കൊല്ലം : വിദ്യാർഥികളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് ക്ലാസുകൾ വീണ്ടും ഓൺലൈനിലേക്ക് മാറുന്നു.വിദ്യാർഥികൾക്ക് അവരവരുടെ അധ്യാപകരുടെ നേതൃത്വത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി ക്ലാസ് നടത്തും. കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയുള്ള ക്ലാസുകളെക്കുറിച്ച് നിലവിൽ നിർദേശമൊന്നും ലഭിച്ചിട്ടില്ല. കോവിഡ് മൂന്നാം തരംഗം കഴിയുംവരെയെങ്കിലും കുട്ടികൾ ജാഗ്രതയോടെ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കണമെന്ന നിർദ്ദേശം അധ്യാപകർ വിദ്യാർത്ഥികളെ അറിയിച്ചു കഴിഞ്ഞു. ഇന്നലെ മുതൽ കുട്ടികളും അധ്യാപകരും വീണ്ടും ഓൺലൈൻ ക്ലാസുകളിലേക്ക് തിരിച്ചു വന്നു.ഒന്നരവർഷത്തെ നീണ്ട ഇടവേള സൃഷ്ടിച്ച മരവിപ്പിൽനിന്ന് പതുക്കെപ്പതുക്കെ മോചിതരായി വരികയായിരുന്നു നമ്മുടെ കുട്ടികൾ. അപ്പോഴാണ് വീണ്ടും ഒരു അടച്ചിടലിലേക്ക് പോകേണ്ടിവരുന്നത്. രണ്ടരമാസത്തെ ഓഫ്ലൈൻ പഠനത്തിനുശേഷമാണ് ഒരു തിരിച്ചുപോക്ക് വേണ്ടിവന്നത്. എങ്കിലും കോവിഡിന്റെ ഒന്നും രണ്ടും തരംഗകാലങ്ങളിൽ സർക്കാരിന്റെയും രക്ഷിതാക്കളുടെയും സഹകരണത്തിലൂടെ ഓൺലൈൻ പഠനം വിജയകരമായി നടപ്പാക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് അധ്യാപകർ വീണ്ടും ഓൺലൈൻ ക്ലാസുകളെ സമീപിക്കുന്നത്.
ഓഫ്ലൈൻ ക്ലാസുകൾ ആരംഭിച്ചപ്പോൾ അരികിൽ ലഭിച്ച അധ്യാപകരും കൂട്ടുകാരും വിദ്യാർത്ഥികൾക്ക് ആശ്വാസമായിരുന്നു. നേരിൽ തന്നെ സംശയങ്ങൾ ദൂരീകരിക്കുന്നതിന് സാധിച്ചിരുന്നു. വിദ്യാലയം തുറന്നതിനുശേഷമാണ് അല്പമെങ്കിലും പാഠഭാഗങ്ങൾ മുന്നോട്ടുപോയത്.
രണ്ടരമാസത്തെ ആ നല്ല അനുഭവങ്ങൾ വീണ്ടും നഷ്ടമാകുന്നതിൽ വളരെ സങ്കടത്തോടെയാണ് വിദ്യാർത്ഥികൾ സ്കൂൾ വിട്ടത്. ഇനി കുറച്ചുനാൾ സ്കൂളിൽ പോകാനാവില്ലെന്നും അധ്യാപകരെയും കൂട്ടുകാരെയും കാണാനാവില്ലെന്നും ഓർക്കുമ്പോൾ വിദ്യാർത്ഥികൾക്ക് വിഷമമുണ്ട്. എങ്കിലും സാഹചര്യം ഇങ്ങനെ ആണെന്നതിനാൽ ഓൺലൈൻ ക്ലാസിലേക്ക് കടന്നല്ലേ പറ്റൂ. വൈകാതെ തന്നെ സ്കൂളിലേക്ക് പോകാനാകുമെന്നാണ് പ്രത്യാശയോടെയാണ് വിദ്യാർത്ഥികൾ സ്കൂൾ വിട്ടത്. രക്ഷിതാക്കളെപ്പോലെ തന്നെ അധ്യാപകരും വലിയ ആശങ്കയിലാണ്. ക്ലാസ് മുറിയിലെ മുഖാമുഖമുള്ള പഠനത്തിൽനിന്ന് വീണ്ടും ഓൺലൈൻ ക്ലാസിലേക്ക് മാറേണ്ടിവരിക എന്നത് വിദ്യാർഥികൾക്കും അധ്യാപകർക്കും ഒരുപോലെ പ്രയാസമുണ്ടാക്കുന്ന കാര്യം തന്നെയാണ്.
No comments:
Post a Comment