Wednesday, 28 June 2023

മണിയംകുളം തോടിന്റെ വശങ്ങൾ കാടായി; മാലിന്യം നിറഞ്ഞ് ദുർഗന്ധം വമിക്കുന്നു

മണിയംകുളം തോടിന്റെ വശങ്ങൾ കാടായി; മാലിന്യം നിറഞ്ഞ് ദുർഗന്ധം വമിക്കുന്നു

പരവൂർ :മണിയംകുളം പാലംമുതൽ കോട്ടപ്പുറം കായൽവരെ നീളുന്ന മണിയംകുളം തോടിന്റെ ഇരുവശങ്ങളിലും കാടുവളർന്ന് തോട് കാണാനാവാത്ത സ്ഥിതിയായി. കൊല്ലം തോടിന്റെ ഭാഗമായ ഇത്‌ വർഷങ്ങൾക്കുമുൻപ്‌ കോടികൾ ചെലവിട്ടാണ് ജലഗതാഗത സൗകര്യം ഒരുക്കാനെന്നപേരിൽ വശങ്ങൾ പാറകെട്ടി ബലപ്പെടുത്തുകയും മണ്ണുനീക്കി ആഴംകൂട്ടുകയും ചെയ്തത്. ഒപ്പം തോടിന്റെ അരികിലും കായലിലും ബോട്ട് ജെട്ടികളും നിർമിച്ചു.

എന്നാൽ വർഷങ്ങൾ പലതു കഴിഞ്ഞിട്ടും ജലപാത പൂർണമാക്കുകയോ അതിലൂടെ ബോട്ട് സർവീസ് ആരംഭിക്കുകയോ ചെയ്തില്ല. കൊല്ലംമുതൽ പരവൂർ, കലയ്ക്കോട് വഴി നെല്ലേറ്റിൽവരെയുള്ള കായലോരങ്ങളിൽ ഇത്തരത്തിൽ ജലഗതാഗതത്തിനായി നിർമിച്ച ബോട്ടുജെട്ടികൾ പലതും മദ്യപരുടെയും മറ്റ് ലഹരി ഉപയോഗക്കാരുടെയും താവളമാണ്.

വർഷങ്ങളായി ഉപയോഗരഹിതമായിക്കിടക്കുന്ന പല ബോട്ട് ജെട്ടികളും തകർച്ചയിലുമാണ്. കഴിഞ്ഞ ഇടതുമുന്നണി ഭരണകാലത്ത് വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന സമയത്താണ് ജലപാതയ്ക്കായി നീക്കങ്ങൾ നടന്നത്. എന്നാൽ ഇപ്പോൾ അധികൃതർ അവഗണിച്ചനിലയിലാണ്.

കലയ്ക്കോട്, ഇടയാടി, നെല്ലേറ്റിൽ, തെക്കുംഭാഗം എന്നിവിടങ്ങളിലെല്ലാം ബോട്ടു ജെട്ടികൾ അന്തിമയങ്ങുന്നതോടെ മദ്യപാനത്തിനുള്ള താവളമാവുകയാണ്. മദ്യപന്മാർ വലിച്ചെറിയുന്ന പ്ലാസ്റ്റിക്, മദ്യക്കുപ്പികൾ എന്നിവ കായലിലാകെ ഒഴുകി നടക്കുന്ന സ്ഥിതിയാണ്‌.
 തോടാവട്ടെ വശങ്ങൾ കാടുകയറിയ നിലയിലാണ്. മാലിന്യങ്ങൾ ചാക്കിലും കവറുകളിലുമാക്കി ആളുകൾ തോട്ടിലേക്ക് വലിച്ചെറിയുന്നു‌. ഇറച്ചിക്കടകടകളിലെയും അനധികൃത കശാപ്പുകേന്ദ്രങ്ങളിലെയും മാലിന്യങ്ങളാണ് ഇവയിൽ ഏറയും. ഹോട്ടലുകളിൽനിന്നും ചില ഓഡിറ്റോറിയങ്ങളിൽനിന്നുമെല്ലാം രാത്രിയിൽ മാലിന്യം ആറ്റിലും കരയിലും തള്ളുന്നുണ്ട്. ദുർഗന്ധം കാരണം ഇതുവഴി നടക്കാൻ പോലുമാകുന്നില്ല. ഇടയ്ക്ക് നഗരസഭ കുറെ മാലിന്യം നീക്കം ചെയ്തെങ്കിലും ഇപ്പോൾ വീണ്ടും വൻ മാലന്യക്കൂമ്പാരമായി തോടും പരിസരവും മാറി.
ഫോട്ടോ :കൊല്ലം തോടിന്റെ ഭാഗമായ മണിയംകുളം തോട് കാടുമൂടിയനിലയിൽ

No comments:

Post a Comment