Sunday, 23 January 2022

ഇഴഞ്ഞിഴഞ്ഞു നീങ്ങുന്ന നിർമ്മാണപ്രവർത്തനങ്ങളുടെ നടുവിലുണ്ടാകുന്ന ഗതാഗതക്കുരുക്കും അശാസ്ത്രീയ വാഹന പാർക്കിങ്ങും മൂലം കൊല്ലത്തിന് ശ്വാസം മുട്ടുകയാണ്

@ നഗരത്തിലെ അനധികൃത വ്യാപാരങ്ങൾ ഒഴിപ്പിക്കുക

@റോഡരികിൽ അലക്ഷ്യമായി നിർത്തിയിടുന്ന വാഹന ഉടമകൾക്കെതിരേ നടപടിയെടുക്കുക

@ യുദ്ധകാലാടിസ്ഥാനത്തിൽ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാക്കുക.

കൊല്ലം : ഇഴഞ്ഞിഴഞ്ഞു നീങ്ങുന്ന നിർമ്മാണപ്രവർത്തനങ്ങളുടെ നടുവിലുണ്ടാകുന്ന ഗതാഗതക്കുരുക്കും അശാസ്ത്രീയ വാഹന പാർക്കിങ്ങും മൂലം കൊല്ലത്തിന് ശ്വാസം മുട്ടുകയാണ്. വിവിധ ആവശ്യങ്ങൾക്കായി ദിവസേന പതിനായിരങ്ങളാണ് ജില്ലയുടെ ഭരണസിരാകേന്ദ്രമായ കൊല്ലം  ടൗണിലെത്തുന്നത്. ജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ട് കൊല്ലം ടൗണിന്റെ വിവിധ ഭാഗങ്ങളിലാണ് നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നത്. നിർമാണപ്രവർത്തങ്ങളെല്ലാം ഇഴഞ്ഞിഴഞ്ഞാണ് നീങ്ങുന്നത്. കല്ലുപാലം പൊളിച്ചിട്ടിട്ട് മാസങ്ങൾ കഴിഞ്ഞു നിർമ്മാണപ്രവർത്തനങ്ങൾ എങ്ങും എത്താത്ത അവസ്ഥയിലാണ്. പുതിയയാതായി നിർമ്മിച്ച ഇരുമ്പ് പാലം അറ്റകുറ്റ പണികൾക്കായി അടച്ചിട്ടിട്ട് മാസം ഒന്ന് കഴിഞ്ഞു ഇവിടെയും നിർമ്മാണപ്രവർത്തനങ്ങൾ ഇഴഞ്ഞിഴഞ്ഞു നീങ്ങുന്നു.ദേശിയപാതയിൽ കേബിൾ കടന്ന് പോകുന്നതിനായുള്ള നിർമ്മാണപ്രവർത്തങ്ങളും നടക്കുകയാണ് ഇവിടെയും ഗതാഗത കുരുക്ക് അനുഭവപ്പെടുകയാണ്. ഇത് കൂടാതെ നഗരത്തിലെങ്ങും തലങ്ങുംവിലങ്ങും വാഹനങ്ങൾ നിർത്തിയിടുന്നത് ഗതാഗതസ്തംഭനത്തിനിടയാക്കുന്നു.വാഹനങ്ങൾ സുഗമമായി പോകാനുള്ള സംവിധാനം  കാര്യക്ഷമമാക്കണമെന്ന ജനങ്ങളുടെ ആവശ്യത്തിന് നേരെ മുഖം തിരിഞ്ഞു നിൽക്കുകയാണ് ജില്ലാ ഭരണകൂടം. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള ശ്രമമൊന്നും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല ദേശിയപാതയടക്കമുള്ള റോഡുകളിലെ അനധികൃത പാർക്കിങ് വളരെയേറെ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. വ്യാപാരസ്ഥാപനങ്ങളിലേക്കോ ഓഫീസുകളിലേക്കോ ആളുകൾക്ക് കയറിപ്പോകാനാകുന്നില്ല. നേരത്തേ നല്ലനിലയിൽ പ്രവർത്തിച്ച പോലീസ് സംവിധാനം ഇപ്പോഴുണ്ടാകുന്നില്ല. ട്രാഫിക് യൂണിറ്റിൽ ഒരു വാഹനവും എസ് ഐ യും ഡ്രൈവറും മാത്രമാണിപ്പോഴുള്ളത്. ഡ്യൂട്ടിചെയ്യാൻ പോലീസുകാരില്ല. ദേശീയപാതയിൽ   നിന്നാരംഭിക്കുന്ന ഗതാഗതപ്രശ്നം രോഗികളെയും ജീവനക്കാരെയും മറ്റ് തൊഴിലാളികളെയും നിത്യേന വിഷമത്തിലാക്കുന്നു.ബാങ്കുകൾക്കു മുന്നിലെ ഗതാഗതതടസ്സം, റോഡിലെ അനധികൃത വ്യാപാരം, മാഞ്ഞുപോയ സീബ്രാലൈനുകൾ മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്കുമെല്ലാം ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കുന്നു.


@കുരുക്ക് മുറുക്കി ദേശിയപാതയോരത്തെ ലെവൽക്രോസുകൾ 
പോളയത്തോടിലും കോളേജ് ജംഗഷനിലും, ചിന്നക്കട-എസ്‌ ബി ഐ റോഡിലും ടൗണിനോടുചേർന്ന് റെയിൽവേ ലെവൽ ക്രോസുള്ളത് ദേശീയപാതയിലും കൊല്ലം ടൗണിലും 
ഗതാഗതക്കുരുക്കിന് കാരണമാകുന്നു.
തീവണ്ടി കടന്നുപോകാൻ ഗേറ്റടയ്ക്കുമ്പോൾ വാഹനനിര ദേശീയപാതയോളം നീളും.പോളയത്തോടും കോളേജ് ജങ്ഷനിലും ദേശീയപാതയിൽ 
നാലുഭാഗത്തേക്കും വാഹനങ്ങൾ തിരിയുന്ന ട്രാഫിക് സർക്കിളിൽ ഇതോടെ ഗതാഗതം സ്തംഭിക്കും. രോഗികളെയും കൊണ്ടുപോകുന്ന ആംബുലൻസുകൾവരെ ഇവിടെ കുടുങ്ങിക്കിടക്കുന്ന സ്ഥിതിയാണ്.
ദിവസവും നിരവധി തവണയാണ് ഗേറ്റ് അടയ്ക്കേണ്ടിവരുന്നത്. ഇവിടങ്ങളിൽ റെയിൽവേ മേൽപ്പാലത്തിന് അനുമതിയായിട്ടുണ്ടെങ്കിലും നിർമാണ നടപടികളൊന്നും തുടങ്ങിയിട്ടില്ല.

@ ടാക്സി ഓട്ടോ സ്റ്റാൻഡുകൾ പെരുവഴിയിൽ

പാലം പണികൾ നടക്കുന്നത് മൂലം 
 പലയിടത്തും വാഹന പാർക്കിങ് ദുഷ്കരമായിരിക്കുകയാണ്.
ഓട്ടോ-ടാക്സി സ്റ്റാൻഡുകൾ 
 ദേശീയപാതയുടെ ഭാഗമായി. പലയിടത്തും  വാഹനങ്ങൾ നിർത്തിയിടുന്നതുതന്നെ ബുദ്ധിമുട്ടായിരിക്കുകയാണ്. ഇതുമൂലം സ്വകാര്യ വാഹനങ്ങളുൾപ്പെടെ റോഡിൽ പാർക്ക് ചെയ്യാൻ തുടങ്ങിയതും തിരക്കിനിടയാക്കുന്നു. ഓട്ടോ-ടാക്സി സ്റ്റാൻഡുകളിൽ നിന്നുതിരിയാനിടയില്ലാത്ത വിധം തിരക്കാണ്. കൂടാതെ  സ്വകാര്യ ബസുകളും റോഡ് സൈഡിൽ തന്നെയാണ് 
നിർത്തിയിടുന്നത്. ടൗണിൽ വാഹന പാർക്കിങ്ങിന് പ്രത്യേക സൗകര്യമില്ലാത്തതിനാൽ സ്വകാര്യവാഹനങ്ങളുൾപ്പെടെ റോഡരികിൽ നിർത്തിയിടുകയാണ്. വൈകുന്നേരങ്ങളിലാണ് തിരക്ക് കൂടുതൽ അനുഭവപ്പെടുന്നത്


No comments:

Post a Comment