Saturday, 4 June 2022

പോളച്ചിറ ഏലായ്ക്ക് വേണം സംരക്ഷണം

@ പോളച്ചിറ ഏലായ്ക്ക് വേണം സംരക്ഷണം

ചാത്തന്നൂർ നിയോജകമണ്ഡലത്തിലെ ഏറ്റവും വലിയ നെല്ലറയായ പോളച്ചിറ ഏലാ സംരക്ഷണത്തിന് പദ്ധതികൾ വേണം. ചിറക്കര ഗ്രാമപ്പഞ്ചായത്തിൽ 1500 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന പൊക്കാളിപ്പാടത്തിൽ ഒരു മീനും ഒരു നെല്ലും പദ്ധതി നടപ്പാക്കിവരുകയാണ്. വർഷങ്ങൾക്കുമുൻപ് മൂന്നേകാൽ കോടിയോളം രൂപമുടക്കി ഏലായുടെ വികസനത്തിനായി പദ്ധതി തുടങ്ങിയെങ്കിലും ഇന്നും എങ്ങുമെത്താതെ നിൽക്കുന്നു.
മാറിമാറി വരുന്ന ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയോ സംസ്ഥാന സർക്കാരോ ഏലാ സംരക്ഷണത്തിനായി ഒന്നും ചെയ്യുന്നില്ലെന്നാണ് ആക്ഷേപം. നിലവിൽ ഏലായ്ക്ക്‌ ചുറ്റുമുള്ള തോടുകൾപോലും സംരക്ഷിക്കപ്പെടുന്നില്ല.

@ ഏലാ പാടശേഖരസമിതിയുടെ നേതൃത്വത്തിൽ 120.ഓളം കർഷകർ കൃഷിഭവനിൽ  രജിസ്റ്റർ ചെയ്തിട്ടുണ്ട്. അഞ്ഞൂറോളം ഏക്കറിലാണ് കൃഷി നടത്തുന്നത്. പോളച്ചിറ ഏലായെ പൂർണമായും സംരക്ഷിച്ച് 1500 ഏക്കറും ഉപയുക്തമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. ഇക്കോ ടൂറിസവും ഫാം ടൂറിസവും വാന നിരീക്ഷണവും പക്ഷി നിരീക്ഷണവും ഒക്കെയായി അനന്ത സാധ്യതകൾ തുറന്നുവയ്ക്കുന്ന പോളച്ചിറ ഏലാ പ്രദേശം സംയോജിത കൃഷിയിടമായും വളർത്തിയെടുക്കണമെന്നാണ് കർഷകരുടെ ആവശ്യം.

@ പ്രകൃതിഭംഗി മാറ്റുരയ്‌ക്കുന്ന പോളച്ചിറ ഏല...ചരിത്രരേഖകളിൽ 'കാടിച്ചിറ' എന്ന പേരിൽ അറിയപ്പെട്ടിരുന്ന പോളച്ചിറ ഏലാ ചിറക്കര ഗ്രാമപഞ്ചായത്തിൽ രണ്ടായിരം ഏക്കറിലേറെ വിസ്തൃതിയുള്ള, സമുദ്രനിരപ്പിൽ നിന്ന് താഴ്ന്ന പൊക്കാളി പടശേഖരമാണ്. വർഷത്തിൽ ഒരു വിളവ് നെൽകൃഷിയും മറ്റുള്ള സമയങ്ങളിൽ പരമ്പരാഗത നാടൻ മത്സ്യസമ്പത്തുമാണ് ഇവിടെയുള്ളത്.നവംബർ മാസത്തോടെ വ്യത്യസ്തവും അപൂർവവുമായ ദേശാടന പക്ഷികളാണ് ഇവിടേക്ക് കൂട്ടമായി എത്തുന്നത്. അവ ഇവിടത്തെ കാലാവസ്ഥയിൽ ജീവിച്ച് മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിച്ച് ഏപ്രിൽ മാസത്തോടെ പറക്കമുറ്റിയ കുഞ്ഞുങ്ങളുമായി പോകുകയാണ് പതിവ്. വിനോദസഞ്ചാരികളെ ആകർഷിക്കാനുതകും വിധം നയനാന്ദകരമായ കാഴ്ചകളാണ് പോളച്ചിറ ഏലായിലും പരിസരപ്രദേശങ്ങളിലുമായുള്ളത്.

@ അനധികൃത നിർമാണങ്ങൾ വെല്ലുവിളിയാകുന്നു

ഏലായിലെ അനധികൃതമായ നിർമാണവും ഏലായുടെ രൂപാന്തരപ്പെടുത്തലും പോളച്ചിറയ്ക്ക് വെല്ലുവിളിയാകുന്നു. ഗ്രാമപ്പഞ്ചായത്ത് പലപ്പോഴും പൊളിച്ചുനീക്കാൻ നോട്ടീസ് നൽകിയിട്ടുപോലും ഇന്നും നിലനിൽക്കുകയാണിവിടെ. പോത്തുവളർത്തലും പൗൾട്രി ഫാമുകളും ഏലായ്ക്ക് ദോഷകരമാകുന്ന തരത്തിൽ നടത്തുകയാണ്. ഏലായുടെ നാലുവശവും സംരക്ഷിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കണമെന്നാണ് ഗ്രാമവാസികൾ ആവശ്യപ്പെടുന്നത്.


@പോളച്ചിറയുടെ ടൂറിസം സ്വപ്‌നങ്ങൾ പൂവണിയുമോ ?    

 പോളച്ചിറ ഏലാ കൊല്ലം ജില്ലയിലെ ഏറ്റവും വലിയ നെല്ലറയും ദേശാടന പക്ഷികളുടെ പറുദീസയുമായ പോളച്ചിറ ഏലാ കേന്ദ്രീകരിച്ചുള്ള ടൂറിസം വികസന പദ്ധതി നടപ്പിലാകാൻ ഇനിയുമെത്ര നാൾ കാത്തിരിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് നാട്ടുകാർ. പ്രകൃതി സുന്ദരമായ പോളച്ചിറയുടെ അനന്തമായ സാധ്യതകൾ മനസിലാക്കി വർഷങ്ങൾക്ക് മുമ്പ് പക്ഷി വളർത്തൽ കേന്ദ്രത്തിനും ദേശാടന പക്ഷികളുടെ സംരക്ഷണത്തിനുമായി ഏലായുടെ തീരത്ത് സ്ഥലം വാങ്ങുന്നതിന് ജില്ലാ പഞ്ചായത്ത് പദ്ധതി തയ്യാറാക്കിയെങ്കിലും ഇതുവരെയും നടപ്പായിട്ടില്ല. പ്രകൃതിസുന്ദരവും മത്സ്യസമ്പത്തിന്റെ അക്ഷയഖനിയുമായ പോളച്ചിറയിൽ ടൂറിസത്തിന് ഊന്നൽ നൽകിയുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതോടെ ചിറക്കര പഞ്ചായത്തിൽ ഒട്ടനവധി വികസന സാധ്യതകളും തൊഴിലവസരങ്ങളും കടന്നുവരുമെന്ന് നാട്ടുകാർ പ്രതീക്ഷിക്കുന്നു. പോളച്ചിറ കേന്ദ്രീകരിച്ച് ഫാം ടൂറിസം, വില്ലേജ് ടൂറിസം, ഫെസ്റ്റിവൽ ടൂറിസം, കൾച്ചറൽ ടൂറിസം, ഹോം സ്റ്റേ എന്നിവ ഏകീകരിച്ചുള്ള പദ്ധതികൾ നടപ്പിലാക്കുന്നതോടെ പ്രദേശത്തെ വിനോദസഞ്ചാര സാധ്യതകൾ വർദ്ധിക്കുകയും പ്രദേശവാസികൾക്ക് ടൂറിസം അനുബന്ധ തൊഴിലുകളിലൂടെ ഉപജീവനമാർഗവും ഒരുങ്ങും.


@  ചിറക്കര ഗ്രാമപഞ്ചായത്തിനെ ലോക ടൂറിസം ഭൂപടത്തിൽ ഇടം നേടനാകുന്ന വിധത്തിൽ പോളച്ചിറ ടൂറിസം പദ്ധതി വിദഗ്ദ്ധരുമായി ആലോചിച്ച് നടപ്പാക്കാണം. പോളച്ചിറയ്ക്ക് കുറുകെ റോപ് വേ, ചുറ്റുമുള്ള പത്ത് കിലോമീറ്ററിലേറെയുള്ള ബണ്ട് റോഡ് വഴി കുതിര സവാരി എന്നിവ ആരംഭിക്കണം. ടൂറിസം പദ്ധതി മികച്ച രീതിയിൽ നടപ്പാക്കുന്നതിന് ടൂറിസം രംഗത്തെ വിദഗ്ദ്ധരെ പങ്കെടുപ്പിച്ച് കൊണ്ട് ടൂറിസം പദ്ധതി നടപ്പാകണം.
അപൂർവ ഇനത്തിലുള്ള വിവിധയിനം ദേശാടന പക്ഷികൾ പ്രജനനത്തിനായി എത്തിച്ചേരുന്ന പോളച്ചിറയ്ക്ക് അനന്തമായ ടൂറിസം സാധ്യതകളുണ്ട്.
പക്ഷി നിരീക്ഷണത്തിനായി വാച്ചിംഗ് ടവറുകൾ, പരിസ്ഥിതിക്ക് ഇണങ്ങുന്ന രീതിയിൽ ഗതാഗത സൗകര്യമൊരുക്കൽ എന്നിവ അവയിൽ ചിലത് മാത്രം. പോളച്ചിറയിൽ മികച്ച പദ്ധതികൾ നടപ്പിലാക്കാൻ അധികൃതർ നടപടിയെടുക്കണം.

@പാളിപ്പോയ ആയിരംതെങ്ങു കൃഷി

ഏറെ കൊട്ടിഘോഷിക്കപ്പെട്ട ചിറക്കര ഗ്രാമപ്പഞ്ചായത്തിന്റെ ആയിരംതെങ്ങു കൃഷി സംരക്ഷണമില്ലാതെ നശിക്കുന്നു. കേരഗ്രാമം പദ്ധതി തുടങ്ങിയ ഗ്രാമപ്പഞ്ചായത്തിൽ പോളച്ചിറ ഏലായുടെ നാലുവശവുമായി ആയിരംതെങ്ങാണ് നട്ടത്. എന്നാൽ പകുതിപോലും സംരക്ഷിക്കാൻ കഴിയാതെ നശിച്ചു.
ഓരോ തെങ്ങിൻതൈയും കുടുംബശ്രീ, തൊഴിലുറപ്പ് തുടങ്ങിയ മേഖലയിലുള്ള ഓരോരുത്തരും സംരക്ഷിക്കുമെന്നും പ്രഖ്യാപിച്ച് അവരുടെ പേരിൽ തെങ്ങിൻതൈ നടുകയുമാണ് ചെയ്തത്. പക്ഷേ ഇതിന്റെ തുടർപ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയില്ലാതെ പോയി. ഉണങ്ങി കരിഞ്ഞവയ്ക്ക് പകരം തെങ്ങിൻതൈ നടാനോ ഉള്ളവ സംരക്ഷിക്കാനോ നടപടിയുണ്ടായില്ല.

@ എങ്ങുമെത്താതെ നടുത്തോട് നിർമാണം

പോളച്ചിറയുടെ മുഖച്ഛായയും കൃഷിസമ്പ്രദായവും മാറ്റിമറിക്കാൻ ഏറെ പ്രതീക്ഷയോടെ തുടങ്ങിയ നടുത്തോടുനിർമാണം എങ്ങുമെത്താതെ നിലച്ചു. കോടികൾ മുടക്കിയ പോളച്ചിറ ഏലാ വികസനപദ്ധതിയിൽ ആദ്യംതന്നെ തുടങ്ങിയ നടുത്തോടുനിർമാണത്തിന് ശാസ്ത്രീയമായ നിർമാണരീതിയുടെ അഭാവം കാരണം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു.
തോടിന്റെ ഇരുവശവും മണ്ണിട്ടുയർത്തി റോഡു നിർമിക്കാനായിരുന്നു പദ്ധതി. ഏലായിലെ കൃഷി ഉപകരണങ്ങളും ആധുനിക യന്ത്രസംവിധാനങ്ങളും പ്രയോജനപ്പെടുത്താൻ ഇതുവഴി കഴിയുമായിരുന്നു. നടുത്തോടിന്റെ ഇരുവശത്തുമുള്ള ബണ്ട് റോഡ് ഏലായുടെ വികസനത്തിന് ഏറെ മുതൽക്കൂട്ട് ആകുമായിരുന്നു.

@ സംരക്ഷണമില്ലാതെ നശിക്കുന്ന തോടുകൾ

പോളച്ചിറ ഏലായ്ക്ക് ചുറ്റുമുള്ള തോടുകൾ സംരക്ഷിക്കാൻ നടപടിയില്ല. പായലുകളും മറ്റും നിറഞ്ഞ്‌ ഉണങ്ങിവരണ്ടുകിടക്കുന്ന തോടുകൾ വൃത്തിയാക്കാൻപോലും ഇതുവരെ തയ്യാറായിട്ടില്ല. പോളച്ചിറയിലെ വെള്ളം വറ്റിച്ചതോടെ തോടുകളിൽ ചിലത് പൂർണമായും വരണ്ടുകിടക്കുകയാണ്. വെള്ളമുള്ള ഏലായുടെ തെക്കേ അറ്റത്തുള്ള തോട്ടിൽ സമീപത്തെ ഫാമിൽനിന്നുള്ള കന്നുകാലികളുടെ വിസർജ്യങ്ങൾകൊണ്ട് മലീനമാക്കപ്പെട്ടിരിക്കുകയാണ്. ഏലായുടെ നാലുചുറ്റുമുള്ള തോടുകളിൽനിന്ന്‌ മാലിന്യം നീക്കംചെയ്യുന്നതിനും ഒഴുക്ക് തടസ്സപ്പെടുത്തുന്ന തരത്തിൽ അടിഞ്ഞുകൂടിയ ചെളി നീക്കംചെയ്യുന്നതിനും നടപടിയുണ്ടാകണം.




No comments:

Post a Comment