Saturday, 24 June 2023

സുബ്രഹ്മണ്യസ്വാമിയുടെ അടയാളങ്ങൾ

സുബ്രഹ്മണ്യസ്വാമിയുടെ അടയാളങ്ങൾ 🙏🙏🙏🙏

എല്ലാ ഭാഗവാന് ദാനം കിട്ടിയതാണ്.. അതിവേഗത്തിൽ പറക്കുന്ന മയിലിനെ നൽകിയത് ഗരുഡനാണ്, കോഴിയെ അരുണഭഗവാനും, അമ്മ പാർവ്വതി വേലും നൽകി. അച്ഛനായ മഹാദേവൻ പതക്കവും അദ്രിജ വസ്ത്രവും ബൃഹസ്പതി ദണ്ഡും നൽകി. ഇന്ദ്രൻ മുത്തുമാലയും നൽകി. സ്വാമിയുടെ മയിലിന്റെ പീലികൾ ആകാശത്തെ സൂചിപ്പിക്കുന്നു.രോഗശമനം, കുടുംബഭദ്രത,സാമ്പത്തികാഭിവൃദ്ധി, കലാപരമായ കാര്യങ്ങളിലെ വിജയം, ബുദ്ധിശക്തി, മംഗല്യപ്രാപ്തി, സന്താനലബ്ധി, ജീവിതവിജയം എന്നിങ്ങനെ സകലവിധ ഐശ്വര്യങ്ങൾക്കും മുരുകനെ പ്രാർത്ഥിച്ചാൽ മതി.അനവധി തത്വങ്ങളാൽ വലയം ചെയ്യപ്പെട്ട ദേവനാണ് സുബ്രഹ്മണ്യൻ. ശിവതേജസ്സിൽ നിന്നും പ്രസരിക്കുന്ന ഊർജ്ജമാണ് സുബ്രഹ്മണ്യസ്വാമിയിൽ ഉൾക്കൊണ്ടിരിക്കുന്നതെന്ന് സങ്കൽപ്പം.
 ചൊവ്വാദോഷത്തിൽപ്പെട്ടുഴലുന്നവരും കുജദശയുടെ കഷ്ടതകളനുഭവിക്കുന്നവരും അഭയം തേടേണ്ടത് സുബ്രഹ്മണ്യസ്വാമിയുടെ പാദാരവിന്ദങ്ങളിലേക്കാണ്. ചൊവ്വാഴ്ചതോറുമുള്ള മുരുക ക്ഷേത്രദർശനം, പൂയം, ഷഷ്ഠി ദിനങ്ങളിലെ വ്രതങ്ങൾ, നാമജപങ്ങൾ, കാവടിയെടുക്കൽ എന്നിവ ചൊവ്വാദശയുടെ കാഠിന്യം കുറയ്ക്കുന്നു.സുബ്രഹ്മണ്യ സ്വാമിയുടെ അഭിഷേക ഫലങ്ങൾ.

1. ജലാഭിഷേകം : മന:ശാന്തിക്ക്
2. മഞ്ഞളാഭിഷേകം : തിന്മ അകറ്റാൻ
3. വാസനദ്രവ്യഭിഷേകം : ആയുസ്സിന്.
4. ചന്ദനാഭിഷേകം : ധനത്തിന്
5. പാലഭിഷേകം : ദീർഘായുസ്സിന്
6. തൈരാഭിഷേകം : സന്താനലബ്ധിക്ക്
7. ശർക്കരാഭിഷേകം : ശത്രുവിജയത്തിന്.
8. എള്ളെണ്ണ അഭിഷേകം : ജീവിത സൗഖ്യത്തിന്.

പ്രധാന മുരുക സന്നിധികൾ

1. പഴനി - പഴനി ആണ്ടവൻ സന്ന്യാസി ബാലന്റെ രൂപത്തിലാണ്. മൂന്നടിയോളം പൊക്കമുള്ള പ്രതിഷ്ഠയിൽ വലത് കൈയ്യിൽ ദണ്ഡ് ഉണ്ട്. കൗപീനമാണ് വേഷം. ആടയാഭരണങ്ങൾ, കിരീടം, വർണ്ണമാലകൾ എന്നിവയൊന്നും വിഗ്രഹത്തിലില്ല. പഴനിയിലെ പഞ്ചാമൃതം പ്രസിദ്ധമാണ്. മുണ്ഡിത ശിരസ്സുള്ള ഭഗവാനെ ദർശിച്ചാൽ ആരോഗ്യമാണ് ഫലം.

2. പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം - പയ്യന്നൂരിലെ പെരുമാൾ രാജഭാവത്തിലാണ്. താരകാസുരനെ നിഗ്രഹിച്ച ഭാവത്തിലാണ് ഭഗവാൻ ഇവിടെ കുടികൊള്ളുന്നത്. ശത്രുസംഹാരത്തിനും ജീവിത വിജയത്തിനും പെരുമാൾ ദർശനം ഉത്തമമാകുന്നു.

3. ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം - തന്ത്രസമുച്ചയപ്രകാരമുള്ള വർണ്ണനയ്ക്ക് യോജിച്ച തരത്തിലാണ് ഇവിടെ പ്രതിഷ്ഠ. ചതുർബാഹു പ്രതിഷ്ഠയാണ്. ഒരു കൈയ്യിൽ ചക്രായുധവും മറ്റേക്കെയ്യിൽ വേലും ഉണ്ട്. ഇടതു കൈ താഴെ തുടയിൽ വിശ്രമിക്കുകയാണ്. ഹരിപ്പാട്ടെ മുരുകനെ പ്രാർത്ഥിച്ചാൽ ശിവന്റെയും വിഷ്ണുവിന്റെയും പ്രീതി ലഭിക്കും. അലങ്കാര പ്രിയനായ ദേവൻ മന: സന്തോഷം നൽകും.

4. ഉദയനാപുരം - വൈക്കത്തപ്പന്റെ മടിയിലിക്കുന്ന സങ്കൽപ്പമാണ് ഉദയനാപുരത്ത്. പിതാവും പുത്രനും തമ്മിലുള്ള അഗാധവും ഊഷ്മളവും പവിത്രവുമായ ബന്ധത്തിന്റെ സത്തയാണ് ഇവിടെ കുടികൊള്ളുന്നത്. പിതൃ- പുത്ര ബന്ധം ദൃഢമാകാൻ ഉദയനാപുരത്തെ ദർശനം ഉത്തമമാണ്.

5. ഉള്ളൂരിലെയും പന്മനയിലെയും ബാലമുരുകൻ - രണ്ട് സ്ഥലത്തും മുരുകൻ ബാലസ്വരൂപത്തിലാണ്. ഗുരുത്വവും ബുദ്ധിയും വർദ്ധിക്കാൻ ഇവിടുത്തെ ദർശനം ഉത്തമം.

6. പെരളശ്ശേരി - നാഗാരാധനയ്ക്കാണ് ഇവിടെ പ്രാധാന്യം. സർപ്പദോഷങ്ങൾ അകലാൻ പെരളശ്ശേരി മുരുകനെ ദർശിച്ചാൽ മതി. ത്വക്ക് രോഗം മാറാരോഗം എന്നിവ മാറാൻ പെരളശ്ശേരി സ്വമിയെ ഭജിക്കുന്നത് നല്ലതാണ്.

7. കിടങ്ങൂരും കൊടുമ്പിലും - കൊടുമ്പിലെ സ്വാമിയെ കണ്ടാൽ പഴനിയിൽ പോയതിന്റെ പാതി ഫലം ലഭിക്കും എന്നാണ് വിശ്വാസം.

കാവടിയാട്ടവും ഷഷ്ഠിയും മുരുക പ്രീതിക്കുള്ള പ്രധാന വഴിപാടുകളാണ്. ശൂരപത്മനുമായി മുരുകൻ യുദ്ധം ചെയ്തപ്പോൾ മാതാവ് പാർവ്വതി ദേവി അനുഷ്ഠിച്ച വ്രതമാണ് ഷഷ്ഠി.

അരളിപ്പൂവാണ് സ്വാമിക്ക് ഏറെ പ്രിയങ്കരം. മഞ്ഞ, ചുവപ്പ് അരളികൾ മഞ്ഞച്ചെമ്പകം എന്നിവയും മുരുക പ്രീതിക്ക് പ്രധാനമാണ്.

സുബ്രഹ്മണ്യ സ്വാമിക്ക് ആറു തവണയാണ് പ്രദക്ഷിണം. 

ചൊവ്വാ ദോഷം ഉള്ളവർ ചൊവ്വാഴ്ച ദിവസങ്ങളിൽ സുബ്രഹ്മണ്യ സ്വാമിയെ ദർശിക്കുന്നത് നല്ലതാണ്. 
വള്ളിസമേതനായ സ്വാമിയെ കണ്ടാൽ വിവാഹ തടസ്സം നീങ്ങും.

ഗ്രഹദോഷങ്ങൾ അകലാനും ജീവിതം ശ്രേയസ്കരമാക്കാനും താഴെ കൊടുത്തിരിക്കുന്ന സുബ്രഹ്മണ്യ മന്ത്രം ഉത്തമമാണ്.

'' ഷഡാനനം കുങ്കുമരക്ത വർണ്ണം
മഹാമതിം ദിവ്യമയൂര വാഹനം
രുദ്രസ്യ സൂനും സുരസൈന്യ നാഥം
ഗുഹം സദാഹം ശരണം പ്രപദ്യേ "

'' ഭക്തിഹസ്തം വിരൂപാക്ഷം
ശിഖിവാഹം ഷഡാനനം
ദാരുണം രിപുരോഗഘ്നം
ഭജേഹം കുക്കുട ധ്വജം " 

'' ആശ്ചര്യ വീര്യം സുകുമാരരൂപം
തേജസ്വിനം ദേവഗണാഭിവന്ദ്യം
ഏണാങ്കതേജം ഗൗരീതനയം കുമാരം
സ്കന്ദം വിശാഖം സതതം നമാമി."

" സ്കന്ദായ കാർത്തികേയായ
പാർവ്വതീ നന്ദനായ ച
മാഹാദേവ കുമാരായ
സുബ്രഹ്മണ്യായതേ നമ: "

No comments:

Post a Comment