പരവൂർ: ഓണവിപണി ലക്ഷ്യമിട്ട് പപ്പടനിര്‍മാണ കേന്ദ്രങ്ങൾ സജീവമാകുന്നു. ഓണാഘോഷങ്ങളിലേക്ക് നാടുണർന്നതോടെ ഓണസദ്യയ്ക്കുള്ള പപ്പടം തയ്യാറാക്കുന്ന തിരക്കിലാണ് തൊഴിലാളികൾ. പക്ഷേ
വാങ്ങുന്നവര്‍ക്ക് കൈപൊള്ളും. ഓണം അടുത്തതോടെ നിര്‍മാണസ്ഥലങ്ങളില്‍ ദിനംപ്രതി കിലോക്കണക്കിന് ഉഴുന്ന് മാവിന്റെ പപ്പടമാണ് നിര്‍മ്മിക്കുന്നത്.ഓണ വിപണി ലക്ഷ്യമിട്ട് വിവിധ തരത്തിലുള്ള പപ്പടമാണ് നിര്‍മിക്കുന്നത്. വളരെ ചെറിയത് മുതല്‍ കല്യാണ പപ്പടം എന്ന് അറിയപ്പെടുന്ന വലിയ പപ്പടം വരെയുണ്ട്. വിവിധ ആകൃതിയിലുള്ളവയും വിപണിയിലുണ്ട്.
ഉഴുന്നുമാവ്, ഉപ്പ്, കാരം എന്നിവ ചേർത്താണ് പപ്പടം ഉണ്ടാക്കുന്നത്. വലിപ്പമുള്ള പപ്പടങ്ങൾക്കാണ് ഓണവിപണിയിൽ ആവശ്യക്കാരെന്ന് ഇവർ പറയുന്നു. പക്ഷേ, പപ്പടത്തിന് വലുപ്പം കൂടുതോറും ഉണക്കിയെടുക്കാൻ പ്രയാസമാണ്.
ഒഴുന്നുമാവിന്റെയും അരിമാവിന്റെയും വില വര്‍ധനവ് പപ്പടത്തിന്റെ വില വര്‍ധിക്കാന്‍ സാഹചര്യമൊരുക്കിയതായി നിര്‍മാതാക്കള്‍ പറയുന്നു മാവ് കുഴയ്ക്കുന്നതിനും പരത്തുന്നതിനും യന്ത്രങ്ങള്‍ ആണ് ഉപയോഗിക്കുന്നത് പപ്പട നിര്‍മാണത്തില്‍ ഇപ്പോൾ മനുഷ്യാധ്വാനം നാമമാത്രമാണ്.
അസംസ്കൃത പദാര്‍ഥങ്ങള്‍ക്ക് വില വര്‍ധിച്ചതിനാല്‍ പപ്പടത്തിന്റെ വില വര്‍ധിപ്പിക്കുകയല്ലാതെ മാര്‍ഗമില്ലെന്നും ഇത് വിപണിയെ ബാധിക്കുമോ എന്ന ആശങ്കയുണ്ടെന്നും ഇവര്‍ പറയുന്നു. ഇടയ്ക്കിടെയുള്ള മഴയും പപ്പട നിര്‍മാണത്തിന് തടസമുണ്ടാക്കുന്നു. ഓണം ഉണ്ണാന്‍ മലയാളികള്‍ എല്ലാവരും എന്തായാലും പപ്പടം വാങ്ങും എന്ന വിശ്വാസമാണ് നിര്‍മാണ തൊഴിലാളുടെ ഏക ആശ്വാസം.
@ കൈ കൊണ്ടുള്ള പപ്പട നിർമാണം
പപ്പട നിർമാണം അത്ര നിസ്സാരമല്ല. മാവ് കുഴച്ച് ഉരുളയാക്കിയ ശേഷം റബർ ഷീറ്റ് പോലെ പരത്തും. പിന്നെ റോളറിലൂടെ കടത്തി വിട്ടാണ് പപ്പട നിർമാണം. തമ്മിൽ ഒട്ടിപ്പിടിക്കാതിരിക്കാൻ അരിമാവ് വിതറും. ഇതൊക്കെ പരമ്പരാഗതമായി കൈകൊണ്ടാണ് ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ മാവ് കുഴയ്ക്കുന്നതു മുതൽ അരിമാവ് വിതറുന്നതു വരെ യന്ത്ര സഹായത്തോടെയാണ്. പിന്നെ ചണച്ചാക്കിൽ നിരത്തി പാകത്തിന് ഉണക്കിയെടുക്കും. ഉണക്കുന്നതു മുതൽ പായ്ക്ക് ചെയ്യുന്നതു വരെയെല്ലാം കൈ കൊണ്ടാണ് ചെയ്യുന്നത്. ചണച്ചാക്കിൽ പപ്പടം നിരത്തുന്നത് ഒരു കലയാണ്. ഇത്തവണ നല്ല വെയിൽ ലഭിക്കുന്നതിനാൽ പപ്പട നിർമാണത്തിന് അനുയോജ്യമായ കാലാവസ്ഥയാണ്.ഇടയ്ക്കിടയ്ക്ക് ഉണ്ടാവുന്ന മഴയാണ് പ്രശ്നം.
ഉഴുന്ന് പൊടി, ഉപ്പ്, പപ്പടക്കാരം, എണ്ണ, അരിപ്പൊടി എന്നിവയാണ് അസംസ്കൃത വസ്തുക്കൾ. 3 മാസത്തിനിടയിൽ ഒരു ചാക്ക് ഉഴുന്ന് പൊടിക്ക് 1000 രൂപയുടെ വർധന ഉണ്ടായി. മറ്റ് അസംസ്കൃത വസ്തുക്കൾക്കും വില കൂടി. അതുകൊണ്ടു ഉൽപാദന ചെലവും വിലയും തമ്മിൽ കൂട്ടിമുട്ടിക്കാൻ നിർമാതാക്കൾ ബുദ്ധിമുട്ടുന്നുണ്ട്.
@ മേഖലയിലെ പരമ്പരാഗത തൊഴിലാളികൾ പലരും ഇന്ന് കളംവിട്ടുകഴിഞ്ഞു. അസംസ്കൃതവസ്തുക്കളുടെ വിലക്കയറ്റവും മേഖലയിലെ
യന്ത്രവത്കരണവും തകർച്ചയ്ക്ക് ആക്കംകൂട്ടി. കഴിഞ്ഞദിവസം വരെ 50 കിലോ ചാക്ക് ഉഴുന്ന്മാവിന് മുവ്വായിരം രൂപയായിരുന്നെങ്കിൽ ഇപ്പോൾ അത് ഇരട്ടിയായതായി ഇവർ പറയുന്നു. ഒരു കിലോ ചെറിയ പപ്പടത്തിന് കടകളിൽ 180 മുതൽ 200 രൂപവരെ വിലയാണ്. ഓണം സ്പെഷ്യൽ പപ്പടം കിലോയ്ക്ക് 250 രൂപ മുതൽ 300 രൂപ വരെയുമാണ്.
No comments:
Post a Comment