Monday, 3 January 2022

കിടത്തിച്ചികിത്സയില്ല; കെട്ടിടങ്ങളും ഉപകരണങ്ങളും നശിക്കുന്നു

കിടത്തിച്ചികിത്സയില്ല; കെട്ടിടങ്ങളും ഉപകരണങ്ങളും നശിക്കുന്നു
മയ്യനാട് സി.കേശവൻ മെമ്മോറിയൽ ഗവ. ആശുപത്രിയിൽ കിടത്തിച്ചികിത്സയില്ലാത്തതിനാൽ ഉപയോഗമില്ലാതെ നശിക്കുന്ന കിടക്കകൾ
കൊട്ടിയം : സംസ്ഥാനത്തെ ആദ്യ ആശുപത്രികളിലൊന്നായ മയ്യനാട് ഗവ. ആശുപത്രിയിൽ നിലവിലുണ്ടായിരുന്ന സൗകര്യങ്ങളെല്ലാം കാലംകടക്കുന്തോറും അപ്രത്യക്ഷമാകുന്നു. പതിറ്റാണ്ടുകൾക്കുമുൻപ് കിടത്തിച്ചികിത്സയടക്കം ഉണ്ടായിരുന്ന ആശുപത്രിയിൽ പ്രസവം, പോസ്റ്റ്മോർട്ടം അടക്കം ഉണ്ടായിരുന്നു. ഇന്ന് ഇതെല്ലാം കൈമോശംവന്നനിലയിലാണ്. കിടത്തിച്ചികിത്സയ്ക്കാവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ എല്ലാം ഉണ്ടെങ്കിലും രാത്രി ഡ്യൂട്ടിക്ക് ഡോക്ടറില്ലാത്തതാണ് തടസ്സം. രാത്രി ഡ്യൂട്ടിക്ക് ഡോക്ടറെ നിയമിക്കണമെങ്കിൽ ക്വാർട്ടേഴ്സ് ഉണ്ടാകണമെന്നാണ് അധികൃതരുടെ വാദം. കിടത്തിച്ചികിത്സ ഇല്ലാത്തതിനാൽ നൂറിലേറെ കിടക്കകളും ബഹുനിലക്കെട്ടിടങ്ങളും പ്രയോജനമില്ലാതെ നശിക്കുന്നു. നാട്ടുകാർക്ക് ചികിത്സതേടി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകമാത്രമാണ് പരിഹാരം.

മയ്യനാട് സർക്കാർ ആശുപത്രിയിൽ കിടത്തിച്ചികിത്സയടക്കം ആധുനിക ചികിത്സാസൗകര്യങ്ങളൊരുക്കിയാൽ ജില്ലാ ആശുപത്രിയിലെ തിരക്ക് പകുതിയായി കുറയ്ക്കാനുമാകും. ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമയുടെ കാലത്ത് നാട്ടുകാർ ഉത്പന്നപ്പിരിവ് നടത്തി കെട്ടിടം നിർമിച്ചുനൽകിയാണ് മയ്യനാട് ആശുപത്രിക്ക് തുടക്കമായത്. 1948 ൽ ആരോഗ്യമന്ത്രിയായിരുന്ന ജി.രാമചന്ദ്രനാണ് ഡിസ്പെൻസറിയുടെ കെട്ടിടം ഉദ്ഘാടനം ചെയ്തത്. പിന്നീട് നാട്ടുകാർ ചേർന്ന് പ്രസവവാർഡ് നിർമിച്ചുനൽകി.

1981ൽ ആണ് ബഹുനിലമന്ദിരം നിർമിച്ചത്. കമ്യൂണിറ്റി ഹെൽത്ത് സെന്റർവരെ ആയി ഉയർന്നെങ്കിലും ഉണ്ടായിരുന്ന സൗകര്യങ്ങളിലേറെയും നഷ്ടമായി. നിലവിൽ മുഖത്തല ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലാണ് ആശുപത്രി.

No comments:

Post a Comment