പരവൂർ : പരവൂരിൽ സബ്ട്രഷറി കെട്ടിടം നിർമിക്കാൻ പണമനുവദിച്ച് മൂന്നുവർഷമായിട്ടും കെട്ടിടംപണി തുടങ്ങിയില്ല. പരവൂർ നഗരസഭ ബസ് സ്റ്റാൻഡിൽ നിർമിക്കുന്ന വ്യാപാരസമുച്ചയത്തിൽ താഴത്തെ നിലയാണ് സബ്ട്രഷറിക്ക് നൽകേണ്ടത്. മൂന്നേകാൽക്കോടിയാണ് ധനകാര്യവകുപ്പ് അനുവദിച്ചത്.
നഗരസഭയുമായി ധാരണയുണ്ടാക്കിയിട്ടാണ് തുക വകയിരുത്തിയത്. എന്നാൽ, വ്യാപാരസമുച്ചയ നിർമാണത്തിന്റെ പ്രാഥമികനടപടികൾപോലും ആരംഭിച്ചിട്ടില്ല. അനുവദിച്ച ഫണ്ട് പാഴായിപ്പോകുമെന്ന് അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. സമീപപ്രദേശങ്ങളിൽ ട്രഷറി ഓഫീസുകൾക്ക് സ്വന്തം കെട്ടിടം ഉണ്ടാകുമ്പോഴും പരവൂരിൽ വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.
മാർക്കറ്റ് റോഡിലെ കെട്ടിടത്തിന്റെ രണ്ടാംനിലയിലാണ് സബ്ട്രഷറിയുള്ളത്. പരിമിതമായ സൗകര്യങ്ങളിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. ശാരീരികബുദ്ധിമുട്ടുള്ള പെൻഷൻകാർ പടികയറി രണ്ടാംനിലയിലെത്താൻ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. തിരക്കുള്ള സമയങ്ങളിൽ ഇരിക്കാനുള്ള സൗകര്യംപോലുമില്ല. കടത്തിണ്ണയിലും റോഡരികിലും കാത്തുനിൽക്കേണ്ടിവരും. പൊതുശൗചാലയവും അടുത്തൊന്നുമില്ല. സബ്ട്രഷറി നിർമിക്കണമെന്നാവശ്യപ്പെട്ട് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ പ്രമേയം പാസാക്കി നഗരസഭാധ്യക്ഷയ്ക്ക് നൽകിയിരുന്നു. വ്യാപാരസമുച്ചയം നിർമിക്കാൻ ഒൻപതുകോടിയാണ് ചെലവുവരുന്നത്. ഇതിൽ ആറുകോടിയാണ് നഗരസഭ കണ്ടെത്തേണ്ടത്. ഇത് വായ്പയെടുക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, വരുമാനം കുറഞ്ഞ നഗരസഭയ്ക്ക് സാമ്പത്തികബാധ്യത ഉണ്ടാക്കുമോയെന്ന് ചോദ്യങ്ങൾ ഉയർന്നിരുന്നു.
ചന്തയിലുള്ള വ്യാപാരസമുച്ചയത്തിൽ മുകളിലെ നിലകൾ പലതും ഒഴിഞ്ഞുകിടക്കുകയാണ്. പുതിയ വ്യാപാരസമുച്ചയത്തിൽ താഴത്തെ നില സബ്ട്രഷറിക്ക് വിട്ടുകൊടുത്താൽ മുകളിലെ നിലകൾക്ക് ചന്തയിലെ കെട്ടിടത്തിന്റെ സ്ഥിതിവരുമോയെന്ന ആശങ്കയും നഗരസഭയ്ക്കുണ്ട്. ഫോട്ടോ: പരവൂരിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സബ്ട്രഷറി ഓഫീസ്
@ സബ് ട്രഷറി താത്കാലികമായി ചന്തയിലെ വ്യാപാരസമുച്ചയത്തിന്റെ താഴത്തെ നിലയിലേക്ക് മാറ്റി സ്ഥാപിക്കണം ഒപ്പം അടിയന്തിരമായി കെട്ടിടം നിർമ്മിക്കാനുള്ള നടപടികൾ തുടങ്ങണം
(സ്വർണ്ണമ്മ സുരേഷ്, പ്രതിപക്ഷ നേതാവ് പരവൂർ നഗരസഭ)
ഫോട്ടോ: സ്വർണ്ണസുരേഷ്
No comments:
Post a Comment