Sunday, 28 August 2022

ക്ഷീരോത്പാദക മേഖല വൻ പ്രതിസന്ധിയിൽ.

ക്ഷീരോത്പാദക മേഖല വൻ പ്രതിസന്ധിയിൽ കൈപിടിച്ചു ഉയർത്താൻ സർക്കാരില്ല 

@ കർഷകർ കടക്കെണിയിൽ അകപ്പെട്ടു.

കൊല്ലം : കാലിത്തീറ്റയുടെയും, മരുന്നിന്റെയും വിലവർദ്ധനവും,
മരുന്നിന്റെ ലഭ്യതകുറവും 
ക്ഷീരോത്പാദക മേഖല വൻ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. കർഷകർ ഇതിൽ
നിന്നും കരകയറാനാകാതെ വൻ കടക്കെണിയിലകപ്പെട്ടു.
പല കർഷകരും ക്ഷീര മേഖല ഉപേക്ഷിച്ചു മറ്റ് തൊഴിൽ തേടി പോകുന്ന അവസ്‌ഥയിലാണ്‌.
കാലിത്തീറ്റയുടെയും, മരുന്നുകളുടെയും, കാത്സ്യം പൊടികളുടെയും, ടോണിക്കുകളുടെയും വിലയാണ് കുത്തനെ ഉയർന്നത്. 1390 രൂപയാണ് കാലീത്തീറ്റ വില. പിണ്ണാക്കിന് 56, ചോളം 27, ഗോതമ്പ് ഉമ്മി 25 രൂപ എന്നിങ്ങനെയാണ് വില. മരുന്നുകൾക്ക് എല്ലാം 30 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
കാത്സ്യം ടോണിക്കിന് 1500 ന് മുകളിലാണ് വില. 
ക്ഷീരകർഷകരെ കൈപിടിച്ചു ഉയർത്തേണ്ട സംസ്ഥാന സർക്കാർ മൗനം പാലിക്കുകയാണ്.
പശുക്കൾക്ക്  വ്യാപിക്കുന്ന പുതിയ രോഗങ്ങൾ മൂലം ദിനംപ്രതി പശുക്കൾ 
ചത്തൊടുങ്ങുകയും, സ്ഥിരമായി കിടപ്പിലുമാകുന്നതും മൂലം കർഷകർ പ്രതിസന്ധിയിലായി.
ഇതോടൊപ്പം മരുന്നുകളുടെ ലഭ്യത കുറവും, കാലിത്തീറ്റയുടെയും മരുന്നു കളുടെയും വിലവർദ്ധനവും 
കൂടിയായപ്പോൾ മറ്റ് മാർഗ്ഗങ്ങൾ ഇല്ലാതെ നിരവധി കർഷകർ ക്ഷീര മേഖല വിടാനൊരുങ്ങുകയാണ്. പത്ത് പശുക്കളുള്ള ഒരു കർഷകന് പുതിയ സാഹചര്യത്തിൽ തീറ്റക്കുമാത്രമായി പ്രതിമാസം 10000 രൂപയിൽ അധികം നൽകേണ്ട ഗതികേടാണുള്ളത്. കാലിത്തീറ്റ വില
പിടിച്ചുനിർത്താൻ
കഴിയാതെ പോകുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു.
കർഷകർക്ക് നൽകുന്ന സബ്സിഡിയിൽ മാറ്റം വരുത്താൻ പോലും അധികൃതർ തയാറായിട്ടില്ല. 
ഒപ്പം കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ സംവിധാനങ്ങളില്ലെന്നും കർഷകർ പറയുന്നു.കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ സംസ്ഥാന സർക്കാരിന് വിവിധ ധന സഹായ പദ്ധതികൾ ഉണ്ടെങ്കിലും 
കേരളത്തിൽനിന്നും പശുക്കളെ വാങ്ങാൻ ഇതുവരെ സംവിധാനങ്ങളില്ല. ക്ഷീര കർഷകർക്ക് ആശ്വാസമായ ഇത്തരം  പദ്ധതികളിൽ തമിഴ്നാട് ഉൾപ്പെടെ അന്യ
സംസ്ഥാനങ്ങളിൽനിന്നും പശുക്കളെ വാങ്ങേണ്ട ഗതികേടാണ് കർഷകർക്ക്.
പശുക്കളോടൊപ്പം പല മാരക അസുഖങ്ങളും ഇത് വഴി
കേരളത്തിലേക്ക് എത്തുന്നതായും കർഷകർ പറയുന്നു.
അസുഖങ്ങൾ മൂലം കിടപ്പിലാകുന്ന പശുക്കളെ ഉയർത്തി നിർത്തുന്ന ലിഫ്റ്റ് കൊല്ലം ജില്ലയിൽ ഒന്ന് മാത്രമാണ് ഉള്ളത്.പശുക്കൾക്ക് അസുഖം വന്നാൽ 
കർഷകർ ദിവസങ്ങളോളം ഇതിനായി കാത്തിരിക്കേണ്ടി വരുന്നു.അപ്പോഴേക്കും 
പശുവിന്റെ ആരോഗ്യം നശിക്കുകയും അവയ്ക്ക് എഴുന്നേൽക്കാൻ പറ്റാത്ത സ്ഥിതിയിലാവുകയുമാണ്.
ത്രിതല പഞ്ചായത്തുകൾ മൃഗാശുപതികൾക്ക്
മരുന്ന് വാങ്ങാൻ തുക വകയിരുത്തുന്നത് ആറ്
മാസത്തേ ആവശ്യത്തിന് പോലും തികയാറില്ല. ഇത് മൂലം പഞ്ചായത്ത് ഫണ്ട് ആശ്രയിക്കുന്ന മൃഗാശുപതികളും പ്രതിസന്ധിയിലാണ്. കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമാണ്. ഇതോടൊപ്പം ന്യായമായ രീതിയിൽ പാൽ വില വർദ്ധിപ്പിക്കണമെന്ന ആവശ്യവും കർഷകർ ഉന്നയിക്കുന്നു.
@ നെൽകൃഷിയില്ല വൈക്കോൽ പൂർണ്ണമായും തമിഴ്നാട്ടിൽ നിന്നും

കന്ന് കാലികളുടെ പ്രധാനഭഷണമായ
വൈക്കോൽ ക്ഷാമമാണ് ക്ഷീരകർഷകരെ പ്രതിസന്ധിയിലാക്കുന്ന മറ്റൊരു ഘടകം.
നെൽകൃഷി അന്യംനിന്നു പോയതിനാൽ മറ്റുസംസ്ഥാനത്തുനിന്നുവരുന്ന വൈക്കോൽ വാങ്ങിയാണ് പശുക്കൾക്ക് തീറ്റയായി നൽകുന്നത്.
ഇതിന്റെ ലഭ്യതക്കുറവും അമിതമായ വിലവർധനയും ക്ഷീരകർഷകർക്ക് താങ്ങാവുന്നതിനപ്പുറമാണ്. വൈക്കോൽക്ഷാമം രൂക്ഷമായതോടെ ഒരു കെട്ട് പുല്ലിന്റെ വില 60 രൂപയിൽ എത്തി. കറവയുള്ള പശുവിന് ഒരു ദിവസം 30 മുതൽ 35 കിലോ വരെ പുല്ല് വേണം. കാലിത്തീറ്റ രണ്ടുനേരമായി 4 കിലോ കൊടുക്കണം. കിടാരി കിടാവിന് 15 കിലോ മുതൽ പുല്ല് കൊടുക്കണം.
കാലിതീറ്റ മുതൽ വെള്ളം വരെ വിലകൊടുത്തു വാങ്ങേണ്ട സ്ഥിതിയാണ് ഇന്ന് ക്ഷീരകർഷകർക്ക്.

@ ക്ഷീരമേഖലയിൽ 
സർക്കാർ ഡോക്ടർമാരുടെ സേവനം അപര്യാപ്തം.

പല ബ്ലോക്കുകളിലും ഡോക്ടർമാരുടെ  സേവനം കൃത്യമായി ലഭിക്കുന്നില്ല  പശുക്കൾക്ക് എന്തെങ്കിലും അസുഖം പിടിപെട്ട് ഡോക്ടറെ അറിയിച്ചാൽ അവരുടെ തിരക്കുമൂലം പെട്ടെന്നുതന്നെ ചികിത്സ വേണ്ടിവരുന്ന സന്ദർഭങ്ങളിൽ ഡോക്ടർക്ക് എത്തിച്ചേരുവാൻ കഴിയാതെവരും. ചികിത്സ ലഭിക്കാൻ വൈകുന്നതുമൂലം പശുക്കളുടെ മരണസംഖ്യ വർധിച്ചു വരികയാണ് മൃഗസമ്പത്തുള്ള പ്രദേശങ്ങളിലെ 
 വെറ്ററിനറി ഡിസ്പെൻസറികൾ ഒരു പോളിക്ലിനിക് ആയി ഉയർത്തുകയും കാലിത്തീറ്റയുടെയും മരുന്നുകളുടെയും വിലവർധനയ്ക്ക് പരിഹാരം
കാണണമെന്നും ആവശ്യം വേണ്ടിവരുന്ന അടിസ്ഥാനസൗകര്യങ്ങൾ
ഏർപ്പെടുത്തുകയും ചെയ്തെങ്കിൽ മാത്രമേ ക്ഷീരകർഷകർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുകയുള്ളൂവെന്ന്
പി.വിശ്വരാജൻ 
പ്രസിഡന്റ് 
പോളച്ചിറ 
ക്ഷീരോത്പാദക
സഹകരണസംഘം .
ഫോട്ടോ:പി.വിശ്വരാജൻ



No comments:

Post a Comment