Friday, 8 October 2021

വികസനം വഴിമുട്ടുന്ന കുമ്മല്ലൂർ

വികസനം വഴിമുട്ടുന്ന കുമ്മല്ലൂർ 

ചാത്തന്നൂർ വികസനം വഴിമുട്ടുന്ന കുമ്മല്ലൂരിന്റെ ആവശ്യങ്ങൾ കാണാതെ പോകാനാവില്ല. ആദിച്ചനല്ലൂർ പഞ്ചായത്തിന്റെ കിഴക്കൻ മേഖലയായ കുമ്മല്ലൂർ ഒരുകാലത്ത് കാർഷിക മേഖലയ്ക്ക് മുതൽക്കൂട്ടായിരുന്നു. കുമ്മല്ലൂർ ഏലാ ഇന്ന് തരിശുകിടക്കുകയാണ്. ചുടുകട്ടവ്യവസായവുംമറ്റും കാർന്നുതിന്ന നിലത്തിന്റെ ഇനിയുള്ള ഭാഗമെങ്കിലും സംരക്ഷിക്കാൻ ഒരു നടപടിയും ഉണ്ടായിട്ടില്ല. കാർഷികമേഖലയിലെ ആനുകൂല്യങ്ങൾ കുമ്മല്ലൂരിന് അപ്രാപ്യമായിരിക്കുകയാണ്.

കുമ്മല്ലൂർ നിവാസികൾക്ക് പ്രയോജനമായിരുന്ന കെ എസ് ആർ ടി സി യുടെ രണ്ട് ഓർഡിനറി ബസുകളും ഒരു ഫാസ്റ്റ്‌ പാസഞ്ചർ ബസും ഇപ്പോൾ സർവീസ് നടത്തുന്നില്ല. സർക്കാർ ജീവനക്കാർക്കും സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്നവർക്കും വിദ്യാർഥികൾക്കും ഉപകാരപ്രദമായിരുന്നു ഈ സർവീസുകൾ. കൊല്ലം-കട്ടച്ചൽ, കൊല്ലം-കുമ്മല്ലൂർ, കട്ടച്ചൽ-തിരുവനന്തപുരം എന്നീ സർവീസുകളാണ് നിർത്തലാക്കിയത്. വർഷങ്ങൾക്കുമുൻപ് നിർത്തലാക്കിയ ഇവ തിരികെ കൊണ്ടുവരാൻ ഇതുവരെ നടപടിയുണ്ടായിട്ടുമില്ല. പഞ്ചായത്തിന്റെ ഒൻപതും പത്തും വാർഡുകളിലായി വ്യാപിച്ചുകിടക്കുന്ന കുമ്മല്ലൂരിന്റെ വികസനത്തിന് അധികൃതർ ഇനിയെങ്കിലും ഉണർന്നു പ്രവർത്തിക്കണമെന്ന് ഗ്രാമവാസികൾ ഒന്നടങ്കം ആവശ്യപ്പെടുന്നു.

@ അപകടം പതിയിരിക്കുന്ന ജങ്ഷൻ

ചാത്തന്നൂർ : ഇത്തിക്കര-ഓയൂർ റോഡിലെ തിരക്കേറിയ കുമ്മല്ലൂർ ജങ്ഷനിൽ അപകടസാധ്യതയേറി. ചാത്തന്നൂരിൽനിന്ന്‌ കുമ്മല്ലൂർ പാലംവഴിയുള്ള റോഡും മീയണ്ണൂരിൽനിന്ന് അസീസിയ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നുള്ള റോഡും യോജിക്കുന്നത് ഇവിടെയാണ്. കൊട്ടിയം-അഞ്ചൽ റൂട്ടിലെ കെ.എസ്.ആർ.ടി.സി. ചെയിൻ സർവീസ് ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് പ്രധാന റോഡിൽക്കൂടി പാഞ്ഞുപോകുന്നത്. കുമ്മല്ലൂർ ജങ്ഷനിൽ ഇടറോഡുകളിൽനിന്ന്‌ പെട്ടെന്ന് വന്നുകയറുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്. കുമ്മല്ലൂർ തോണിക്കടവിൽനിന്ന്‌ മെഡിക്കൽ കോളജിലേക്ക് അതിവേഗത്തിൽ ഓടിയെത്തുന്ന വാഹനങ്ങളും മെയിൻ റോഡിലൂടെ ചീറിപ്പായുന്ന വാഹനങ്ങളും കൂട്ടിയിടിച്ചുള്ള അപകടം പലപ്പോഴും ജീവൻ നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് എത്തുന്നു. ഇവിടെ ഗതാഗതനിയന്ത്രണം കർശനമായി നടപ്പാക്കിയാൽമാത്രമേ അപകടം ഒഴിവാക്കാൻ കഴിൂ.

@ അസൗകര്യങ്ങൾ നിറഞ്ഞ്‌ അങ്കണവാടി

ചാത്തന്നൂർ : ആദിച്ചനല്ലൂർ പഞ്ചായത്തിലെ 28-ാം നമ്പർ അങ്കണവാടിയിൽ കുരുന്നുകൾ കഴിയുന്നത് കുടുസ്സുമുറിയിൽ. നിന്നുതിരിയാൻ ഇടമില്ലാത്ത ഇവിടെ പത്തോളം കുഞ്ഞുങ്ങളാണ് എത്തുന്നത്. കുമ്മല്ലൂർ മാറാംകുഴി ജങ്ഷനിൽ റോഡരികിലെ കടമുറിക്കു പുറകിലായി കെട്ടിയുണ്ടാക്കിയ ചെറിയ മുറിയിലാണ് അങ്കണവാടി പ്രവർത്തിക്കുന്നത്. വൈദ്യപരിശോധനയോ മറ്റ്‌ പരിപാടികളോ ഉള്ളപ്പോൾ വേറെ സ്ഥലത്തുവെച്ചാണ് നടത്താറ്‌. കുട്ടികളെ പുറത്തേക്കുപോലും ഇറക്കാൻ കഴിയില്ല.

@ കൃഷിവകുപ്പിനായി പണിത കെട്ടിടം നശിച്ചു

ചാത്തന്നൂർ : അഗ്രികൾച്ചർ ഡെമോൻസ്ട്രേറ്ററുടെ ഓഫീസ് കം ക്വാർട്ടേഴ്സിനായി നിർമിച്ച് കെട്ടിടം നശിച്ചു. 1986-ൽ സി.വി.പദ്‌മരാജൻ ഉദ്ഘാടനം ചെയ്ത കെട്ടിടത്തിൽ തുടക്കത്തിൽ കുറച്ചുനാൾമാത്രമാണ് പ്രവർത്തനമുണ്ടായിരിന്നത്. ആദിച്ചനല്ലൂർ പഞ്ചായത്തിന്റെ കിഴക്കൻ മേഖലയിൽ കൃഷിഭവന്റെ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്നതിനായി പണികഴിപ്പിച്ച് കെട്ടിടം പൂർണമായും തകർച്ചയുടെ വക്കിലാണ്.

@ കുടുംബക്ഷേമ ഉപകേന്ദ്രം സജീവമാക്കണം

ചാത്തന്നൂർ : കുമ്മല്ലൂരിലെ കുടുംബക്ഷേമ ഉപകേന്ദ്രത്തിന്റെ പ്രവർത്തനം ഊർജിതമാക്കാൻ നടപടി വെണമന്നാണ് നാട്ടുകാരുടെ ആവശ്യം. കളിയിലഴികത്ത് കോളനിയിലെയും ലക്ഷംവീട് കോളനിയിലെയും ജനങ്ങൾക്ക് ഏറെ പ്രയോജനപ്രദമായ ഇവിടെ സ്ഥിരം ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്നാണ് ഗ്രാമവാസികൾ പ്രധാനമായും ആവശ്യപ്പെടുന്നത്. ഇപ്പോൾ ആദിച്ചനല്ലൂർ പഞ്ചായത്തിന്റെ മൈലക്കാട്ടുള്ള പ്രാഥമികാരോഗ്യകേന്ദ്രത്തിലാണ്‌ ഇവിടുള്ളവർ ചികിത്സതേടുന്നത്‌.

@ വൈദ്യുതി എത്താത്ത ബ്ലോക്ക് പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ

 കുമ്മല്ലൂരിലെ യുവജനങ്ങളുടെ കലാകായിക കഴിവുകൾ വളർത്തിയെടുക്കുന്നതിനും മറ്റുമായി പണികഴിപ്പിച്ച ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ഇതുവരെയും വൈദ്യുതി എത്തിയിട്ടില്ല. 1999 മേയ് അഞ്ചിന് ഉദ്ഘാടനം ചെയ്ത കെട്ടിടത്തിൽ ഇന്നുവരെ ബ്ലോക്ക് പഞ്ചായത്ത് തിരിഞ്ഞുനോക്കിയിട്ടില്ല. കുമ്മല്ലൂർ സ്പോർട്‌സ്‌ ആൻഡ് ആർട്സ് ക്ലബ്ബ് വിട്ടുനൽകിയ വസ്തുവിലാണ് ബ്ലോക്ക് പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ നിർമിച്ചത്. ദേശീയതലംവരെയുള്ള വോളിബോൾ താരങ്ങളെ വളർത്തിയെടുത്ത കെ എസ്എ സി ഈ കെട്ടിടം വൈദ്യുതീകരണം നടത്തിയെടുക്കാനുള്ള ശ്രമത്തിലാണ്.

കുലുങ്ങുന്ന കുമ്മല്ലൂർ പാലം

ചാത്തന്നൂർ : കുലുങ്ങുന്ന കുമ്മല്ലൂർ പാലത്തിന്റെ അപകടാവസ്ഥ അധികൃതർ കണ്ടില്ലെന്നു നടിക്കുന്നു. ചാത്തന്നൂർ-ഓയൂർ പാതയിൽ ഇത്തിക്കരയാറിനുകുറുകെ കുമ്മല്ലൂർ തോണിക്കടവിൽ സ്ഥിതിചെയ്യുന്ന പാലമാണ് അപകടഭീതി ഉയർത്തുന്നത്. 1973-ൽ ടി.കെ.ദിവാകരൻ ഉദ്ഘാടനം ചെയ്ത പാലം ഇത്തിക്കരയാറ്റിലെ അനധികൃത മണലൂറ്റിൽപ്പെട്ട് അപകടാവസ്ഥയിലാണ്. വീതികുറഞ്ഞ പാലത്തിന്റെ സ്പാനുകൾ അപകടാവസ്ഥയിലാണ്. വൻ പാറകൾ കയറ്റിയ ലോറികളും വാഹനങ്ങളും ദിനംപ്രതി കടന്നുപോകുന്ന പാലം പുതുക്കിപ്പണിയാൻ അധികൃതർ തയ്യാറാകണമെന്നാണ്‌ യാത്രക്കാരുടെ ആവശ്യം.

No comments:

Post a Comment