കൊല്ലം :സന്തോഷത്തിന്റെയും സമൃദ്ധിയുടെയും പൂക്കളമെഴുതുന്ന അത്തം തിങ്കളാഴ്ച. അത്തം പിറന്നാൽ പ്രത്യാശയുടെ തിരുവോണത്തിനു പിന്നെ പത്തുനാൾ. എല്ലായിടത്തും ഓണവിപണികൾ ഉണർന്നു. നാടും നഗരവും ആഘോഷത്തിനുള്ള ഒരുക്കത്തിലായി.സെപ്റ്റംബർ തുടങ്ങിയതോടെ
ഓണത്തിന്റെ മറ്റു വിപണികളും സജീവമായി വിവിധ സ്ഥാപനങ്ങളുടെ ഓണച്ചന്തകൾ ആരംഭിച്ചുകഴിഞ്ഞു. വസ്ത്രശാലകൾ, ജൂവലറികൾ, ഗൃഹോപകരണ വിൽപ്പനകേന്ദ്രങ്ങൾ എന്നിവയും ഓണത്തിന് പ്രത്യേക വിലക്കിഴിവ് അറിയിച്ചിട്ടുണ്ട്. വേനലിലും പിന്നീട് മഴയിലും അമർന്ന ടൂറിസംമേഖലയും ഓണക്കാലത്തെ പ്രത്യാശയോടെയാണ് കാണുന്നത്. ഒരാഴ്ച നീളുന്ന ഓണാവധി, കുടുംബങ്ങളുടെയും അസോസിയേഷനുകളുടെയും സഞ്ചാരക്കാലവുമാകും.
ഓണത്തെ വരവേൽക്കാൻ മലയാളിക്കൊപ്പം അയൽപക്കത്തെ കാർഷികമേഖലയും തയ്യാറെടുത്തു. പച്ചക്കറിയും നേന്ത്രക്കായയും വാഴയിലയും നാഗർകോവിൽ, വള്ളിയൂർ വിപണികളിൽ നിന്നും എത്തിത്തുടങ്ങി.
@ പൂവില കേട്ടാൽ ഞെട്ടല്ലേ...
അത്തം പിറന്നതോടെ നഗരമെങ്ങും പൂവിളികൾ. നഗരത്തെ നിറപ്പകിട്ടണിയിച്ച് ക്ളബുകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിലൊക്കെ പൂക്കളങ്ങളായി. ഓണാഘോഷത്തോടനുബന്ധിച്ച് സ്കൂളുകളിലും കോളേജുകളിലും സ്ഥാപനങ്ങളിലും പൂക്കള മത്സരങ്ങൾ ആരംഭിച്ചു. ഓണവിപണി ഉണർന്നതോടെ പൂക്കളുടെ വിലയും കൂടി. കൂട്ടത്തിൽ വിലക്കൂടുതൽ മുല്ലപ്പൂവിനാണ്. കിലോയ്ക്ക് 600 മുതൽ 1000 വരെ.പെൺകുട്ടികൾ തലയിൽ ചൂടാനായി വാങ്ങുന്ന മുല്ലമാലയ്ക്ക് ഒരു മുഴത്തിന് 80 മുതൽ 120 രൂപ വരെയായി. അത്തപ്പൂക്കളത്തിൽ തുമ്പപ്പൂവിന് പകരമായി ഉപയോഗിക്കുന്ന ട്യൂബ് റോസിന് കിലോയ്ക്ക് 500 രൂപയാണ്. പിങ്ക്, വെള്ള, കടുംചുവപ്പ് നിറത്തിലുള്ള അരളിക്ക് കിലോയ്ക്ക് 300 രൂപയാണ് വില. സ്റ്റാർ റോസ്- 250, വാടാമുല്ല- 150, പിച്ചി- 500, ജമന്തി- 160, ബന്തി (വെള്ള, മഞ്ഞ)-100, താമരപ്പൂവ് ഒന്നിന് 50 രൂപ എന്നിങ്ങനെയാണ് ചാല മാർക്കറ്റിലെ ഇന്നലത്തെ വില. പൂവ് വാങ്ങാനെത്തുന്നവർക്ക് പൂക്കളത്തിന്റെ വിവിധ ഡിസൈനുകളും പൂക്കടക്കാർ സൗജന്യമായി നൽകുന്നുണ്ട്. അത്തപ്പൂക്കളത്തിനൊപ്പം വയ്ക്കുന്ന ഓണത്തപ്പനും നൂറുരൂപ വിലയ്ക്ക് പൂക്കടകളിൽ ലഭിക്കും. ഓണാഘോഷത്തിന് പൂർണതയേകുന്ന അത്തപ്പൂക്കളത്തിന് മലയാളികൾ എത്ര പണം കൊടുത്തും പൂക്കൾ വാങ്ങുമെന്നതാണ് പൂവിപണികളിലെ തിരക്ക് കാണിക്കുന്നത്.
തമിഴ്നാട്ടിൽ നിന്നും കർണാടകത്തിൽ നിന്നുമാണ് പൂക്കൾ കൂടുതലായും എത്തുന്നത്. പൂക്കളിൽ ഏറിയ പങ്കും തമിഴ്നാട്ടിലെ തോവാളയിൽ നിന്നാണ്. തോവാളയിലെ മുപ്പത്തിയഞ്ചിലധികം തോട്ടങ്ങളിൽ നിന്നെത്തിയ അരളിയും മുല്ലയും ചെണ്ടുമല്ലിയുമെല്ലാമാണ് വിപണി കീഴടക്കിയിരിക്കുന്നത്. കുമാരപുരം, ആരുൾ വായ്മൊഴി, കാറ്റടിമല എന്നിവിടങ്ങളിലെ പൂപ്പാടങ്ങളിൽ നിന്നെല്ലാം പൂക്കളെത്തുന്നുണ്ട്. കൂടാതെ ബംഗളുരു, മധുര, ദിണ്ടിഗൽ, സത്യമംഗലം എന്നിവിടങ്ങളിൽ നിന്നും ഓണപ്പൂക്കൾ എത്തുന്നു.
തോവാള ഇക്കുറി പൂക്കളുടെ കലവറ നിറയ്ക്കുന്നുണ്ട്. തോവാളയ്ക്കു പുറമേ കോയമ്പത്തൂർ, മധുര, ബെംഗളൂരു എന്നിവിടങ്ങളിൽനിന്നു പലതരം പൂവുകൾ ഓണവിപണിയിലെത്തും.
No comments:
Post a Comment