Friday, 20 August 2021

ദേശിയപാത വികസനവും കാത്ത് ചാത്തന്നൂർ

ദേശിയപാത വികസനവും  കാത്ത് ചാത്തന്നൂർ
   
ചാത്തന്നൂർ : ദേശീയപാതാവികസനവും പള്ളിക്കമണ്ണടിപ്പാലവും യാഥാർത്ഥ്യമാകുന്നതോടെ ചാത്തന്നൂരിന്റെ പുനർനിർമാണത്തിന്‌ തുടക്കംകുറിക്കണമെന്നും ഇതിനായി സമഗ്രവികസനത്തിനുള്ള പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കണമെന്നുമുള്ള ആവശ്യം ശക്തമാകുന്നു. ദേശീയപാത 66 ന്റെ വികസനവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കുമ്പോൾ നിരവധി സർക്കാർ സ്ഥാപനങ്ങൾ ഒഴിപ്പിക്കേണ്ടിവരും.

ചാത്തന്നൂർ ജങ്‌ഷനിൽ കാണുന്ന ഗ്രാമപ്പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സ്, പഞ്ചായത്ത് ഓഫീസ്‌, മറ്റ് അനുബന്ധ സ്ഥാപനങ്ങൾ, മാർക്കറ്റ്‌ എന്നിവയെല്ലാം മാറ്റിസ്ഥാപിക്കേണ്ടിവരും. ഇതിനായി ചാത്തന്നൂരിന്റെ സമഗ്രവികസനത്തിന് ഒഴിച്ചുകൂടാനാകാത്ത മാസ്റ്റർ പ്ലാൻ തയ്യാറാക്കണം. ആർക്കിടെക്ടുകളും എൻജിനീയർമാരുമടങ്ങുന്ന വിദഗ്ദ്ധസമിതിയെ ഇക്കാര്യത്തിനായി നിയോഗിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്. ചാത്തന്നൂർ ജങ്‌ഷനിൽനിന്ന് മൂന്നു കിലോമീറ്ററിനുള്ളിൽ ആവശ്യമായ സ്ഥലങ്ങൾ ഘട്ടംഘട്ടമായി കണ്ടെത്തി ഏറ്റെടുക്കുന്നതിന് നടപടി സ്വീകരിക്കണം. ലഭ്യമാക്കാവുന്ന സർക്കാർ ഭൂമിയും വിലയ്ക്കു വാങ്ങാവുന്ന സ്വകാര്യ ഭൂമിയും സംഘടിപ്പിച്ച് സമഗ്രവികസനം കൊണ്ടുവരണമെന്ന അഭിപ്രായമാണുയരുന്നത്.

@ വികസനരേഖ 
  പഞ്ചായത്ത് ഓഫീസിന് അനുയോജ്യമായ സ്ഥലം കണ്ടെത്തി കെട്ടിടനിർമാണം ആരംഭിക്കണം. അനുയോജ്യമായ സ്ഥലത്ത് ഷോപ്പിങ് കോപ്ലക്സ് നിർമിക്കുകയും ആധുനികസൗകര്യങ്ങളോടുകൂടിയ മാർക്കറ്റ് സ്ഥാപിക്കുകയും വേണം.

കൊല്ലത്തുനിന്ന് കൊട്ടിയംവരെയുള്ള ടൗൺ ബസുകൾ ചാത്തന്നൂർ വരെ നീട്ടണം. പരവൂരിൽ നിന്നുമുള്ള മുഴുവൻ ബസുകളും ചാത്തന്നൂർ പ്രൈവറ്റ്
ബസ് സ്റ്റാൻഡിൽ വന്നിട്ടു പോകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തണം.

ചിറക്കര-വെളിച്ചിക്കാല-അസീസിയ മെഡിക്കൽ കോളേജ് എന്നിവയെ ബന്ധപ്പെടുത്തി സർക്കുലർ ബസ് സർവീസുകൾ നടത്തണം. ടെക്നോപാർക്ക് മോഡലിൽ വ്യവസായ പാർക്ക് സ്ഥാപിക്കണം. ചാത്തന്നൂരിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് താമസത്തിനായി പഞ്ചായത്ത് ഭവൻ നിർമിക്കണം. ഇത്തിക്കരയാറും മാലാക്കായലും ഉൾപ്പെടുത്തി ടൂറിസം പാക്കേജ് നടപ്പാക്കണം. ചാത്തന്നൂർ തോടിന്റെ കൈയേറ്റം ഒഴിപ്പിച്ച് തോട് സംരക്ഷിക്കണം. കുളമുടി തോടിന്റെ തുടക്കമായ ഊറ്റുകുഴി കുളം പുനരുജ്ജീവിപ്പിച്ച് കുളമുടി ഏലാ നെൽക്കൃഷിക്ക് അനുയോജ്യമാക്കണം.

ആധുനികസൗകര്യങ്ങളോടുകൂടിയ ശ്മശാനവും മാലിന്യനിർമാർജന പ്ലാൻറും സ്ഥാപിക്കുക, പോളച്ചിറയുടെ വികസനം സാധ്യമാക്കുക, ചാത്തന്നൂർ ആസ്ഥാനമാക്കി താലൂക്കും താലൂക്ക് ഓഫീസും വരുന്നതിനുള്ള തീവ്രപരിശ്രമം നടത്തുക തുടങ്ങിയ ആവശ്യങ്ങളും രൂപരേഖയിലുണ്ട്. ചാത്തന്നൂർ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ സമഗ്രവികസനത്തിന് മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിൽ ദീർഘകാല പദ്ധതികൾ രൂപവത്കരിച്ചു നടപ്പാക്കാൻ
പഞ്ചായത്ത്‌ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

No comments:

Post a Comment