ചിറക്കര പഞ്ചായത്തിന്റെ അനാസ്ഥ
പോളച്ചിറയിലെ പുഞ്ചക്കൃഷി മുടങ്ങും
പോളച്ചിറ ഏലായിലെ പുഞ്ചക്കൃഷി ഇത്തവണയും മുടങ്ങും.പഞ്ചായത്ത് കൊട്ടിഘോഷിച്ച് തുടങ്ങിയ ഒരുനെല്ലും ഒരുമീനും പദ്ധതിയാണ് തുടർച്ചയായ രണ്ടാംതവണയും നടക്കാതെ പോകുന്നത്.1500 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഏലായിലെവെള്ളം വറ്റിക്കുന്നതിൽ വന്ന വീഴ്ചയാണ് പദ്ധതി മുടങ്ങാൻ കാരണമാകുന്നതെന്നാണ് ആക്ഷേപം.
വെള്ളം വറ്റിക്കുന്നതിനായി പരമ്പരാഗത രീതിയായ പെട്ടിയുംപറയും ഒഴിവാക്കി 50 കുതിര ശക്തിയുടെ രണ്ട് പമ്പ് സ്ഥാപിച്ച് വെള്ളം വറ്റിക്കുന്നതിനായിരുന്നു കൃഷിവകുപ്പും ഗ്രാമപ്പഞ്ചായത്തും പദ്ധതിയിട്ടത്.എം.എൽ.എ. ഫണ്ടിൽ നിന്നും 50 ലക്ഷംരൂപ ചെലവഴിച്ച് പമ്പ് സ്ഥാപിച്ചെങ്കിലും പ്രവർത്തിപ്പിക്കാൻ കാലതാമസം വന്നു. പ്രവർത്തനം തുടങ്ങിയെങ്കിലും ഇതിന്റെ യഥാർഥ ശക്തിയിൽ പമ്പ് പ്രവർത്തിപ്പിക്കാനാകുന്നില്ല.
എന്നാൽ ഒരുസമയം ഒരു പമ്പ് മാത്രമേ പ്രവർത്തിപ്പിക്കാൻ കഴിയുകയുളളൂ. അതും പമ്പിന്റെ പൂർണശക്തിയിൽ പ്രവർത്തിപ്പിക്കാനും കഴിയില്ല.
പമ്പ് പ്രവർത്തിപ്പിക്കാൻ മതിയായ അളവിലെ വോൾട്ടേജ് ക്ഷാമമാണ്.
പമ്പ് പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാക്കാൻ പുതിയ ട്രാൻസ്ഫോർമർ സ്ഥാപിച്ചാൽ മാത്രമേ കഴിയുകയുള്ളൂ.മാത്രവുമല്ല പമ്പ് വലിയതോതിൽ വെള്ളമൊഴുക്കി ഇത്തിക്കരയാറ്റിലേക്ക്
വീടുന്നതിന് ചാത്തന്നൂർ -പരവൂർ റോഡിൽ രണ്ട് ചെറിയ പൈപ്പ് മാത്രമാണ് ഉള്ളത് വൻതോതിൽ വെള്ളമൊഴുക്കിയാൽ റോഡ് തകരാൻ കാരണമാകും അത് കൊണ്ട് തന്നെ
ചാത്തന്നൂർ -പരവൂർ റോഡിൽ കലുങ്ക് പണിയേണ്ടി വരുമെന്ന് വിദ്ഗ്ദർ ചൂണ്ടി കാട്ടുന്നു.
@ മത്സ്യലേലത്തുക പൂർണമായും അടയ്ക്കാതെ കരാറുകാരൻ
ഏലാ തോടുകളിൽനിന്ന് മത്സ്യം പിടിക്കുന്നതിനുള്ള കരാർ ലേലം ചെയ്തു നൽകിയെങ്കിലും കരാറുകാരൻ ലേലത്തുക പൂർണമായും അടച്ചില്ല. മത്സ്യക്കൃഷിയുടെ വിളവെടുപ്പിനായി നടത്തിയ ലേലത്തിൽ 8,10,000 രൂപയ്ക്കാണ് കരാർ നൽകിയത്. 24 മണിക്കൂറിനുള്ളിൽ ലേലത്തുക അടയ്ക്കണമെന്ന് കരാർ വ്യവസ്ഥയുണ്ടെങ്കിലും ലേലത്തുകയുടെ പകുതിമാത്രമാണ് ഇതുവരെ അടച്ചിട്ടുള്ളത്. ഏലായിലെ വെള്ളം വറ്റിക്കുന്ന മുറയ്ക്ക് ബാക്കി അടയ്ക്കുമെന്ന് ഗ്രാമപ്പഞ്ചായത്തുമായി ധാരണയുണ്ടാക്കിയെന്നാണ് പറയുന്നത്. നാലുലക്ഷം രൂപമാത്രമാണ് കരാറുകാരൻ അടച്ചിട്ടുള്ളത്. ബാക്കി തുക അടക്കാത്തതിനാൽ കരാറുകാരന് നോട്ടീസ് നൽകുമെന്ന് ഗ്രാമപ്പഞ്ചായത്ത് അധികൃതർ പറഞ്ഞു.
@ കൃഷി മുടങ്ങാൻ കാരണം പഞ്ചായത്തിന്റെ അനാസ്ഥ
എല്ലാത്തവണയും ഡിസംബറിനുമുൻപ് വെള്ളംവറ്റിച്ച് നിലംഒരുക്കിയാണ് കൃഷി നടത്തുന്നത്.
120 ദിവസംകൊണ്ട് വിളവെടുപ്പ് നടത്താൻ പാകത്തിലുള്ള വിത്താണ് വിതയ്ക്കുന്നത്. വെള്ളം വറ്റിച്ച് തോർന്നുകിട്ടിയാൽ മാത്രമേ നിലംഒരുക്കി വിത നടക്കുകയുള്ളൂ. നിലവിലെ സ്ഥിതിയിൽ വെള്ളം വറ്റിച്ച് നിലം ഒരുക്കാൻ ഒരുമാസമെങ്കിലും എടുക്കും. മഴക്കാലത്തിനുമുൻപ് കൊയ്തെടുക്കാൻ കഴിയുന്ന തരത്തിൽ കൃഷിയിറക്കിയില്ലെങ്കിൽ വൻ നഷ്ടമായിരിക്കും സംഭവിക്കുക.-രാമചന്ദ്രൻപിള്ള (കർഷക സമിതി)
@ പഞ്ചായത്തിന്റെ അനാസ്ഥമൂലമാണ് തുടർച്ചയായി കൃഷി ചെയ്യാൻ പറ്റാത്ത സാഹചര്യം ഉണ്ടായിരിക്കുന്നത്. ഉത്ഘാടന മാമാങ്കങ്ങൾ നടത്തി പദ്ധതികൾക്ക് തുടക്കമിടും പിന്നീട് പദ്ധതികൾ പാതി വഴിയിൽ ഉപേക്ഷിക്കുകയാണ് ചിറക്കര പഞ്ചായത്ത് അതിന്റെ മുഖ്യ ഉദാഹരണമാണ് കെട്ടിയാഘോഷിക്കപ്പെട്ട് ഉത്ഘാടനം ചെയ്ത ചിറക്കര ബ്രാന്റ് അരി അരി വിതരണം എങ്ങുമെത്തിയില്ല, പോളച്ചിറയിൽ നടപ്പാക്കിയ ആയിരം തെങ്ങ് പദ്ധതി എങ്ങുമെത്തിയില്ല പദ്ധതികളിലൂടെ അഴിമതി നടത്തുകയാണ് ചിറക്കര പഞ്ചായത്ത് ഭരണസമിതി ചിറക്കര പഞ്ചായത്ത് പോളച്ചിറയിൽ നടപ്പാക്കിയ പദ്ധതികളെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണം
റോയ് നെടുങ്ങോലം (ബിജെപി ചിറക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ്)
No comments:
Post a Comment