Tuesday, 5 October 2021

മോന്‍സണ്‍ മാവുങ്കലും സൗജന്യ ശാപ്പാടുകളും

മോന്‍സണ്‍ മാവുങ്കലും സൗജന്യ ശാപ്പാടുകളും

vazhipokkanമോണ്‍സന്‍ മാവുങ്കല്‍

പച്ചവെള്ളത്തിൽ നിന്ന് പെട്രോളുണ്ടാക്കാമെന്ന് രാജപാളയത്തുകാരൻ രാമർ പിള്ളൈ 1996 ൽ പ്രഖ്യാപിച്ചപ്പോൾ അത് വിശ്വസിച്ചവരിൽ മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും വിദ്യാഭ്യാസ വിചക്ഷണരും ഉദ്യോസ്ഥരുമുണ്ടായിരുന്നു. കാൻസറിന് പ്രതിവിധിയാണ് ലക്ഷ്മി തരു എന്ന മരത്തിന്റെ ഇലയും പൂവുമിട്ട് തിളപ്പിച്ച വെള്ളം എന്ന പ്രചാരണം ഏറ്റെടുക്കാനും പലർക്കും മടിയുണ്ടായില്ല. തട്ടിപ്പുകൾക്ക് പല രൂപവും ഭാവവമുണ്ട്. പക്ഷേ, അതിന് ഇരയാവുന്നവർക്ക് പൊതുവിലുള്ള ഒരു ഘടകം ഇവരെല്ലാവരും തന്നെ എളുപ്പ വഴിയിൽ ക്രിയ ചെയ്യുന്നവരാണെന്നുള്ളതാണ്. എളുപ്പത്തിൽ, വളരെ വേഗത്തിൽ പണമുണ്ടാക്കുക എന്നതാണ് മുഖ്യ ആകർഷണം. കൈ നനയാതെ മീൻ പിടിക്കണം. അപ്പോൾ പിന്നെ ഒരു കാര്യത്തിലും സംശയമുണ്ടാവില്ല, ഒരു ചോദ്യവും ചോദിക്കില്ല. തട്ടിപ്പുകാർ പറയുന്നതത്രയും തൊണ്ട തൊടാതെ വിഴുങ്ങും. കാരണം അത്രയും വലിയ പ്രലോഭനത്തിന്റെ വലയാണ് മുന്നിലങ്ങിനെ നീണ്ടു നിവർന്നു കിടക്കുന്നത്.

ഈ വലയിലേക്കാണ് സംസ്ഥാനത്തെ പോലീസ് മേധാവിയും സഹപ്രവർത്തകരും രാഷ്ട്രീയ നേതാക്കളും ചലച്ചിത്ര താരങ്ങളും മാദ്ധ്യമ പ്രവർത്തകരും ഒരു മടിയുമില്ലാതെ നടന്നുകയറിയത്. എണ്ണയുടെയും പെട്രോളിന്റെയും സ്ഥാനത്ത് പുരവാസ്തുക്കളായി എന്ന മാറ്റമേയുള്ളു. പുരാവസ്തുക്കൾ ഒരു മറയായിരുന്നു. മോൻസൺ മാവുങ്കൽ ആർക്കെങ്കിലും പുരാവസ്തു വിറ്റതായി ഇതുവരെ തെളിവ് കിട്ടിയിട്ടില്ല. മോൻസന്റെ കൈവശമുണ്ടായിരുന്നത് പുരാവസ്തുക്കളല്ലെന്നും പണിയറിയാവുന്ന ഒരു ആശാരി തീർത്ത ഫർണിച്ചറുകൾ മാത്രമാണെന്നും ഇപ്പോൾ നമുക്കിറയാം.

ഈ മറ ഉപയോഗിച്ച് കോടികളുടെ ബിസിനസ് സങ്കൽപങ്ങൾ വിപണനം ചെയ്യുകയാണ് മോൻസൺ മാവുങ്കൽ ചെയ്തത്. അതിനുള്ള നിക്ഷേപമായിരുന്നു താരങ്ങളുടെ ചികിത്സാചെലവും പിറന്നാൾ ആഘോഷങ്ങളും പ്രസ്ക്ലബ്ബുകളുടെ വാർഷികദിനാഘോഷങ്ങളും ഏറ്റെടുക്കൽ. There is no free lunch എന്ന് ആംഗലേയത്തിൽ ഒരു ചൊല്ലുണ്ട്. സൗജന്യ ശാപ്പാട് എന്നൊരു പരിപാടി ഇല്ലെന്നർത്ഥം. എന്തിനുമേതിനും ഒരു വിലയുണ്ട്. ശാപ്പാട് വെറുതെയാണെന്ന് പറഞ്ഞാലും അതിന് എന്തെങ്കിലും ഒരു വില പിന്നീട് കൊടുക്കേണ്ടി വരും. ചെയ്തു തന്ന ഉപകാരത്തിന് എന്താണ് തിരിച്ചുചെയ്യേണ്ടത് എന്ന് മരിയൊ പുസൊയുടെ ഗോഡ്ഫാദർ എന്ന നോവലിൽ ഒരു ബേക്കറിക്കാരൻ മഫിയതലവൻ വിറ്റൊ കോർലിയോണിനോട് ചോദിക്കുന്നുണ്ട്. ഇപ്പോൾ ഒന്നും വേണ്ട; അവസരം വരുമ്പോൾ പറയാം എന്നാണ് കൊർലിയോൺ മറുപടി പറയുന്നത്. ചിലപ്പോൾ നിശ്ശബ്ദത, ചിലപ്പോൾ ഒരു ശുപാർശ, ചിലപ്പോൾ അതിനുമപ്പുറത്തുള്ള സഹായങ്ങൾ -- ഒരു പാലമിട്ടാൽ അത് ഒരു വഴിക്കുള്ള സഞ്ചാരം മാത്രമാവില്ല എന്ന് തിരിച്ചറിയാൻ ലോക്നാഥ് ബെഹ്റയെപ്പോലുള്ള ഒരു പോലിസ് മേധാവിക്ക് തിരിച്ചറിയാനാവുന്നില്ലെങ്കിൽ പിന്നെ സാധാരണ മനുഷ്യരുടെ കാര്യം പറയേണ്ടതുണ്ടോ!


Mathrubhumi Malayalam News


അടുത്തിടെ സ്വർണ്ണക്കള്ളക്കടത്തു കേസിൽ വിവാദ നായികയായ സ്വപ്ന സുരേഷിന്റെ കാര്യം നോക്കാം. വ്യാജ ബിരുദം കൈക്കലാക്കിയാണ് സ്വപ്ന ജോലി നേടിയത്. ഒരു ലക്ഷം രൂപയാണ് ഇതിനായി സർക്കാർ ചെലവാക്കിയതെന്നും 19 ലക്ഷത്തോളം രൂപയാണ് അവർക്ക് വാർഷിക ശമ്പളമായി കിട്ടിയതെന്നും റിപ്പോർട്ടുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ മൂക്കിൻ തുമ്പത്ത് അരങ്ങേറിയ തട്ടിപ്പാണിത്.

ബെംഗളുരുവിലെ ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽ (എഫ് എസ് എൽ) അരങ്ങേറിയ ഗുരുതരമായ തട്ടിപ്പിനെക്കുറിച്ച് ' നിശ്ശബ്ദ അട്ടിമറി ' എന്ന പുസ്കത്തിൽ പത്രപ്രവർത്തകൻ ജോസി ജോസഫ് എഴുതുന്നുണ്ട്. ഡോക്ടർ നാർക്കൊ എന്നറിയപ്പെട്ടിരുന്ന ഡോക്ടർ മാലതിയാണ് ഇവിടെ കുറ്റവാളികൾക്കുള്ള നാർക്കൊ ടെസ്റ്റുകൾ നടത്തിയിരുന്നത്. ബോംബെ സ്ഫോടനങ്ങളിൽ പ്രതിസ്ഥാനത്തുണ്ടായിരുന്ന വാഹിദ് എന്നയാൾ ഈ പരിശോധനകൾക്ക് വിധേയനായിരുന്നു. നിരോധിക്കപ്പെട്ട സിമി എന്ന സംഘടനയുടെ പ്രസിഡന്റ് ആരാണെന്ന് ചോദിച്ചപ്പോൾ വാഹിദ് ഇന്ത്യൻ പ്രസിഡന്റായിരുന്ന പ്രതിഭ പാട്ടീലിന്റെ പേരാണ് പറഞ്ഞത്. അപ്പോൾ ഡോക്ടർ മാലതി സിമിയുടെ പ്രസിഡന്റിന്റെ പേര് അങ്ങോട്ട് പറഞ്ഞുകൊടുത്തു. സ്ഫോടനം നടത്താൻ എത്രപേർ കൂടെയുണ്ടായിരുന്നു എന്ന ചോദ്യത്തിന് ആരുമുണ്ടായിരുന്നില്ല എന്നായിരുന്നു വാഹിദിന്റെ മറുപടി. അപ്പോൾ മാലിനിയുടെ ചോദ്യം മൂന്ന് കഴിഞ്ഞാൽ അടുത്ത അക്കം ഏതാണെന്നായിരുന്നു. നാല് എന്ന് വാഹിദ് പറഞ്ഞപ്പോൾ കോടതിയിൽ സമർപ്പിക്കപ്പെട്ട രേഖയിൽ നാല് പേർ സ്ഫോടനത്തിന് സഹായികളായിട്ടുണ്ടായിരുന്നു എന്നായി.

Mathrubhumi Malayalam News

മാലിനിയുടെ കഥ അവിടെ തീരുന്നില്ല. യോഗ്യതാ സർട്ടിഫിക്കറ്റിലും പ്രായം കാണിക്കുന്ന രേഖയിലും ഡോക്ടർ മാലിനി കൃത്രിമം കാട്ടിയിരുന്നുവെന്ന് പോലീസ് പിന്നീട് കണ്ടെത്തി. ഇതെത്തുടർന്ന് 2009 ഫെബ്രുവരി 25ന് ഡോക്ടർ മാലിനിയെ കർണ്ണാടക സർക്കാർ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. മുംബൈ, മലെഗൊൺ സ്ഫോടനങ്ങൾ, വ്യാജ മുദ്രപ്പത്ര കുംഭകോണം, സിസ്റ്റർ അഭയ കേസ് എന്നിവയുൾപ്പെടെ ആയിരത്തോളം നാർകൊ ടെസ്റ്റുകൾ ഇതിനകം ഡോക്ടർ മാലിനി നടത്തിയിരുന്നു. തട്ടിപ്പുകാരിയായ ഒരു ഡോക്ടർ നടത്തിയ ഈ പരിശോധനകൾ പക്ഷേ, പുനഃപരിശോധിക്കുന്നതിനുള്ള ഒരു നടപടിയും ആരുടെ ഭാഗത്തു നിന്നുമുണ്ടായില്ല.

രാഷ്ട്രീയം ദുഷിക്കുമ്പോൾ സമൂഹം മൊത്തം ദുഷിക്കുമെന്ന് ചിന്തകനും എഴുത്തുകാരനുമായ ജോർജ് ഓർവെൽ പറഞ്ഞത് വെറുതെയല്ല. സത്യത്തിന്റെ മന്ത്രാലയം നുണകൾ പ്രചരിപ്പിക്കുന്നതും സമാധാന മന്ത്രാലയം യുദ്ധത്തിന് നേതൃത്വം നൽകുന്നതും അങ്ങിനെയാണ്. എന്റയർ പൊളിറ്റിക്കൽ സയൻസും 15 ലക്ഷം ബാങ്ക് അക്കൗണ്ടിലെത്തുമെന്ന പ്രചാരണവും ഒരു സമൂഹത്തിന്റെ രാഷ്ട്രീയം ഇന്നെത്തി നിൽക്കുന്ന അപചയത്തിന്റെ ചിത്രങ്ങളാണ്. പറയുന്നതൊന്നും ചെയ്യുന്നത് മറ്റൊന്നുമാവുമ്പോൾ, ഇരട്ട ഭാഷണം മുഖമുദ്രയാവുമ്പോൾ അതിന്റെ പ്രതിഫലനം തീർച്ചയായും സമൂഹത്തിലുണ്ടാവും. ഭരണകൂടവുമായി ബന്ധപ്പെട്ട ശക്തികളാണ് ഏറ്റവുമധികം നുണ പ്രചരിപ്പിക്കുന്നതെന്നത് ഈ ഘട്ടത്തിൽ മറക്കാനാവില്ല.  നിയമസഭയ്ക്കുള്ളിൽ കൈയ്യാങ്കളി നടത്തിയിട്ട് അത് തുറന്നുപറയാനുള്ള ആർജ്ജവമില്ലാത്തവരും ജനാധിപത്യ അപചയത്തിന്റെ പ്രതിനിധികളാണ്. ഇത്തരമൊരു പരിസരത്തിൽ ഹരിശ്ചന്ദ്രന്മാരല്ല മോൻസൺ മാവുങ്കൽമാരാണ് വളർന്ന് പന്തലിക്കുക.

1946 ൽ ഗാന്ധിജിയുമായി സംഭാഷണം നടത്താൻ ബ്രിട്ടീഷ് സർക്കാരിന്റെ പ്രതിനിധിയായി ഡെൽഹിയിലെത്തിയ ഫ്രെഡറിക് പെത്വിക് ലോറൻസ് എന്ന ലേബർ പാർട്ടി നേതാവ് ഗാന്ധിജി അപ്പോൾ താമസിക്കുകയായിരുന്ന ജി ഡി ബിർള ഹൗസിലേക്ക് പോകുന്നുണ്ട്. ബിർള ഹൗസിന്റെ ഉള്ളിലേക്ക് പക്ഷേ. ലോറൻസ് പോയില്ല. അദ്ദേഹം ഗാന്ധിജിയുടെ പ്രതിനിധി സുധിർഘോഷിനെ കാണാൻ പുറത്ത് കാത്തു നിന്നു. ഒരു വ്യവസായിയുടെ ആതിഥ്യം സ്വീകരിക്കാനാവില്ല എന്ന നിർബ്ബന്ധമുണ്ടായിരുന്നതുകൊണ്ടാണ് സോഷ്യലിസ്റ്റ് വിശ്വാസിയായിരുന്ന ലോറൻസ് പുറത്തു നിന്നത്. ബിർളയുടെ ആതിഥ്യം സ്വീകരിച്ചിരുന്ന ഗാന്ധിജി അതിനെ നേരിട്ടത് തനിക്ക് വേണ്ടി ബിർള ചെലവഴിച്ച ഒരോ പൈസയുടെയും കണക്ക് കൃത്യമായി രേഖപ്പെടുത്തിക്കൊണ്ടാണ്. ഒരു ശാപ്പാടും സൗജന്യമല്ലെന്ന് ഗാന്ധിജിക്ക് ആരും പറഞ്ഞുകൊടുക്കേണ്ടിയിരുന്നില്ല. ബിർളയും ടാറ്റയും അംബലാലുമൊന്നും കണക്ക് ചോദിച്ചിരുന്നില്ലെങ്കിലും തന്റെ വ്യക്തിപരമായ ആവശ്യങ്ങൾക്കല്ല ആ പണം പ്രയോജനപ്പെടുത്തിയിരുന്നതെന്ന് പൊതുജനം അറിയണമെന്ന് ഗാന്ധിജിക്ക് നിർബ്ബന്ധമുണ്ടായിരുന്നു. ബിർളയടക്കമുള്ള വ്യവസായികൾക്ക് താൽപര്യമില്ലാതിരുന്ന സോഷ്യലിസ്റ്റ് അനുഭാവി നെഹ്രുവിനെ പ്രധാനമന്ത്രിയാക്കാൻ ഗാന്ധിജിക്കായതും ഈ സുതാര്യത ഒന്നുകൊണ്ടുതന്നെയാണ്.

Mathrubhumi Malayalam News

ഒളി ക്യാമറകൾ പറയാത്തത് എന്ന പുസ്കത്തിൽ കമ്മ്യൂണിസ്റ്റ് നേതാവും പത്രപ്രവർത്തകനുമായ ബെർലിൻ കുഞ്ഞനന്തൻ നായർ പറയുന്ന ഒരു സംഭവമുണ്ട്. തിരുവനന്തപുരത്ത് നിന്ന് മുംബൈ വഴി ഇഎംഎസും കുഞ്ഞനന്തൻനായരും ഡെൽഹിക്ക് പോകുന്നു. മുംബൈയിലെത്തിയപ്പോൾ കനത്ത മൂടൽ മഞ്ഞ്. ഡെൽഹിക്കുള്ള വിമാനങ്ങൾ റദ്ദാക്കിയതായി അറിയിപ്പ് വന്നു. എവിടെയാ ഒന്ന് വിശ്രമിക്കുക എന്ന് ഇഎംഎസ് ചോദിച്ചപ്പോൾ കുഞ്ഞനന്തൻ നായർ ലീല ഹോട്ടൽ ഉടമ ക്യാപ്റ്റൻ കൃഷ്ണൻനായരെ ഓർത്തു. ലീലയിലേക്ക് പോകാമെന്ന കുഞ്ഞനന്തൻ നായരുടെ അഭിപ്രായം ഇഎംഎസ് മുളയോടെ നുള്ളി. '' അയ്യയ്യോ വേണ്ട .'' എന്നാണ് രണ്ട് കൈയ്യും വിടർത്തി ഇഎംഎസ് പറഞ്ഞത്. രണ്ടു വട്ടം കേരള മുഖ്യമന്ത്രിയായിരുന്ന ഇഎംഎസിന് സൗജന്യ ശാപ്പാടുകളുടെ കെണിയെക്കുറിച്ച് നല്ല ബോദ്ധ്യമുണ്ടായിരുന്നു. വിമാനത്താവളം അധികൃതർ ഏർപ്പാടാക്കിക്കൊടുത്ത ഒരു ചെറിയ മുറിയിലാണ് ഇഎംഎസും താനും വിശ്രമിച്ചതെന്ന് ബെർലിൻ ഓർക്കുന്നു. ഇഎംഎസ്സിനെക്കൂടാതെ ക്യാപ്റ്റൻ കൃഷ്ണൻ നായരുടെ ആതിഥ്യം സ്വീകരിക്കാത്ത ഒരു പ്രധാന നേതാവ് മാത്രമേ കേരളത്തിലുണ്ടാവൂ എന്ന് ബെർലിൻ എഴുതുന്നുണ്ട്. ഇത് വായിക്കുന്നവരുടെ മനസ്സിൽ ആ രണ്ടാമന്റെ പേര് തീർച്ചയായും വന്നുകാണുമെന്ന് കരുതുന്നു. കേരളം കണ്ട ഏറ്റവും ജനകീയനായ മുഖ്യമന്ത്രി വി എസ് അച്ച്യുതാനന്ദൻ. സൗജന്യ ശാപ്പാടുകളോട് കൃത്യമായ അകലം പാലിച്ചതുകൊണ്ടാണ് വിഎസ്സിന് മൂന്നാറിലേക്കും മതികെട്ടാനിലേക്കുമൊക്കെ നിർഭയമായി സഞ്ചരിക്കാനായത്.

അധികാര കേന്ദ്രങ്ങളുമായി അടുത്തു നിൽക്കുന്നവർ തഴച്ചുവളരുന്ന ക്രോണി ക്യാപിറ്റലിസ (ചങ്ങാത്ത മൂതലാളിത്തം) ത്തിന്റെ ഉപോത്പന്നങ്ങളാണ് മോൻസണും കൂട്ടരും. ഭരണകൂടത്തിലെ ഉന്നതരുമായുള്ള ചങ്ങാത്തമല്ല അവരുടെ വിമർശമാണ് ഒരു പത്രപ്രവർത്തകന്റെ അഭിമാന മുദ്ര എന്ന് പറഞ്ഞ ഔട്ട്ലുക്ക് പത്രാധിപർ വിനോദ് മേത്തയേയും ഈ ഘട്ടത്തിൽ ഓർക്കുന്നു. മോൻസൺ മാവുങ്കൽ ഒരു ലക്ഷണമാണ്. നമ്മുടെ സമൂഹത്തെ കാർന്നു തിന്നുന്ന രോഗത്തിന്റെ ലക്ഷണം. ഇതിനുള്ള ചികിത്സ വേരിൽ തന്നെ നടത്തണം. ധാർമ്മിക ശക്തിയില്ലാത്ത രാഷ്ട്രീയ നേതൃത്വത്തിന് ഈ ചികിത്സയ്ക്ക് നേതൃത്വം കൊടുക്കാനാവില്ല. സരിതയും സ്വപ്നയും മോൻസണുമൊക്കെ കൂട്ടുകച്ചവടത്തിലെ കണ്ണികളാണ്. വിഎസ്സിനെപ്പോലൊരു നേതാവിന്റെ പ്രസക്തി ഇവിടെയാണ്. സൗജന്യ ശാപ്പാടുകൾ നിരാകരിക്കാൻ കഴിയുന്ന രാഷ്ട്രീയ നേതൃത്വത്തിനേ മോൻസൺമാരുടെ ഉത്ഭവവും വളർച്ചയും തടയാനാവുകയുള്ളു.

No comments:

Post a Comment