Friday, 8 October 2021

അപകടക്കെണിയായി ചാത്തന്നൂർ ജങ്ഷൻ നടപടിയെടുക്കാതെ അധികൃതർ

അപകടക്കെണിയായി ചാത്തന്നൂർ ജങ്ഷൻ നടപടിയെടുക്കാതെ അധികൃതർ 

ചാത്തന്നൂർ : വെളിച്ചമില്ല സിഗ്നൽ സംവിധാനങ്ങളില്ലാ  ഡിവൈഡറിന്റെ ഉയരമില്ലായ്മ, മഴ പെയ്താൽ വെള്ളം നിറഞ്ഞൊഴുകുന്ന റോഡും 
ചാത്തന്നൂർ ജംഗഷനെ അപകടക്കെണിയാക്കുന്നു.
ദേശീയപാതയിൽ ചാത്തന്നൂർ
ജംഗഷനിൽ  സ്ഥാപിച്ചിരുന്ന ഹൈമാക്സ് ലൈറ്റ് ഒരു മാസത്തിന് 
മുൻപ് പാഴ്സൽ ലോറിയിടിച്ച് തകർന്നിരുന്നു. ഹൈമാക്സ് ലൈറ്റ് 
 പുനഃസ്ഥാപിക്കാനോ ഇതോടൊപ്പം തകർന്ന ഡിവൈഡറിലുണ്ടായിരുന്ന മറ്റ് ലൈറ്റുകൾ നന്നാക്കാനോ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. അത് കൊണ്ട് തന്നെ സന്ധ്യകഴിഞ്ഞാൽ ചാത്തന്നൂർ ജങ്ഷൻ ഇരുട്ടിലാകും. രാത്രിയിൽ ജങ്ഷനിലെ കടകളും അടയ്ക്കുന്നതോടെ തീർത്തും വെളിച്ചമില്ലാത്ത നിലയിലാണ്‌. രാത്രി മഴ പെയ്യുന്നതോടെ വെള്ളമൊഴുകി 
റോഡും ഡിവൈഡറും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയാകും. ഒപ്പം തന്നെ 
റോഡിലെ അപകടകരമായ 
വളവും വെളിച്ചക്കുറവും കാരണം അപകടാവസ്ഥയിലുള്ള ഡിവൈഡർ കാണാൻ കഴിയില്ല.
ഇത് മൂലം 
വേഗത്തിലെത്തുന്ന വാഹനങ്ങൾ
പെട്ടെന്ന് വെട്ടിത്തിരിച്ച് അപകടം സൃഷ്ടിക്കുന്നു. അപകടസൂചന നൽകുന്ന രണ്ടുകോണുകൾ വഴിപാട് പോലെ 
പോലീസ്‌ കൊണ്ടുെവച്ചതല്ലാതെ ഒരു മുന്നറിയിപ്പും ഇവിടെയില്ല. പകലും  ജംഗഷനിൽ  ചെറുതും വലുതുമായ അപകടങ്ങൾ പതിവാണ്. മഴപെയ്താൽ ദേശീയപാത തോടായി മാറുന്ന അവസ്ഥയാണ്‌. ഓടയിലേക്ക് മഴവെള്ളം ഒഴുകിയിറങ്ങാനിട്ടിരുന്ന ഓവുചാലുകളെല്ലാം അടഞ്ഞിരിക്കുകയാണ്. മഴവെള്ളത്തിൽ കുത്തിയൊലിച്ചുവരുന്ന വലിയ കല്ലുകളും പാഴ്‌വസ്തുക്കളും ദേശീയപാതയിൽ നിരന്ന് അപകടം വരുത്തുന്നു. ഇരുചക്രവാഹനങ്ങളാണ് ഏറെയും അപകടത്തിൽപ്പെടുന്നത്.

@ജംഗഷൻ 
ചാത്തന്നൂർ ടൗൺ രാത്രിയാകുന്നതോടെ പൂർണമായും ഇരുട്ടിലാകും. നേരത്തേ കടകളിലെ വെളിച്ചമായിരുന്നു ടൗണിലെത്തുന്നവർക്ക് ആശ്വാസമായിരുന്നത്.
എന്നാൽ, ഇപ്പോൾ ആളുകൾ കുറഞ്ഞ് നേരത്തെ കടകൾ അടയ്ക്കുന്നതിനാൽ ടൗണിലെത്തുന്നവർ ഇരുട്ടിൽ തപ്പേണ്ട സ്ഥിതിയാണ്. തെരുവുനായ്ക്കൾ രാത്രിയിൽ തമ്പടിക്കുന്നതിനാൽ പ്രഭാതസവാരിക്കാരും പത്രവിതരണക്കാരും ഏറെ ബുദ്ധിമുട്ടുന്നുണ്ട്. അധികൃതരോട് പലതവണ പരാതിപ്പെട്ടെങ്കിലും അവഗണന തുടരുകയാണെന്ന് ആക്ഷേപമുണ്ട്


@ ദേശീയപാതയ്ക്കരികിലുണ്ടായിരുന്ന നടപ്പാതയും തകർന്നുകിടക്കുകയാണ്.

നടപ്പാതയിലേക്ക് കയറ്റി വാഹനങ്ങൾ പാർക്ക്‌ ചെയ്യുന്നതോടെ ജനം റോഡിലിറങ്ങിയാണ് നടക്കുന്നത്. ജങ്ഷനിലെ വെളിച്ചക്കുറവിന് പരിഹാരം കാണണമെന്നും നടപ്പാതകൾ നന്നാക്കി കാൽനടയാത്രികർക്ക് വഴിയൊരുക്കണമെന്നുമുള്ള ജനത്തിന്റെ ആവശ്യം ബന്ധപ്പെട്ടവർ അവഗണിക്കുകയാണെന്നാണ് ആക്ഷേപം

പടം: ചാത്തന്നൂർ ജങ്ഷൻ വാഹനങ്ങളുടെ വെട്ടത്തിൽ 
   

No comments:

Post a Comment