Wednesday, 15 June 2022

ചാത്തന്നൂരിലെ സി പി ഐയിൽ സെക്രട്ടറി സ്ഥാനങ്ങൾക്കായി പിടിവലി

ചാത്തന്നൂരിലെ സി പി ഐയിൽ സെക്രട്ടറി സ്ഥാനങ്ങൾക്കായി പിടിവലി

ചാത്തന്നൂർ: സി പി ഐ ചാത്തന്നൂർ മണ്ഡലം സമ്മേളനം ഈമാസം ആരംഭിക്കാനിരിക്കെ വിഭജനത്തിലൂടെ പുതുതായി രൂപീകരിക്കുന്ന ചാത്തന്നൂർ, പരവൂർ മണ്ഡലം കമ്മിറ്റികളുടെ സെക്രട്ടറി സ്ഥാനത്തിനായി പിടിവലി ശക്തമായി. ചാത്തന്നൂരിൽ എൻ. അജയകുമാറും പരവൂരിൽ പാരിപ്പള്ളി ശ്രീകുമാറും സെക്രട്ടറിയാകുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. ഇതിനെതിരെയാണ് മറുപക്ഷത്തിന്റെ നീക്കം. ജില്ലയിൽ കാനം പക്ഷത്തിന് കാര്യമായ സ്വാധീനമില്ലാത്ത മണ്ഡലം കമ്മിറ്റിയായിരുന്നു ചാത്തന്നൂർ. ഇസ്മയിൽ പക്ഷക്കാരനായ എൻ. അനിരുദ്ധന്റെയും പ്രകാശ്ബാബു വിഭാഗക്കാരനായ ജി.എസ്. ജയലാൽ എം എൽ എയുടെയും നേതൃത്വത്തിലുള്ള രണ്ട് ചേരികളാണ് ഇവിടെ ഉണ്ടായിരുന്നത്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പോടെയാണ് ചിത്രം മാറിയത്. നിയമസഭ സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ ചേർന്ന മണ്ഡലം കമ്മിറ്റി യോഗത്തിൽ പാരിപ്പള്ളി ശ്രീകുമാറിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം കാനം വിഭാഗക്കാരായ ചിഞ്ചുറാണി, ആർ. രാജേന്ദ്രൻ എന്നിവരുടെ പേര് നിർദ്ദേശിച്ചു. എം എൽ എക്കെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങളും ഉയർത്തി. ഒടുവിൽ സംസ്ഥാന കമ്മിറ്റി എതിർപ്പ് ഉയർത്തിയവരെ അനുനയിപ്പിച്ച് ജയലാലിന് ഒരവസരം കൂടി നൽകാൻ തീരുമാനിക്കുകയായിരുന്നു. ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിവാക്കപ്പെട്ട് അപ്രസക്തനായതോടെ എൻ. അനിരുദ്ധനൊപ്പം നിന്നവരിൽ ഒരു വിഭാഗം കാനം പക്ഷത്തേക്ക് മാറിയിട്ടുണ്ട്.

ചാത്തന്നൂരിൽ ജയലാൽ പക്ഷം അഡ്വ. ദിലീപിന്റെ പേരും പരവൂരിൽ സംഘടനാ രംഗത്ത് തീരെ ദുർബലനായ അനിൽകുമാറിനെയും  മുന്നോട്ടുവയ്ക്കുന്നുണ്ട്. അനിരുദ്ധൻ പക്ഷം ചാത്തന്നൂരിൽ ലാലിന്റെയും പരവൂരിൽ സഹരണ ബാങ്കുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾക്ക് വിധേയനയായ നേതാവിന്റെയും നിരവധി സ്വഭാഷദൂഷ്യവുമായി ആരോപണങ്ങൾ ഉയർന്നിട്ടുള്ള ഭൂതക്കുളംകാരന്റെയും പേരുമായി ഉറച്ചുനിൽക്കുകയാണ്. എന്നാൽ ഇവിടെ ജില്ലാ നേതൃത്വത്തിന്റെ പിന്തുണ പാർട്ടിയുടെ സാംസ്കാരിക മുഖം കൂടിയായ പാരിപ്പള്ളി ശ്രീകുമാറിനാണെന്നാണ് സൂചന.

@ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ സിപിഎം 

സിപിഐ മണ്ഡലം സമ്മേളനം നടക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ പാർട്ടിയ്ക്കുള്ളിൽ അധികാരം പിടിക്കാനുള്ള വടംവലിയെ സംസ്ഥാന ജില്ലാ നേതൃത്വം ആശങ്കയോടെയാണ് നോക്കി കാണുന്നത്. ആര് പറഞ്ഞാലും അനുസരിക്കാത്ത ഒരു വലിയ വിഭാഗം പാർട്ടിയിൽ ഉണ്ടെന്നുള്ളത് നേതാക്കൾക്കിടയിൽ ആശങ്കയുണ്ടാക്കുന്നു.സിപിഎം നേതൃത്വം സിപിഐയിലെ അസoതൃപ്തർക്കായി വലവീശി കാത്തിരിക്കുകയാണ്. സിപിഎംലേക്ക് സാധാരണകാരുടെ വരവ് കുറഞ്ഞതോടെയാണ് സിപിഐയുടെ നേതാക്കളെ ലക്ഷ്യമിട്ട് സിപിഎം രംഗത്ത് എത്തിയിരിക്കുന്നത്. അടുത്തിടെ നിരവധി പേരാണ് സിപിഐയിൽ നിന്നും സിപിഎംൽ എത്തിയത് അത് കൊണ്ട് തന്നെ സിപിഎം കലക്കവെള്ളത്തിൽ മീൻ പിടിക്കാനുള്ള ശ്രമമാണ് നടത്തുന്നത് എന്ന് സിപിഐ നേതാക്കൾ ആരോപിക്കുന്നു.

@ ജി. എസ് ജയലാലിനെതിരെ പടയൊരുക്കം

സഹകരണ ആശുപത്രി വാങ്ങിയതുമായി ബന്ധപെട്ട് പാർട്ടി നടപടിയാൽ പാർട്ടിയുടെ ജില്ലാ കൗൺസിലിൽ നിന്നും മണ്ഡലം കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയ ജി. എസ്. ജയലാലിനെതിരെ പാർട്ടിയിൽ വൻപടയൊരുക്കമാണ് നടങ്ങുന്നത്. ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചു വരാനുള്ള ശ്രമം നടത്തുന്ന ജി. എസ്. ജയലാലിന്റെ ശ്രമങ്ങൾ തച്ചുടയ്ക്കാൻ ഒരു വലിയ വിഭാഗം തന്നെ രംഗത്തുണ്ട്. നിയോജക മണ്ഡലത്തിൽ ഭൂരിപക്ഷം കുറഞ്ഞതും സ്വന്തം ബൂത്തിൽ വളരയേറെ പിന്നോക്കം പോയതും, നിയോജകമണ്ഡലത്തിൽ നടമാടുന്ന അഴിമതിയുടെ പദ്ധതികളും, ആശുപത്രിയിൽ അനധികൃതമായി നടക്കുന്ന പൈസ ഇടപാടുകളും, ബിനാമി ഇടപാടുകളും ചർച്ചയാവുമ്പോൾ അതിനെയെല്ലാം എത്രത്തോളം പ്രതിരോധിക്കാൻ ജയലാലിന് കഴിയുമെന്ന് കാത്തിരുന്നു കാണാം.മണ്ഡലം കമ്മിറ്റിയിൽ എത്തുന്ന ജയലാലിന് ജില്ലാ കൗൺസിലിലും എക്‌സിക്യുട്ടിവിലും എത്തണമെങ്കിൽ ഒരുപാട് വിയർക്കണമെന്ന് എതിർ വിഭാഗം ചൂണ്ടി കാട്ടുന്നു.

No comments:

Post a Comment