Saturday, 19 March 2022

കൊട്ടിയം കേന്ദ്രമാക്കി നഗരസഭ രൂപീകരിക്കണം : കൊട്ടിയം പൗരവേദി

കൊട്ടിയം കേന്ദ്രമാക്കി നഗരസഭ രൂപീകരിക്കണം : കൊട്ടിയം പൗരവേദി 
കൊട്ടിയം : കൊട്ടിയത്തിന്റെ സമഗ്രവികസനത്തിന് കൊട്ടിയം കേന്ദ്രമാക്കി നഗരസഭ രൂപീകരിക്കണമെന്ന് കൊട്ടിയം പൗര വേദി ആവശ്യപ്പെട്ടു. മയ്യനാട് ആദിച്ചനല്ലൂർ തൃക്കോവിൽവട്ടം പഞ്ചായത്തുകൾ കൂട്ടിച്ചേർത്ത് നഗരസഭ രൂപീകരിക്കണമെന്നാണ് പൗരവേദിയുടെ ആവശ്യം. കൊട്ടിയം കേന്ദ്രീകരിച്ചു ഒരു തദ്ദേശ ഭരണ സംവിധാനം ഇല്ലാത്തതാണ് കൊട്ടിയം ജംഗ്ഷനും അനുബന്ധ പ്രദേശങ്ങളും വികസന രംഗത്ത് അവഗണിക്കപ്പെടുന്ന തിനുള്ള പ്രധാന കാരണം. ഒരു ഭരണസംവിധാനത്തിന്റെ അഭാവം മൂലം കൊട്ടിയം ജംഗ്ഷൻ ഉൾക്കൊള്ളുന്ന ഇരവിപുരം, ചാത്തന്നൂർ നിയോജക മണ്ഡലങ്ങളിലെ എം എൽ എ മാരും, ആദിച്ചനല്ലൂർ, മയ്യനാട് ഗ്രാമപഞ്ചായത്തുകളും കൊട്ടിയം പ്രദേശത്തിന്റെ വികസനത്തിന് യാതൊരു പ്രാധാന്യവും നൽകുന്നില്ല. എന്നാൽ ഈ രണ്ട് പഞ്ചായത്തുകളുടെയും വരുമാന സ്രോതസ്സ് കൊട്ടിയം ജംഗ്ഷൻ ആണ്. അതിന് ആനുപാതികമായ പുരോഗതിക്കുള്ള നടപടികൾ ഈ പഞ്ചായത്തുകളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. നിലവിൽ തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 1.18 ലക്ഷമാണ്. ആദിച്ചനല്ലൂ രിൽ അമ്പതിനായിരത്തിലധികവും, മയ്യനാട്, എഴുപതിനായിരത്തിലധികവും ആണ്. ഈ മൂന്ന് പഞ്ചായത്തുകളിലെയും കൂടിയുള്ള ജനസംഖ്യ ഒരു നഗരസഭയ്ക്ക് ആവശ്യമുള്ള ജനസംഖ്യയിലും അഞ്ച് ഇരട്ടിയോളം വരും. വിസ്തൃതിയും ആവശ്യത്തിലധികം ആണ്. ഇന്ന് നാഗരികഭാവം കൈവന്നിരിക്കുന്ന കൊട്ടിയത്തിന് ഒരു പഞ്ചായത്ത്‌ ആവശ്യമെന്ന വാദം അപ്രസക്തവും, മൂന്ന് പഞ്ചായത്തുകൾ വിഭജിക്കുക എന്നത് അസാധ്യവും ആണ്. കൊട്ടിയം നഗരസഭ രൂപം കൊണ്ടാൽ അത്‌ മൂന്ന് പഞ്ചായത്ത്‌ പ്രദേശങ്ങളുടെയും വികസനത്തിന്‌ വഴിയൊരുക്കും
എന്നിരിക്കെ ഈ ആവശ്യമുന്നയിച്ച് പൗരവേദി മുഖ്യമന്ത്രി, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി, എം എൽ എ മാർ എന്നിവർക്ക് നിവേദനം സമർപ്പിക്കും. വിവിധ രാഷ്ട്രീയ കക്ഷികളുടെ പിന്തുണയും തേടുമെന്ന് പൗരസമിതി ഭാരവാഹികൾ പറഞ്ഞു.

No comments:

Post a Comment