കൊല്ലം : പരിസ്ഥിതി ദിനത്തിൽ ലക്ഷക്കണക്കിന് വൃക്ഷത്തൈകളാണ് റോഡരികിൽ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളും
വിവിധ സംഘടനകളും നട്ടു പിടിപ്പിക്കുന്നത്.
തൊഴിലുറപ്പ് പദ്ധതിയിൽ പോലും ഉൾപ്പെടുത്തി വൃക്ഷത്തൈകൾ നട്ടു പിടിപ്പിക്കുന്നതല്ലാതെ ഇവയെ സംരക്ഷിക്കാറില്ല.
മുൻ വർഷങ്ങളിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പതിനായിരക്കണക്കിന് വൃക്ഷത്തൈകളാണ് നട്ടു പിടിപ്പിച്ചത്.
ഇവയിൽ ഒരുശതമാനം പോലും ഇന്ന് അവശേഷിക്കുന്നില്ല. ലക്ഷങ്ങൾ മുടക്കി ഓരോ പരിസ്ഥിതി ദിനത്തിലും പേരിനായി വൃക്ഷത്തൈകൾ നട്ടു പിടിപ്പിക്കുന്നതല്ലാതെ യാതൊരു പ്രയോജനവുമില്ല. റോഡ് സൈഡിലുള്ള നൂറുകണക്കിന് വരുന്ന കൂറ്റൻ തണൽ മരങ്ങളെങ്കിലും സംരക്ഷിച്ചു കൂടെ എന്നാണ് ജനങ്ങൾ ചോദിക്കുന്നത്.
വർഷങ്ങൾക്ക് മുൻപ് വച്ച മരങ്ങൾ
എതുനേരവും നിലംപൊത്താവുന്ന നിലയിൽ ജനങ്ങൾക്ക് ഭീഷണിയായി മാറി. റോഡ് നിർമാണത്തിന്റെ ഭാഗമായും, കാറ്റിലും മറ്റും നിരവധി മരങ്ങൾ നശിച്ചു. നൂറ് വർഷത്തിലേറെ പഴക്കമുള്ള കൂറ്റൻ വൃക്ഷങ്ങളിൽ പലതും ഇന്ന് അപകടാവസ്ഥയിലാണ്. മഴക്കാലമായാൽ മരങ്ങൾ പിഴുതുവീഴുന്നതും ഒടിഞ്ഞുവീഴുന്നതും പതിവാണ്. ഇത്രയും പ്രായമായ മരങ്ങൾ സംരക്ഷണമില്ലാത്തതിനാലാണ് നശിക്കുന്നത്. റോഡ് നിർമിച്ചപ്പോൾ മരങ്ങളുടെയും ചുവട്ടിലെ മണ്ണ് പലപ്പോഴായി നീക്കിയിട്ടുണ്ട്. പ്രധാന വേരുകളടക്കം നശിച്ചു.
പല മരങ്ങളും മൺതിട്ടയിലാണ് നിൽക്കുന്നത്. ശക്തമായ മഴയും കാറ്റും ഉണ്ടാകുമ്പോൾ മഴക്കാലത്ത് മരങ്ങൾ വീണ് അപകടമുണ്ടാകുന്നത് പതിവാണ്.
നിരവധി വാഹനങ്ങൾക്കും വീടുകൾക്കും സമീപ കാലത്തായി നാശമുണ്ടായി. ഓരോ വർഷവും മരം വീണ് നിരവധി സ്ഥലങ്ങളിലാണ് വൈദ്യുത തൂണുകളടക്കം നശിക്കുന്നത്.
മഴക്കാലത്ത് മരങ്ങൾ വീണ് അപകടം പതിവാണ്. പുറമെ ആരോഗ്യമുള്ളതായി തോന്നുമെങ്കിലും ഭൂരിഭാഗവും കേടുപിടിച്ച നിലയിലാണ്.
ഇത്തിൾ ശല്യമാണ് മരം നശിക്കുന്നതിന് മറ്റൊരു ഘടകം. മരങ്ങളിൽ വൻതോതിൽ ഇത്തിൾ കയറിയതോടെ തടി കേടുപിടിച്ച് പൊള്ളയായി.
തടിക്കുള്ളിൽ വെള്ളം ഇറങ്ങുന്നതിന് പുറമെ ചെറിയ കാറ്റ് വീശുമ്പോൾ തന്നെ ഒടിഞ്ഞ് റോഡിലേക്ക് വീഴുകയാണ് പതിവ്. ഇത്തരം മരങ്ങളെ സംരക്ഷിക്കുകയോ കേട് പിടിച്ച ഭാഗങ്ങൾ മുറിച്ചു മാറ്റുകയോ വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.
No comments:
Post a Comment