വളർച്ച മുരടിച്ച് ഇരവിപുരം ജങ്ഷൻ
കൊട്ടിയം : സ്വന്തം പേരിൽ ഒരു നിയോജക മണ്ഡലം തന്നെയുണ്ട് ഇരവിപുരത്തിന്.എന്നാൽ മണ്ഡലത്തിലെ മറ്റ് പ്രദേശങ്ങളിലെ വികസനം പോലുമില്ലാതെ വളർച്ച മുരടിച്ച നിലയിലാണ് ഇരവിപുരം ജങ്ഷൻ.ഇരവിപുരം എന്ന പേരിന് തന്നെ നൂറ്റാണ്ട്കളുടെ പഴക്കമുണ്ട്. തീരപ്രദേശമെന്ന നിലയിൽ പ്രത്യേകമായ പരിഗണനക്ക് തന്നെ അർഹതയുണ്ട്. തീരദേശ റോഡും, കൊല്ലൂർവിള പള്ളിമുക്ക് റോഡും സന്ധിക്കുന്ന ഇരവിപുരം ജില്ലയിലെ തന്നെ ഏറ്റവും ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലൊന്നാണ് .ജലപാതയും, റെയിൽവെയും ദേശീയ പാതയും തീരദേശ റോഡുമൊക്കെ ഇരവിപുരത്തിൻ്റെ വികസനത്തിന് കരുത്ത് പകരേണ്ടതാണ്. എന്നാൽ വികസന പദ്ധതികളൊന്നുമില്ലാതായതോടെ ഇരവിപുരം ജങ്ഷൻ്റെ മുഖഛായയ്ക്ക് മാത്രം മാറ്റമൊന്നുമില്ല. നിരവധി ബസുകളാണ് ഇരവിപുരത്ത് യാത്ര അവസാനിപ്പിക്കുന്നതും ആരംഭിക്കുന്നതും. എന്നിട്ടും കോർപ്പറേഷനിൽപ്പെട്ട ഇരവിപുരത്ത് ബസ് യാത്രക്കാർക്കായി ഒരു കാത്തിരിപ്പു കേന്ദ്രമില്ല. ഇരവിപുരത്ത് ട്രിപ്പുകൾ അവസാനിക്കുന്ന ബസുകളാകട്ടെ റോഡിൻ്റെ പല ഭാഗങ്ങളിലായാണ് നിറുത്തിയിടുന്നത്. ഓട്ടോറിക്ഷകളുടെ എണ്ണം നൂറിനടുത്തായി.ഓട്ടോസ്റ്റാൻ്റാകട്ടെ സ്ഥലസൗകര്യങ്ങളില്ലാതെ വീർപ്പുമുട്ടുകയാണ്. ഓട്ടോ ഡ്രൈവർമാരുടെ കാര്യമാണ് അതിലേറെ കഷ്ടം. രാപകൽ കവലയിൽ പണിയെടുക്കുന്ന ഇവർക്ക് ശുചി മുറി സൗകര്യമോ ഒരു തുള്ളിശുദ്ധജലം ലഭിക്കുന്നതിനോ മാർഗ്ഗമില്ല.ഓട്ടോസ്റ്റാൻ്റില്ലാത്തതിനാൽ കച്ചവടക്കാരനുഭവിക്കുന്ന ദുരിതവും ചില്ലറയല്ല.
ഇരവിപുരത്തിനോടുള്ള അവഗണനയുടെ നേർക്കാഴ്ചയാണ് കവലയിൽ തന്നെയുള്ള മത്സ്യ മാർക്കറ്റ്. മാർക്കറ്റിൻ്റെ സ്ഥലത്ത് കടകൾ കെട്ടി കോർപ്പറേഷൻ ലക്ഷക്കണക്കിന് രൂപ പകിടിയും ,ആയിരങ്ങൾ വാടകയും വാങ്ങുന്നുണ്ടെങ്കിലും മാർക്കറ്റിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ നടപടികളില്ല. പ്രദേശവാസികളായ നൂറ് കണക്കിന് മത്സ്യതൊഴിലാളികളാണ് ഇവിടെ മത്സ്യം വിറ്റ് ഉപജീവനം നടത്തുന്നത്.തീരദേശത്തോട് ചേർന്നു കിടക്കുന്ന മാർക്കറ്റായതിനാൽ നല്ല മത്സ്യം വാങ്ങാൻ ദൂരസ്ഥലങ്ങളിൽ നിന്ന് പോലും ആൾക്കാരെത്തും. പരിസരത്തൊക്കെ ചന്തകൾ ഹൈടെക് മാർക്കറ്റ് ആയെങ്കിലും ഇരവിപുരം മാർക്കറ്റിൻ്റെ ദുരവസ്ഥ അധികാരികളാരും കണ്ടില്ല. കാലപ്പഴക്കം കൊണ്ട് ജീർണ്ണിച്ച് മേൽക്കൂരകളാകെ ദ്രവിച്ച് അപകടാവസ്ഥയിലായ ഷെഡിലാണ് നിരവധി സ്ത്രീകൾ ജീവൻ പണയം വച്ച് കച്ചവടം നടത്തുന്നത്. ചെറിയൊരു കാറ്റടിച്ചാൽ പോലും പറന്നു പോകാവുന്ന നിലയിലുള്ള തകര മേൽക്കൂര. തകരഷീറ്റ് വീണ് നിരവധി പേർക്ക് പലപ്പോഴും പരിക്കുകളും പറ്റി.മീൻ വെള്ളവും മലിനജലവും കെട്ടി കിടന്ന് പരിസരമാകെ മലിനമാണ്. അതിലിരുന്നു വേണം മത്സ്യതൊഴിലാളികൾക്ക് മത്സ്യം വിൽക്കാൻ .മത്സ്യം വാങ്ങാനെത്തുന്നവരും ഈ ദുരിതക്കടൽ താണ്ടണം.ഇവരുടെ ജീവിത ദുരിതം പ്രക്ഷോഭങ്ങളായും നിവേദനങ്ങളായും ഉയർന്നതോടെ ഡെപ്യൂട്ടി മേയറടക്കം ഇവിടം സന്ദർശിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിൻ്റെ ഭാഗമായി ലക്ഷങ്ങൾ മുടക്കി ആറ് മുറികളുള്ള ശുചി മുറികൾ നിർമ്മിച്ചിട്ട് മാസങ്ങളായി.കരാറുകൾക്ക് ലക്ഷങ്ങൾ കൈമാറിയതല്ലാതെ നാട്ടുകാർക്കും മത്സ്യതൊഴിലാളികൾക്കും മത്സ്യം വാങ്ങാനെത്തുന്നവർക്കും ഇത് കൊണ്ട് ഒരു പ്രയോജനവും ഇന്ന് വരെ ലഭിച്ചില്ല. മാർക്കറ്റിലെ മാലിന്യ നിർമ്മാർജന പ്ലാൻറും പ്രവർത്തിക്കാതായിട്ട് വർഷങ്ങളായി.പക്ഷേ തിരിഞ്ഞു നോക്കാനാളില്ലാത്ത അവസ്ഥയിലാണ് .ഇരവിപുരത്തിൻ്റെ മുഖഛായയായ മാർക്കറ്റ് തന്നെ തകർന്നടിഞ്ഞ് നാടിന് നാണക്കേടായിട്ടും നടപടികളൊന്നുമില്ല.
No comments:
Post a Comment