ചാത്തന്നൂര്‍: ആവേശകരമായ നെടുംകുതിരയെടുപ്പും കെട്ടുകാഴ്ചകളും ചാത്തന്നൂര്‍ ഭൂതനാഥക്ഷേത്രത്തിലെ ഉത്സവത്തെ അവിസ്മരണീയമാക്കി. പകല്‍ മൂന്നരയോടെ ഭക്തജനങ്ങള്‍ നേര്‍ച്ചയായി എഴുന്നള്ളിച്ച കരിവീരന്മാര്‍ ക്ഷേത്രസന്നിധിയില്‍ അണിചേര്‍ന്നു. തു
തിടമ്പേറ്റിയ ഗജവീരന്റെ അകമ്പടിയായി ഗജവീരന്മാര്‍ ക്ഷേത്രസന്നിധിയില്‍നിന്ന് ചാത്തന്നൂര്‍ ജങ്ഷനിലെത്തി. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ഭൂതനാഥന്റെ തിടമ്പേറ്റിയ ഗജവീരന്‍ ചേന്നമത്ത് മഹാദേവര്‍ ക്ഷേത്രസന്നിധിയിലേക്ക് പോയി. അവിടെ ആചാരപരമായ ചടങ്ങുകള്‍ നടത്തിയശേഷം തിരികെ ചാത്തന്നൂര്‍ ജങ്ഷന്‍ വഴി ആറാട്ട് കണ്ടത്തിലെത്തി.
ഈ സമയം ചാത്തന്നൂരില്‍ ഗജമേള അരങ്ങേറി. തിടമ്പേറ്റിയ ഗജവീരന്‍ ആറാട്ടുകണ്ടത്തിലെത്തിയതോടെ ചടങ്ങുകള്‍ ആരംഭിച്ചു. തേങ്ങ ഉടച്ച്, വെടിപൊട്ടിച്ചതോടെ ഭൂതനാഥന്റെ ഇഷ്ടവിനോദമായ നെടുംകുതിരയെടുപ്പ് ആരംഭിച്ചു. കരയിലെ ചെറുപ്പക്കാര്‍ നെടുംകുതിരയുടെ ചട്ടങ്ങള്‍ കരതലങ്ങളിലുയര്‍ത്തി അമ്മാനമാടിയപ്പോള്‍ കുതിരയെടുപ്പ് ആവേശം പകര്‍ന്നു. ഭൂതനാഥ സ്തുതികളും പ്രാര്‍ഥനാഗീതങ്ങളും വായ്ക്കുരവയും ആര്‍പ്പുവിളികളുമായി ദേശമാകെ നെടുംകുതിരയെടുപ്പ് ഭക്തിനിര്‍ഭരവും ആവേശകരവുമായ അന്തരീക്ഷത്തിലായിരുന്നു.
കീഴൂട്ട് ക്ഷേത്രത്തില്‍ വടക്കോട്ട് ദര്‍ശനമായി കെട്ടിയ നെടുംകുതിരയെ മുന്നോട്ടുകൊണ്ടുപോയി കീഴൂട്ട് ക്ഷേത്രത്തിലെ ഭഗവാന് അഭിമുഖമായി കാണിച്ചശേഷം മേലൂട്ട് ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി. മേലൂട്ട് ക്ഷേത്രത്തില്‍ മൂന്നുവലംവച്ചശേഷം കുതിരപന്തിയിലിറക്കി. അതോടെ ചാത്തന്നൂര്‍ ജങ്ഷനിൽ നിന്നിരുന്ന
ഗജവീരന്മാർ ക്ഷേത്രസന്നിധിയിലേക്ക് നീങ്ങി. പിന്നീട് കെട്ടുകാഴ്ചകളുടെ വരവായിരുന്നു. പത്തിലേറെ നിശ്ചല ദൃശ്യങ്ങളും നാടന്‍ കലാരൂപങ്ങളും ശിങ്കാരിമേളം, പഞ്ചവാദ്യം ഉള്‍പ്പെടെയുള്ള വാദ്യഘോഷങ്ങള്‍,
എടുപ്പുകാളകള്‍, വണ്ടിക്കുതിര, വള്ളംകളി, തെയ്യം, ചമയക്കാള,
അര്‍ദ്ധനാരീശ്വരനൃത്തം തുടങ്ങിയ കെട്ടുകാഴ്ചകള്‍ ദേശത്തെ ആഘോഷത്തിമിര്‍പ്പിലാക്കി.
വൈദ്യുതി ദീപാലങ്കാരങ്ങള്‍കൊണ്ട് മുക്കുംമൂലയും അലങ്കരിക്കപ്പെട്ട ചാത്തന്നൂരിന്റെ എല്ലാ വിഥികളും ഭൂതനാഥക്ഷേത്രത്തിലേക്ക് ഒഴുകുകയായിരുന്നു. ജനപ്രവാഹം നിയന്ത്രിക്കാന്‍ പോലീസ് നന്നേ പണിപെട്ടു. ചാത്തന്നൂര്‍ എ സി പിയുടെ നേതൃത്വത്തില്‍ ശക്തമായ പോലീസ് സന്നാഹം ഒരുക്കിയിരുന്നു. ഘോഷയാത്രയ്ക്കും ആഘോഷപരിപാടികള്‍ക്കും ക്ഷേത്രഭാരവാഹികളും കമ്മിറ്റി അംഗങ്ങളും നേതൃത്വം നൽകി.
No comments:
Post a Comment