സഹകരണ ബാങ്കുകളിലെ
കമ്മിഷൻ ഏജന്റുമാർ കഷ്ടപ്പാടിൽ
കൊല്ലം : സഹകരണ ബാങ്കുകളിലെ
കമ്മിഷൻ ഏജന്റുമാർ ഗ്രൂപ്പ് ഡെപ്പോസിറ്റുകൾ അടക്കം ദിനനിക്ഷേപങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് കഷ്ടപ്പാടിൽ.കൊവിഡ് മൂലം കടകൾ അടച്ചിട്ടിരുന്നത് വ്യാപരി വ്യവസായ മേഖലയിൽ ഉണ്ടായ സാമ്പത്തിക മാന്ദ്യമാണ് കാരണം.
കൊല്ലം ജില്ലയിൽ മാത്രം കമ്മിഷൻ ഏജന്റുമാരായി മൂവായിരത്തിൽ പരം പേരാണ് വിവിധ സഹകരണ ബാങ്കുകളുടെ കീഴിൽ പ്രവർത്തിക്കുന്നത്. ജില്ലയിലെ 60 ഓളം എ ക്ലാസ് ബാങ്കുകളിലായി 3000 ൽ പരം കമ്മിഷൻ ഏജന്റുമാരുണ്ട്. കൂടാതെ വനിതാ സഹകരണ സംഘങ്ങൾ, കാർഷിക - വിവിധോദ്ദേശ സംഘങ്ങൾ എന്നിവയിലും നിരവധിപേർ കമ്മിഷൻ ഏജന്റുമാരായി ഉപജീവനം നടത്തുന്നുണ്ട് .
പ്രതിമാസം 12 ലക്ഷം വരെ കളക്ഷൻ ലഭിച്ചിരുന്ന ഏജൻറുമാർക്ക് നിലവിൽ 50,000 രൂപ പോലും ലഭിക്കുന്നില്ല. ഗ്രൂപ്പ് ഡെപ്പോസിറ്റ് സ്കീം പ്രകാരം 20 ൽ പരം ലേലക്കുറികൾ നടത്തിയിരുന്ന സ്ഥാനത്ത് കാലാവധി കഴിഞ്ഞത് ഒന്നുപോലും തുടങ്ങാൻ സാധിക്കാതെ നെട്ടോട്ടത്തിലാണ് ഏജൻറുമാർ. നോട്ട് നിരോധനം തുടങ്ങിയത് മുതൽ ആരംഭിച്ച മാന്ദ്യം കൊവിഡ് വ്യാപനത്തോടെ അതിന്റെ മൂർധന്യത്തിൽ എത്തിയതായാണ് കമ്മീഷൻ ഏജന്റുമാർ പറയുന്നത്.
ഈ മേഖലയിൽ ജോലിചെയ്യുന്നവർക്ക് 70 വയസ്സാണ് വിരമിക്കൽ പ്രായം. 30-35 വർഷം ബാങ്കുകൾക്കുവേണ്ടി കഷ്ടപ്പെട്ട് പണിയെടുക്കുന്നവർ നിരവധിയാണ്. നടന്നും സൈക്കിൾ ചവിട്ടിയും പിരിവെടുത്ത് കഷ്ടപ്പെടുന്നവർ നിരവധിയുണ്ട്. മഹാ ഭൂരിപക്ഷത്തിനും 5000-10000 ത്തിനും ഇടയിലാണ് കമ്മീഷൻ ലഭിക്കുന്നത്. 600 രുപയാണ് പി എഫ് പിടിക്കുന്നത്. പെൻഷൻ ഫണ്ടിൽ നാല് ലക്ഷം രൂപ ഉണ്ടെങ്കിൽ മാത്രമേ മിനിമം പെൻഷൻ ലഭിക്കുകയുള്ളൂ. ഒരു കമ്മിഷൻ ജീവനക്കാരനും 600 രൂപ വീതം അടച്ചാൽ പെൻഷൻ ലഭിക്കുകയില്ല. ഇതുകാരണം മിനിമം സംഖ്യ പിഎഫിൽ അടക്കാൻ സാധിക്കാത്തതിനാൽ വെറുംകൈയുമായാണ് പലരും പിരിഞ്ഞു പോകുന്നത്.
വാച്ച് മാൻ, പ്യൂൺ തസ്തികകളിൽ 25 ശതമാനം കമ്മീഷൻ ഏജന്റുമാർക്ക് സംവരണം ചെയ്തിട്ടുണ്ടെങ്കിലും അതിന്റെ ആനുകൂല്യം പ്രായത്തിന്റെ അടക്കം തടസ്സങ്ങൾ ചൂണ്ടിക്കാണിച്ച് പല സംഘങ്ങളും പതിവായി നിഷേധിക്കാറാണെന്നാണ് കമ്മീഷൻ ഏജന്റുമാർ കുറ്റപ്പെടുത്തുന്നത്. ഇത് കാരണം സർവീസ് കൂടുതലും പ്രായക്കൂടുതലും ഉള്ള ഭൂരിപക്ഷത്തിനും ആ ആനുകൂല്യവും ലഭിക്കുന്നില്ല. ഈ വിവേചനം പരിഹരിക്കാൻ കമ്മിഷൻ ജീവനക്കാരെ ഫീഡർ ക്യാററഗറിയിൽ ഉൾപ്പെടുത്തി സംരക്ഷിക്കണമെന്ന മുറവിളിക്ക് അര നൂറ്റാണ്ടിന്റെയെങ്കിലും പഴക്കമുണ്ട്. പ്രായക്കൂടുതലുള്ളവരെ പ്രത്യേകമായി കണ്ട് സംവരണ തസ്തികയിൽ സ്ഥിര നിയമനം നടത്തി 70 വയസ് വരെ തുടരാൻ അനുവദിക്കണമെന്നാണ് ഈ മേഖലയിലുള്ളവർ ആവശ്യപ്പെടുന്നത്.
ജീവനക്കാർക്ക് ലഭിക്കുന്ന ഗ്രാറ്റ് വിറ്റി അടക്കമുള്ള മുഴുവൻ ആനുകൂല്യങ്ങളും കമ്മിഷൻ ജീവനക്കാർക്കും അനുവദിക്കണം. ജോലിസ്ഥിരതയും വേതന സ്ഥിരതയും ഉറപ്പുവരുത്തണം. നിലവിൽ പല സ്ഥാപനങ്ങളും പല രീതിയിലുള്ള കമ്മിഷൻ നിരക്കുകളാണ് നൽകി വരുന്നത്. അത് ഏകീകരിച്ച് എല്ലാവിധ നിക്ഷേപങ്ങൾക്കും നാലു ശതമാനം കമ്മീഷൻ എകീകരിച്ച് നടപ്പാക്കണമെന്ന ആവശ്യവും നിരവധി വർഷങ്ങളായി ഉയർത്തുകയാണ് ഭൂരിപക്ഷം കളക്ഷൻ ഏജന്റുമാരും ഇടത് സംഘടനകളുടെ പ്രതിനിധിയായാണ് ജോലി നോക്കുന്നത് എന്നിട്ടും ഇവർക്ക് വേണ്ട ആവശ്യങ്ങൾക്ക് ഇടത് സർക്കാർ മുഖം തിരിക്കുകയാണ്.
No comments:
Post a Comment