Friday, 6 August 2021

ചീഫ് സെക്രട്ടറിയുടെ തലയൊന്ന് പരിശോധിപ്പിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം

ഇക്കഴിഞ്ഞ ജൂലായ് രണ്ടിന് ഗുവാഹതി ഹൈക്കോടതി പുറപ്പെടുവിച്ച ഒരു ഉത്തരവ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഒന്ന് മനസ്സിരുത്തി വായിക്കണം. കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് മിസോറം സർക്കാർ ഏർപ്പെടുത്തിയ വിലക്കുകളും നിയന്ത്രണങ്ങളുമാണ് ഗുവാഹതി ഹൈക്കോടതിയുടെ ഇടപെടലിന് കാരണമായത്.

ജൂൺ 29-നായിരുന്നു കേസിനാധാരമായ, നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കൊണ്ടുള്ള മിസോറം സർക്കാരിന്റെ പ്രഖ്യാപനം. കോവിഡ് വാക്സിൻ എടുത്തവർക്ക് മാത്രമേ കടകളിലും മറ്റും പോകുന്നതിന് അനുവാദം ഉണ്ടായിരിക്കുകയുള്ളു എന്ന നിബന്ധനയായിരുന്നു ഇതിൽ മുഖ്യം.

കടകളിൽ ജോലി ചെയ്യുന്നവർക്കും വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബ്ബന്ധമായിരിക്കുമെന്നും സർക്കാർ വ്യക്തമാക്കി. പോലീസിനും ആരോഗ്യ വകുപ്പ് ജീവനക്കാർക്കും ഈ സർട്ടിഫിക്കറ്റ് പരിശോധിക്കുന്നതിനുള്ള അധികാരം ഉണ്ടായിരിക്കുമെന്നും സർക്കാർ പറഞ്ഞു..

ഭരണഘടനയുടെ 14, 19, 21 വകുപ്പുകളുടെ ലംഘനമാണ് ഈ നിബന്ധനകൾ എന്നാണ് ഗുവാഹതി ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. ജനങ്ങൾക്ക് പല അത്യാവശ്യ കാര്യങ്ങൾക്കുമായി പുറത്തിറങ്ങേണ്ടി വരുമെന്ന് കോടതി വ്യക്തമാക്കി. മിസോറം സർക്കാരിന്റെ ഉത്തരവ് ജനങ്ങളെ വീട്ടുതടങ്കലിൽ ആക്കുന്നതിന് തുല്ല്യമാണെന്ന് ജസ്റ്റിസുമാരായ മൈക്കൽ സൊതങ്കവും നെസൺ സൈലൊയും എടുത്തുപറഞ്ഞു.

കോവിഡ് വാക്സിൻ എടുക്കാത്തവരെ കുറ്റവാളികളായി കണക്കാക്കാനാവില്ലെന്ന സമീപനമാണ് ഹൈക്കോടതി എടുത്തത്. ഒരു വീട്ടിൽ 80 വയസ്സുള്ള വൃദ്ധനും 15 വയസ്സുള്ള കുട്ടിയുമാണുള്ളതെങ്കിൽ പാലും മരുന്നും വാങ്ങാനുമൊക്കെ വാക്സിൻ എടുത്ത 80-കാരൻ പുറത്തിറങ്ങണമെന്നും വാക്സിൻ എടുക്കാത്ത പയ്യൻ വീട്ടിലിരിക്കണമെന്നുമാണോ സർക്കാർ പറയുന്നതെന്നും കോടതി ചോദിച്ചു. മിസോറം സർക്കാരിന്റെ അസംബന്ധ നാടകങ്ങൾക്ക് കുട പിടിക്കാൻ തങ്ങളെ കിട്ടില്ലെന്ന വ്യക്തമായ സന്ദേശമാണ് കോടതി നൽകിയത്.

പുതിയ കോവിഡ് നിബന്ധനകൾ പുറപ്പെടുവിക്കാൻ കേരളത്തിന്റെ ചീഫ് സെക്രട്ടറിക്ക് മിസോറം സർക്കാരാണോ പ്രചോദനമായതെന്ന് അറിയില്ല. എന്തായാലും അടുത്തിടെയായി കോവിഡ് 19 വിഷയത്തിൽ കേരളം എടുക്കുന്ന നടപടികൾ മിതമായ ഭാഷയിൽ പറഞ്ഞാൽ തികഞ്ഞ വിവരക്കേടും അസംബന്ധവുമാണ്. ആഴ്ചയിൽ ഒരു ദിവസവും മൂന്നു ദിവസവുമൊക്കെ കടകൾ തുറന്നാൽ മതിയെന്ന നിലപാട് ഇത്തരത്തിലുള്ളതായിരുന്നു.

വാസ്തവത്തിൽ കടകളും മറ്റും എല്ലാ ദിവസവും തുറന്ന് പ്രവർത്തിപ്പിക്കണമെന്നും അങ്ങിനെയാണ് തിരക്കൊഴിവാക്കി കൊറോണയെ നേരിടേണ്ടതെന്നുമാണ് ഡോ. ജേക്കബ്ബ് ജോണിനെപ്പോലെ പ്രമുഖരായ വൈറോളജിസ്റ്റുകൾ ചൂണ്ടിക്കാട്ടിയത്. വേണ്ടി വന്നാൽ കൂടുതൽ സമയം പ്രവർത്തിക്കാൻ കടകൾക്ക് അനുമതി നൽകുകയാണ് വേണ്ടത്. അല്ലാതെ ഒരു ദിവസം മാത്രം തുറന്ന് തൃശ്ശൂർ പൂരത്തിന് സമാനമായ ജനക്കൂട്ടത്തെ സൃഷ്ടിക്കുന്നത് ചുവന്ന കാർപറ്റ് വിരിച്ച് കൊറോണയെ വിളിച്ചു വരുത്തുന്നതിന് തുല്ല്യമായിരിക്കും.

ഈ വേണ്ടാതീനം നിർത്തിയപ്പോൾ ദാ വരുന്നു പുതിയ തോന്നിവാസം. 72 മണിക്കൂർ മുമ്പെടുത്ത ആർ.ടി.പി.സി.ആർ. രേഖ, വാക്സിനേഷൻ സാക്ഷ്യപത്രം, കൊവിഡ് 19 ബാധിതനായി സുഖംപ്രാപിച്ചതിനുള്ള തെളിവ്- ഇത്യാദി സംഗതികൾ ഇല്ലെങ്കിൽ ഒരാളും പുറത്തിറങ്ങേണ്ടെന്നാണ് ഇപ്പോൾ കേരള സർക്കാർ പറയുന്നത്.

വാക്സിനേഷൻ നടത്താത്തവരെ വീട്ടുതടങ്കലിലാക്കിയ മിസോറാം സർക്കാരിന് പഠിക്കുകയാണ് കേരള സർക്കാർ എന്ന് പറഞ്ഞാൽ അതിൽ അതശയോക്തി ഉണ്ടാവില്ല. എന്തടിസ്ഥാനത്തിലാണ് ഈ നിബന്ധനകൾ കേരള സർക്കാർ ഏർപ്പെടുത്തുന്നതെന്ന് വ്യക്തമല്ല. പോരാട്ടം കൊറോണയ്ക്കെതിരെയാണെന്നും മനുഷ്യർക്കെതിരെയല്ലെന്നും ലോകമെമ്പാടുമുള്ള ആരോഗ്യ പരിപാലന വിദഗ്ധർ കഴിഞ്ഞ ഒന്നരക്കൊല്ലമായി പറയുന്നതിനിടയിലാണ് ഈ വെളിവുകേടുമായി കേരള സർക്കാർ രംഗത്തെത്തിയിരിക്കുന്നത്.

ജനസംഖ്യ നിർണ്ണയിക്കുന്നതിനായുള്ള ദേശീയ കമ്മീഷന്റെ റിപ്പോർട്ട് പ്രകാരം കേരളത്തിലെ ജനസംഖ്യ 3,54,89,000 ആണ്. ഇതിൽ 1,48,05,279 പേർക്കാണ് കോവിഡ് വാക്സിന്റെ ആദ്യ ഡോസ് കിട്ടിയിരിക്കുന്നത്. അതായത് മൊത്തം ജനസംഖ്യയുടെ പകുതിപ്പേർക്കും ഇനിയും വാക്സിൻ കിട്ടിയിട്ടില്ല. യാഥാർത്ഥ്യം ഇതായിരിക്കെയാണ് അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങണമെങ്കിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബ്ബന്ധമാണെന്ന് കേരള സർക്കാരിന് വേണ്ടി പുറപ്പെടുവിച്ച ഉത്തരവിൽ ചീഫ് സെക്രട്ടറി പറയുന്നത്.

വാക്സിൻ എടുക്കാൻ കേരളത്തിൽ ഇന്നിപ്പോൾ ഒരാൾക്കും മടിയുണ്ടാവാനിടയില്ല. വാക്സിൻ കിട്ടാത്തതാണ് പ്രശ്നം. ഈ പ്രശ്നത്തിന് പരിഹാരമുണ്ടാക്കുകയാണ് സർക്കാർ ആദ്യം ചെയ്യേണ്ടത്. അല്ലാതെ വാക്സിനെടുത്തിട്ടില്ലെന്ന് പറഞ്ഞ് പാവം ജനങ്ങളുടെ കൊങ്ങയ്ക്ക് പിടിക്കാൻ പോലീസിന് അധികാരം നൽകുകയല്ല. കോവിഡ് 19 ആരോഗ്യപ്രശ്നമാണെന്നും അതിൽ പോലീസല്ല ആരോഗ്യ പ്രവർത്തകരാണ് ഇടപെടേണ്ടതെന്നും തമിഴ്നാട് ധനമന്ത്രി പഴനിവേൽ ത്യാഗരാജൻ പറഞ്ഞത് കേരളത്തിലെ ഭരണാധികാരികൾ മറന്നുപോവരുത്.

രാഷ്ട്രീയ പ്രവർത്തകൻ വെള്ളത്തിലെ മത്സ്യത്തെപ്പോലെ ആയിരിക്കണമെന്നാണ് കമ്മ്യൂണിസ്റ്റ് വിപ്ലവാചാര്യൻ മാവോ പറഞ്ഞത്. ജനങ്ങൾക്കിടയിൽ ജനങ്ങളുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നവർക്ക് പറഞ്ഞിട്ടുള്ളതാണ് രാഷ്ട്രീയ പ്രവർത്തനമെന്ന് സാരം. ഇങ്ങനെ ജനങ്ങൾക്കിടയിൽ കഴിയുന്ന പ്രവർത്തകർ ഇപ്പോഴും സി.പി.എമ്മിൽ തീർച്ചയായും ഉണ്ടാവും. പാർട്ടിയുടെ എം.എൽ.എമാരുമായെങ്കിലും ഒന്ന് സംസാരിച്ചിരുന്നെങ്കിൽ ഇത്തരം വൃത്തികേടുകൾക്ക് കൂട്ടു നിൽക്കേണ്ട ഗതികേട് മുഖ്യമന്ത്രിക്കോ ആരോഗ്യ മന്ത്രിക്കോ ഉണ്ടാവുമായിരുന്നില്ല.

ജനകീയാസൂത്രണത്തിന്റെ 25-ാം വാർഷികമാണിത്. അധികാരം ജനങ്ങളിലേക്ക് എങ്ങിനെ എത്തിക്കാമന്നെതിന് കേരളം മുന്നോട്ടുവെയ്ക്കുന്ന ഉദാത്ത മാതൃകയാണിതെന്നാണ് മുൻ ധനമന്ത്രി തോമസ് ഐസക്ക് കഴിഞ്ഞ ദിവസം മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. പക്ഷേ, അധികാരം കൂടുതൽ കൂടുതലായി കേന്ദ്രീകരിക്കപ്പെടുന്ന കാഴ്ചയാണ് കേരളത്തിൽ ഇപ്പോൾ ഉയരുന്നത്.

ഒന്നുകിൽ മുഖ്യമന്ത്രി കാര്യങ്ങൾ അറിയുന്നില്ല. അല്ലെങ്കിൽ അദ്ദേഹത്തോട് അടുത്തു നിൽക്കുന്നവർക്ക് യാഥാർത്ഥ്യം അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്താനാവുന്നില്ല. ഭരണത്തിൽ മുഖ്യമന്ത്രിയുടെ പ്രതിപുരുഷനെ പോലെയാണ് ചീഫ്സെക്രട്ടറി. അങ്ങിനെയൊരു സ്ഥാനത്തിരിക്കുന്നയാളോട് വിമർശനാത്മകമായി കാര്യങ്ങൾ ഉന്നയിക്കാനും മന്ത്രിമാർക്ക് കഴിയുന്നില്ലെന്നതിന്റെ സൂചനയാണ് ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നിബന്ധനകൾ.

ഈ പരിസരത്തിൽ ഇടപെടാൻ മുഖ്യമന്ത്രിക്ക് മാത്രമേ കഴിയൂ. 24 കൊല്ലം മുമ്പ് 1997 സെപ്റ്റംബർ എട്ടിന് അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാർക്ക് വൈദ്യുതി- സഹകരണ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന പിണറായി വിജയൻ എഴുതിയ ഒരു കുറിപ്പ് ഈ ഘട്ടത്തിൽ ഓർക്കാതെ വയ്യ. ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങൾക്ക് പഞ്ചായത്തുകൾക്ക് നൽകുന്ന പണം അതാത് പഞ്ചായത്തുകളിലെ പ്രാഥമിക സഹകരണ സംഘത്തിൽ നിക്ഷേപിക്കണമെന്ന് സഹകരണ വകുപ്പ് സെക്രട്ടറി ഒരു നിർദ്ദേശം സമർപ്പിച്ചിരുന്നു.

ഈ നിർദ്ദേശം അസംബന്ധമാണെന്നും കേരളത്തിലെ സഹകരണ ബാങ്കുകളുടെ വിശ്വാസ്യത സംശയാസ്പദമാണെന്നും അന്നത്തെ ധനകാര്യ സെക്രട്ടറി എസ്. വരദാചാരി ഇതുമായി ബന്ധപ്പെട്ട് ഫയലിൽ എഴുതി. സഹകരണ മന്ത്രിയായിരുന്ന പിണറായിയെ ഈ പരാമർശം ചൊടിപ്പിച്ചതിൽ അത്ഭുതമില്ല. വരദാചാരിയുടെ തല പരിശോധിപ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി നായനാർക്ക് പിണറായി ഇതേത്തുടർന്ന് നോട്ട് നൽകിയെന്നാണ് പിന്നീട് വാർത്തകൾ വന്നത്.

ഐ.എ.എസ്. കിട്ടുന്നതുകൊണ്ട് വകതിരിവ് ഉണ്ടായിരിക്കണമെന്ന് ഒരു നിർബ്ബന്ധവുമില്ല. ഇങ്ങനെ വകതിരിവ് ഇല്ലാത്തവരുടെ തല ഇടയ്ക്കൊന്ന് സർക്കാർ ചെലവിൽ പരിശോധിക്കുന്നതിലും കുഴപ്പമില്ല. അതുകൊണ്ടുതന്നെ കേരളത്തിലെ ചീഫ് സെക്രട്ടറിയുടെ തലയൊന്ന് പരിശോധിപ്പിക്കാൻ മുഖ്യമന്ത്രി മുൻകൈയ്യടുക്കണം.

കോവിഡ് 19 തകർത്തെറിഞ്ഞത് ഒരു ജനതയെ മൊത്തമാണ്. എങ്ങിനെ ജീവിക്കാൻ പറ്റുമെന്ന വേവലാതിയിലാണ് കേരളത്തിലെ ഭൂരിപക്ഷം ജനതയും കഴിയുന്നത്. അപാരമായ ശൂന്യതയുമായി മുഖാമുഖം നിൽക്കുന്ന അവസ്ഥയിലാണ് ജനങ്ങൾ. ഈ ഘട്ടത്തിൽ അവർക്ക് എങ്ങിനെ കൈത്താങ്ങാവാൻ കഴിയുമെന്നാണ് സർക്കാർ നോക്കേണ്ടത്. അതിനു പകരം എരിതീയിൽനിന്നു വറചട്ടിയിലേക്ക് എടുത്തെറിയുന്ന നിയന്ത്രണങ്ങളും നിബന്ധനകളുമാണ് സർക്കാർ കൊണ്ടുവരുന്നതെങ്കിൽ ജനങ്ങളുടെ ക്ഷമയ്ക്ക് നെല്ലിപ്പലകയുണ്ടെന്ന് ഭരണത്തിന്റെ തലപ്പത്തിരിക്കുന്നവർ മറക്കരുത്.

വഴിയിൽ കേട്ടത്:പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ വന്നാൽ തല മുണ്ഡനം ചെയ്യുമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറക് ഒബ്രിയൻ. എന്നാൽ പിന്നെ ഈ ജീവിതകാലത്ത് ഡെറക്കിന് ഷൗരം വേണ്ടി വരില്ല

No comments:

Post a Comment