രാവിലെ ഓർഡിനറി ബസ് സർവീസില്ല : പാരിപ്പള്ളിയിൽനിന്ന് കൊട്ടിയം ഭാഗത്തേക്കുള്ള യാത്രക്കാർ വലയുന്നു.
ചാത്തന്നൂർ: ദേശീയപാതയിൽ പാരിപ്പള്ളിക്കും കൊട്ടിയം ജങ്ഷനുമിടയിൽ രാവിലെ കെ എസ് ആർ ടി സി ഓർഡിനറി സർവീസില്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു. യാത്രക്കാർ ഏറെയുള്ള സമയങ്ങളായ രാവിലെയും വൈകീട്ടുമാണ് യാത്രാക്ലേശം അനുഭവപ്പെടുന്നത്. രാവിലെ ആറുമുതൽ പത്തുവരെയുള്ള സമയത്ത് ഓർഡിനറി ബസ് ഒന്നുംതന്നെ സർവീസ് നടത്താത്തതാണ് ഈ മേഖലയിൽ യാത്രാദുരിതം രൂക്ഷമാക്കുന്നത്.
പാരിപ്പള്ളി, തെറ്റിക്കുഴി, ശ്രീരാമപുരം, കല്ലുവാതുക്കൽ, പാറ ജങ്ഷൻ, കുരിശിൻമൂട്, കാപ്പെക്സ് ജങ്ഷൻ, ശീമാട്ടി എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. രാവിലെ ജോലിക്കായി ചാത്തന്നൂർ, കൊട്ടിയം ഭാഗത്തേക്ക് പോകുന്നതിനായി ഉൾപ്രദേശങ്ങളിൽനിന്ന് കാൽനടയായി ദേശീയപാതയിലെത്തി മണിക്കൂറുകൾ കാത്തുനിന്നാലും ഒരു ഓർഡിനറി ബസുപോലും എത്താറില്ല. മിനിമം ടിക്കറ്റെടുത്ത് ജോലിക്കും മറ്റുമായി യാത്ര ചെയ്യേണ്ട തൊഴിലാളികൾ വലിയ തുക കൊടുത്ത് ഫാസ്റ്റ് പാസഞ്ചറിൽ യാത്ര ചെയ്യേണ്ട അവസ്ഥയാണ്. ഓർഡിനറിയിലെ 10 രൂപ ടിക്കറ്റിനു പകരം ഫാസ്റ്റിൽ 18 രൂപയുടെ ടിക്കറ്റെടുക്കണം. ഫാസ്റ്റ് എല്ലായിടത്തും നിർത്തുകയുമില്ല. ഫാസ്റ്റ് പാസഞ്ചറിൽ കയറാൻ യാത്രക്കാർ മടികാണിക്കുന്നതിനാൽ സമാന്തര സർവീസുകൾ നിരത്ത് കൈയടക്കിയിരിക്കുകയാണ്. യാത്രക്കാരെ കുത്തിനിറച്ചാണ് സമാന്തര സർവീസുകളുടെ ചീറിപ്പായൽ. കോവിഡ് പ്രതിരോധ നിയമങ്ങൾ ഒന്നുംതന്നെ ബാധകമല്ലെന്ന നിലയിലാണ് സമാന്തര സർവീസ് നടത്തുന്നത്.
വലിയ വാഹനങ്ങൾമുതൽ ഓട്ടോറിക്ഷകൾവരെ സമാന്തര സർവീസുമായി നിരത്തിലുണ്ട്. ഫാസ്റ്റ് പാസഞ്ചറിൽ കൂടുതൽ യാത്രക്കൂലി കൊടുത്താലും ഉദ്ദേശിക്കുന്ന സ്റ്റോപ്പിൽ ഇറങ്ങാൻ കഴിയില്ലെന്നതിനാൽ യാത്രക്കാരേറെയും സമാന്തര സർവീസുകളെ ആശ്രയിക്കുകയാണ്. ഇത് കെ എസ് ആർ ടി സിക്കും വൻ നഷ്ടമാണുണ്ടാക്കുന്നത്. ചാത്തന്നൂർ ഡിപ്പോയിൽനിന്ന് ഓർഡിനറി ബസ് സർവീസ് നടത്തി യാത്രാക്ലേശത്തിന് പരിഹാരം കാണണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.
No comments:
Post a Comment