സമരം മൂലം വിദ്യാർത്ഥികൾ ഉൾപ്പെടെ യാത്രക്കാർ ബസില്ലാതെ കഷ്ടപ്പെടുന്നത് ജില്ലയുടെ തെരുവോരങ്ങളിൽ നൊമ്പരക്കാഴ്ചയായി. നിരക്കുവര്‍ധന നടപ്പാക്കാത്തതിൻ്റെ പേരിൽ
സ്വകാര്യ ബസുടമകള്‍ നടത്തിയ
സ്വകാര്യബസ് സർവീസുകൾ നിർത്തി വച്ച് നടത്തിയ സമരം ജില്ലയിൽ പൂർണ്ണമായി പ്രൈവറ്റ് ബസുകൾ ഒന്നും തന്നെ നിരത്തിലിറക്കാത്തത് മൂലം
ജനങ്ങൾ വലഞ്ഞു. സ്കൂൾ വിദ്യാർത്ഥികളുടെ ഒന്നു മുതൽ ഒൻപത് വരെയുള്ള പരീക്ഷ നടന്നു കൊണ്ടിരിക്കെ തന്നെ സമരം തുടങ്ങിയെന്നത് കുട്ടികളോട് ഉള്ള ക്രൂരതയായി മാറി. നഗരഗ്രാമ വിത്യാസമില്ലാതെ
ഭൂരിപക്ഷം വിദ്യാർത്ഥികളും സ്വകാര്യ ബസുകളെ ആശ്രയിച്ചാണ് സ്കൂളുകളിൽ എത്തുന്നത്.കിഴക്കൻ മേഖലയിലെ മലയോര മേഖലയിൽ വിദ്യാർത്ഥികൾ കിലോമീറ്ററുകൾ നടന്നാണ് സ്കൂളുകളിൽ എത്തിയത് ഇരുചക്ര വാഹനങ്ങളിൽ ലിഫ്റ്റിനായി റോഡ് സൈഡിൽ വിദ്യാർത്ഥികളുടെ നീണ്ട നിര തന്നെ ഉണ്ടായിരുന്നു.വിദ്യാർത്ഥിനികൾ പലരും ബന്ധുക്കളുടെ സഹായത്തോടെയാണ് സ്കൂളുകളിൽ എത്തിയത്. സർക്കാർ ഓഫിസുകളിൽ പ്രൈവറ്റ് ബസിനെ ആശ്രയിച്ചു ജോലിക്ക് എത്തിയവർ പലരും ലീവ് എടുത്തു ഇത് മൂലം ഹാജർ നിലയിലും കുറവ് ഉണ്ടായി. പ്രൈവറ്റ് ബസുകൾ നിരത്തിൽ നിന്നും ഒഴിഞ്ഞപ്പോൾ സമാന്തര സർവീസുകളും ഓട്ടോറിക്ഷകളും കളം നിറഞ്ഞു ഓട്ടോറിക്ഷകൾ തോന്നുംപടി റേറ്റിൽ ഓട്ടം ഓടി. സമരത്തെ തുടർന്ന് കെ എസ് ആർ ടി സി കൂടുതൽ ബസിറക്കുമെന്ന് പറഞ്ഞിട്ടും നാമമാത്രമായ സർവീസുകൾ മാത്രമാണ് ഓപ്പറേറ്റ് ചെയ്തത്.
@ ബെസ്റ്റ് ടൈമിംഗ്. സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന വിദ്യാർഥികളുടെ രോദനം ആര് കേൾക്കാൻ.
ബസ് ചാർജ് സർക്കാർ വർധിപ്പിക്കുമെന്നത് നേരാണ്. നേരിട്ട് കൂട്ടിയാൽ പ്രതിഷേധം ഉണ്ടാകുമോയെന്ന് കരുതി സമരം നടത്തിയ ശേഷം കൂട്ടുന്നതും ഒരു തരം തന്ത്രം തന്നെയാണ് ഇതെല്ലാം പ്രൈവറ്റ് ബസ് മുതലാളിമാരും സർക്കാരും തമ്മിലുള്ള ഒത്ത് കളിയാണ്.
സംസ്ഥാനത്ത് നിലവിലുള്ള 12,000 സ്വകാര്യ ബസുകളിൽ കൊവിഡ് കാലത്തിനു ശേഷം നിരത്തിലിറങ്ങിയത് 5500 ബസുകള്‍ മാത്രമാണെന്നും ഈ ബസുകള്‍ ഇന്നു മുതൽ ഓടില്ലെന്നുമാണ് ബസ് ഓപ്പറേറ്റേഴ്സ് കോര്‍ഡിനഷൻ കമ്മിറ്റി അറിയിച്ചത്.
ഇന്ധനവിലയും പരിപാലനച്ചെലവും ഉയര്‍ന്നതു പരിഗണിച്ച് സംസ്ഥാനത്തെ ബസ് യാത്രാനിരക്ക് വര്‍ധിപ്പിക്കാമെന്നാണ് ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ്റെ നിലപാട്. മുൻപ് ഗതാഗതമന്ത്രി ആൻ്റണി രാജുവിൻ്റെ അധ്യക്ഷതയിൽ ബസുടമകളുമായി നടത്തിയ ചര്‍ച്ചയിൽ മിനിമം യാത്രാനിരക്ക് അടക്കം വര്‍ധിപ്പിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാൽ മാസങ്ങള്‍ക്കു ശേഷവും നിരക്കുവര്‍ധന നടപ്പിൽ വരുത്തിയിട്ടില്ലെന്നാണ് ബസുടമകള്‍ ചൂണ്ടിക്കാണിക്കുന്നത്.
മിനിമം യാത്രാനിരക്ക് 12 രൂപയാക്കി വര്‍ധിപ്പിക്കണമെന്നും കിലോമീറ്റര്‍ നിരക്ക് ഉയര്‍ത്തണമെന്നുമാണ് ബസുടമകളുടെ പ്രധാന ആവശ്യം. കൂടാതെ വിദ്യാര്‍ഥികളുടെ കൺസെഷൻ നിരക്ക് 6 രൂപയാക്കി മാറ്റുക, കൊവിഡ് കാലം അവസാനിക്കുന്നതു വരെ ബസുകളുടെ നികുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും ബസുടമകള്‍ മുന്നോട്ടു വെച്ചിട്ടുണ്ട്.
യാത്രാനിരക്ക് വര്‍ധിപ്പിക്കാൻ ധാരണയായെങ്കിലും വിദ്യാര്‍ഥികളുടെ കൺസെഷൻ നിരക്കാണ് സര്‍ക്കാരിനു മുന്നിലെ കീറാമുട്ടി. അഞ്ച് രൂപയാക്കി വര്‍ധിപ്പിക്കാമെന്നാണ് രാമചന്ദ്രൻ കമ്മീഷൻ അറിയിച്ചിട്ടുള്ളതെങ്കിലും ആറ് രൂപയാണ് ബസുടമകള്‍ ആവശ്യപ്പെടുന്നത്. റേഷൻ കാര്‍ഡ് അടിസ്ഥാനത്തിൽ വിദ്യാര്‍ഥികള്‍ക്ക് കൺസെഷൻ നിരക്ക് തീരുമാനിക്കാമെന്നും ബിപിഎൽ വിദ്യാര്‍ഥികള്‍ക്ക് മാത്രം സൗജന്യയാത്ര അനുവദിക്കാമെന്നുമാണ് സര്‍ക്കാര്‍ നിലപാട്. എന്നാൽ വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് അതേപടി നിലനിര്‍ത്തണമെന്നാണ് വിദ്യാര്‍ഥി സംഘടനകള്‍ പറയുന്നത്. ഇക്കാര്യത്തിൽ അന്തിമതീരുമാനത്തിലെത്താൻ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല.
നവംബര്‍ മാസത്തിൽ തന്നെ ബസ് ചാര്‍ജ് 10 രൂപയാക്കാൻ ആലോചനയുണ്ടായെങ്കിലും സര്‍ക്കാര്‍ നടപ്പാക്കിയില്ലെന്ന് ബസുടമകള്‍ ചൂണ്ടിക്കാണിക്കുന്നു.നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനവ് ഉള്‍പ്പെടെയുള്ള സാഹ്ചര്യത്തിൽ യാത്രാക്കൂലി വര്‍ധിപ്പിക്കുന്നത് പൊതുജനങ്ങളുടെ ദുരിതം വര്‍ധിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഈ സാഹചര്യത്തിൽ നിരക്കു വര്‍ധന വൈകിപ്പിക്കുകയാണ് സര്‍ക്കാര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. നിരക്ക് വർധിപ്പിക്കാനാണെങ്കിൽ പിന്നെന്തിനീ കോപ്രായങ്ങൾ.
കൊവിഡ് കാലത്തെ വാഹനനികുതി ഒഴിവാക്കണമെന്ന് വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തെങ്കിലും സര്‍ക്കാര്‍ പരിഗണിച്ചില്ല. മഹാമാരിയ്ക്കു ശേഷം ഇതുവരെ അടച്ച വാഹനനികുതി തിരിച്ചു നൽകണമെന്നും വരും മാസങ്ങളിൽ നികുതി ഒഴിവാക്കണമെന്നുമാണ് ഉടമകളുടെ ആവശ്യം. കൂടാതെ കെഎസ്ആര്‍ടിസിയ്ക്കു വേണ്ടി 1000 കോടി രൂപ നീക്കിവെച്ച സംസ്ഥാന ബജറ്റിൽ സ്വകാര്യ ബസുകളെ പരിഗണിച്ചില്ലെന്നും ആരോപണമുണ്ട്.
എന്തായാലും മന്ത്രിമാർക്കും ഉന്നതർക്കും മറ്റും പൊതു നിരത്തിലെ യാത്രാക്ളേശം അറിയേണ്ട കാര്യമില്ല. അതൊക്കെ അത്താഴപ്പട്ടിണിക്കാരന്റെ വിലാപങ്ങളാണ്.
No comments:
Post a Comment