Sunday, 10 October 2021

ജനപ്രതിനിധികളുടെ അവഗണന ചാത്തന്നൂരിന്റെ വികസനം വഴിമുട്ടുന്നു


  
ചാത്തന്നൂർ : ചാത്തന്നൂർ കേന്ദ്രീകരിച്ച്‌ താലൂക്ക്‌ രൂപവത്കരിക്കാത്തത് ചാത്തന്നൂർ നിയോജകമണ്ഡലത്തിന്റെ വികസനപ്രവർത്തനങ്ങളെയും സാരമായി ബാധിക്കുന്നു. താലൂക്ക് വികസനസമിതിയിലെ അവഗണന കാരണം ചാത്തന്നൂരിന്‌ നഷ്ടമാകുന്നത് നിരവധി വികസനപ്രവർത്തനങ്ങളാണ്.

മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങളുടെ പുരോഗതിയോ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളോ ചർച്ചചെയ്യാൻ സമയം ലഭിക്കാത്തതാണ് തടസ്സമാകുന്നത്. താലൂക്ക് വികസനസമിതിയിലാണ് ഇവ ചർച്ചചെയ്യേണ്ടത്. എന്നാൽ ചാത്തന്നൂർ ഇവിടെയും അവഗണിക്കപ്പെടുകയാണ്. 31 വില്ലേജുകൾ ഉൾപ്പെട്ട കൊല്ലം താലൂക്കിൽ കൊല്ലം കോർപ്പറേഷൻ ഉൾപ്പെടുന്ന നഗരകേന്ദ്രീകൃതപ്രദേശങ്ങളായതിനാൽ വികസനചർച്ചകൾ കൂടുതലും ആ വഴിക്കാണ് നീങ്ങുന്നത്.

ചാത്തന്നൂരിലെ ഗതാഗതം, കുടിവെള്ളം, കൃഷി, ആരോഗ്യം, ടൂറിസം തുടങ്ങിയ മേഖലകളിലെ പ്രശ്നങ്ങളിൽ അധികൃതരുടെ ശ്രദ്ധ പതിയുന്നില്ല. നിരവധി പരമ്പരാഗതവ്യവസായങ്ങളുടെ നാടാണ് ചാത്തന്നൂർ. കയർ, കൈത്തറി, ചുടുകട്ട തുടങ്ങിയ മേഖലകളിലെ തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ കാണാതെപോകുന്നു. വിനോദസഞ്ചാരത്തിന് ഏറെ സാധ്യതകളുണ്ടായിട്ടും പരവൂരിൽ അത്‌ പ്രയോജനപ്പെടുത്തുന്നില്ല. ജില്ലയിലെതന്നെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള കല്ലുവാതുക്കൽ ഗ്രാമപ്പഞ്ചായത്തിലും ടൂറിസം മേഖലയ്ക്ക് ഏറെ സംഭാവന ചെയ്യാൻ പറ്റുന്ന പല പദ്ധതികളുമുണ്ട്.

കല്ലുവാതുക്കൽ പാറ ടൂറിസം ഉൾപ്പെടെയുള്ള പദ്ധതികളുടെ സാധ്യതകളെക്കുറിച്ച് ചർച്ചാവേദിയാകാനും താലൂക്ക് രൂപവത്കരണത്തിന് സാധ്യമാകും. ചാത്തന്നൂർ നിയോജകമണ്ഡലത്തിലെ പല പദ്ധതികളും പാതിവഴിയിൽ അവസാനിക്കുകയോ പൂർത്തിയാകാതെ അനിശ്ചിതമായി നീണ്ടുപോകുകയോ ചെയ്യുന്നു.

താലൂക്കിലെ വികസനപ്രവർത്തനങ്ങൾ അവലോകനം ചെയ്യാനാണ് മാസംതോറും വികസനസമിതികൾ ചേരുന്നത്. എം എൽ എ., എം പി അല്ലെങ്കിൽ അവരുടെ പ്രതിനിധികൾ, തദ്ദേശസ്വയംഭരണ അധ്യക്ഷർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, വിവിധവകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരാണ് പങ്കെടുക്കുന്നത്. ചാത്തന്നൂർ കേന്ദ്രീകരിച്ച് താലൂക്ക് രൂപവത്കരിച്ചാൽ വികസനപ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധവരുമെന്നാണ് അഭിപ്രായമുയരുന്നത്

No comments:

Post a Comment