കൊല്ലം : ബ്രൗൺഷുഗറും കഞ്ചാവും
എം ഡി എം എ ഉൾപ്പെടെയുളള മയക്കുമരുന്നുകൾ കൊല്ലത്തിന്റെ
തീരദേശ മേഖലയെ വരിഞ്ഞ് മുറുക്കുന്നു. കഞ്ചാവിന്റെ ഉപയോഗം തീരദേശത്തെ യുവാക്കൾക്കിടയിൽ നേരത്തെ തന്നെ വ്യാപകമായിരുന്നുവെങ്കിൽ ഇപ്പോൾ അതിന്റെ സ്ഥാനത്തേക്ക് വില കൂടിയ
ബ്രൗൺഷുഗറും, ചരസും
എം ഡി എം എ യും മറ്റ് സിന്തറ്റിക്ക് ഉൽപ്പന്നങ്ങളും സുലഭമായി മാറിയതോടെ മത്സ്യ തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലേക്ക് മാറി.
അധ്വാനശീലരായ യുവാക്കളുടെ വരുമാനത്തിന്റെ വലിയൊരു ഭാഗം മയക്കുമരുന്ന് ഉപയോഗത്തിനായി കവർന്നെടുക്കാൻ വലിയൊരു ശൃംഖല തീരദേശമേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതായി വിവരങ്ങൾ പുറത്തുവരികയാണ്. തീര പ്രദേശത്തെ യുവാക്കൾക്കിടയിൽ മയക്കുമരുന്നിന്റെ ഉപയോഗം വർദ്ധിച്ചുവരുന്നതായി പോലീസിന്റെ നാർക്കോട്ടിക് വിഭാഗത്തിന്റെ റിപ്പോർട്ടുകളും വ്യക്തമാക്കുന്നു.
കാപ്പിൽ മുതൽ കൊല്ലം വരെയുളള തീരദേശത്ത് മാത്രം അഞ്ഞൂറോളം ചെറുകിട കഞ്ചാവ് വിൽപ്പനക്കാർ ഉളളതായാണ് എക്സൈസ് വിഭാഗത്തിന്റെ
കണ്ടെത്തൽ. പലരും കഞ്ചാവിൽ
നിന്ന് ബ്രൗൺഷുഗർ, ഹെറോയിൻ,
എം ഡി എം എ, എന്നിവയിലേക്കുളള മാറ്റമാണ് അടുത്ത കാലത്തായി പ്രകടമായിരിക്കുന്നത്.പലരും കഞ്ചാവ് കച്ചവടത്തിൽ നിന്നും കൂടുതൽ ലാഭം കിട്ടുന്ന മറ്റ് ലഹരിവിൽപ്പനയിലേക്ക് മാറി കഴിഞ്ഞു. വീടുകൾ മുതൽ ചായക്കടകൾ വരെ നീളുന്നതാണ് കഞ്ചാവ് വിൽപ്പന കേന്ദ്രങ്ങൾ.
സമീപ ജില്ലകളിൽ നിന്നെത്തുന്ന കഞ്ചാവ് അടക്കമുള്ള ലഹരി ഉൽപ്പന്നങ്ങൾ കൊല്ലം കോളേജ് ജംഗഷൻ ആശ്രമം മൈതാനം എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് തീരദേശത്തേക്ക് വിൽപ്പനക്കെത്തുന്നത്. കഞ്ചാവ് കച്ചവടം പരസ്യവും മറ്റ് ലഹരി ഉത്പന്നങ്ങൾ രഹസ്യവുമായാണ് കച്ചവടം നടക്കുന്നത്.കടപ്പുറത്ത്
ജോലി കഴിഞ്ഞെത്തുന്ന യുവാക്കളെ സ്വീകരിക്കാൻ എല്ലാ വൈകുന്നേരങ്ങളിലും പ്രത്യേക കേന്ദ്രങ്ങളിൽ ചില്ലറ വിൽപ്പനക്കാർ കഞ്ചാവുമായി കാത്തുനിൽക്കും. നൂറ് രൂപ മുതൽ 250 രൂപ വരെയുളള ചെറിയ പൊതികളാണ് വിൽപ്പനയ്ക്കായി സജ്ജമാക്കിയിട്ടുണ്ടാവുക. കൂട്ടം കൂടി സമയം ചെവലിടുന്ന യുവാക്കൾക്കിടയിലാണ് ഇവരുടെ പ്രവർത്തനം. പ്രലോഭനങ്ങളിലൂടെ കഞ്ചാവ് ഉപയോഗിക്കാൻ താൽപ്പര്യമുണ്ടാക്കുക. ഇതിനായി തുടക്കത്തിൽ കഞ്ചാവ് നിറച്ച ബീഡികൾ സൗജന്യമായി നൽകുന്നു. കഞ്ചാവ് ഉപയോഗിച്ചിരുന്നവരിൽ ആരെങ്കിലും ഇതിൽ നിന്ന് പിൻമാറാൻ ശ്രമിച്ചാൽ അവരെയതിൽ പിടിച്ചു നിറുത്താനും പ്രലോഭനങ്ങളുടെ വഴിയാണ് കഞ്ചാവ് വിൽപ്പന കേന്ദ്രങ്ങൾ സ്വീകരിക്കുന്നത്.
കൊല്ലം ഇരവിപുരം, നീണ്ടകര വരെയുള്ള
തീരദേശ മേഖലയിൽ മാത്രം ഒരു ലക്ഷത്തോളം രൂപയുടെ കഞ്ചാവ് പ്രതിദിനം വിൽപ്പന നടക്കുന്നതായാണ് നാർക്കോട്ടിക് വിഭാഗത്തിന്റെ കണ്ടെത്തൽ. കൊല്ലം നഗര പരിധിയിൽ
ഒരു ദിവസം നടക്കുന്ന കഞ്ചാവ് വിൽപ്പന രണ്ട് ലക്ഷത്തിനും അഞ്ച് ലക്ഷത്തിനും ഇടയിലാണ്. ആശ്രമം മൈതാനവും റെയിൽവേ സ്റ്റേഷൻ പരിസരം, കെ എസ് ആർ ടി സി ഡിപ്പോ ജംഗഷൻ എന്നീ സ്ഥലങ്ങൾ ജില്ലയിലെ പ്രധാന കഞ്ചാവ് വിൽപ്പന കേന്ദ്രങ്ങളാണ്. മൊത്ത വിതരണക്കാരൻ മുതൽ ചില്ലറ കച്ചവടക്കാരൻ വരെയുളള ശൃംഖല വൻലാഭമാണ് കഞ്ചാവ് വിൽപ്പനയിൽ കൊയ്യുന്നത്. 200 ഇരട്ടിയിലേറെയാണ് ലാഭമെടുക്കുന്നത്. കഞ്ചാവ് വിൽപ്പനയിലൂടെ കരസ്ഥമാക്കിയ ലാഭക്കൊതിയാണ് കൂടുതൽ ലാഭവും പണവും വാരാമെന്ന വ്യമോഹത്തോടെ മയക്കുമരുന്ന് വിൽപ്പനയിലേക്ക് തിരിയാൻ പ്രേരിപ്പിച്ചത്. തീരദേശം ഇതിന് വളക്കൂറുളള മണ്ണാണെന്ന ബോധ്യവും ഇവർക്കുണ്ടായിരുന്നു.
സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്നവർക്കിടയിൽ തന്നെയാണ് പുതിയ ഉത്പന്നമെന്ന പരിചയപ്പെടുത്തലോടെ ബ്രൗൺഷുഗറും എം ഡി എം എ യും പരീക്ഷിച്ചത്. ഉപയോഗിക്കേണ്ട രീതി ഇവർ തന്നെ പഠിപ്പിച്ചു കൊടുത്തു. കഞ്ചാവ് വിൽപ്പനയേക്കാൾ വൻ ലാഭം
മുന്തിയ ഇനം മയക്കുമരുന്നുകൾ
വഴിയുള്ള കച്ചവടത്തിലൂടെ
ലഭ്യമായതോടെ ചില്ലറ വിൽപ്പനക്കാർ ഈ മേഖലയിലേക്ക് തിരിഞ്ഞു. കഞ്ചാവിനേക്കാൾ കൂടുതൽ ലഹരി
മറ്റ് മയക്കുമരുന്നുകളിൽ
നിന്ന് കിട്ടുമെന്നായപ്പോൾ ആവശ്യക്കാർ ഏറി. പ്രത്യേകമായ മണം മറ്റുളളവർക്കിടയിൽ അനുഭവപ്പെടില്ലെന്ന ഗുണം ഇവയ്ക്കുണ്ടെന്ന് അറിഞ്ഞതോടെ
കഞ്ചാവിനെ കൈയൊഴിയാൻ യുവാക്കളെ പ്രേരിപ്പിച്ചു. ബ്രൗൺ ഷുഗർ സ്വീകരിക്കാൻ സിനിമയും പ്രേരണയായതായി ലഹരി വിമുക്ത പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
തീരദേശം കേന്ദ്രീകരിച്ച് കഞ്ചാവ്, മയക്കുമരുന്ന് ഉൽപ്പന്നങ്ങളുടെ വിൽപ്പന വ്യാപകമാണെങ്കിലും ഇതിനെതിരെ പൊലീസ് നടപടിയോ, മറ്റു പ്രതിരോധ പ്രവർത്തനങ്ങളോ കാര്യക്ഷമമായി ഉണ്ടാകുന്നില്ല.കൊല്ലം കോളേജ് ജംഗഷൻ, മുണ്ടയ്ക്കൽ എന്നീ കേന്ദ്രീകരിച്ച് നടക്കുന്ന കഞ്ചാവ് വിൽപ്പനയ്ക്കെതിരെ ഇടയ്ക്കിടെ പൊലീസ് നടപടി ഉണ്ടാകാറുണ്ടെങ്കിലും പൂർണ്ണമായും അവസാനിപ്പിക്കാൻ ഇനിയുമായിട്ടില്ല. പൊലീസ് നടപടി നേരിട്ട ചില്ലറ വിൽപ്പനക്കാർ ശിക്ഷാ കാലാവധിക്കു ശേഷം ജയിൽ മോചിതരായാൽ വീണ്ടും കഞ്ചാവ് വിൽപ്പനയിലേക്ക് തന്നെ തിരിയുന്ന രീതി ഈ മേഖലയിൽ പതിവാണ്. ശക്തമായ റാക്കറ്റായികൊണ്ട് തീരദേശത്തെ മയക്കുമരുന്ന് വ്യാപാരം തഴച്ചുവളർന്ന സഹാചര്യത്തിൽ ഇതിനെതിരെ ശക്തമായ നടപടി അനിവാര്യമായ ഘട്ടം കൂടിയാണിത്. മയക്കുമരുന്ന് വിൽപ്പനക്കെതിരെ അതാത് പ്രദേശങ്ങളിൽ ജനകീയ സമിതികൾ രൂപപ്പെടേണ്ടതായുണ്ട്.
No comments:
Post a Comment