ചാത്തന്നൂർ: ഗതാഗതക്കുരുക്കിൽ ഗതികെട്ട് പാരിപ്പള്ളി പരിഹാരമുണ്ടാക്കണമെന്ന് ആവശ്യം ശക്തമാക്കുന്നു. സർക്കാർ മെഡിക്കൽ കോേളജുകൂടി സജീവമായതോടെ 24 മണിക്കൂറും പാഞ്ഞുവരുന്ന വാഹനങ്ങളുടെ ഇതുവഴിയുള്ള സഞ്ചാരം ഭീതിയിലാഴ്ത്തുന്നു.
വാഹനങ്ങൾ നിയന്ത്രിക്കാൻ ട്രാഫിക് സിഗ്നലുകൾ ഇല്ലാത്തതിനാൽ ദിനംപ്രതി
ചെറുതും വലുതുമായ
നിരവധി അപകടങ്ങളാണ് ഇവിടെ നടക്കുന്നത്. എന്നിട്ടും അധികൃതർക്ക് മൗനം. അഞ്ചുവർഷം മുൻപ് തുടങ്ങിയ ഗതാഗതപരിഷ്കരണ ചർച്ചകൾ എങ്ങുമെത്തിയിട്ടില്ല.
മുൻപ് ചാത്തന്നൂർ അസിസ്റ്റന്റ് പോലീസ് കമ്മിഷണറായിരുന്ന ജവഹർ ജനാർദ്ദാണ് ഇവിടത്തെ ഗതാഗതസംവിധാനം പരിഷ്കരിക്കാൻ പദ്ധതിയുമായി രംഗത്തെത്തിയത്. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും വ്യാപാരി വ്യവസായികളും പങ്കെടുത്ത കമ്മിറ്റികൾ പലതുകഴിഞ്ഞെങ്കിലും ഗതാഗത സംവിധാനം പരിഷ്കരിക്കാൻ കഴിഞ്ഞില്ല. ദേശീയപാതയുടെ വീതികൂട്ടിയാലെങ്കിലും ഇവിടത്തെ ഗതാഗതക്കുരുക്ക് അഴിയുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികളും യാത്രികരും
@ പാരിപ്പള്ളി - മടത്തറ റോഡിൽകാൽനട ഭീതിയിൽ
കാൽനടപോലും ഏറെ അപകടം വിതയ്ക്കുന്ന പാരിപ്പള്ളി-മടത്തറ റോഡിൽ ഗതാഗതപരിഷ്കരണം കീറാമുട്ടിയാണ്. പൊതു മാർക്കറ്റും ഓട്ടോ സ്റ്റാൻഡും ഇരുവശങ്ങളിലായി സ്ഥിതിചെയ്യുന്ന സ്ഥലമാണ് പാരിപ്പള്ളി. ഇവിടെ വലിയ ബസുകൾകൂടി നിരക്കുന്നതോടെ ഇരുചക്രവാഹനങ്ങൾക്കുപോലും കടന്നുപോകാൻ കഴിയാത്ത അവസ്ഥയാകും.പൊതുമാർക്കറ്റിലെത്തുന്ന വാഹനങ്ങൾ പാതയോരത്ത് സ്ഥിതിചെയ്യുന്നത് വൻ ഗതാഗതക്കുരുക്കാണ് സൃഷ്ടിക്കുന്നത്. മടത്തറ റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ വലിയവാഹനങ്ങൾക്ക് വൺവേ ഏർപ്പെടുത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം
@ മടത്തറ ബസ് ബേ വൈകുന്നു
മടത്തറ റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഇതുവഴിയുള്ള വലിയ വാഹനങ്ങളുടെ സഞ്ചാരം ഒരു ദിശയിലാക്കാൻ നിർദേശമുണ്ടായെങ്കിലും നടപ്പായിട്ടില്ല. മടത്തറയിൽനിന്ന് പാരിപ്പള്ളിയിലേക്കുവരുന്ന ബസുകളും പരവൂർ, ചാത്തന്നൂർ, കല്ലമ്പലം, വർക്കല ഭാഗങ്ങളിൽനിന്ന് മടത്തറ ഭാഗത്തേക്കുവരുന്ന വലിയ വാഹനങ്ങളും ദേശീയപാതയിലൂടെ മുക്കട ജങ്ഷനിൽ തിരിഞ്ഞ് ജവഹർ ജങ്ഷനിൽ പ്രവേശിക്കുന്നതരത്തിൽ വൺവേ ഏർപ്പെടുത്തണം.
പാരിപ്പള്ളി കമ്യൂണിറ്റി ഹാളിനു സമീപം ഇപ്പോൾ ടെമ്പോ സ്റ്റാൻഡ് സ്ഥിതിചെയ്യുന്ന സ്ഥലത്ത് ബസ് ബേയും
മറ്റ് സൗകര്യങ്ങളും
ഒരുക്കണം . മുക്കടയിലേക്കു പോകുന്ന ബസുകൾ നിർത്തിയിടുന്നതിനും യാത്രക്കാരെ കയറ്റുന്നതിനും സംവിധാനം ഒരുക്കുമ്പോൾ മാർക്കറ്റിനു സമീപമുള്ള ബസ് സ്റ്റാൻഡ് ഇല്ലാതാകുമെന്നും അതോടെ തങ്ങളുടെ കച്ചവടത്തിനു കോട്ടമുണ്ടാകുമെന്നുമുള്ള വ്യാപാരികളുടെ വാദവും നിലനിൽക്കുന്നു. മുക്കടയിൽനിന്ന് പാരിപ്പള്ളിയിലേക്കുവരുന്ന വാഹനങ്ങൾക്ക് പൊതു മാർക്കറ്റിനുസമീപം നിർത്താൻ സംവിധാനം ഒരുക്കണമെന്നാണ് ആവശ്യം. ഇതിനായി പൊതു മാർക്കറ്റിനു സമീപമുള്ള അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്നാണ് നിർദേശം.
@ പാർക്കിങ് സൗകര്യം ഒരുക്കണം
പാരിപ്പള്ളി ജങ്ഷനിൽ ഇരുചക്രവാഹനങ്ങൾക്കും ഫോർ വീലറുകൾക്കും പ്രത്യേകം പാർക്കിങ് സൗകര്യമില്ലാത്തത് ഗതാഗതക്കുരുക്ക് വർധിപ്പിക്കുന്നു. ഇരുചക്ര വാഹനങ്ങൾ ദേശീയപാതയിലെ ഡിവൈഡറിൽ പാർക്ക് ചെയ്യുന്നത് അപകടകരമായിരിക്കുന്നു.
സീബ്രാലൈനിലൂടെ ദേശീയപാത മുറിച്ചുകടക്കുന്ന കാൽനടയാത്രികർക്ക് പോകാൻകഴിയാത്ത അവസ്ഥയിലാണ് പാർക്കിങ്. സ്ത്രീകളുടെയും പെൺകുട്ടികളുടെയും സാരിയും ഷാളും ഈ വാഹനങ്ങളിൽ കുരുങ്ങി അവർ വീഴുന്നത് നിത്യസംഭവമാണ്.
മെഡിക്കൽ കോേളജിലേക്ക് തിരിയുന്ന പരവൂർ റോഡിൽ രണ്ട് വാഹനങ്ങൾ പോകാൻതന്നെ പ്രയാസമാണ്. ഇവിടെയും നിയന്ത്രണമില്ലാതെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നു.
ഐ ഒ സി.യുടെ ബോട്‌ലിങ് പ്ലാന്റിലേക്കുള്ള ബുള്ളറ്റ് ടാങ്കറുകൾ ഉൾപ്പെടെ പോകുന്ന റോഡാണ്.
ഗ്രാമപ്പഞ്ചായത്ത് പേ ആൻഡ് പാർക്ക് സംവിധാനം ഒരുക്കിയാൽ ഗതാഗതക്കുരുക്കിന് പരിഹാരം കാണാം.
@ ട്രാഫിക് സിഗ്നലുകൾ സ്ഥാപിക്കണം
പാരിപ്പള്ളി ജങ്ഷനിൽ ട്രാഫിക് സിഗ്നൽ സംവിധാനം ഒരുക്കണമെന്ന ആവശ്യം ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. പരവൂരിൽനിന്നും മടത്തറയിൽനിന്നും എത്തുന്ന വാഹനങ്ങൾ നേരെ വന്നിറങ്ങുന്നത് ഈ നാലുമുക്കിലേക്കാണ്. ദേശീയപാതയിലൂടെ പാഞ്ഞെത്തുന്ന വാഹനങ്ങൾ പലപ്പോഴും ഈ വാഹനങ്ങളുമായി കൂട്ടിയിടിച്ച് വൻ അപകടങ്ങളാണ് ഉണ്ടാകുന്നത്. മതിയായ ട്രാഫിക് വാർഡൻമാർ ഇവിടെ ഇല്ലെന്നതും അപകടസാധ്യത വർധിപ്പിക്കുന്നു. ഗവ. മെഡിക്കൽ കോളേജിലേക്കും മറ്റും എത്തുന്ന വാഹനങ്ങൾക്ക് സുഗമമായി പോകുന്നതിനും ട്രാഫിക് സിഗ്നൽ സംവിധാനം സഹായകമാകും.
@ മുക്കട-ജവഹർ ജങ്ഷൻ റോഡ് വൺവേയ്ക്ക് സജ്ജമാക്കണം
പാരിപ്പള്ളി-മടത്തറ റോഡിൽ വലിയ വാഹനങ്ങൾക്കും ബസുകൾക്കും വൺവേ ഒരുക്കുമ്പോൾ ജവഹർ ജങ്‌ഷനും മുക്കട ജങ്ഷനും ഇടിയിലുള്ള മുക്കാൽ കിലോമീറ്ററോളം വരുന്ന റോഡ് വീതികൂട്ടി സൗകര്യം ഒരുക്കണം. മുക്കടയിൽ ദേശീയപാതയിൽനിന്ന് ജവഹർ ജങ്ഷനിലേക്ക് തിരിയുന്ന ഭാഗം വീതികൂട്ടി ട്രാഫിക് സംവിധാനം ഒരുക്കണം. ജവഹർ ജങ്ഷനിൽ മടത്തറ റോഡിലേക്ക് കയറുന്ന ഭാഗത്തുള്ള ട്രാൻസ്ഫോർമർ ഗതാഗതത്തിന് തടസ്സമല്ലാത്ത രീതിയിൽ മാറ്റണം. ഇവിടെ ട്രാഫിക് വാർഡന്മാരെ നിയമിക്കുകയും വേണം.
@ പാരിപ്പള്ളിയിൽ ബസ് സ്റ്റാൻഡ് നിർമിക്കണം
പാരിപ്പള്ളിയിൽ ഗ്രാമപ്പഞ്ചായത്ത് ബസ് സ്റ്റാൻഡ് നിർമിക്കണമെന്ന ആവശ്യം ശക്തമാണ്. ഇവിടെനിന്ന് നിലമേൽ, കടയ്ക്കൽ, മടത്തറ, കുളത്തൂപ്പുഴ, തെന്മല, തെങ്കാശി എന്നിവിടങ്ങളിലേക്കും കല്ലമ്പലം, വർക്കല, ചിറയിൻകീഴ്, ആറ്റിങ്ങൽ, പരവൂർ, ചാത്തന്നൂർ ഭാഗങ്ങളിലേക്കും നിരവധി ബസുകളാണ് സർവീസ് നടത്തുന്നത്.
പാരിപ്പള്ളി-കൊട്ടാരക്കര ചെയിൻ സർവീസ് നടത്തുന്ന കെ എസ് ആർ ടി സി ബസുകൾ ദേശീയപാതയോരത്തും മടത്തറ, പരവൂർ പാതയുടെ വശങ്ങളിലുമാണ് നിർത്തിയിട്ടിരിക്കുന്നത്. ഗതാഗതക്കുരുക്കിന് കാരണമാവുന്ന ഇവ ബസ് സ്റ്റാൻഡ് നിർമിക്കുന്നതോടെ അവിടേക്ക് മാറ്റാൻ കഴിയും.
@ പാരിപ്പള്ളി ജങ്ഷനിൽ സർവീസ് അവസാനിപ്പിക്കുന്ന കെ എസ് ആർ ടി സി, സ്വകാര്യ ബസുകൾ പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജ് ആശുപത്രി ജങ്ഷനിലേക്ക് സർവീസ് നീട്ടണമെന്ന ആവശ്യവും ശക്തമാണ്. ഇതും ജങ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും.
No comments:
Post a Comment