കൊല്ലം : ജില്ലയില്‍ ലഹരിമരുന്ന് വില്പനയും ഉപയോഗവും സ്പിരിറ്റ് കടത്തും തടയുന്ന കാര്യത്തില്‍ എക്സൈസ് പരാജയം.
വല്ലപ്പോഴും പോലീസ് ഒരു കേസ് പിടിച്ചെങ്കിലായി. എക്സൈസിന് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല.
പ്രഹസനയോഗങ്ങള് ചേര്‍ന്ന് ലഹരിമരുന്ന് വ്യാപനം തടയാന്‍ തീരുമാനമെടുക്കുന്നതല്ലാലെ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ ഇവര്‍ക്ക് കഴിയുന്നില്ല. മാഫിയ സംഘങ്ങളുടെ വീഴ്ച കൊണ്ട് മാത്രം ചിലര്‍ പോലീസിന്റെ പിടിയിലാകുന്നു. അപ്പോഴും വമ്പന്‍ സ്രാവുകള്‍ വലയ്ക്ക് പുറത്താണ്. ലഹരിമരുന്ന് വില്‍പ്പനയ്ക്ക് പണ്ടേ പേരു കേട്ട സ്ഥലമാണ് കൊല്ലം പട്ടണം. ഇവിടെ നിന്ന് കഴിഞ്ഞ ഒരു മാസത്തിനിടയിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് എക്സൈസിന് മയക്കുമരുന്ന് വില്‍പ്പനക്കാരെ പിടികൂടാനായത്
അതും സ്പെഷല്‍ സ്ക്വാഡ്. ജില്ലയിലെ എക്സൈസിന് വമ്പന്‍ സ്രാവിനെപ്പോയിട്ട് ഒരു പരല്മീനെപ്പോലും ഇവിടെ നിന്ന പിടിക്കാന്‍ കഴിഞ്ഞിട്ടില്ല.കഞ്ചാവ് ഉള്‍പ്പടെയുളള മയക്കുമരുന്ന് വിതരണ ശൃംഖലയെ തകര്‍ക്കുന്നതില്‍ എക്സൈസ് - പോലീസ് വകുപ്പുകള്‍ ഒരു പോലെ പരാജയപ്പെട്ടതാണ് മാഫിയ ഇവിടെ തഴച്ചു വളരാന്‍ ഇടയാക്കിയത്.
സ്കൂള്‍ - കോളേജ് വിദ്യാര്‍ഥികള്‍ അടക്കമുളള യുവതലമുറയെ മയക്കുമരുന്നിന്റെ മായിക ലോകത്തേക്ക് മാഫിയകള്‍ കൂട്ടിക്കൊണ്ടു പോകുമ്പോള്‍ അധികൃതര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ഇത്തരം കേസുകള്‍ പിടികൂടുന്നതില്‍ മുന്‍കൈയെടുക്കേണ്ട എക്സൈസ് വകുപ്പാകട്ടെ ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടിലുമാണ്. ചെറിയ അളവില്‍ കഞ്ചാവ് ഉള്‍പ്പടെയുളള മയക്കുമരുന്നുകള്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്ന് നാമമാത്രമായി പിടികൂടുന്നത് മാത്രമാണ് എടുത്തു പറയുന്ന നേട്ടം.
ചെറുകിട കച്ചവടക്കാരിലേക്ക് കഞ്ചാവ് അടക്കമുളള മയക്കുമരുന്നുകള്‍ എത്തിച്ചേരുന്നതിന്റെ ഉറവിടം കണ്ടെത്തുന്നതില്‍ എക്സൈസ് വലിയ താല്‍പ്പര്യം കാട്ടാറില്ലെന്നതാണ് വസ്തുത. മുന്‍ കാലങ്ങളില്‍ മധ്യവയസ്കരായിരുന്നു ഇവയുടെ ഉപഭോക്താക്കളെങ്കില്‍ ഇന്ന് സ്ഥിതി ഏറെ മാറിയിരിക്കുന്നു. യു പി മുതലുളള വിദ്യാര്‍ഥികള്‍ അടക്കമുളള യുവതലമുറയാണ് ഇന്ന് ഇത്തരം മയക്കുമരുന്നുകളുടെ പ്രധാന ആവശ്യക്കാര്‍ എന്നതാണ് ലഭ്യമാകുന്ന ഞെട്ടിക്കുന്ന വിവരം.
വിദ്യാര്‍ത്ഥികള്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കാനായി മാഫിയകളൂടെ കീഴില്‍ പ്രത്യേക സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം മയക്കുമരുന്നുകള്‍ നല്കി വലയിലാക്കുന്ന വിദ്യാര്‍ഥികള്‍ അടക്കമുളള യുവാക്കളെ പിന്നീട് മാഫിയയുടെ കണ്ണിയാക്കി മാറ്റി ഇടനിലക്കാരും, വാഹകരും ആക്കുകയാണ് ഇവരുടെ രീതി. ഇത്തരത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ ഇവിടെ മയക്കുമരുന്ന് മാഫിയയുടെ കണ്ണികളായി പ്രവര്ത്തുക്കുന്നതായും സൂചനയുണ്ട്.
നഗരത്തിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് അടക്കുളള മയക്കുമരുന്നുകള്‍ ഏതൊരാള്‍ക്കും എവിടെയും സുലഭമായി ലഭ്യമാകുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. മയക്കുമരുന്ന് മാഫിയയ്ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ട വകുപ്പുകള്‍ തുടരുന്ന നിസംഗത യുവതലമുറയുടെ ഭാവി തുലയ്ക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
@ ഓണത്തിന് ഒരുമുഴം മുമ്പേ ലഹരിയെത്തി
ജില്ലയുടെ വിവിധ മേഖലകളിൽ ഓണം മുന്നിൽക്കണ്ട് വൻതോതിൽ സ്പിരിറ്റും വ്യാജമദ്യവും സ്റ്റോക്ക് ചെയ്തതായി സൂചന. വരുംദിവസങ്ങളിൽ വാഹനപരിശോധന കർശനമാക്കുമെന്ന് മുൻകൂട്ടിക്കണ്ട വ്യാജമദ്യലോബികൾ നേരത്തെ തന്നെ ഇവ സുരക്ഷിത കേന്ദ്രങ്ങളിൽ ശേഖരിച്ചുകഴിഞ്ഞു.
പൊലീസും എക്സൈസും ചില കേസുകളെടുക്കുന്നതല്ലാതെ വ്യാജ മദ്യലോബികളെ കേന്ദ്രീകരിച്ചുള്ള ശക്തമായ നിരീക്ഷണം ആരംഭിച്ചിട്ടില്ല.
സ്പിരിറ്റിൽ വിവിധ മദ്യങ്ങളുടെ എസൻസും കളറും ചേർത്ത് വിപണനം നടത്തിവരുന്ന കേന്ദ്രങ്ങളാണ് സജീവമായിരിക്കുന്നത്. കൊറോണ സമയത്ത് തുടങ്ങിയ വാറ്റുചാരായ കച്ചവടം അടുത്തിടെ വ്യാപകമായി. വിദേശ സ്കോച്ച് വിസ്കികളെ വെല്ലുന്ന തരത്തിലുള്ള വാറ്റുചാരായം വിപണിയിൽ അതീവരഹസ്യമായി ലിറ്റർ കണക്കിന് വിറ്റുപോകുന്നുണ്ട്. ഇതും എക്സൈസിന്റെയും പൊലീസിന്റെയും കണ്ണുവെട്ടിച്ചാണ് നടക്കുന്നത്.
No comments:
Post a Comment