Monday, 14 March 2022

കഥകളി പെരുമയുടെ തിലകകുറിയായി ശ്രീഭൂത നാഥ ക്ഷേത്ര കഥകളി യോഗം

കഥകളി പെരുമയുടെ തിലകകുറിയായി ശ്രീഭൂത നാഥ ക്ഷേത്ര കഥകളി യോഗം
ചാത്തന്നൂര്‍: കഥകളി പെരുമയുടെ തിലകകുറിയായി ചാത്തന്നൂര്‍ ശ്രീഭൂതനാഥവിലാസം ക്ഷേത്രം കേന്ദ്രമായി പിറവിയെടുത്ത ശ്രീഭൂതനാഥ ക്ഷേത്ര കഥകളി യോഗം. 
കഥകളി പിറവിയെടുത്ത കാലം മുതല്‍ ചാത്തന്നൂരില്‍ കഥകളി കലാകാരന്മാരും ശ്രീഭൂതനാഥ ക്ഷേത്രത്തില്‍ കഥകളിയും നടന്നു വന്നതായി ചരിത്രരേഖകള്‍ തെളിയിക്കുന്നു. കഥകളി ആശാന്മാരായിരുന്ന മാതുആശാന്‍, നാണുആശാന്‍, അയ്യപ്പന്‍ ആശാന്‍ എന്നിങ്ങനെയുള്ള മൂവര്‍ സംഘമാണ് ചാത്തന്നൂര്‍ ശ്രീഭൂതനാഥവിലാസം കഥകളി യോഗത്തിന് തുടക്കമിടുന്നത്. 
അടുത്ത തലമുറയിൽ പൂതക്കുളം നീലമന ഇല്ലത്തില്‍ കൃഷ്ണന്‍ നമ്പൂതിരിയുടെ കൈകളിലേക്ക് കൈമാറിയപ്പോള്‍ കഥകളിയോഗം അതിപ്രശസ്തിയുടെ കാലഘട്ടത്തിലേക്ക് മാറിയിരുന്നു. മുണ്ടയ്ക്കല്‍ കേശവപിള്ള, സഹോദരന്മാരായ ചാത്തന്നൂര്‍ പരമേശ്വരന്‍ പിള്ള,മുണ്ടയ്ക്കൽ കൊച്ചു നാരായണപിള്ള 
 എന്നിവരുടെ നേതൃത്വത്തില്‍ കഥകളിയോഗം പ്രശസ്തമായി.
മുണ്ടയ്ക്കൽ കൊച്ചു നാരായണപിള്ളയുടെ മരണശേഷം ഭാര്യ ഇന്ദിരയമ്മ കഥകളിയോഗം ശ്രീഭൂതനാഥ ക്ഷേത്രത്തിന് സമർപ്പിക്കുകയായിരുന്നു.
ഇപ്പോള്‍ കേരളത്തിലെ തന്നെ മുതിര്‍ന്ന കഥകളി ആചാര്യനായ ചാത്തന്നൂര്‍ കൊച്ചു നാരായണപിള്ളയുടെ നേതൃത്വത്തില്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ കഥകളി അവതരിപ്പിച്ചു വരികയാണ്. നെടുമുടി വിജയന്‍പിള്ള, ആറന്മുള ഓമനകുട്ടന്‍പിള്ള, പുതിയ തലമുറയില്‍പ്പെട്ട ചാത്തന്നൂര്‍ രഞ്ജു എന്നിവരാണ് ഇപ്പോള്‍ കഥകളി യോഗത്തിന്റെ അണിയറയില്‍.
കേരള കലാകേന്ദ്രം എന്ന പേരില്‍ കഥകളി പഠനകേന്ദ്രവും ഇവിടെ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. നൂറു കണക്കിന് വിദ്യാര്‍ഥികള്‍ ഇവിടെ നിന്നും പഠിച്ചിറങ്ങിയിട്ടുണ്ട്. വലിയൊരു ശിഷ്യസമ്പത്തിന് ഉടമയാണ് കഥകളി ആശാനായ ചാത്തന്നൂര്‍ കൊച്ചു നാരായണപിള്ള. 
കഥകളിയുടെ ആടയാഭരണങ്ങളും കിരീടങ്ങളും കേശഭാരത്തോടു കൂടിയ വലിയ കിരീടങ്ങള്‍, തിളങ്ങുന്ന പട്ടില്‍ തീര്‍ത്ത കട്ടികഞ്ചുകങ്ങള്‍ (മേല്‍ കുപ്പായം) നിറപ്പകിട്ടാര്‍ന്ന അരപ്പാവാടകള്‍ തുടങ്ങി കഥകളിക്ക് ഗവേഷണം നടത്തുന്നതിനും കഥകളി മ്യുസിയത്തിനുമുള്ളതെല്ലാം ശ്രീഭൂതനാഥകഥകളി യോഗത്തിന് സ്വന്തമായുണ്ട്.
അറിയാപ്പെടുന്ന കലാകാരികളായിരുന്ന ചവറ പാറുകുട്ടിയമ്മയും കുന്നത്തൂര്‍ സരസ്വതിയുമടക്കം നൂറ് കണക്കിന് പ്രശസ്തരായ കലാകാരന്മാര്‍ ശ്രീഭൂതനാഥവിലാസം കഥകളി യോഗത്തില്‍ കഥകളി അവതരിപ്പിച്ചിട്ടുണ്ട്. 
ചാത്തന്നൂര്‍ ശശികലയും ചാത്തന്നൂര്‍ തങ്കമണിയും ഈ കലാക്ഷേത്രത്തില്‍ നിന്നും പഠിച്ചിറങ്ങിയവരാണ്. ഒരേ സമയം രണ്ട് കഥകളി നടത്തുന്നതിനുള്ള വേഷങ്ങള്‍ കഥകളി യോഗത്തിന് സ്വന്തമായുണ്ട്. 
കഥകളി വേഷക്കാരും, പാട്ടുകാരും, അണിയറക്കാരുമടക്കം ഒട്ടേറെ പേരുണ്ടായിരുന്ന സ്ഥലമാണ് ചാത്തന്നൂര്‍. പുതിയ തലമുറയായ ദേവനാരായണനും ഹരിശങ്കറുമടക്കമുള്ള ഒട്ടേറെ യുവതലമുറയുമുണ്ട്. വര്‍ഷത്തില്‍ നൂറിലേറെ സ്റ്റേജുകള്‍ ലഭിക്കുന്നു. 
കൊറോണ കാലഘട്ടം ഒഴിച്ചാല്‍ ക്ഷേത്രങ്ങളില്‍ കഥകളിക്ക് ആസ്വാധകര്‍ ധാരാളമായുണ്ടെന്ന് ചാത്തന്നൂര്‍ കൊച്ചു നാരായണപിള്ള പറഞ്ഞു.

No comments:

Post a Comment