കൊല്ലം : കാര്യം നടപ്പാത തന്നെയാണ് പക്ഷേ, നടക്കാൻ സ്ഥലമില്ല. അഥവാ നടന്നുപോകണമെങ്കിൽ കടമ്പകൾ കുറേ താണ്ടണം. മാലിന്യക്കൂന, അനധികൃത പാർക്കിങ് തുടങ്ങി കൈയേറ്റങ്ങൾ ഏറെയുണ്ട് നടപ്പാതകളിൽ. വാഹനങ്ങൾ റോഡരികിലിട്ടും പലകത്തട്ടുകൾ കെട്ടിയും വഴിയോരക്കച്ചവടങ്ങൾ തകൃതിയായി നടക്കുന്നു.
കൊല്ലം നഗരത്തിലെ നടപ്പാതകൾ കൈയേറി വഴിയോര വാണിഭം നടക്കു മ്പോഴും നടപടിയെടുക്കാൻ കോർപ്പറേഷൻ അധികൃതർക്ക് മടി.
മേവറംമുതൽ കാവനാട് വരെയും കൊല്ലം - തിരുമംഗലം പാതയിലും കാൽ നടയാത്ര പൂർണ്ണമായും
ഗതാഗതം തടസ്സപ്പെടുത്തുന്ന രീതിയിലാണ് കൈയേറ്റം. ഒപ്പം തന്നെ
വഴി തടസ്സപ്പെടുത്തി രാക്ഷ്ട്രീയ പാർട്ടികളുടെയടക്കം പരസ്യബോർഡുകൾ സ്ഥാപിക്കലും വ്യാപകമാകുകയാണ്.
ചിന്നക്കടയിലെ നടപ്പാത കൈയേറ്റം യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിട്ട് വർഷങ്ങളായി. കച്ചവടസാമഗ്രികൾ നിരത്തുന്നതോടെ നടപ്പാത നിറയും.
മേൽപ്പാലമിറങ്ങി അതിവേഗമെത്തുന്ന വാഹനങ്ങൾക്കിടയിലൂടെയാണ് കാൽനടയാത്രക്കാർ പോകാറ്. എല്ലാം ഒഴിപ്പിക്കുമെന്ന് കോർപ്പറേഷൻ അധികൃതർ ആവർത്തിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. ആരെ ഭയന്നാണ് ഒഴിപ്പിക്കാൻ മടിക്കുന്നതെന്നാണ് യാത്രക്കാർ ചോദിക്കുന്നത്.
സെന്റ് ജോസഫ്സ് സ്കൂളിനുമുന്നിലാണ് കാൽനടയാത്രക്കാർ ഏറെ ബുദ്ധിമുട്ടുന്നത്. ജില്ലാ ആശുപത്രിയിലേക്കും വിക്ടോറിയ ആശുപത്രിയിലേക്കും ചാമക്കട ഭാഗത്തേക്കും പോകുന്നവരും വിദ്യാർഥികളുമടക്കം നൂറുകണക്കിനുപേർ ഇവിടെയെത്തുന്നുണ്ട്.
യാത്ര സുരക്ഷിതമാക്കാൻ കേന്ദ്രസർക്കാരിന്റെ അമൃതം പദ്ധതിയിൽ ഉൾപ്പെടുത്തി
നിർമിച്ച മേൽപ്പാലത്തിലേക്ക് ആർക്കും കടക്കാനാകാത്തവിധമാണ് റോഡ് കൈയേറിയുള്ള കച്ചവടം.
ഇത് വാഹനകാൽ നട യാത്രികർക്കുൾപ്പെടെ വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. പെട്ടിഓട്ടോകളും, വാനുമൊക്കെയിട്ട് പച്ചക്കറി, പഴവർഗങ്ങൾ, മുട്ട, മത്സ്യം തുടങ്ങിയവയുടെ വിൽപ്പനയും നടക്കുന്നു. റോഡരികിൽ ഏതാണ്ട് മാർക്കറ്റ് പോലെയാണ്.
ഇവിടെയും ജനങ്ങൾക്ക് തിരക്കേറിയ റോഡ് മുറിച്ചുകടക്കേണ്ട അവസ്ഥയാണ്.
ഹൈസ്കൂൾ ജങ്ഷനിലും കളക്ടറേറ്റിനടുത്തും നടപ്പാതയിൽത്തന്നെയാണ് പെട്ടിക്കടകൾ. ആദ്യം പെട്ടിക്കട തുടങ്ങിയവർ നടപടിയൊന്നുമുണ്ടാകാതെ വന്നതോടെ മേൽക്കൂരയും ഇറക്കുകളും നിർമിച്ച് പാത സ്വന്തമാക്കിയിരിക്കുകയാണ്. മാലിന്യങ്ങൾ പാതയോരത്ത് കൂട്ടിയിടുന്നുമുണ്ട്. ജില്ലാ ജയിലിന് എതിർവശത്ത് കളക്ടറേറ്റിനുമുന്നിലെ നടപ്പാതയിലും കടനിർമിച്ച് കച്ചവടം നടത്തുന്നുണ്ട്.വാഹനത്തിരക്കേറിയ റോഡിലെ ഈ കച്ചവടം ഗതാഗതത്തിന് വലിയ തടസ്സമുണ്ടാക്കുന്നു. കാൽനടയാത്രക്കാർക്ക് വാഹനങ്ങൾ വരുമ്പോൾ റോഡരികിലേക്ക് മാറാൻപോലും സ്ഥലമില്ല.
പാതയോരത്തുതന്നെ കച്ചവടം നടക്കുന്നതിനാൽ ആളുകൾ സാധനങ്ങൾ വാങ്ങാൻ നിൽക്കുന്നതും വാഹനങ്ങളിൽ വരുന്നവർ റോഡിൽത്തന്നെ വാഹനം നിർത്തി സാധനങ്ങൾ വാങ്ങിക്കുന്നതും വലിയ അപകടഭീഷണി ഉയർത്തുന്നുണ്ട്. വൈകുന്നേരങ്ങളിൽ മിക്കപ്പോഴും ഗതാഗത തടസ്സം പതിവാണ്.
പല വഴിയോരക്കച്ചവട വണ്ടികളും റോഡരികിൽ സ്ഥിരമായി ഇട്ടിരിക്കുകയാണ്. കോവിഡ്കാലത്ത് തൊഴിലില്ലാതായവരാണ് ഇത്തരം കച്ചവടക്കാർ എന്നാണ് പറയുന്നത്. ദിനംപ്രതി റോഡരികിൽ ഇത്തരം കച്ചവടക്കാർ കൂടിവരുമ്പോഴും അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയും ഉണ്ടാകുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി
No comments:
Post a Comment