൊഴിക്കര ചീപ്പ് പാലം അപകടാവസ്ഥയില്‍ 

@ഷട്ടറുകളുടെ നിർമ്മാണം പാതി വഴിയിൽ ഉപേക്ഷിച്ച നിലയിൽ 

പരവൂർ : പരവൂര്‍ പൊഴിക്കര ചീപ്പ് പാലം അപകടാവസ്ഥയില്‍ പുതിയ പാലം വേണമെന്ന ആവശ്യം ശക്തമാകുന്നു.
മീനാടിലും ഇത്തിക്കരയിലും പരിസര പ്രദേശങ്ങളിലും നെല്‍കൃഷി സംരക്ഷിക്കുന്നതിനായി 1957ലാണ്  പൊഴിക്കരയില്‍ ചീപ്പ് പാലം സ്ഥാപിച്ചത്. വേലിയേറ്റ സമയങ്ങളില്‍ പൊഴിയിലൂടെ ഉപ്പ് വെള്ളം പരവൂര്‍ കായലില്‍ കടക്കുകയും അവ ഇത്തിക്കരയാറ്റിലൂടെ കൃഷിസ്ഥലങ്ങളില്‍ എത്തുകയുമായിരുന്നു.
ഇത്തിക്കരയാറിന്റെ തീരപ്രദേശങ്ങളിലെ കൃഷി നശിച്ചുപോയതോടെയാണ് പൊഴിക്കരയില്‍ ചീപ്പ് പാലം നിര്‍മിക്കുവാന്‍ ശ്രമം ആരംഭിച്ചത്. ആധുനിക യന്ത്രസാമഗ്രികള്‍ ഒന്നുമില്ലാത്ത കാലഘട്ടത്തില്‍ മനുഷ്യന്റെ മെയ് കരുത്തു കൊണ്ടാണ് അര കിലോമീറ്റര്‍ ചാലുകീറി ചീപ്പ് പാലം യാഥാര്‍ഥ്യമാക്കിയത്. അറുപത് വര്‍ഷം പിന്നിട്ട പാലത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തി ബലപ്പെടുത്തുക മാത്രമാണ്
ചെയ്തു കൊണ്ടിരുന്നത്.
കടല്‍വെള്ളം കായലിലേക്ക് കയറാതിരിക്കുന്നതിന് ചീപ്പ് പാലത്തില്‍ ഉരുക്ക് ഷട്ടര്‍ സ്ഥാപിച്ച് പ്രത്യേക മോട്ടോറിന്റെ സഹായത്തോടെയാണ് ആദ്യ നാളുകളിൽ നിയന്ത്രണങ്ങള്‍ നടത്തിയിരുന്നത്.
തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ കൈ കൊണ്ട്് കറക്കിയായിരുന്നു ഷട്ടറുകള്‍ ഉയര്‍ത്തുകയും താഴത്തുകയും ചെയ്തിരുന്നത്. വൈദ്യുതി എത്തിയതോടെ ഇലക്ട്രിക് മോട്ടോര്‍ ഘടിപ്പിച്ചായിരുന്നു പ്രവര്‍ത്തനം. വേലിയേറ്റ സമയത്ത് ഷട്ടര്‍ താഴ്ത്തുകയും വേലിയിറക്ക സമയത്ത് ഷട്ടര്‍ ഉയര്‍ത്തുകയുമാണ് ചെയ്തിരുന്നത്. പിന്നീട് എല്ലാം തകരാറിലായി നശിച്ചതോടെ ഷട്ടർ പുതിയത് സ്ഥാപിക്കാനുള്ള നിർമ്മാണ പ്രവർത്തികൾ എങ്ങും എത്താതെ നിൽക്കുകയാണ്. കനത്ത മഴ പെയ്യുമ്പോള്‍ ഇത്തിക്കരയാറ്റിലൂടെ ഒഴുകി വരുന്ന വെള്ളത്തെ ഷട്ടര്‍ ഉയര്‍ത്തി കടലിലേക്ക് ഒഴുക്കിവിട്ട് പ്രളയത്തില്‍ നിന്ന് തീരദേശങ്ങളെ സംരക്ഷിക്കുകയും ചെയ്യുക പതിവാണ്. 
ഇപ്പോൾ കടലും കായലും ഒരുമിച്ച നിലയിലാണ്. കഴിഞ്ഞ വർഷം പുതിയ ഷട്ടറുകൾ സ്ഥാപിക്കുന്നതിനായി പഴയ ഷട്ടറുകൾ മുഴുവൻ മാറ്റിയെങ്കിലും നിർമ്മാണം പാതി വഴിയിൽ ഉപേക്ഷിച്ച നിലയിലാണ്. കൈവരികൾ തകർന്ന് പാലവും അപകടവസ്ഥയിലാണ്.
കടലിനെയും കായലിനേയും ബന്ധിപ്പിക്കുന്ന പാലമായതിനാല്‍ സങ്കീര്‍ണമായിരുന്നു പഴയ 
നിര്‍മാണ രീതികള്‍. കരിങ്കല്ലുകൊണ്ടും സുര്‍ക്കിയും മറ്റ്് പദാര്‍ഥങ്ങളും ഉപയോഗിച്ചാണ് പാലത്തിന്റെ തുണുകള്‍ നിര്‍മിച്ചിരിക്കുന്നത്. തീരദേശ റോഡായതിനാൽ  ആയിരക്കണക്കിന് ചെറുതും വലുതുമായ വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്.  പാറയും മണലും കയറ്റിയ വലിയ വാഹനങ്ങള്‍ കടന്നു പോകുന്നത് പാലത്തിന് സാരമായ തകരാറുകള്‍ക്ക് കാരണമാകുന്നു. സദാ സമയവും ഉപ്പ് കാറ്റ് അടിച്ചു കയറുന്നതോടെ പാലത്തിലെ കോണ്‍ക്രീറ്റ് പ്രതലങ്ങള്‍ അടര്‍ന്നു പോയി ഇരുമ്പ് കമ്പികള്‍ പുറത്തു വന്ന നിലയിലാണ്.കൈവരികൾ പൂർണ്ണമായും തകർന്നടിഞ്ഞു നാട്ടുകാർ മരതടികൾ കെട്ടിവച്ച് സുരക്ഷിതത്വം ഉറപ്പാക്കുകയാണ് ചെയ്യുന്നത് ഇപ്പോൾ.
മേജര്‍ ഇറിഗേഷന്‍ വകുപ്പിന്റെ കീഴിലാണ് ചീപ്പ് പാലം ഇപ്പോൾ നിർമ്മാണപ്രവർത്തികൾ നടക്കുന്നതും അവരുടെ മേൽനോട്ടത്തിലാണ്.ചീപ്പ് പാലം പണി ഇഴയുകയാണ് അടിയന്തിരമായി പുതിയ ഷട്ടറുകൾ സ്ഥാപിച്ചു കൊണ്ട് നിർമ്മാണപ്രവർത്തികൾ പൂർത്തീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



No comments:

Post a Comment