പരവൂർ: മഴയിൽ കുളമായി പൂതക്കുളം പഞ്ചായത്തിലെ കലയ്ക്കോട് മേഖലയിലെ വിവിധ റോഡുകൾ. കലയ്ക്കോട് കശുവണ്ടി ഫാക്ടറിക്ക് മുന്നിലൂടെയുള്ള പെരുങ്കുളം റോഡും മാടൻനടയ്ക്ക് സമീപത്ത് നിന്നും ഐശ്വര്യ പബ്ലിക് സ്കൂളിലേക്ക് പോകുന്ന ഭാഗത്തെ റോഡുകളാണ് കാലങ്ങളായി തകർന്നു കിടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ റോഡിലെ കുഴികളിൽ വെള്ളം നിറഞ്ഞ് കുളമായ നിലയിലാണ്. വർഷങ്ങൾക്ക് മുൻപ് ചെയ്ത റോഡിന്റെ ടാർ പല ഭാഗങ്ങളിലും ഇളകിയ നിലയിലാണ്. പെരുങ്കുളത്ത് റോഡരികിൽ ഇടക്കാലത്ത് ശുദ്ധജല പൈപ്പുകൾ സ്ഥാപിക്കുന്നതിനായി കുഴിച്ച കുഴികളാണ് ഇന്ന് പ്രദേശവാസികളെ ഏറെ ബുദ്ധിമുട്ടിപ്പിക്കുന്നത്. റോഡിന്
മറുവശത്തെ ഓടകളിൽ പല ഭാഗങ്ങളിലും ചെളിയും മറ്റ് മാലിന്യവും അടിഞ്ഞ് മൂടിയ നിലയിലാണ്. ഇതുമൂലം ഓടയിൽ കൂടി വെള്ളം ഒഴുകിപ്പോകാനും സാധിക്കുന്നില്ല. ചെളി കാരണം വാഹനങ്ങൾക്കും ഇതുവഴി പോകാൻ സാധിക്കില്ല. കലയ്ക്കോട് മാടൻ നടയിൽ നിന്നും ഐശ്വര്യ പബ്ലിക് സ്കൂളിലേക്കുള്ള റോഡും ഏറെ നാളായി തകർന്നു കിടക്കുകയാണ്. സ്കൂൾ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളാണ് ഇതുവഴി പോകുന്നത്. റോഡിന്റെ വശങ്ങളിൽ ഓടകൾ ഇല്ലാത്തതും റോഡിലെ വെള്ളക്കെട്ടിന് കാരണമാകുന്നു. റോഡിലെ കുഴിയിൽ വെള്ളക്കെട്ട് രൂക്ഷമാകുമ്പോൾ സമീപത്തെ വീടുകളിലേക്ക് വെള്ളം കയറുന്നതും പതിവായിരുന്നു. ഇത് ഒഴിവാക്കുന്നതിനായി പ്രദേശവാസികൾ തന്നെ റോഡിലെ കുഴി കല്ലും മണ്ണുമിട്ട് മൂടിയിരുന്നു. എത്രയും വേഗം റോഡ് പഴയ സ്ഥിതിയിലാക്കാനുള്ള നടപടികൾ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
No comments:
Post a Comment