Saturday, 21 September 2024

പാരിപ്പള്ളി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മൈക്രോ ഫിനാൻസ് കേന്ദ്രങ്ങൾ കൊള്ളപലിശ സംഘങ്ങളായി മാറുന്നു

ചാത്തന്നൂർ : പാരിപ്പള്ളി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന  മൈക്രോ ഫിനാൻസ് കേന്ദ്രങ്ങൾ കൊള്ളപലിശ സംഘങ്ങളായി മാറുന്നു പലിശ പിരിക്കാൻ സ്ത്രികൾ നേതൃത്വം കൊടുക്കുന്ന ഗുണ്ടാസംഘങ്ങളും വീടുകളിൽ എത്തുന്നു. കൊല്ലം തിരുവനന്തപുരം ജില്ലകളിൽ പ്രവർത്തിക്കുന്ന മൈക്രോ ഫിനാൻസ് കേന്ദ്രങ്ങളിൽ നിന്നും മറ്റ് ചെറുകിട ബാങ്കുകളിൽ നിന്നും ലോൺ സംഘടിപ്പിച്ചു കൊടുക്കുന്ന സംഘങ്ങളാണ് കൊള്ള പലിശ സംഘങ്ങളായി തിരുവോണ നാളിൽ പോലും വീടുകളിൽ കയറിയിറങ്ങി കൊള്ളപലിശ പിരിക്കുന്നത്. മൈക്രോ ഫിനാൻസ് കേന്ദ്രങ്ങളിൽ നിന്നും ഇടനിലക്കാരായി നിന്ന് ലോൺ എടുത്തു കൊടുക്കുകയും ലോൺ മുടക്കം വന്നാൽ രാവെന്നോ പകലെന്നോ ഇല്ലാതെ വീടുകളിൽ കയറിയിറങ്ങി ഭീഷണിപ്പെടുത്തി പലിശ പിരിക്കുന്ന സംഘങ്ങൾ ആണ് പാരിപ്പള്ളി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നത്. കഴിഞ്ഞ തിരുവോണ നാളിൽ പുലർച്ചെ നാല് വീടുകളിലാണ് ഇത്തരത്തിലുള്ള 
 മൈക്രോ ഫിനാൻസ് സംഘങ്ങൾ സ്ത്രികൾ അടക്കമുള്ള ഗുണ്ടാസംഘങ്ങളുമായി എത്തി പലിശ പിരിച്ചത്. തമിഴ്നാട് ആസ്ഥാനമായ മൈക്രോഫിനാൻസ് കമ്പനിയുടെ മാർക്കറ്റിങ് മാനേജർമാരാണ് പ്രാദേശിക വനിതകൾ അടങ്ങുന്ന ഗുണ്ടാ സംഘങ്ങളുടെ പിന്തുണയോടെ വീടുകളിൽ എത്തി ഗുണ്ടാപിരിവ് നടത്തുന്നത്. കോളനികൾ കേന്ദ്രീകരിച്ചും മറ്റ് വ്യവസായ കച്ചവട സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വീടുകൾ കേന്ദ്രീകരിച്ചു കൊണ്ട് യാതൊരുവിധ രജിസ്ട്രെഷനും ഇല്ലാത്ത മൈക്രോഫിനാൻസ് സംഘങ്ങളിൽ നിന്നും ഇടനിലക്കാരായി നിന്ന് കൊണ്ട് ലോൺ എടുത്തു കൊടുക്കുകയും ലോൺ മുടങ്ങുമ്പോൾ ഭീഷണിപ്പെടുത്തി ലൈംഗീകമായി ചൂഷണം ചെയ്യുകയും അതിനും വഴങ്ങിയില്ലെങ്കിൽ വീട് കയറി ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സംഘങ്ങളാണ് പാരിപ്പള്ളി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നത്.

@ ലോൺ എടുക്കുന്നവരുടെ രേഖകൾ ദുരുപയോഗം ചെയ്യുന്നു.

ഒരു തവണ ഗ്രൂപ്പ്‌ ലോൺ എടുത്താൽ ആ രേഖകൾ ഉപയോഗിച്ച് മൈക്രോ ഫിനാൻസിലെ ഉദ്യോഗസ്ഥർ തന്നെ വീണ്ടും ലോൺ എടുത്തു തിരിമറി നടത്തുന്നതായി നിരവധി പരാതികളാണ് ഉയരുന്നത്. രേഖകൾ എല്ലാം ഡിജിറ്റൽ രേഖകളാക്കി മാറ്റി വ്യാജഒപ്പ് ഇട്ട് കൊണ്ടാണ് ഉദ്യോഗസ്ഥർ തിരിമറി നടത്തുന്നത്. ഫിനാൻസ് കമ്പനികളുടെ രേഖകളിൽ എല്ലാം തന്നെ കൃത്യമായ വിവരങ്ങൾ കാണിച്ചു കൊണ്ട് നടത്തുന്ന ഇത്തരം ഇടപാടുകൾ പുറത്താകുന്നത് മറ്റ് ബാങ്കുകളിൽ ഇടപാടുകൾക്ക് ചെല്ലുബോൾ ആണ് ആധാർകാർഡിലെ വിവരങ്ങൾ പരിശോധിക്കുമ്പോൾ മുൻപ് വായ്പ എടുത്തതായി കാണിക്കുകയും ലോൺ നിഷേധിക്കുകയും ചെയ്‌യുമ്പോൾ ആണ്. ഇത്തരത്തിൽ ആധാർകാർഡ് അടക്കമുള്ള രേഖകൾ ദുരുപയോഗം ചെയ്യുന്നത് തടയണമെന്ന ആവശ്യം ശക്തമാണ്.

@ സ്വാശ്രയ സംഘങ്ങള്‍ ബ്ലേഡ് സംഘങ്ങളായി മാറുന്നതായി പരാതി
 
കുടുംബശ്രീ മുഖേനയും അല്ലാതെയും രൂപം കൊണ്ട സ്വാശ്രയ സംഘങ്ങള്‍ ജനങ്ങളുടെ ജീവനെടുക്കുന്ന ബ്ലേഡ് സംഘങ്ങളായി മാറുന്നതായും പരാതിയുയരുന്നു. ബ്ലേഡ് പലിശക്കാരെ വെല്ലുന്ന രീതിയിലാണ് ചില സംഘങ്ങളുടെ പ്രവര്‍ത്തനം. ബാങ്കുകളില്‍നിന്നും വന്‍തുക വായ്പയെടുക്കുന്ന തുക നൂറിന് പത്തും പതിനഞ്ചും രൂപ പലിശയ്ക്ക് കൊടുക്കുന്ന സ്വാശ്രയസംഘങ്ങള്‍ നിരവധിയാണ്.
റിയല്‍ എസ്റ്റേറ്റ് പലിശയ്ക്ക് പണംനല്‍കല്‍ അനധികൃതവും അല്ലാത്തതുമായ ടാക്‌സികള്‍, ബിസിനസ് തുടങ്ങി മിക്ക മേഖലയിലേക്കും ഇത്തരം സംഘങ്ങള്‍ കടന്നിരിക്കുന്നു. ആഴ്ചയില്‍ അമ്പതും നൂറും നിക്ഷേപിക്കുന്ന സംഘങ്ങള്‍മുതല്‍ ആയിരങ്ങളും ലക്ഷങ്ങളും സംഘത്തില്‍ നിക്ഷേപിക്കുന്ന വന്‍കിടക്കാരുടെ സംഘങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.
 അടുത്തിടെയുണ്ടായ ചില ആത്മഹത്യകൾ 
ഇത്തരം  സംഘങ്ങളുടെ കെണിയിലകപ്പെട്ടാണ്. ഒരു സംഘത്തിലെ അംഗത്തില്‍നിന്നാണ് മരിച്ച വീട്ടമ്മ രണ്ടുലക്ഷം രൂപ ബ്ലേഡ് പലിശയ്ക്ക് വാങ്ങിയത്. പലിശ കയറി ഇത് എട്ടുലക്ഷമായി. രണ്ടുലക്ഷത്തിന് ആറുലക്ഷം രൂപ പലിശയായി. പണം ഈടാക്കുന്നതിന് പലിശക്കാരി വീട്ടമ്മയുടെ വീടിന്റെ മുറ്റംവരെ അഞ്ചുസെന്റ് ഭൂമി എഴുതിവാങ്ങുകയും ചെയ്തു.
ഭീഷണിയും അപമാനവും ഭയന്നാണ് വീട്ടമ്മ ജീവനൊടുക്കിയത്. പലിശയ്ക്ക് പണംനല്‍കിയ സ്ത്രീ സ്വാശ്രയ സംഘത്തില്‍നിന്നും ഒരുലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഈ തുക ഉപയോഗിച്ചാണ് മരിച്ച വീട്ടമ്മയ്ക്ക് രണ്ടുലക്ഷം നല്‍കിയത്.


No comments:

Post a Comment