സഖാവേ, നാലിരട്ടി നഷ്ടപരിഹാരമല്ല, ബദല്‍ എന്തുകൊണ്ട് തള്ളുന്നു എന്നാണറിയേണ്ടത്?
1,383 ഹെക്ടർ ഭൂമിയാണ് കെ റെയിലിന് വേണ്ടി ഏറ്റെടുക്കേണ്ടി വരിക. ഇതിൽ 1,198 ഹെക്ടറും സ്വകാര്യഭൂമിയാണ്.20,000 കുടുംബങ്ങളെ പദ്ധതിക്കായി ഒഴിപ്പിക്കേണ്ടി വരും. ഭൂമി ഏറ്റെടുക്കുന്നതിന് വൻ സാമ്പത്തിക പാക്കേജുകളാണ് സർക്കാർ മുന്നോട്ട് വെയ്ക്കുന്നത്. ഏറ്റെടുക്കുന്ന വസ്തുവിന് നാലിരട്ടി വരെ നഷ്ടപരിഹാരം നൽകുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഒരു സ്ഥലത്ത് ഏറ്റവും അവസാനം നടന്ന ഭൂമി ഇടപാടുകൾ പരിശോധിച്ച ശേഷം അതിന്റെ നാലിരട്ടി വില നൽകാനാണ് സർക്കാർ തയ്യാറെടുക്കുന്നതെന്നാണ് സൂചന. പൊതുവെ ഭൂമി ഇടപാടുകളിൽ യഥാർത്ഥ വില മുദ്രപ്പേപ്പറിൽ കാണിക്കാറില്ല. ഒരു ലക്ഷം രൂപയ്ക്കാണ് ഒരു സെന്റ് വിൽക്കുന്നതെങ്കിൽ അത്രയും തുക മുദ്രപേപ്പറിൽ കാണിക്കാനുള്ള സാദ്ധ്യത വിരളമാണ്. അതുകൊണ്ട് തന്നെ പേപ്പറിൽ കാണിക്കുന്ന വിലയുടെ നാലിരട്ടിയായാൽ പോലും ആ കാശുകൊണ്ട് ഇതേ സൗകര്യമുള്ള മറ്റൊരിടത്ത് ഇത്രയും ഭൂമി വാങ്ങുക എന്നത് നടപ്പുള്ള കാര്യമല്ല. ഒരു പൊതുപദ്ധതിയാവുമ്പോൾ ഇതിനപ്പുറത്ത് ഒരു സർക്കാരിന് എന്ത് ചെയ്യാനാവും എന്ന ചോദ്യമുണ്ടായേക്കാം. ശരിയാണ്, നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ കേരള സർക്കാർ ഉദാരസമീപനം തന്നെയാണ് എടുത്തിരിക്കുന്നത്. പക്ഷേ, ചോദ്യം ഇങ്ങനെ നഷ്ടപരിഹാരം കൊടുത്ത് ഇത്രയും ഭൂമി ഏറ്റെടുത്ത് ഇങ്ങനെയൊരു പദ്ധതി നടപ്പാക്കേണ്ട ആവശ്യമുണ്ടോ എന്നാണ്.
നിലവിൽ തിരുവനന്തപുരത്തുനിന്നു കാസർകോട്ടേക്ക് റെയിൽ മാർഗ്ഗമെത്താൻ പന്ത്രണ്ട് മണിക്കൂറെങ്കിലും എടുക്കും. അതിന് പകരം നാല് മണിക്കൂർ കൊണ്ട് കാര്യം സാധിക്കാം എന്നത് ചെറിയ സംഗതിയല്ല. നമ്മുടെ മനസ്സും ഭാവനയും പിടിച്ചെടുക്കുന്ന പദ്ധതിയാണ് കെ റെയിൽ. പക്ഷേ, അതിലൊരു പ്രലോഭനമുണ്ട്, അതിലൊരു കെണിയുണ്ട്. ഇത്രയും പണം ചെലവാക്കി നാല് മണിക്കൂർ കൊണ്ട് ഓടിയെത്തുന്നതിന് പകരം ഇതിന്റെ ചെറിയൊരു ഭാഗം മാത്രം ചെലവാക്കി ആറോ ഏഴോ മണിക്കൂർ കൊണ്ട് ഇത്രയും ദൂരം താണ്ടാമെന്നിരിക്കെ എന്തിനാണ് ഇങ്ങനെയൊരു മെഗാ പദ്ധതി കേരളീയരുടെ മേൽ അടിച്ചേൽപിക്കുന്നതെന്നാണ് ചോദ്യം.
ചോദിക്കുന്നത് ചെറിയ കക്ഷികളല്ല, കേരളത്തിലെ ഇടത് സർക്കാരിന്റെ സഹയാത്രികരായ കേരള ശാസ്ത്ര സാഹിത്യ പരിഷത്താണ്. ആർ.വി.ജി. മേനോനെപ്പോലൊരു എഞ്ചിനീയറിങ് വിദഗ്ദനാണ് ഈ ചോദ്യങ്ങളുമായി കെ റെയിലിന്റെ മറുവശത്ത് നിൽക്കുന്നവരിൽ ഒരാൾ. വലതുപക്ഷക്കാരനെന്ന് ആർ.വി.ജിയെ അധിക്ഷേപിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ പോലും തയ്യാറാവുമെന്ന് തോന്നുന്നില്ല. കേരളം നാല് മണിക്കൂറിൽ ഓടിത്തീർത്തിലേ വികസനം വരികയുള്ളു എന്നത് ഒരു തരം മൗലികവാദമാണ്. ആ വാദത്തിന്റെ മുനയൊടിക്കുന്ന ചോദ്യങ്ങളുമായി മുഖാമുഖം നിൽക്കുന്നതിന് പകരം ചോദിക്കുന്നവരുടെ മെക്കിട്ട് കെയറാൻ പാർട്ടി അണികളെ കയറൂരി വിടുന്ന കാഴ്ചയാണ് കേരളം കാണുന്നത്.
ശാസ്ത്ര സാഹിത്യ പരിഷത്തും ആർ.വി.ജിയും ഉന്നയിക്കുന്ന പ്രധാന ചോദ്യങ്ങൾ നോക്കാം. നിലവിൽ കേരളത്തിലൂടെ ഓടുന്ന തീവണ്ടികൾക്ക് വേഗം കുറയുന്നതിന്റെ മുഖ്യകാരണം പാത ഇരട്ടിപ്പിക്കൽ പൂർത്തിയാവാത്തതും സിഗ്നൽ സംവിധാനം ആധുനികവത്കരിക്കാത്തതുമാണ്. അങ്ങിനെയാണെങ്കിൽ ഇതിനുള്ള നടപടികളല്ലേ ആദ്യം എടുക്കേണ്ടത്? പാത ഇരട്ടിപ്പാക്കുന്നതിനുള്ള പ്രധാന തടസ്സം ഭൂമിയുടെ ലഭ്യതയില്ലായ്മയാണെന്നാണ് റെയിൽവെ ചൂണ്ടിക്കാട്ടുന്നത്. അപ്പോൾ പിന്നെ ഈ ഭൂമി ലഭ്യമാക്കാനല്ലേ കേരള സർക്കാർ മുൻകൈ എടുക്കേണ്ടത്. എറണാകുളത്തുനിന്ന് ഷൊർണൂർ വരെ മൂന്നാമതൊരു പാത കൂടി റെയിൽവെ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പദ്ധതി വേഗത്തിലാക്കാനല്ലേ കെ റെയിലിന് വേണ്ടി ബലം പിടിക്കുന്നതിന് മുമ്പ് സർക്കാർ മുന്നിട്ടിറങ്ങേണ്ടത്.
ഇങ്ങനെയാരു ബദൽ മാർഗ്ഗമുള്ളപ്പോൾ കേരളീയരെ കടക്കെണിയിലേക്ക് വലിച്ചെറിയുന്ന കെ റെയിലിന്റെ ആവശ്യമുണ്ടോ? ബ്രോഡ്ഗേജിലാണ് ഇന്ത്യൻ റെയിൽവെ വണ്ടികൾ ഓടിക്കുന്നത്. കെ റെയിലാണെങ്കിൽ സ്റ്റാൻഡേഡ് ഗേജിലും. രണ്ട് റെയിൽ സംവിധാനങ്ങളും തമ്മിൽ നേരിട്ടൊരു ബന്ധത്തിനുള്ള സാദ്ധ്യതയില്ലെന്നർത്ഥം. അതിവേഗപ്പാതകൾ ലോകമെമ്പാടും സ്റ്റാൻഡേർഡ് ഗേജിലാണെന്ന വാദത്തിലും കഴമ്പില്ല. വന്ദേ ഭാരത് എന്ന പേരിൽ ഇന്ത്യൻ റെയിൽവെ നടപ്പാക്കുന്ന പദ്ധതി ബ്രോഡ്ഗേജിലാണ്. അപ്പോൾ പിന്നെ റെയിൽവെയുടെ സംവിധാനവുമായി ചേർന്നു പോവുന്ന സാങ്കേതിക വിദ്യയ്ക്കല്ലേ മുൻതൂക്കം കൊടുക്കേണ്ടത്?
ഈ ചോദ്യങ്ങൾക്കൊന്നും തന്നെ മുഖ്യമന്ത്രിയോ സി.പി.എമ്മോ വ്യക്തമായ മറുപടി പറയുന്നില്ല. ചെലവ് കുറഞ്ഞ ബദൽവഴികൾ തള്ളിക്കളയുകയും കെ റെയിലാണ് കേരളത്തിന്റെ തലവര മാറ്റാൻ പോകുന്ന പുതിയ ജാതകമെന്ന് പ്രചരിപ്പിക്കാൻ തിടുക്കം കാട്ടുകയുമാണ് സർക്കാരും ഭരണകക്ഷിയും ചെയ്യുന്നത്. എന്തുകൊണ്ടാണ് കേരള സർക്കാരും സി.പി.എമ്മും കെ റെയിലിന്റെ കാര്യത്തിൽ ഇത്രയും പിടിവാശി കാണിക്കുന്നതെന്ന ചോദ്യത്തിന് മാതൃഭൂമിയുടെ ഇംഗ്ളീഷ് പോർട്ടലിൽ എഴുതിയ ലേഖനത്തിൽ സാമ്പത്തിക വിദഗ്ദനും മഹാത്മാഗാന്ധി സർവ്വകലാശാല സ്കൂൾ ഒഫ് സോഷ്യൽ സയൻസസിലെ മുൻ ഡീനുമായകെ.ടി. റാംമോഹൻ ഉത്തരം നൽകുന്നുണ്ട് :
കെ റെയിൽ പൂർത്തിയാക്കാൻ വൻതോതിൽ കല്ലും മണ്ണും വേണ്ടി വരുമെന്നും പശ്ചിമഘട്ടത്തിലെ മലനിരകൾ തുരന്നെടുക്കുന്ന പാറകളായിരിക്കും ഇതിന് ഉപയോഗിക്കപ്പെടുകയെന്നും റാംമോഹൻ ചൂണ്ടിക്കാണിക്കുന്നുണ്ട്. കേരളത്തെ മാത്രമല്ല, നമ്മുടെ അയൽ സംസ്ഥാനങ്ങളെയും ബാധിക്കുന്ന പദ്ധതിയാണിതെന്നർത്ഥം. കാലാവസ്ഥ വ്യതിയാനം എന്നത് ഇപ്പോൾ വെറും വാക്കുകളല്ലെന്നും യാഥാർത്ഥ്യമാണെന്നും നമുക്കറിയാം.
ഇക്കഴിഞ്ഞ ഡിസംബർ 30ന് ചെന്നൈയിൽ പൊടുന്നനെ പെയ്തിറങ്ങിയത് 15 സെന്റിമീറ്ററോളം മഴയാണ്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളൊന്നും തന്നെ ഇങ്ങനെയൊരു മഴ പ്രവചിച്ചിരുന്നില്ല. അത്രയും അപ്രതീക്ഷിതമായി കൊടുംമഴ ഉണ്ടായപ്പോൾ ആയിരക്കണക്കിന് പേരാണ് ചെന്നൈയിലെ പൊതുനിരത്തുകളിൽ കുടുങ്ങിയത്. നിരവധി പേർക്ക് അന്ന് കേരളത്തിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും പോകുന്നതിനായുള്ള തീവണ്ടികകളിൽ കയറാനായില്ല. പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. 2018 തൊട്ടിങ്ങോട്ട് നമ്മൾ മലയാളികളും ഇവിടെ നമ്മുടെ താമസസ്ഥലങ്ങളിൽ കാലാവസഥ വ്യതിയാനത്തിന്റെ കെടുതികൾ അനുഭവിക്കുന്നുണ്ട്. പശ്ചിമഘട്ടം സംരക്ഷിക്കേണ്ടത് ഓരോ മനുഷ്യന്റെയും ചുമതലയാണെന്ന ബോദ്ധ്യം ശക്തമായിക്കൊണ്ടിരിക്കെ, എത്ര നിരുവത്തരവാദപരമായാണ് കേരള സർക്കാർ നിലകൊള്ളുന്നതെന്നത് കാണാതിരിക്കാനാവില്ല.
ജപ്പാൻ ഏജൻസി ഒഫ് ഇന്റർനാഷനൽ കോഓപ്പറേഷൻ (ജൈക്ക) ആണ് കെ റെയിലിനായി പ്രധാനമായും പണമിറക്കുക. ഒരു ശതമാനം പലിശയ്ക്കാണ് വൻതുക ജൈക്ക കടം തരുന്നത്. ജപ്പാനെപ്പോലുള്ള രാജ്യങ്ങൾ ഇന്ന് നേരിടുന്ന വലിയൊരു പ്രശ്നം അവരുടെ കയ്യിൽ ആവശ്യത്തിൽ കൂടുതൽ പണമുണ്ടെന്നതാണ്. ഈ പണം ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾക്ക് കടം കൊടുക്കുകയാണ് ലാഭമുണ്ടാക്കാനുള്ള എളുപ്പവഴിയെന്ന് ജപ്പാന് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. ഒരു ശതമാനം മാത്രമേ പലിശയുള്ളെങ്കിൽ പോലും ദീർഘകാലാടിസ്ഥാനത്തിൽ സംഗതി കൊണ്ടുണ്ടാവുന്ന ലാഭം ഒട്ടും മോശമല്ല. കാശ് കടം കൊടുക്കുക മാത്രമല്ല ജപ്പാൻ ചെയ്യുന്നത്. സംസ്ഥാന സർക്കാരാണ് കടമെടുക്കുന്നതെന്നതിനാൽ തിരിച്ചടവ് ഉറപ്പാണ്. കടം വേണമെന്നുണ്ടെങ്കിൽ തങ്ങളുടെ കൈവശമുള്ള സാങ്കേതികവിദ്യ വാങ്ങണമെന്ന നിബന്ധനയുമുണ്ട്. 1950-കളിൽ ജപ്പാനിൽ രൂപം കൊണ്ട ഗതാഗത സാങ്കേതിക വിദ്യ ഏറ്റെടുക്കാൻ കേരളം നിർബ്ബന്ധിതമാവുന്നത് ഇതുകൊണ്ടാണെന്നാണ് ഡോ. കെ.ടി. റാംമോഹൻ ചൂണ്ടിക്കാട്ടുന്നത്.
കെ റെയിൽ എന്നെങ്കിലും ലാഭത്തിലാവുമോ എന്ന് ഒരു പിടിയുമില്ല. പൊതുഗതാഗതം ലാഭമുണ്ടാക്കണം എന്ന നിർബ്ബന്ധം പാടില്ലെന്നും കേരളത്തിന്റെ സമഗ്ര വികസനത്തിനു മുന്നിൽ ഈ ചെലവൊന്നും ഒരു ചെലവായി കാണേണ്ടതില്ലെന്നുമാണ് കെ റെയിൽ വക്താക്കളുടെ ഭാഷ്യം. ചോദ്യങ്ങളുന്നയിക്കുന്നവർ കേരളത്തിന്റെ വികസനത്തിന് എതിര് നിൽക്കുന്നവരാണെന്ന് മുദ്ര കുത്തപ്പെടുന്നു. പൊതുഗതാഗതം ലാഭമുണ്ടാക്കണമെന്ന് നിർബ്ബന്ധം പിടിക്കാനാവില്ല. പക്ഷേ, നഷ്ടം കുറഞ്ഞ വഴികളുണ്ടെങ്കിൽ അതല്ലേ നോക്കേണ്ടത്. കെ റെയിലിനായി എടുക്കുന്ന കടം വീട്ടാൻ പരോക്ഷ നികുതി കൂടുതൽ കൊടുക്കേണ്ട അവസ്ഥയായിരിക്കും കേരളീയരെ കാത്തിരിക്കുക. പെട്രോളിനും മദ്യത്തിനും തീപ്പെട്ടിക്കും അരിക്കുമൊക്കെ കൂടുതൽ നികുതി നമ്മൾ കൊടുക്കേണ്ടി വരുമെന്നർത്ഥം.
സൈലന്റ് വാലി ഇന്നിപ്പോൾ സൈലന്റ് വാലിയായി നിലകൊള്ളുന്നത് പണ്ട് ഇതുപോലുള്ള ചില വാദങ്ങൾ അന്നത്തെ ഭരണകൂടങ്ങൾ കൊണ്ടുവന്നപ്പോൾ കേരള സമൂഹം അത് തള്ളിക്കളഞ്ഞതു കൊണ്ടാണ്. ശാസ്ത്ര സാഹിത്യ പരിഷത്ത് കേരളത്തിൽ നേതൃത്വം നൽകിയ സമുജ്ജ്വലമായൊരു പ്രക്ഷോഭമായിരുന്നു അത്.സൈലന്റ് വാലിയുടെ പ്രാധാന്യംതിരിച്ചറിയാൻ കഴിയുന്ന ഒരു പ്രധാനമന്ത്രി അന്നുണ്ടായിരുന്നുവെന്നതും മറക്കാനാവില്ല. ഇന്ദിരാഗാന്ധി എന്ന നേതാവിനോട് ഇക്കാര്യത്തിൽ കേരളവും ലോകവും എന്നേയ്ക്കുമായി കടപ്പെട്ടിരിക്കുന്നു. ഒരു ഭരണാധികാരിക്ക് എങ്ങിനെയാണ് ഒരു സമൂഹത്തിനും ജനതയ്ക്കും പ്രകൃതിക്കും കാവൽ നിൽക്കാനാവുക എന്നതിന് ചരിത്രം മുന്നോട്ടുവെയ്ക്കുന്ന സുവർണ്ണ സാക്ഷ്യമാണത്.
പിണറായി വിജയൻ സൈലന്റ് വാലിയിൽ പോയിട്ടുണ്ടോ എന്നറിയില്ല. പ്രാചീനവും വന്യവുമായ നിശ്ശബ്ദതയാണ് സൈലന്റ് വാലിയെ ചൂഴ്ന്ന് നിൽക്കുന്നത്. സമസ്ത ആഡംബരങ്ങളും അഹംഭാവവും വെടിഞ്ഞ് നമ്മൾ നമ്മുടെ പ്രാഥമികമായ സ്വത്വത്തിലേക്കും ലാളിത്യത്തിലേക്കും നിസ്സാരതയിലേക്കും മടങ്ങുന്ന നിമിഷങ്ങൾ. ഒരു പക്ഷേ, സൈലന്റ് വാലിയിലൊന്ന് പോയി തിരിച്ചുവന്നാൽ പിണറായിയുടെ കാഴ്ചപ്പാടിൽ സാരമായ മാറ്റമുണ്ടായേക്കും.
മനുഷ്യനാവശ്യമുള്ളത് പ്രകൃതി തരുന്നുണ്ട്. പക്ഷേ, മനുഷ്യന്റെ അത്യാഗ്രഹത്തിനുള്ളത് പ്രകൃതിയിലില്ല എന്ന് പറഞ്ഞത് നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജിയാണ്. പൗരപ്രമുഖരുമായി ജില്ലകൾ തോറും മുഖ്യമന്ത്രി നടത്തുന്ന യോഗങ്ങൾ രാജാവും പ്രജകളും തമ്മിലുള്ള കൂടിക്കാഴ്ചകൾ പോലെയാണ് അനുഭവപ്പെടുന്നത്.വാഴ്ത്തലുകളുടെ വായ്ത്താരികൾക്കുപ്പുറത്ത് ഈ യോഗങ്ങളിൽ കാമ്പുള്ള വിമർശം എന്തെങ്കിലും മുഖ്യമന്ത്രിക്ക് നേരിടേണ്ടി വരുമെന്ന് തോന്നുന്നില്ല. ആസൂത്രിതമായി സംഘടിപ്പിക്കുന്ന ഇത്തരം യോഗങ്ങളിൽ കെ റെയിൽ വിചാരണ ചെയ്യപ്പെടുകയോ ചോദ്യം ചെയ്യപ്പെടുകയോ ഉണ്ടാവില്ല.
കെ റെയിൽ വരുന്നതോടെ കേരളത്തിൽ ടൂറിസം വേറെ ലെവലാവുമെന്നാണ് പ്രചാരണം.ടൂറിസം വികസിക്കണമെങ്കിൽ ആദ്യം ചെയ്യേണ്ടത് മാലിന്യ നിർമ്മാർജ്ജനമാണ്.വാസ്തവത്തിൽ കേരളം ഇന്നിപ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം മാലിന്യം കൈകാര്യം ചെയ്യാൻ സർക്കാരിന് ഒരു സമഗ്ര പദ്ധതിയില്ലെന്നതാണ്. കെ റെയിലിന് ചെലവാക്കുന്നതിന്റെ പത്തിലൊന്നുണ്ടങ്കിൽ കേരളത്തെ വൃത്തിയും വെടിപ്പുമുള്ള സംസ്ഥാനമാക്കാം.
കേരള ചരിത്രത്തിൽ തന്റെ പേര് കെ റെയിലിലൂടെ അനശ്വരമാവണമെന്ന് ചിലപ്പോൾ പിണറായി വിജയൻ ആഗ്രഹിക്കുന്നുണ്ടാവാം. അങ്ങ് ഇന്ദ്രപ്രസ്ഥത്തിൽ പുതിയ പാർലമെന്റ് മന്ദിരം കെട്ടിയുയർത്തുന്നതിലൂടെ ചരിത്രത്തിന്റെ ഭാഗമാവാൻ ശ്രമിക്കുന്ന മറ്റൊരു നേതാവും സമകാലിക ഇന്ത്യയുടെ മുന്നിലുണ്ട്. സൈലൻറ് വാലിക്കും കെ റെയിലിനുമിടയിൽ കാലവും ഭരണാധികാരികളും മാറുകയാണ്. കോർപറേറ്റുകളുടെ നിഴലുകൾ ഭരണകൂടങ്ങൾക്ക് മേൽ ചിലന്തിവലകൾ തീർക്കുമ്പോൾ മണ്ണും മനസ്സും പണയമാവുന്നു.
കാർഷിക നിയമങ്ങൾക്കെതിരെ ഇന്ത്യയിലെ കർഷകർ സമരത്തിനൊരുങ്ങിയപ്പോൾ പിന്നോട്ടില്ല എന്നാണ് പ്രധാനമന്ത്രി മോദിയും ബി.ജെ.പിയും പറഞ്ഞത്. പക്ഷേ, 2020 ബാക്കിവെയ്ക്കുന്ന ഏറ്റവും മനോഹരമായ ദൃശ്യങ്ങളിലൊന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കപ്പെട്ടപ്പോൾ നൃത്തം ചെയ്യുന്ന കർഷകരുടേതാണ്. ഒരു ഗർത്തത്തിന് മുന്നിൽ നിൽക്കുമ്പോൾ പിന്നാക്കം വെയ്ക്കുന്ന ചുവടുവെയ്പാണ് നമ്മളെ ജീവിതത്തിലേക്ക് പിടിച്ചുയർത്തുന്നതെന്ന് ഈ കോളത്തിൽ നേരത്തെ എഴുതിയിട്ടുണ്ട്. അത്തരമൊരു പിന്മാറ്റമാണ് കെ റെയിലിലുമുണ്ടാവേണ്ടത്. ജീവിതത്തിലേക്കും സമാധാനത്തിലേക്കുമുള്ള പ്രതീക്ഷാനിർഭരമായ പിൻമടക്കം
No comments:
Post a Comment