കൊല്ലം : ജില്ലയിലെ സ്കൂൾ വിദ്യാർഥികളുടെ മാനസികാരോഗ്യപരിചരണത്തിനു നിയമിക്കപ്പെട്ട സൈക്കോ സോഷ്യൽ കൗൺസലർമാർ ഓടിത്തളരുന്നു. വിദ്യാർഥികളുടെ പ്രയാസങ്ങളും പ്രശ്നങ്ങളും ചോദിച്ചറിഞ്ഞ് അവരനുഭവിക്കുന്ന മാനസികസമ്മർദം കുറയ്ക്കാൻ കൗൺസലിങ് നൽകുന്ന ജീവനക്കാരെ ആവശ്യത്തിന് നിയമിക്കാത്തതാണ് ഇവരെ സമ്മർദത്തിലാക്കുന്നത്.
വീടുകളിലും പുറത്തുമായി വിദ്യാർഥികൾ നേരിടുന്ന ചൂഷണങ്ങളുടെയും ലൈംഗികാതിക്രമങ്ങളുടെയും സത്യാവസ്ഥ പുറത്തു കൊണ്ട് വരുന്നതിൽ വലിയ പങ്ക് വഹിക്കുന്നവരാണ് കൗൺസലർമാർ.
ആവശ്യത്തിന് കൗൺസലർമാർ ഇല്ലാത്തതിനാൽ ഒന്നിലധികം സ്കൂളുകളുടെ ചുമതലയാണ് ഒരോ കൗൺസലർമാർക്കുമുള്ളത്.
ഇത് ഇവരുടെ ജോലിഭാരവും മാനസികപിരിമുറുക്കവും വർധിപ്പിക്കുന്നതായി ഈ മേഖലയിൽ മൂന്നുവർഷമായി പ്രവർത്തിക്കുന്ന കൗൺസലർ സാക്ഷ്യപ്പെടുത്തുന്നു. കരാറടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഇവരുടെ ജോലിയ്ക്ക് സ്ഥിരതയില്ലാത്തതും ഇവരെ പ്രയാസത്തിലാക്കുന്നു. നിലവിൽ ജില്ലയിലെ നൂറ്. കണക്കിന്
സ്കൂളുകളിലായി എൺപതോളം കൗൺസലർമാരാണുള്ളത്. കൊവിഡും അടച്ചിടലും ഓൺലൈൻ ക്ലാസുകളും കാരണം കുട്ടികൾ വീട്ടിൽ തളച്ചിടപ്പെട്ട
വിദ്യാർത്ഥികൾ ഓഫ് ലൈൻ ക്ലാസുകളിലേക്ക് മാറുമ്പോഴുള്ള
അവസ്ഥയെ മറികടക്കാൻ മാനസികപിന്തുണ നൽകേണ്ടതിന് കൗൺസലർമാരുടെ കുറവ് തടസ്സമാവുന്നുണ്ട്. സംസ്ഥാനത്തെ സ്കൂളുകളിൽ സൈക്കോ സോഷ്യൽ കൗൺസലർമാരുടെ കുറവുണ്ടെന്ന് പുതിയസർക്
വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിതന്നെ വ്യക്തമാക്കിയിരുന്നു. അത് പരിഹരിക്കാൻ കൂടുതൽ കൗൺസലർമാരെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. എന്നിട്ടും നിയമനനടപടി ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുകയാണ്.
@ ലക്ഷ്യം ഉള്ളറിഞ്ഞ് ശാക്തീകരണം
കൗമാരപ്രായത്തിലുള്ള പെൺകുട്ടികളുടെ ശാക്തീകരണത്തിന് വനിതാ - ശിശുക്ഷേമവകുപ്പിന്റെ കീഴിലാണ് സൈക്കോ സോഷ്യൽ പദ്ധതിയിൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ കൗൺസലർമാരെ നിയമിക്കുന്നത്. കൗൺസലിങ്, മനശ്ശാസ്ത്രവിലയിരുത്തൽ, ഫലപ്രദമായ ഇടപെടൽ, കരിയർ ഗൈഡൻസ് എന്നിവയിലൂടെ കുട്ടികൾക്കാവശ്യമായ സാമൂഹിക, മാനസിക പിന്തുണ നൽകി അവരെ സ്വയംപര്യപ്തമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
കൊവിഡ് കാലത്ത് വീട്ടകങ്ങളിൽ ഉൾപ്പെടെ കുട്ടികൾക്കുനേരെ അതിക്രമം നടന്നിട്ടുണ്ട്. ബന്ധുക്കളിൽനിന്നും അടുപ്പക്കാരിൽനിന്നും വരെ പീഡനമേറ്റു. പോക്സോ വിഭാഗത്തിൽപ്പെടുത്താവുന്ന ഇത്തരം കേസുകൾ പുറത്തുകൊണ്ടുവരുന്നതിന് നിർണായക ഇടപെടൽ നടത്തുന്ന സൈക്കോ സോഷ്യൽ കൗൺസിലർമാരുടെ ഇടപെടലും സർക്കാർതലത്തിൽ പരിശോധിക്കേണ്ടതാണ്.
താത്കാലികനിയമനത്തിലൂടെ വർഷങ്ങളായി ജോലിചെയ്യുന്ന ഇവരാണ് കുട്ടികൾക്കുനേരെയുണ്ടാവുന്ന പീഡനങ്ങൾ ആദ്യം അറിയുന്നത്. കുട്ടികളുടെ മാനസികവും ശാരീരികവുമായ മാറ്റങ്ങൾ സൂക്ഷ്മമായി മനസ്സിലാക്കുകയും അവർക്ക് കൗൺസലിങ് കൊടുക്കുകയും ചെയ്യുന്നതിനപ്പുറം സമൂഹത്തിൽ മാന്യതയുടെ മുഖംമൂടിയണിഞ്ഞ് കുട്ടികളെ ശാരീരിക പീഡനത്തിനിരയാക്കുന്നവരെ നിയമത്തിനുമുന്നിലെത്തിക്കാൻ ഇവർ നടത്തുന്ന പ്രവർത്തനവും വലുതാണ്.
പുതിയനിയമനങ്ങൾ നൽകാതെ നാമമാത്രമായ കൗൺസലർമാരെവെച്ചാണ് തദ്ദേശസ്ഥാപനങ്ങൾ കുട്ടികളുടെ കൗൺസലിങ്ങും മറ്റും നടത്തുന്നത്. അഭിമുഖം കഴിഞ്ഞിട്ടും കൗൺസലർ നിയമനം നടത്താത്ത സാഹചര്യവും നിലനിൽക്കുന്നുണ്ട്.
@ പോക്സോകേസുകളെ ബാധിക്കുന്നു
പീഡനങ്ങൾ കൂടുകയും കൗൺസലിങ് കുറയുകയും ചെയ്യുന്ന സാഹചര്യം കുട്ടികളുടെ മാനസികാരോഗ്യത്തെയാണ് ബാധിക്കുന്നത്. കുട്ടികൾക്കിടയിൽ നല്ലരീതിയിലുള്ള കൗൺസലർമാരുടെ ഇടപെടൽ എത്തിയാൽ ഒരുപരിധിവരെ പോക്സോകേസുകൾ കണ്ടെത്താം.
മാസങ്ങളും വർഷങ്ങളും സമയമെടുത്താണ് പീഡനത്തിനിരയാക്കപ്പെട്ട കാര്യം കുട്ടികൾ പങ്കുവെക്കുക. കൃത്യസമയത്ത് കൗൺസലർമാർ തങ്ങളുടെ മുന്നിൽ എത്താത്തതും കുട്ടികൾ മനസ്സുതുറക്കാൻ വൈകുന്നതിനു കാരണമാവുന്നുണ്ട്
No comments:
Post a Comment