Friday, 26 June 2026

ശനി_ദോഷം_മാറ്റാൻ #ശനീശ്വരനെ പൂജിക്കാം

#ശനി_ദോഷം_മാറ്റാൻ 
#ശനീശ്വരനെ പൂജിക്കാം 

വൈശാഖമാസത്തിലെ അമാവാസിനാളിലാണ് ശനിദേവൻ ജനിച്ചത്. സൂര്യ പുത്രനായ ശനിദേവന്റെ ജന്മദിനം ശനിജയന്തി അഥവാ ശനിഅമാവാസി എന്ന് അറിയപ്പെടുന്നു. ആയുസ്സിന്റെ കാരകനാണ് ശനി🙏🙏

ജീവിതഗതി മാറ്റിമറിക്കപ്പെടുന്ന കാലഘട്ടമാണ് ശനിയുടെ അപഹാരകാലം. ശനി ദോഷം അനുഭവിക്കാത്തവർ വിരളമാണ്.  സാക്ഷാൽ മഹാദേവന് പോലും ശനിദോഷം രണ്ടു നാഴിക നേരമായാൽ പോലും അലട്ടിയിട്ടുണ്ട്🙏🙏🙏

 മനപ്രയാസം, കടബാധ്യത, അനാരോഗ്യം, ദുരിതം, മരണം, അപകടം എന്നിവയെല്ലാം ശനിദോഷസമയത്ത് സംഭവിക്കാം. ശനി ചാരവശാല്‍ അനിഷ്ട സ്ഥാനങ്ങളില്‍ കൂടി സഞ്ചരിക്കുമ്പോള്‍ ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് തൊഴില്‍ അല്ലെങ്കില്‍ ഉപജീവന മേഖലയിലായിരിക്കും. അതിനാൽ ദോഷശാന്തി വരുത്തി ശനിപ്രീതി വരുത്തുവാന്‍ ശനി ജയന്തിയോളം പറ്റിയ ദിനം വേറെയില്ല. ജന്മദിനത്തില്‍ അതീവ  പ്രസന്നനായിരിക്കുന്ന ശനിദേവന് അന്നേദിവസം സമർപ്പിക്കുന്ന ജപങ്ങളും  പ്രാർഥനകളും ഫലപ്രാപ്തിയില്‍ എത്തിച്ചേരും എന്നാണ് വിശ്വാസം.

 ജാതകപ്രകാരം ശനിദശാദോഷമുള്ളവരും ചാരവശാൽ ശനി അനുകൂലമല്ലാത്ത സമയങ്ങളായ കണ്ടകശ്ശനി, അഷ്ടമശ്ശനി, ഏഴരശ്ശനി എന്നീ ദോഷങ്ങൾ അനുഭവിക്കുന്നവരും ദോഷപരിഹാരത്തിന് ഏറ്റവും ഉത്തമമായ ദിനമാണ് ശനിജയന്തി.
ശനിജയന്തിദിനത്തിൽ വ്രതാനുഷ്ഠാനത്തോടെ ശനീശ്വരനെ പ്രാർഥിക്കുന്നത് അതീവ ഫലദായകമാണ് . ഒരിക്കൽ അനുഷ്ഠിച്ചു വ്രതം എടുത്ത്പ്രഭാതത്തിൽ  സ്‌നാനന്തരം ശനീശ്വരസ്തോത്രം ഒൻപതു തവണ  ജപിക്കുന്നത് ശനിപ്രീതികരമാണ്. ശനിദേവന്റെ  വാഹനമായ കാക്കയ്ക്ക് പച്ചരിയും എള്ളും നനച്ചുകൊടുക്കുന്നത് ശനിദോഷത്തിന് ഒരു പരിഹാരമാണ്. കറുത്ത വസ്ത്രം, എള്ളെണ്ണ എന്നിവ ദാനം ചെയ്യുന്നതും നന്ന്.

 ശനീശ്വരസ്തോത്രം അർഥം മനസ്സിലാക്കി വേണം ജപിക്കാൻ.

നീലാഞ്ജനസമാഭാസം
 രവിപുത്രം യമാഗ്രജം
ഛായാ മാര്‍ത്താണ്ഡ സംഭൂതം
 തം നമാമി ശനൈശ്ചരം

#അർഥം

നീലാഞ്ജനക്കല്ലിന്റെ ശോഭയുള്ളവനും യമന്റെ ജ്യേഷ്ഠനും ഛായാദേവിയുടെയും സൂര്യന്റെയും പുത്രനുമായ ശനിഭഗവാനെ ഞാൻ നമസ്കരിക്കുന്നു.

കഴിവതും മറ്റുള്ളവരെ ഒരു വാക്കുകൊണ്ട് പോലും നോവിക്കാതിരിക്കുക . പ്രത്യേകിച്ച് പ്രായമായവരെ. വാക്കുകളിലും പ്രവൃത്തികളിലും സത്യസന്ധത കാണിക്കുക, മറ്റുള്ളവരുടെ കാര്യത്തിൽ അനാവശ്യമായി ഇടപെടാതിരിക്കുക, പരദൂഷണം , കുശുമ്പ്  എന്നിവ ഒഴിവാക്കുക , അന്യരെ ഉപദ്രവിക്കാതെ കഴിയാവുന്ന രീതിയിൽ സഹായിക്കുക...എങ്കിൽ ശനിദോഷം അലട്ടുകയില്ല. കുടുംബത്തിലെ പ്രായമായവരെ വേണ്ട രീതിയിൽ പരിചരിക്കുന്നതും വസ്ത്രമോ കറുത്ത കുടയോ  നൽകി സന്തോഷിപ്പിക്കുന്നതും ശനി പ്രീതികരമായ കർമമത്രേ.
  നവഗ്രഹങ്ങളിൽ പേരിനൊപ്പം ഈശ്വരൻ എന്ന് ചേർത്തു വിളിക്കുന്നത് ശനിയെ മാത്രമാണ് 'ശനിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥനാക്കുന്നത് കണിശമായ നീതിയും ന്യായവും ധർമവും മൂലമാണ് അതാണ് ശനീശ്വരന്റെ വലിയ പ്രത്യേകതയും ' ആയുസ്സും ആരോഗ്യവും എല്ലാം ഈശ്വരാനുഗ്രഹമാണെങ്കിലും അതിന് ജാതകത്തിൽ ശനിയുടെ സ്ഥാനം ആനുകുലമായും  ശുഭമായും ഭവിക്കുകയും വേണമെന്നാണ്.

   ശനീശ്വരന്റ ദൃഷ്ടിക്ക് ആരോടും പ്രത്യേക മമതയോ ആരോടും കൂടുതലായി വിദ്വേഷമോ ഇല്ല. ധനവാൻ, ദരിദ്രൻ ,വലിയവൻ ചെറിയവൻ, രാജാവ് മന്ത്രി, തൊഴിലാളി, നേതാവ് എന്ന വ്യത്യാസമൊന്നും ശനിക്ക് ലവലേശമില്ല.. 
എല്ലാവരും ശനീശ്വരനുമ്പിൽ സമന്മാരാണ് 

    മനുഷ്യരെ മാത്രമല്ല ദൈവത്തെപോലും ശനീശ്വരൻ വെറുതെ വിടാറില്ല. 

     ശ്രീ പരമേശ്വരൻ രഹസ്യമായി ഗംഗാദേവിയെ വിവാഹം ചെയ്യുന്നതിന്  ആത്മാർത്ഥമായി ഒപ്പം നിന്ന് സഹായിച്ചത് ശനിയാണത്രെ.
 
     അതിൽ സംപ്രീതനായ പരമേശ്വരനാണ് ശനിക്ക് "ഈശ്വരസ്ഥാനം നൽകിയതെന്നാണ് കഥ. എന്നാൽ അതേ ശനി തന്നെയാണ്  
ഏഴരശ്ശനി ബാധിച്ചവേളയിൽ ശിവനെ ശനിപീഡയാൽ കഷ്ടപ്പെടുത്തുകയും ചെയ്തത്.

      ശനിയെ എല്ലാവർക്കും ഭയമാണ്.
വാസ്തവത്തിൽ അങ്ങിനെ പേടിക്കാനൊന്നുമില്ല. ശുദ്ധാത്മാക്കൾക്ക് ശനി നല്ലവനും ദുഷ്ടാത്മാക്കൾക്ക് ശനി പേടിക്കേണ്ടവനും
 ആണ്.
   ജ്യോതിഷഗണിതമനുസരിച്ച് ശനിയുടെ യാത്ര മറ്റു ഗ്രഹങ്ങളെപ്പോലെയല്ല സദ്ഗുണ സമ്പന്നനായ ശനി ഒരു രാശിയിൽ രണ്ടര വർഷക്കാലമുണ്ടാകും 12 രാശികളും തരണം ചെയ്ത് ഒരു പ്രാവശ്യം യഥാവിധി ചുറ്റി വരാൻ ശനിയ്ക്ക് ഏകദേശം 30 വർഷം വേണ്ടിവരുമെന്നർത്ഥം

        അതായത് നവഗ്രഹങ്ങളിൽ 
ഏറ്റവും മെല്ലെ സഞ്ചരിക്കുന്നത് ശനിയാണ്.
30 വർഷമെന്നത് ഒരു മനുഷ്യായുസ്സിൽ വലിയ കാലമാണ്. ജീവിതത്തിൽ പല സന്നിഗ്ദ ഘട്ടങ്ങളും ഈ കാലയളവിൽ തീർച്ചയായും തരണം ചെയ്യേണ്ടി വരുമല്ലോ.  അതാണ് ശനിയുടെ പ്രീതി എപ്പോഴുമുണ്ടാവണം എന്ന് പറയുന്നതിന്റെ മുഖ്യ കാരണം.

     ഏറ്റവും മെല്ലെ സഞ്ചരിക്കേണ്ടി വരാനിടയായത് ശനി മുടന്തനായത് കൊണ്ടാണത്രെ. 
അതിന് പിന്നിലുമുണ്ടൊരു കഥ .  
 
    ശനിയുടെ പ്രവർത്തിയിൽ കോപം പൂണ്ട രാവണൻ തന്റെ ചന്ദ്രഹാസം കൊണ്ട് ശനിയെ വെട്ടിയത്രെ. അങ്ങിനെയാണ് ശനി ' മുടന്തനായിപ്പോയത് എന്നാണാകഥ.  

     ശനിപ്പിഴയും ശനിദശയും ഒന്നല്ല രണ്ടും രണ്ടവസ്ഥയാണ്.
ശനിപ്പിഴ താൽക്കാലികമാണ് എന്നാൽ ശനിദശ ജാതകത്തിൽ ശനിയുടെ ദശ നടക്കുന്ന കാലം മുഴുവനും ആണ്. 
അത് 19 കൊല്ലം വരും'
  ശനിദോഷപരിഹാരത്തിന് ശനിമന്ത്രം, 
ശനിഗായത്രി എന്നിവ ജപിക്കാം '
ശനിദശാ കാലത്ത് നീല വസ്ത്രങ്ങൾ ഉപയോഗിക്കുന്നതും നല്ലതാണ്. 
കാക്കയ്ക്ക് ചോറു കൊടുക്കുക 
നീലത്താമര, ശംഖുപുഷ്പം നീല ചെമ്പരത്തി എന്നിവ കൊണ്ട് ശാസ്താവിനെ പൂജിക്കണം'

    ശനിദോഷം ലഘൂകരിക്കാൻ ശിവനെ വില്വ പത്രങ്ങളിൽ (കുവളത്തില) പൂജിക്കുന്നതും ശനീശ്വര ക്ഷേത്രത്തിലും ശാസ്താ ക്ഷേത്രത്തിലും ശിവാംശമുള്ള മറ്റു ദേവതകളുടെ ക്ഷേത്രങ്ങളിലും ചെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ചെയ്യാം.

      നവഗ്രഹമുള്ള ക്ഷേത്രങ്ങളിൽ പോകുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് പറയാറുണ്ട് ശനിപ്പിഴയുള്ളപ്പോൾ മാത്രം ശനിയെ പ്രാർത്ഥിച്ചാൽ മതിയത്രെ.
ശനിയുടെ മുമ്പിൽ തല കുമ്പിടുകയോ,
കുമ്പിട്ടു നമസ്കരിക്കുകയോ വേണ്ടതില്ല. അങ്ങിനെ ചെയ്താൽ ശനി പുറത്തു കയറിയിരിക്കുമെന്നും പറയാറുണ്ട്.
ശനിയെ തൊഴുതുമടങ്ങുമ്പോൾ തിരിഞ്ഞു നോക്കിയാൽ ശനി കൂടെ പ്പോരാനിടയുണ്ടെന്ന വിശ്വാസവും ഉണ്ട്

  ഓം ശനീശ്വരായ നമഃ

No comments:

Post a Comment